സ്‌നേഹം കുരിശാകുമ്പോള്‍

സ്‌നേഹം കുരിശാകുമ്പോള്‍

കൂട്ടിക്കെട്ടിയ കൈകാലുകളും അവയ്ക്ക് മീതെ ആണികളും തറച്ചുവച്ച് ഓടിപ്പോകാനോ നിരങ്ങിമാറാനോ ആവാതെ ഒരേ നിലയില്‍ തുടരുന്ന അവസ്ഥയാണ് കുരിശ്. പ്രതീകമോ മതചിഹ്നമോ എന്നതിനപ്പുറം അതൊരു ജീവിതാവസ്ഥയാണ്. ജീവിതം നമ്മോട് ആവശ്യപ്പെടുന്ന, സാഹചര്യം നമ്മോട് ഇടപെടുന്ന ഒരു രീതിയാണ് അത്. അ്‌സ്വസ്ഥപ്പെടുത്തുന്ന കുടുംബസാഹചര്യങ്ങളില്‍ നിന്ന്, അസംതൃപ്തമായ തൊഴിലിടങ്ങളില്‍ നി്ന്ന്, അസന്തുഷ്ടകരമായ ബന്ധങ്ങളില്‍ നിന്ന്.. ഓടിപ്പോകാന്‍ ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല. അത് ജീവിതത്തിലെ സഹനമാണ്. ആ സഹനത്തിന് നല്കുന്ന പേരാണ് കുരിശ്. അല്ലെങ്കില്‍ പറയൂ കുരിശായി തോന്നിയ എത്രയെത്ര അനുഭവങ്ങളാണ് ഓരോരുത്തരുടെയും ജീവിതങ്ങളിലുള്ളത്? ആ കുരിശിനെ നാം എങ്ങനെ സമീപിക്കുന്നു, അതിനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. വ്യക്തിപരമായി വ്യത്യസ്തരീതിയിലാണ് ഓരോരുത്തരും കുരിശിനെ സമീപിക്കുന്നത്.
ആത്മീയവീക്ഷണത്തില്‍ കുരിശ് ഒരിക്കലും അലങ്കാരമല്ല, ധ്യാനവിഷയമാണ്. നാം അതിനെ ആഭരണങ്ങളിലും വാഹനങ്ങളിലും പ്രദര്‍ശിപ്പിച്ച് അലങ്കാരവസ്തുവായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മാത്രം. ഏതുവിധത്തില്‍ മറിച്ചിട്ടാലും രൂപത്തില്‍ വ്യത്യാസംവരാത്തത്ര വിധത്തിലുള്ളതാണ് കുരിശ്. സരളം അതെന്നാണ് നമ്മുടെ ധാരണ. പക്ഷേ കുരിശ് ഗഹനമാണ്. ഒരു മഞ്ഞുതുള്ളിയില്‍ കാനനം പ്രതിബിംബിക്കുന്നു എന്ന് പറയുന്നതുപോലെ ജീവിതം മുഴുവന്‍ പ്രതിഫലിക്കുന്ന ഒന്നത്രെ കുരിശ്. കുരിശിനെ ഒഴിവാക്കിക്കൊണ്ട് ഒരാളുടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നില്ല,
ലോകത്തെ അത്രമേല്‍ സ്‌നേഹിച്ചതുകൊണ്ട് സ്വന്തം പുത്രനെ ബലികഴിക്കാന്‍ പോലും തയ്യാറായതിന്റെ പേരിലാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരവും പിന്നെ കുരിശുമരണവും എന്നാണല്ലോ നമ്മുടെ വിശ്വാസം. അതായത് ഏതു സ്‌നേഹവും ത്യാഗം ആവശ്യപ്പെടുന്നുണ്ട്. സ്‌നേഹം ആവശ്യമില്ലാത്ത ത്യാഗമൊന്നും ത്യാഗമാകുന്നതേയില്ല. സ്‌നേഹമാണ് കുരിശു തരുന്നത്.
