തടിയില്ല, കരടില്ല: കണ്ണില്‍ കരുണാസാഗരം

[നോമ്പുകാലചിന്തകള്‍ - 2]
തടിയില്ല, കരടില്ല: കണ്ണില്‍ കരുണാസാഗരം
Published on
മറ്റൊരാളുടെ കണ്ണിലെ കരട് കാണുന്ന സൂക്ഷ്മദര്‍ശിനിയാണ് സാഹോദര്യത്തിന്റെ ശത്രു. അന്യരെ വിധിക്കാന്‍ ഏതു വിധേനയും കരടു കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനോഭാവങ്ങള്‍ എടുത്തു മാറ്റാനുള്ള എന്റെ ശ്രമമാണ് നോമ്പ്.

'എനിക്കൊരു തെറ്റു പറ്റി.'

'ഓ... അതിനെന്താ... ജീവിതത്തില്‍ തെറ്റുസംഭവിക്കുക സ്വാഭാവികമാണ്. തെറ്റില്‍നിന്നും പാഠങ്ങള്‍ പഠിച്ച് മുന്നേറാം... എന്തെങ്കിലും പ്രത്യേകമായി ഇനി പങ്കു വയ്ക്കാനുണ്ടോ?'

ഒരു കൗണ്‍സിലിംഗിന്റെ സംഭാഷണ ഭാഗമാണെന്നു തോന്നാം.

അല്ല; ഞാനെന്റെ കംപ്യൂട്ടറിലെ ചാറ്റ് ജി പി റ്റി എന്ന കൃത്രിമ ബുദ്ധിസങ്കേതത്തില്‍ എനിക്കു തെറ്റുപറ്റിപോയി എന്നെഴുതിയപ്പോള്‍ കിട്ടിയ പ്രതികരണമാണിത്. ഒരു സഹോദരനു തുല്യമായി മനസ്സിനെ ആശ്വസിപ്പിക്കുവാന്‍ മെഷീന്‍ഭാഷ വളര്‍ന്നത് അത്ഭുതമാണ്. എന്നാല്‍ തെറ്റുപറ്റിയെന്ന് കേട്ടാല്‍ ഇത്ര പരിഗണനയോടെ പ്രതികരിക്കുന്ന മനുഷ്യഭാഷ വിരളമാണ്. തെറ്റുകാരെയും കുറ്റക്കാരെയും തിരഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ കണ്ണുകളുടെ ശുദ്ധീകരണം, പ്രതികരിക്കുന്ന നാവിന്റെ ശുദ്ധീകരണം ഇവ നോമ്പിന്റെ പ്രധാനലക്ഷ്യമാണ്.

  • കരടു കാണുന്ന മൈക്രോസ്‌കോപ് കളയാം

മറ്റൊരാളുടെ കണ്ണിലെ കരട് കാണുന്ന സൂക്ഷ്മദര്‍ശിനിയാണ് സാഹോദര്യത്തിന്റെ ശത്രു. അന്യരെ വിധിക്കാന്‍ ഏതു വിധേനയും കരടു കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനോഭാവങ്ങള്‍ എടുത്തു മാ റ്റാനുള്ള എന്റെ ശ്രമമാണ് നോമ്പ്. മൈക്രോസ്‌കോപ്പിന്റെ സവിശേഷത അതിലുള്ള മാഗ്‌നിഫൈയിംഗ് ഗ്ലാസ് ആണ്. ഏത് അണുസമാന കണികയേയും പര്‍വതീകരിച്ചു കാണിക്കുന്ന ഭൂതക്കണ്ണാടി. ഞാന്‍ ചേര്‍ത്തു നിര്‍ത്തേണ്ട പലരേയും കാതങ്ങള്‍ക്കപ്പുറത്തേക്ക് പായിച്ചത് എന്റെ ഈ ഭൂതക്കണ്ണാടിയുടെ കാഴ്ചമൂലമാണ്. എത്രയോ നന്മകള്‍ നിറഞ്ഞവരാണ് എന്റെ സഹജീവികള്‍ എന്ന തിരി ച്ചറിവിന്റെ യാത്രകൂടിയാണ് നോമ്പ്. ഭക്ഷണത്തിന്റെ ചില രുചിരസങ്ങളുടെ നിയന്ത്രണം മാത്രമായാല്‍ എന്ത് മേന്മയാണ് നോമ്പിന്? ഭാഷണത്തിന്റെയും, ഭാവങ്ങളുടെയും അടിസ്ഥാനമായ ഹൃദയ നിക്ഷേപത്തിലെ മാലിന്യ നിര്‍മ്മാര്‍ജനമാണ് നോമ്പ്. ഇംഗ്ലീഷ് ഭാഷയില്‍ ഒരു നല്ല പ്രയോഗം ഉണ്ട്. 'decluttering the mind'; അതെ നോമ്പിന്റെ ധ്യാനാത്മകത മനസ് വെടിപ്പാക്കുക എന്നതുതന്നെയാണ്.

