
മൊഴി:
'സ്ത്രീയേ, ഇതാ നിന്റെ മകന്‍'; 'ഇതാ നിന്റെ അമ്മ'
(യോഹ. 19:26-27).
യേശുക്രിസ്തുവിന്റെ അന്ത്യമൊഴികളില്‍ ഏറ്റവും വൈകാരികവും തികച്ചും പരോന്മുഖവുമായ ഒന്നാണ് മറിയത്തോടും പ്രേഷ്ഠശിഷ്യനായ യോഹന്നാനോടുമുള്ള ഈ മൊഴി. അവിടുത്തെ അന്ത്യമൊഴികളില്‍ മൂന്നാമത്തേതും യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ അന്ത്യ മൊഴികളില്‍ ആദ്യത്തേതുമാണിത്. വേദനയുടെ പാരമ്യത്തില്‍ കിടക്കുമ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങളിലേക്കും ദുഃഖങ്ങളിലേക്കും മിഴിയും മൊഴിയും നല്കുന്നവനായി നില്‍ക്കുന്ന ക്രൂശിതന്റെ സ്‌നേഹം നമ്മെ വല്ലാതെ തൊടുന്നു. താന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള മനുഷ്യനാണെന്ന ആത്മാവബോധത്തിന്റെ അത്യുച്ചസ്ഥായിയിലാണ് യേശു, കുരിശിലെ തന്റെ അവസാനനിമിഷങ്ങളിലും.
യോഹന്നാന്റെ സുവിശേഷത്തില്‍ രണ്ടേ രണ്ടിടത്തു മാത്രമേ, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചു പരാമര്‍ശമുള്ളൂ കാനായിലും കാല്‍വരിയിലും. രണ്ടിടത്തും മറ്റുള്ളവരുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും പങ്കാളിയാവുകയാണ് മറിയം. ഒരിടത്തു വല്ലാതെ ഒറ്റപ്പെട്ടു പോകുമായിരുന്ന ഒരു കുടുംബത്തിനു തന്റെ സാന്നിധ്യവും ഇടപെടലും വഴി മറിയം ആശ്വാസമാവുകയാണ്. രണ്ടാമത്തേത് സഹനപര്‍വത്തിന്റെ പാരമ്യത്തില്‍ ഒറ്റപ്പെട്ടുപോയ മകന്റെ പീഡാസഹനങ്ങളില്‍ നിശബ്ദവും ശക്തവുമായ സാന്നിധ്യമാകുന്നതും. രണ്ടിടത്തും സ്ത്രീയേ എന്നാണവള്‍ വിളിക്കപ്പെടുന്നത്. കാനയില്‍, 'സ്ത്രീയേ, എനിക്കും നിനക്കും എന്തേ?' എന്ന വികാരരഹിതമായ ചോദ്യത്തില്‍ നിന്നും കാല്‍വരിയിലെ, 'സ്ത്രീയേ, ഇതാ നിന്റെ മകന്‍' എന്ന വികാരനിര്‍ഭരമായ വാക്കുകളിലേക്കുള്ള പരിണാമം യേശു എന്ന മകന്റെ അമ്മയോടുള്ള ഉള്ളടുപ്പത്തിന്റെ തീവ്രതയെ വെളിപ്പെടുത്തുന്നുണ്ട്. യേശു അമ്മയോടു അവസാനമായി പറയുന്ന ഈ വാക്കുകള്‍ പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ വീണ്ടെടുക്കാനാകാത്ത വേര്‍പിരിയലിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
അമ്മ, ഒരാളുടെ വൈകാരിക പരിസരങ്ങളിലെ അവര്‍ണ്ണനീയവും അവിസ്മരണീയവുമായ സാന്നിധ്യമാണ്. അമ്മയെപ്പോലെ ഒരുവനെ കൊളുത്തിവലിക്കുന്ന സ്മരണ മറ്റെന്താണുള്ളത്? അമ്മയില്ലാത്ത ജീവിതങ്ങള്‍ കരിന്തിരി കത്തുന്ന വിളക്ക് പോലാകുന്നതും അമ്മയില്ലാത്ത വീടുകള്‍ക്ക് തീ പിടിക്കുന്നതുമൊക്കെ ചിര പരിചിതാനുഭവങ്ങളാണ്. അമ്മ നഷ്ടപ്പെട്ടവന്റെ ദുഃഖം സമാനതകളില്ലാത്തതാണ്. ഒരുപാട് ജീവിതദുഃഖങ്ങളിലൂടെ കടന്നുപോയിട്ടുള്ള യേശു, അനുഭവിക്കാത്ത ദുഃഖങ്ങളൊന്നും തന്നെയില്ലെന്നു പറയാം. എങ്കിലും അവിടുന്നു അനുഭവിക്കാത്ത ഒരു ദുഃഖമാണ് അമ്മ നഷ്ടപ്പെട്ടവന്റെ ദുഃഖം. ഒരു പക്ഷേ, താനറിയാതെ പോയ ഈ ദുഃഖം മറ്റൊരു മനുഷ്യവ്യക്തിക്കുമുണ്ടാകരുതെന്ന വിചാരമാണ് അമ്മയെയും ശിഷ്യനെയും പരസ്പരം ഭരമേല്പിക്കുന്നതിന്റെ പിറകിലുള്ളതെന്ന ചിന്ത കേവലം കാല്പനികം മാത്രമല്ല, അസ്തിത്വപരവുമാണ്.
ഒരു പക്ഷേ, താനറിയാതെപോയ ഈ ദുഃഖം മറ്റൊരു മനുഷ്യവ്യക്തിക്കുമുണ്ടാകരുതെന്ന വിചാര മാണ് അമ്മയെയും ശിഷ്യനെയും പരസ്പരം ഭരമേ ല്പിക്കുന്നതിന്റെ പിറകിലുള്ളതെന്ന ചിന്ത കേവലം കാല്പനികം മാത്രമല്ല, അസ്തിത്വപരവുമാണ്.