നീ കുരിശാണ് എന്ന്പറയുന്നത് തരം താഴ്ത്തിക്കെട്ടലായി നാം മാറ്റിയിരിക്കുന്നു. ഇതെന്റെ കുരിശാണ് എന്ന ആത്മവിലാപവും. കുരിശിന്റെ പിന്നിലെ സ്‌നേഹത്തെക്കുറിച്ച്, അത് ആവശ്യപ്പെടുന്ന ത്യാഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് കാരണം.
ചില കുരിശുകള്‍ അറിയാതെയെന്നോണം നമ്മുടെ തോളിലേക്ക് ആരോ എടുത്തുവച്ചുതരുന്നതാണ്. വേറെ ചിലപ്പോള്‍ കുരിശ് ഒഴിവാക്കാനാവാത്ത ഭാരമായി മാറുന്നു. മറ്റ് ചിലപ്പോഴാവട്ടെ കുരിശുകള്‍ നമ്മള്‍ ചോദിച്ചുവാങ്ങുന്നവയുമാണ്. ആരെങ്കിലും കുരിശു ചോദിച്ചുവാങ്ങുമോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഒരു അനുഭവം പറയുമ്പോള്‍ അത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
നമുക്ക് അയാളെ എക്‌സ് എന്ന് വിളിക്കാം. കുടുംബത്തിലെ ഇളയ ആള്‍ എന്ന നിലയ്ക്ക് മാതാപിതാക്കളുടെ സംരക്ഷണം അയാളായിരുന്നു നിര്‍വഹിക്കേണ്ടിയിരുന്നത്. പക്ഷേ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാല്‍ അയാള്‍ക്കൊരിക്കലും അത് സാധിക്കുമായിരുന്നില്ല. ആരോഗ്യത്തോടെ മാതാപിതാക്കള്‍ തറവാട്ടുവീട്ടില്‍ സഹോദരനൊപ്പം ജീവിച്ചുവരുമ്പോഴും എക്‌സ് ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവത്രെ. ദൈവമേ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യകാലത്ത് സംരക്ഷിക്കാനുള്ള അവസരം എനിക്ക് തരണേ. ഒരിക്കല്‍ പോലും ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ലെന്ന് തന്നെയായിരുന്നു അയാളുടെ വിചാരം. മാതാപിതാക്കള്‍ക്കൊരിക്കലും വിദേശത്തേക്കോ വിദേശത്തു നിന്ന് തനിക്കൊരിക്കലും നാട്ടിലേക്കോ വരാന്‍ കഴിയില്ലെന്ന് മാനുഷികമായി അയാള്‍ വിശ്വസിച്ചിരുന്നു. പക്ഷേ സംഭവിച്ചത് അതായിരുന്നില്ല. ഒരു നാള്‍ അയാള്‍ക്ക് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായി. എക്‌സ് നാട്ടിലെത്തി താമസം തുടങ്ങിയതോടെ മാതാപിതാക്കളെ ആരു സംരക്ഷിക്കും എന്ന തര്‍ക്കം സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുത്തു. എന്തിനേറെ പറയുന്നു, മാസങ്ങള്‍ക്കുള്ളില്‍ മാതാപിതാക്കള്‍- അപ്പോഴേയ്ക്കും ഇരുവരും രോഗികളുമായിക്കഴിഞ്ഞിരുന്നു- അയാളുടെ സംരക്ഷണയിലായി. കേള്‍ക്കില്ലെന്ന് കരുതിയ പ്രാര്‍ത്ഥനകള്‍ക്ക് പോലും ദൈവം ഉടനടി മറുപടി തന്നല്ലോയെന്ന് നന്ദി