പ്രഭാതം അകലെയല്ല

പ്രഭാതം അകലെയല്ല

പിന്നിട്ടുവന്ന ജീവിതത്തിലെ ഏറ്റവും നിരാശാഭരിതമായ കാലം ഏതായിരുന്നു? പല അവസരങ്ങളില്‍ പലപ്പോഴായി നിരാശതയും മടുപ്പും ജീവിതത്തെ പിടി കൂടിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. ഇപ്പോള്‍ കടന്നുപോകുന്നവയും തെല്ലും നിസ്സാരമൊന്നുമല്ല.

പക്ഷേ അവയൊക്കെയും ആ ഒരു ഘട്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കാരണം ജീവിതം ഒരു തരത്തിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് തെറ്റിദ്ധരിച്ച, സങ്കടങ്ങള്‍ കൊണ്ട് നിറയുകയും സ്വപ്‌നങ്ങള്‍ അപഹരിക്കപ്പെടുകയും ചെയ്ത കാലമായിരുന്നു അത്.

പ്രീഡിഗ്രി പാസായിട്ടും ഡിഗ്രിക്ക് ചേരാന്‍ കഴിയാതെ പോയ രണ്ടുവര്‍ഷക്കാലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തൊണ്ണൂറുകളില്‍ ഒന്നാം തവണ തന്നെ പ്രീ ഡിഗ്രി പാസാകുക എന്നത് തീരെ ചെറിയ കാര്യമൊന്നുമായിരുന്നില്ല. പ്രത്യേകിച്ച് എന്റെ കുടുംബത്തില്‍. പ്രീഡിഗ്രി വരെ പഠിക്കാന്‍ പോയിട്ട് ഇംഗ്ലീഷ് മാത്രം കിട്ടിയില്ല എന്ന് ഇത്തിരി അഭിമാനത്തോടെ പറയുന്ന മൂന്നു പെങ്ങന്മാരുണ്ടായിരുന്നു വീട്ടില്‍. അപ്പോഴാണ് സാധാരണ ബുദ്ധിക്കാരന്‍ മാത്രമായിരുന്ന ഞാന്‍, ഒന്നാം തവണ തന്നെ പ്രീഡിഗ്രി പാസായത്. 90 പേരടങ്ങുന്ന തേര്‍ഡ് ഗ്രൂപ്പ് ബാച്ചില്‍ ജയിച്ച പത്തില്‍ താഴെയുളളവരിലൊരാളായിരുന്നു.

പക്ഷേ വിഷയം അതല്ല. ഡി ഗ്രിക്ക് പ്രവേശനം കിട്ടുന്നില്ല. പഠിച്ച കുറവിലങ്ങാടും പഠിക്കാത്ത പാലാ സെന്റ് തോമസിലുമൊരിടത്തും അഡ്മിഷന്‍ കിട്ടുന്നില്ല. സീറ്റൊഴിവുണ്ട് എന്ന് കേട്ടറിഞ്ഞ് ചെന്നിട്ടുപോലും എനിക്ക് മാത്രം സീറ്റ് തന്നില്ല. മാനേജ്‌മെന്റ് ക്വോട്ടാ പോലും നിര്‍ദ്ദയം കൈയൊഴിഞ്ഞ അവസ്ഥ. പഠിക്കാനും കിട്ടിയില്ല, അടുത്തവര്‍ഷം പഠിപ്പിക്കാന്‍ വിടുന്നതുവരെ വെറുതെ വീട്ടിലെന്തിനാണ് ഇവനെ ഇങ്ങനെ നിര്‍ത്തിക്കൊണ്ടുനില്ക്കുന്നതെന്ന വീട്ടുകാരുടെ ആലോചന എന്നെ ആദ്യം കൊണ്ടുചെന്നെത്തിച്ചത് ഒരു ബേക്കറിയിലെ എടുത്തുകൊടുപ്പുകാരനായിട്ടായിരുന്നു.