കുരിശോളമെത്തുന്ന മറിയത്തിന്റെയും യോഹന്നാന്റെയും ശിഷ്യത്വത്തെ യേശു അംഗീകരിച്ചുറപ്പിക്കുകയാണ്, ഈ മൊഴികളിലൂടെ. ആരാണ് തന്റെ അമ്മയും സഹോദരനുമെന്ന ചോദ്യത്തിന് ഒരിക്കലും ഒരു ജൈവശാസ്ത്രപരമായ ഉത്തരമല്ല യേശു നല്‍കിയത്. ദൈവവചനത്തിന്റെ ശ്രവണത്തിലും നിര്‍വഹണത്തിലുമാണ് മാതൃത്വവും സാഹോദര്യവുമെന്ന വെളിപ്പെടുത്തലാണ് പലപ്പോഴും യേശു നടത്തിയിട്ടുള്ളത്. മംഗളവാര്‍ത്തമുതല്‍ കുരിശിന്‍കീഴെവരെ വിശ്വസ്തതയുടെ മറുവാക്കായി, ദൈവവചനത്തിനു കാതോര്‍ക്കുകയും ഇടമൊരുക്കുകയും ചെയ്തവളാണ് മറിയം. ഒരു അര്‍ത്ഥത്തില്‍ ശിഷ്യത്വത്തിന്റെ പൂര്‍ണ്ണതയിലാണ് മറിയത്തിന്റെ മാതൃത്വം ഇതള്‍വിരിയുന്നത്. പ്രേഷ്ഠശിഷ്യനോട് 'ഇതാ നിന്റെ അമ്മ' എന്നു പറഞ്ഞപ്പോള്‍ ആദര്‍ശ ശിഷ്യത്വത്തിലൂടെ അമ്മയായിത്തീര്‍ന്നവളാണ് പരിശുദ്ധയമ്മയെന്നും ശിഷ്യത്വത്തിന്റെ വഴിയില്‍ നിനക്കവള്‍ മാതാവും മാതൃകയുമാകുമെന്നുമാണ് അവന്‍ യോഹന്നാനോട് പറഞ്ഞത്. 'ഇതാ നിന്റെ മകന്‍' എന്നു മറിയത്തോടു പറഞ്ഞപ്പോള്‍ യോഹന്നാന്‍ അവള്‍ക്കു സംരക്ഷണമൊരുക്കും എന്നതിനേക്കാള്‍ മറിയം യോഹന്നാന്‍ എന്ന ശിഷ്യന്റെയും തന്റെ മറ്റെല്ലാ ശിഷ്യരുടേയും മേല്‍ കരുതലുള്ളവളായിരിക്കണം എന്നല്ലേ യേശു ഉദ്ദേശിച്ചിട്ടുണ്ടാവുക?
മറിയത്തോടും യോഹന്നാനോടുമുള്ള ഈ അന്ത്യമൊഴി യേശുവിന്റെ കരുതലിന്റെ കാരുണ്യമൊഴിയാണ്. ഓരോ മനുഷ്യരോടും അവന്‍ എത്രമാത്രം കരുതലുള്ളവനെന്നു വെളിപ്പെടുത്തുന്ന മൊഴി. വേദനയുടെ പാരമ്യത്തില്‍ മുഴുകുമ്പോഴും കാരുണ്യത്തിന്റെ കരംനീട്ടാനുള്ള ഹൃദയ വിശാലതയുടെയും ആര്‍ദ്രതയുടെയും മിഴിതുറക്കുന്നവന്റെ മൊഴി. മുറിവേറ്റ സൗഖ്യദായകന്റെ അവസാനപ്രാണന്‍വരെയുള്ള അപരവിചാരത്തിന്റെ മൊഴി. സ്വന്തം അമ്മയെ ലോകത്തിനു മാതൃകയും മാതാവുമായി നല്‍കിയ ആ അന്ത്യമൊഴിയുടെ അടങ്ങാത്ത മാറ്റൊലിയില്‍ നമുക്കും അവന്റെ കുരിശിന്‍ചുവട്ടില്‍ നില്‍ക്കാം, പിന്നെ മറിയത്തിന്റെ കരംപിടിച്ചു കുരിശുമെടുത്തു നടക്കാം, ശിഷ്യത്വത്തിന്റെ വഴിയില്‍.
എന്റെ ജീവിതയാത്രയിലെ സഹനനേരങ്ങളില്‍പ്പോലും അപരനിലേക്കു കരുതലിന്റെ തുറവിയുള്ള ഹൃദയമെനിക്കുണ്ടോ? അവന്‍ എനിക്ക് ശിഷ്യത്വത്തിന്റെ വഴിയില്‍ മാതാവും മാതൃകയുമായി നല്‍കിയ പരിശുദ്ധ അമ്മയുടെ കരംപിടിച്ചു നടക്കാന്‍ എനിക്കാകുന്നുണ്ടോ? കുരിശോളമെത്തുന്ന ശിഷ്യത്വമാണോ എന്റേത് ?
മറുമൊഴി: കുരിശില്‍ കിടന്നു പിടയുമ്പോഴും അമ്മയെയും യോഹന്നാനെയും എന്നെയും ഓര്‍ത്ത കര്‍ത്താവേ, എന്റെ വേദനകളുടെ നടുവിലും മറ്റുള്ളവര്‍ക്ക് കരുതലിന്റെ കരം നീട്ടാന്‍ എന്നെ സഹായിക്കണമേ.