നിറഞ്ഞവനായി എക്‌സ് ദൈവത്തിന് നന്ദിപറഞ്ഞു. അയാള്‍ക്ക് വലിയ സന്തോഷമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനമ്മമാര്‍ക്കൊപ്പം നില്ക്കാന്‍ കിട്ടിയ അവസരം. തന്റെ മക്കള്‍ക്ക് ഗ്രാന്റ് പേരന്റസിന്റെ സ്‌നേഹവും വാത്സല്യവും അനുഭവിക്കാന്‍ കിട്ടിയ ആദ്യഅവസരം. പക്ഷേ അയാളുടെ സന്തോഷങ്ങള്‍ക്ക് അധികം ദിനങ്ങള്‍പോലും ദൈര്‍ഘ്യമുണ്ടായിരുന്നില്ല. അതുവരെ ഭര്‍ത്താവും മക്കളും താനും മാത്രമായി ജീവിച്ചഒരു ലോകത്തേക്ക് അഭയാര്‍ത്ഥികളെ പോലെ ചേക്കേറിയ ഭര്‍ത്തൃമാതാപിതാക്കള്‍ ഭാര്യയ്ക്ക് ശല്യമായി. തങ്ങളെക്കാള്‍ കൂടുതലായി ഭര്‍ത്താവ് മാതാപിതാക്കളെയാണ് പരിഗണിക്കുന്നതെന്നും സ്‌നേഹിക്കുന്നതെന്നുമെന്ന ചിന്ത അവളെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവളുടെ നാവിന്റെ പുളിയും കയ്പും എരിവും അയാള്‍ ആദ്യമായി അറിഞ്ഞു. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളായി ഭാര്യ മാറിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. ആദ്യമൊക്കെ സ്‌നേഹബുദ്ധ്യാ അവളെ തിരുത്താന്‍ ശ്രമിച്ചുവെങ്കിലും അത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുപോയി. ഭാര്യയുടെ തീപ്പൊരിക്കുമുമ്പില്‍ പലപ്പോഴും അയാള്‍ കരിയില പോലെ കത്തിത്തീര്‍ന്നു. പക്ഷേ പിന്നീട് അയാള്‍ അവളോട് പ്രത്യുത്തരിച്ചുതുടങ്ങി. അതോടെ കുടുംബം മുഴുവന്‍ അശാന്തമായി. സ്ഥിരമായ വഴക്കുകള്‍.. ഒരാഴ്ചയ്ക്കുള്ളില്‍ മാതാപിതാക്കളുടെ ശുശ്രൂഷ അവള്‍ ഭര്‍ത്താവിന് മാത്രമായി തീറെഴുതികൊടുത്തു. ഒരു ഹോം നേഴ്‌സിനെ നിര്‍ത്തി മാതാപിതാക്കളുടെ പരിചരണം നിര്‍വഹിക്കാം എന്ന് വിചാരിച്ചുവെങ്കിലും മാറിമാറി വന്ന ഹോം നേഴ്‌സുമാരുമായി യാതൊരുവിധത്തിലും ഭാര്യ പൊരുത്തപ്പെട്ടതേയില്ല. വിദേശത്തേക്ക് നല്ല ഓഫറുകള്‍ വന്നപ്പോഴും പോകാന്‍ കഴിയാതെ വൃദ്ധരായ മാതാപിതാക്കളുടെ ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ട് മറ്റൊരിടത്തേക്കും പോകാനാവാതെ അയാള്‍... അത് മാത്രമായിരുന്നുവെങ്കില്‍ സാരമില്ലായിരുന്നുവെന്നാണ് അയാള്‍ പറയുന്നത്. ഏതെങ്കിലും ഒരു ഭാര്യ സ്വന്തം ഭര്‍ത്താവിനെയും അയാളുടെ വൃദ്ധയായ അമ്മയെയും ചേര്‍ത്തു കഥകളുണ്ടാക്കുമോയെന്ന ചോദ്യത്തില്‍ അയാള്‍ ചുമക്കുന്ന എല്ലാ കുരിശുകളും അടങ്ങിയിട്ടുണ്ട്.