ഹോ ദൈവമേ ജീവിതം അവസാനിച്ചുവെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. (അത്തരം ജോലി ചെയ്യുന്ന ഒരാളെയും നിസ്സാരവല്ക്കരിക്കുകയാണെന്ന് കരുതരുതേ. എന്റെ വഴി അതായിരുന്നില്ല. അതുകൊണ്ടുമാത്രം) എന്റെ സ്വപ്‌നങ്ങള്‍, എന്റെ പ്രതീക്ഷകള്‍, എന്തൊക്കെയായിരുന്നു ആഗ്രഹങ്ങള്‍.

ബിഎ മലയാളം എംഎ മലയാളം, ജേര്‍ണലിസം. ഡിഗ്രിക്ക് ചേരാതെ എന്ത് എംഎ? എന്ത് ജേര്‍ണലിസം.? ബിഎ മലയാളം പഠിച്ചാല്‍ മാത്രമേ എഴുത്തുകാരനായി ശോഭിക്കാന്‍ കഴിയൂ എന്നായിരുന്നു എന്റെ അന്നത്തെ അബദ്ധധാരണ.

ഇനി എനിക്കൊരിക്കലും ഞാന്‍ ആഗ്രഹിച്ചതുപോലെ ഒരു നല്ല ജീവിതം ഉണ്ടാവില്ലെന്ന് ഞാന്‍ ഭയന്നു. എന്റെ ജീവിതം ഒന്നുമല്ലാതായിത്തീരുന്നു. എത്രയാണ് കരഞ്ഞതെന്ന്, സങ്കടപ്പെട്ടതെന്ന് കയ്യും കണക്കുമില്ലായിരുന്നു. ഒരു വര്‍ഷം എങ്ങനെയോ കടന്നുപോയി.

അടുത്തവര്‍ഷവും ആപ്ലിക്കേഷന്‍ നല്കി. പക്ഷേ റെഗുലര്‍ കോളജിലൊരിടത്തും അത്തവണയും അഡ്മിഷന്‍ കിട്ടിയില്ല. ഒടുവില്‍ പ്രൈവറ്റായി ബിഎക്ക് ചേര്‍ന്നു. മലയാളമല്ല ഇക്കണോ മിക്‌സ്.

എന്തിനേറെ പറയുന്നു. രണ്ടു മാസം കഴിഞ്ഞപ്പോഴേയ്ക്കും ആ കോളജ് അടച്ചുപൂട്ടി. ഇടിവെട്ടി യവനെ പാമ്പു കടിച്ചുവെന്ന് പറയുമ്പോഴത്തെ അവസ്ഥ. ഞാന്‍ ദൈവത്തെ ശരിക്കും ചോദ്യം ചെയ്തു. എന്തിനാണ് ദൈവമേ എന്നോട് ഇങ്ങനെ...?

ഇന്നത്തെക്കാള്‍ ജീവിതവിശുദ്ധിയും ആത്മീയതയും ഉണ്ടായിരുന്നതുകൊണ്ട് അന്ന് അങ്ങനെ ചോദിക്കാന്‍ അവകാശവുമുണ്ടെന്നായിരുന്നു തോന്നല്‍. പാഴായിപ്പോകുന്ന വര്‍ഷങ്ങള്‍, ആയുസ്, നാടുവിട്ടോടിപ്പോയാലോ എന്ന് ചിന്തിച്ചു. പക്ഷേ അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ ദുഃഖ വെള്ളിയും ദുഃഖശനിയുമായിരുന്നു അവ. എന്റെ സ്വപ്‌നങ്ങളെ കുരിശില്‍ തറച്ച ദിവസം. ആത്മ നിന്ദയുടെയും നിരാശയുടെയും കല്ലറകളില്‍ ഞാന്‍ അടയ്ക്കപ്പെട്ട ദിവസം. സഹതപിക്കുന്നവരുണ്ടോയെന്ന് ഞാന്‍ ചുറ്റിനും നോക്കി. കുടുംബത്തിലേക്ക് ഒരു ഏണിംങ് മെമ്പര്‍ കൂടി ഉണ്ടാവുക എന്നതിനപ്പുറം എന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടുവരാന്‍ ആരുമുണ്ടായിരുന്നില്ല.