  • തടി കാണുന്ന ദര്‍പ്പണം കരുതാം

അന്യന്റെ കണ്ണിലെ കരട് തിരയുന്ന ഞാന്‍, സ്വന്തം ദര്‍പ്പണത്തിനു മുമ്പില്‍ ഒന്നു നിന്നാല്‍ എന്റെ കണ്ണിലെ തടി കാണാം. ദര്‍പ്പണത്തിലെ പ്രതിഫലനം എന്നെ കൃത്യമായി കാട്ടിത്തരും. എന്റെ കണ്ണിലെ തടി മൂലമുള്ള അപഭ്രംശമാണ് ഞാന്‍ വളരെ മികച്ചതാണെന്ന തോന്നല്‍ എന്നില്‍ സൃഷ്ടിക്കുന്നത്.

തടിയിരിക്കുന്ന കണ്ണിലൂടെയുള്ള എന്റെ കാഴ്ചകള്‍ വിരൂപമാണെന്ന് നോമ്പ് ഓര്‍മ്മിപ്പിക്കുന്നു. പ്രതിഫലനശേഷിയുള്ള ദര്‍പ്പണത്തിന്റെ മുമ്പില്‍ എന്റെ അഹങ്കാരത്തിന്റെ പ്രതിബിംബം കൃത്യതയോടെ കാണാം.

എന്റെ കണ്ണിലെ തടി കണ്ടെത്തുന്ന ദര്‍പ്പണമാണ്, പ്രതിഫലനമാണ് നോമ്പിന്റെ സത്ത. എന്റെ പ്രതിബിംബത്തിലേക്ക് തിരിയാനും, കണ്ണിലെ തടി എടുത്തുമാറ്റാനും സന്നദ്ധമാകുന്ന സമയമാണ് നോമ്പ്.