ഇന്ന് അയാള്‍ പറയുന്നത് ഇതാണ്.'കുരിശ് ചോദിച്ചുവാങ്ങരുത്. ഞാന്‍ പ്രാര്‍ത്ഥിച്ചു വാങ്ങിയ കുരിശാണ് ഇത്,'
ചോദിച്ചുവാങ്ങുന്ന കുരിശ് വഹിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. കുരിശുചോദിച്ചുവാങ്ങുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കുകയാണ്. വെല്ലുവിളിക്കുന്ന മനുഷ്യനെ ദൈവവും നന്നായി പരീക്ഷിക്കും, ജോബിനെയെന്ന പോലെ.. എക്‌സ് ജോബ് അല്ലാത്തതുകൊണ്ട് അയാള്‍ പരാജയപ്പെട്ട യോദ്ധാവായി മാറിയിരിക്കുന്നു. 'സത്യമായും എനിക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുണ്ട്. പക്ഷേ എന്റെ മാതാപിതാക്കള്‍.. അവരെ ആരു നോക്കും?' ഇവിടെ അയാള്‍ക്കൊപ്പം ആ മാതാപിതാക്കളും കുരിശിലാണ്. അയാളുടെ മക്കളും കുരിശിലാണ്. പണ്ടുകണ്ട അച്ഛനും അമ്മയുമല്ല മക്കളെ സംബനധിച്ചിടത്തോളം അവര്‍.
ഇത്തരത്തിലുള്ള അപൂര്‍വ്വം ചിലര്‍ മാത്രമേ കുരിശുകള്‍ ചോദിച്ചുവാങ്ങാറുള്ളൂ. കുരിശുകളില്‍നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കുകയാണ് ഭൂരിപക്ഷവും.
എന്തിന് ക്രിസ്തുപോലും അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അനിവാര്യമായിട്ടെന്നോളം ആ കുരിശു വഹിക്കാന്‍ അവിടുന്ന് തയ്യാറായി. തീര്‍ന്നില്ല, ചുമലില്‍ വച്ചുകൊടുക്കപ്പെട്ട കുരിശുമായി ക്രിസ്തു വീണുപോയിട്ടുമുണ്ട്. ജീവിതയാത്രയില്‍ വഹിക്കാന്‍ കഴിയാത്തത്ര ഭാരമുള്ള കുരിശുമായി മുന്നോട്ടുപോകുമ്പോള്‍ വീണുപോകാന്‍ സാധ്യതയേറെയാണ്. പക്ഷേ ആരെങ്കിലുമൊക്കെ ആ യാത്ര പൂ‍ര്‍ത്തിയാക്കാന്‍, ഇറക്കിവച്ച കുരിശുകളെ തിരികെ തോളിലേക്ക് എടുത്തുവയ്ക്കാന്‍ സന്നദ്ധരായുണ്ട്. ദൈവം തരുന്ന കുരിശുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
ഒരു പഴയകാലം. വിശ്രമവേളകളിലൊരിക്കല്‍ സുഹൃത്തുക്കളുമായുള്ള വെറുതെയൊരു സംസാരത്തില്‍ കടന്നുവന്ന വിഷയം ഏതു ജീവിതാവസ്ഥയിലുള്ളവര്‍ക്കാണ് വിശുദ്ധരാകാന്‍ കൂടുതല്‍ അനുകൂല സാഹചര്യം എന്നതായിരുന്നു. വൈദികരും സന്യാസിനികളും ഏകസ്ഥരുമൊക്കെ വിശുദ്ധരായി വര്‍ദ്ധിക്കുന്ന കാലത്ത് സ്വഭാവികമായും വിശുദ്ധരാകാനുള്ള സംവരണം അവര്‍ക്കാണുള്ളത് എന്നാണല്ലോ പൊതുധാരണ. പക്ഷേ സംസാരം അവസാനിച്ചത് കുടുംബജീവിതക്കാര്‍ക്കാണ് വിശുദ്ധരാകാനുള്ള ഏറ്റവും വലിയ സാധ്യത എന്ന നിഗമനത്തിലായിരുന്നു,. കാരണം അവര്‍ നേരിടുന്നതുപോലെയുള്ള കുരിശുകള്‍, സഹനങ്ങള്‍, ത്യാഗങ്ങള്‍, അവഗണനകള്‍, പ്രതിസന്ധികള്‍ മറ്റൊരു കൂട്ടര്‍ക്കുമില്ല. കുടുംബജീവിതം ആരംഭിച്ച കാലമായിരുന്നതുകൊണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുത്തുതുടങ്ങാതിരുന്നതുകൊണ്ടും ആ നിഗമനത്തെ അത്രകണ്ട് സ്വീകരിക്കാന്‍ അന്ന് തോന്നിയില്ല എന്നതാണ് സത്യം. പക്ഷേ കാലം പോകെ പോകെ മനസ്സിലായി ആ നിഗമനം എത്രയോ സത്യമായിരുന്നുവെന്ന്.
കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പതിനാല് സ്ഥലങ്ങളേയുള്ളൂ. പക്ഷേ കുടുംബജീവിതമെന്ന കുരിശിന്റെ വഴിയില്‍ എ്ത്രയെത്ര സ്ഥലങ്ങളാണ് നമുക്ക് മുട്ടുകുത്താനും സാഷ്ടാംഗം വീഴാനും ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ളത്? മദ്യപാനിയായ ഭര്‍ത്താവ്, പരപുരുഷ ബന്ധം പുലര്‍ത്തുന്ന ഭാര്യ ഇത്യാദി സാമാന്യവല്ക്കരിച്ചതോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങള്‍ക്കപ്പുറമാണ് കുടുംബജീവിതത്തിലെ കുരിശുകള്‍. പരസംഗം എന്ന പേരില്‍ വിശുദ്ധ ഗ്രന്ഥം ഒഴികഴിവു നിരത്തുന്നുണ്ട് ഡിവോഴ്‌സിന്. മാനസികരോഗം, ലൈംഗികബലഹീനത തുടങ്ങിയവയാല്‍ വിവാഹം അസാധുവാക്കുന്നുണ്ട് രൂപതാ കോടതികളും. പക്ഷേ ഇങ്ങനെ ഒഴിവാക്കാന്‍ കൃത്യമായ കാരണങ്ങളില്ലാതെയും എന്നാല്‍ ഒരുചുവടുപോലും ഒരുമിച്ചുമുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെയുമിരിക്കുന്ന എത്രയോ ദാമ്പത്യങ്ങളുണ്ട് നമുക്ക് ചുറ്റിനും.വളരെ ടോക്‌സിക്ക് ആയ റിലേഷന്‍ഷിപ്പിലൂടെ കടന്നുപോകുന്ന ദമ്പതികള്‍. സോഷ്യല്‍ മീഡിയായില്‍ സ്വന്തം പങ്കാളിയെക്കുറിച്ച് പരസ്യപ്പെടുത്തുന്ന മധുരം പുരട്ടിയ വാക്കുകള്‍ക്കും പുഞ്ചിരിക്കുന്ന ഫോട്ടോകള്‍ക്കും ചിലരുടെയെങ്കിലും ജീവിതങ്ങളില്‍ വേണ്ടതുപോലെ അര്‍ത്ഥമുണ്ടാകാറില്ല. എന്നിട്ടും അവര്‍ തങ്ങളുടേതായ ജീവിതത്തില്‍ മറച്ചുവച്ച കീരിയും പാമ്പുമായി മാറിക്കൊണ്ടിരിക്കുന്നു. വിവാഹം എന്ന കുരിശില്‍ കൈകളും കാലുകളും തറയ്ക്കപ്പെട്ട് കഴിയുകയാണ് അവര്‍.