രണ്ടാമതൊരു വര്‍ഷം കൂടി കടന്നുപോയി. അടുത്തവര്‍ഷം പിന്നെയും ആപ്ലിക്കേഷന്‍ നല്കി. അത്ഭുതം, ഇത്തവണ അഡ്മിഷന്‍ കിട്ടി. ആരും ശുപാര്‍ശ ചെയ്തില്ല, രണ്ടു വര്‍ഷത്തിനിടയില്‍ ഒരു മാര്‍ക്ക് പോലും എനിക്ക് കൂടിയുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ആഗ്രഹം പോലെ ബിഎയും എംഎയും ജേര്‍ണലിസവും മികച്ചനിലയില്‍ പാസായി. പിന്നീട് സണ്‍ഡേ ശാലോമില്‍ സബ് എഡിറ്ററായി ജോലിക്ക് കയറിയപ്പോള്‍ ശാലോം ടൈംസിലെ ഒരു ലക്കത്തില്‍ മുകളില്‍ പറഞ്ഞ അനുഭവം വിവരിച്ചു കൊണ്ട് ഞാനൊരു ലേഖനമെഴുതിയിരുന്നു. മാസിക പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ശാലോമിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തിലേക്ക് ഒരു മണിയോര്‍ഡറും കത്തും വന്നു. ഞാനെഴുതിയതുപോലെയുള്ള അനുഭവത്തിലൂടെ കടന്നുപോയ ഒരു പെണ്‍കുട്ടിയുടെ കത്തായിരുന്നു അത്. ലേഖനം വായിച്ചപ്പോള്‍ അവള്‍ക്ക് ജീവിതത്തെ നേരിടാനും ദൈവകരങ്ങളിലേക്ക് സ്വയം സമര്‍പ്പിക്കാനും പ്രേരണ തോന്നുന്നുവെന്നും ഇത്തരം ലേഖനങ്ങള്‍ തുടര്‍ന്നും വായിക്കാനായി ശാലോം ടൈംസ് വരിക്കാരിയാകാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. പാഴായിപ്പോയതെന്ന് ഞാന്‍ കരുതിയ ആ രണ്ടുവര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ അനിവാര്യതയായിരുന്നു. ദൈവത്തിന്റെ പദ്ധതിയായിരുന്നു. ദൈവത്തില്‍ നിന്ന് നന്മ മാത്രം ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയ്യാറാവുന്ന നാം പിറുപിറുക്കലോടുകൂടിയല്ലാതെ ഒരു സഹനവും ഏറ്റുവാങ്ങുന്നില്ല. കിട്ടിയ നന്മകളെ പ്രതി ദൈവത്തെ സ്തുതിക്കാന്‍ തയ്യാറാകുമ്പോഴും സഹനങ്ങളെ പ്രതി പരാതിപ്പെടാനല്ലാതെ നമുക്കൊന്നിനും കഴിവുമില്ല. ജീവിതത്തില്‍ പലരീതിയില്‍, പലവിധത്തില്‍ സമാനമായ അവസ്ഥകള്‍, സാഹചര്യങ്ങള്‍ ഓരോരുത്തര്‍ക്കും നേരിടേണ്ടിവന്നേക്കാം. തീര്‍ച്ചയായും ഞാനെഴുതിയതിനെക്കാള്‍ ഭീകരവും. പക്ഷേ കടന്നുപോകുന്ന ദുഃഖവെള്ളികള്‍ ഓരോരുത്തര്‍ക്കും വലുതാണ്. ഞാന്‍ നോക്കുമ്പോള്‍ നിന്റെ സഹനം നിസ്സാരമായിരിക്കാം. അതുപോലെ നീ നോക്കുമ്പോള്‍ എന്റേതും. പക്ഷേ നമ്മള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു നേരിടുന്ന, അനുഭവിക്കേണ്ടിവരുന്ന സഹനങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വലുതാണ്. വലുതായ ആ സഹനങ്ങളില്‍ ദൈവത്തിന്റെ കരം കാണാന്‍ കഴിയുമ്പോഴാണ് നാം ആത്മീയരായി മാറുന്നത്.

ഒരുപക്ഷേ പ്രതികൂലമായ അത്തരം അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ നിരുപാധികം ദൈവതിരുമനസ്സിന് കീഴടങ്ങാന്‍ നാം തയ്യാറായെന്നു വരില്ല. ഒഴിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്ന പാന പാത്രത്തെ പ്രതി ക്രിസ്തുപോലും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. എങ്കിലും ഒരു കാര്യം ഉറപ്പാണ്.

ഒരാള്‍ കടന്നുപോകുന്ന സങ്കടങ്ങളും വേദനകളും ആരുടെയൊക്കെയോ ജീവിതങ്ങളോട് സംസാരിക്കുന്നുണ്ട്. താദാത്മ്യം പ്രാപിക്കുന്നുണ്ട്. അതില്‍ നിന്ന് പാഠം പഠിക്കുകയും പ്രചോദനം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നീ ഇപ്പോള്‍ അനുഭവിക്കുന്ന സങ്കടങ്ങള്‍ക്ക് നിനക്ക് മാത്രമല്ല നാളെ പ്രതിഫലം കിട്ടുന്നത്, നിന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരാള്‍ക്കും അത് ഉപ കാരമായി മാറുന്നുണ്ട്. ഒരുപക്ഷേ നേരിടേണ്ടിവരുമ്പോള്‍ നമുക്ക് അത് താങ്ങാന്‍ കഴിയണമെന്നില്ല. എന്നാല്‍ അതിജീവിച്ച് മുന്നോട്ടു പോയിക്കഴിയുമ്പോഴായിരിക്കും അവയ്ക്ക് പിന്നിലെ നന്മ തിരിച്ചറിയാന്‍ കഴിയുന്നത്.

ഏതു സങ്കടങ്ങള്‍ക്കും ഒരു നിശ്ചിതകാലം മാത്രമേ ആയുസുള്ളൂ. രാവുണ്ടെങ്കില്‍ പകല്‍ ഉണ്ട് എന്നതുപോലെയാണ് അത്. ഒരാളുടെയും ജീവിതത്തില്‍ പകല്‍ മാത്രമായിട്ടുണ്ടാവില്ല. പകല്‍ പിറന്നാല്‍ അസ്തമിക്കാതിരിക്കാനാവില്ല. അസ്തമിച്ച പകലിന് ഉദയത്തിലേക്ക് മിഴി തെളിക്കാതിരിക്കാനുമാവില്ല. പീഡിപ്പിക്കപ്പെടുകയും ക്രൂശിലേറ്റപ്പെടുകയും ചെയ്യുന്ന ദുഃഖവെള്ളിക്ക് ശേഷം പുറത്തേക്ക് നോക്കാന്‍ പോലും കഴിയാതെ വാതിലുകള്‍ തഴുതിട്ടിരിക്കുന്ന ദുഃഖശനികളുമുണ്ടാവും. ചിലതൊക്കെ ആവര്‍ത്തനങ്ങളാണ്. ഒഴിവാക്കാനാവാത്ത ആവര്‍ത്തനങ്ങള്‍. ക്രിസ്തുവിന്റെ മരണത്തോടെ എല്ലാം തീര്‍ന്നുവെന്ന് വിചാരിച്ചു വാതിലുകള്‍ അടച്ചു പൂട്ടി ഭയത്തിലും നിരാശയിലും് കഴിഞ്ഞിരുന്ന അപ്പസ്‌തോലന്മാരെ നോക്കൂ. അവരുടെ ഹൃദയഭാരങ്ങള്‍ ആര്‍ക്കാണ് തൂക്കിനോക്കാനാവുക പക്ഷേ ഉയിര്‍പ്പിന്റെ ഒരു പ്രഭാതം വാതില്ക്കല്‍ മുട്ടിവിളിച്ചപ്പോള്‍ അവരുടെ ജീവിതം രണ്ടായി ഛേദിക്കപ്പെട്ടു, ഉയിര്‍പ്പിനു മുമ്പും ശേഷവും എന്ന മട്ടില്‍. ഇതുതന്നെയാണ് നമുക്കുള്ള വാഗ്ദാനവും. ക്രിസ്തുവിന് പോലും ഉയിര്‍ക്കാന്‍ ഒരു ദുഃഖവെള്ളി ആവശ്യമായിരുന്നുവെങ്കില്‍ നമുക്കത് എത്രത്തോളം അനിവാര്യമായിരിക്കും? ഏതെങ്കിലുമൊക്കെ ദുഃഖവെള്ളിയിലൂടെ കടന്നുപോകുന്നവരേ, ഒരു കാര്യം നിങ്ങള്‍ നിങ്ങളോട് തന്നെ പറയണം, എനിക്ക് ഉയിര്‍പ്പുണ്ട്. എനിക്ക് ഭാവിയുണ്ട്. എനിക്ക് സ്വപ്‌നമുണ്ട്.