  • തടി മാറ്റാന്‍ തമ്പുരാന്‍ കൂടെവേണം

തടി ഒരു അലേയഖരവസ്തുവാണ്. അല്‍പം വെള്ളമൊഴിച്ച് കഴുകിയാല്‍ കരടു പോയേക്കാം. പക്ഷേ തടി അവിടെ തുടരും. എന്റെ അകൃത്യങ്ങളനുസരിച്ച്, തടിയുടെ ഭാരം കൂടും. അതിനെ അലിയിച്ച് ഇല്ലാതാക്കാന്‍ ദൈവത്തിന്റെ കൃപ വേണം. സ്വന്തം ദര്‍പ്പണത്തിലെ തിരിച്ചറിവിനാല്‍ പശ്ചാത്താപത്തിന്റെ അനുതാപക്കണ്ണീരിന്റെ ഉപ്പ്, കണ്ണിലെ തടിയുടെ കഠിനതയകറ്റും. അവനവനിലേക്കുള്ള തിരിഞ്ഞുനോട്ടത്തിലൂടെ, തെറ്റുകള്‍ തിരുത്താനുള്ള കൃപയ്ക്കായി യാചിക്കുന്നതിന് എളിമയുള്ളവരാകുക എന്നത് നോമ്പിന്റെ ലക്ഷ്യമാണ്. സ്വയം പരിവര്‍ത്തനമാണ് എല്ലാ മാറ്റങ്ങളുടെയും അടിസ്ഥാനമെന്ന ബോധ്യത്തില്‍ കൃപചൊരിയുന്നവന്റെ കരുണയില്‍ ആശ്രയിക്കാന്‍ നോമ്പാചരണം നമ്മെ സന്നദ്ധമാക്കേണ്ടതാണ്. എടുത്തുമാറ്റപ്പെടേണ്ട ഭാരങ്ങള്‍ ലഘൂകരിക്കാന്‍ പരസഹായം തേടാറില്ലേ? കണ്ണിലെ തടി എടുത്തുമാറ്റാന്‍ തമ്പുരാന്‍ സഹായിച്ചാല്‍, കാഴ്ച ശോഭയേറിയതാകും. അവിടുത്തെ കൃപയോട് ചേര്‍ന്നുനിന്ന്, വീണ്ടും തിന്മയാല്‍ തടി രൂപപ്പെടാതെ കണ്ണുകള്‍ക്ക് നന്മയുടെ ആവരണം തീര്‍ക്കുന്ന തയ്യാറെടുപ്പാണ് നോമ്പ്.

  • കണ്ണെന്നാല്‍ കരുണയുടെ കടലാകണം

എത്ര ആര്‍ദ്രതയോടെ എന്നെ ആശ്വസിപ്പിക്കുന്ന വാക്കുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനിക്കായി കരുതുന്നത്. പക്ഷേ എന്റെ സ്വഭാവിക ബുദ്ധിയെന്തേ കരുണവെടിഞ്ഞ് പെരുമാറുന്നു !!

ആശ്വാസത്തിന്റെയും, സമാധാനത്തിന്റെയും, കരുതല്‍ കടാക്ഷം എന്റെ കണ്ണുകളില്‍ നിറയണമെന്ന് നോമ്പ് കാംക്ഷിക്കുന്നു. എത്ര ആശ്വാസവചസ്സാലാണ് അവന്‍ ഓരോരുത്തരെയും സമീപിച്ചത്! 'ഭയപ്പെടേണ്ട', 'സമാധാനമായിരിക്കൂ' എന്നീ വാക്കുകളിലൂടെ അവന്‍ അനേകരെ പ്രത്യാശയിലേക്ക് കൈപിടിച്ചുയര്‍ത്തി. എന്റെ കണ്ണിലെ തടി അന്യര്‍ക്ക് ഭയകാരണമാണ്. എടുത്തുമാറ്റുന്നതിലൂടെ കരുണയുടെ ആര്‍ദ്രഭാവങ്ങള്‍ തെളിയും. 'എന്റെ കണ്ണില്‍ ഒരു കരടുണ്ട്' എന്ന കുറ്റബോധത്തില്‍, അപകര്‍ഷതാ ചിന്തയില്‍ കഴിയുന്നവര്‍ക്ക് കരുണയുടെ ഔഷധം പങ്കിടാനുള്ള പ്രേരണയാണ് നോമ്പിന്റെ ചൈതന്യം.

ദൈവമേ നിന്റെ കാഴ്ചയുടെ സുതാര്യതയാണല്ലോ എന്റെ നില നില്‍പിന്റെ ആധാരം. നിന്റെ കരുണയുടെ കണ്ണില്‍ ഒരു കരടുപോലുമില്ലാതെ എന്നെ കടാക്ഷിക്കുന്നുവെന്ന തിരിച്ചറിവിന്റെ പ്രകാശം നോമ്പില്‍ എന്റെ കണ്ണുകള്‍ക്ക് വെളിച്ചമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org