ദുഃഖവെള്ളിക്കും ശനിക്കും ശേഷം മാത്രമേ ഉയിര്‍പ്പിന്റെ പ്രഭാതമുണ്ടാവൂ. തിരസ്‌ക്കരണങ്ങളുടെയും അപമാനങ്ങളുടെയും ഒരു കാല്‍വരി കയറണമെന്നാണ് ദൈവം നിന്നെക്കുറിച്ച് പദ്ധതിയിട്ടിരിക്കുന്നതെങ്കില്‍ നീ അത് കയറിയേ തീരൂ. പക്ഷേ അവിടം കൊണ്ട് അവസാനിക്കുന്നില്ല നിന്റെ മേലുള്ള ദൈവഹിതം. നിന്റെ ഉയിര്‍പ്പു കൂടി ദൈവത്തിന്റെ ഉത്തരവാദിത്തമാണ്. അവിടുന്ന് അത് നിര്‍വ ഹിക്കുകയും ചെയ്യും. ദൈവഹിതപ്രകാരമാണ് നീ സഹിക്കുന്നതെങ്കില്‍...

പിതാവിന്റെ ഇഷ്ടം എന്തോ അത് നിറവേറട്ടെയെന്നായിരുന്നുവല്ലോ ക്രിസ്തുവിന്റെ കീഴടങ്ങല്‍. അതുതന്നെയാണ് നമ്മളും പ്രാര്‍ത്ഥിക്കേണ്ടത്. കഠിനവേദനകളുടെ ഗത്സെമിനിയില്‍ സ്‌ത്രോത്ര ഗാനം പാടി കടന്നുപോകുന്ന ക്രിസ്തുവിനെ നാം കാണുന്നുണ്ട്; തീവ്രവേദനയില്‍ കഠിനമായി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിനെയും. ഇതു രണ്ടിനും ശേഷമായിരുന്നു ഒരു മാലാഖയുടെ കടന്നു വരവ്. അത്തരമൊരു മാലാഖയുടെ കടന്നുവരവ് കൂടി നമുക്ക് പ്ര തീക്ഷിക്കേണ്ടതുണ്ട്.

ഒരു സങ്കടത്തിലും തട്ടി നടത്തം അവസാനിപ്പിക്കരുത്. ഇതാ നിനക്കും എനിക്കുമായി ഒരു പ്രഭാതം കാത്തുനില്ക്കുന്നു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഉയിര്‍പ്പുതിരുനാള്‍ മംഗളങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org