എന്തായാലും കുരിശുവഹിക്കണം. എന്നാല്‍ അത് സ്‌നേഹപൂര്‍വ്വം വഹിക്കാന്‍ സാധിച്ചാലോ? പറയാന്‍ എളുപ്പമാണ്. പ്രത്യേകിച്ച് കരയില്‍ നിന്ന് നീന്തല്‍ പഠിപ്പിക്കുന്നവര്‍ക്ക്..പലര്‍ക്കും സാധിക്കാത്ത കാര്യം തന്നെ അത്. സ്‌നേഹത്തിന്റെ പേരിലാണ് നമ്മുടെ മുറിവുകളെല്ലാം. സ്‌നേഹിച്ചവരില്‍ നിന്നുളള കുരിശോളം വലുതല്ല മറ്റൊന്നും. തിരിച്ചടികള്‍ ഏറെയുണ്ടാവാം ഓരോരുത്തരുടെയും ജീവിതങ്ങളിലും.
കുരിശില്‍ മുറിവുണ്ട്. വഹിക്കുന്നവന്റെ മുറിവ്. എത്രയോ അധികമായി മുറിവേറ്റവനായിരുന്നു ക്രിസ്തു. ഫഌഷ്ബായ്ക്ക് വെറുതെയൊന്ന് ആലോചിച്ചുനോക്കൂ. ഏതെല്ലാം രീതിയില്‍ മുറിവേറ്റ ജീവിതമായിരുന്നു ക്രിസ്തുവിന്റേത്. എന്നിട്ടും ആ മുറിവുകളെയൊന്നും ക്രിസ്തു മറ്റാര്‍ക്കും കൈമാറിയില്ല. മാത്രവുമല്ല മുറിവുകള്‍ പോലും മറ്റുള്ളവന്റെ സൗഖ്യത്തിനായി് ഉപയോഗിക്കുകയും ചെയ്തു. പക്ഷേ ചെറിയ മുറിവുകളെ പോലും എത്രയോ അധികമായിട്ടാണ് നാം കൈമാറിക്കൊണ്ടിരിക്കുന്നത്! മുറിഞ്ഞിട്ടുണ്ടെങ്കില്‍ മുറിവ് നല്കാതെ സമാധാനമില്ലാത്ത അവസ്ഥ. മുറിവേറ്റബാല്യത്തിന്റെ അവശേഷിപ്പുകള്‍ ആയിരിക്കുന്ന എല്ലായിടങ്ങളിലും വിതറിക്കൊണ്ടിരിക്കുന്നവര്‍ എത്രയോ അധികമുണ്ട്.
കുരിശിനെ നോക്കിനില്ക്കുമ്പോള്‍ എനിക്കിപ്പോള്‍ ഒരു പ്രത്യേക സ്‌നേഹം തോന്നുന്നുണ്ട്. ഒരു മനുഷ്യന്‍ പരാതികളില്ലാതെ, കുറ്റപ്പെടുത്തലുകളില്ലാതെ, വിദ്വേഷമില്ലാതെ കടന്നുപോയ മരണത്തിന്റെ പേരാണ് അത്. ഏതോ കവി പാടിയതുപോലെ എത്രയോ നാളായി കുരിശു വഹിക്കുന്നു. കുരിശില്‍ കിടക്കുന്നു. കുരിശിലേറ്റിയിരിക്കുന്നു. എന്നിട്ടും നാം ഇനിയും ക്രിസ്തുവായിട്ടുണ്ടോ.? കുരിശുകളോടുള്ള നമ്മുടെ സമീപനം തന്നെയാണ് അതിനുള്ള മറുപടി.
എന്റെ ജീവിതത്തില്‍ കുരിശുണ്ട്. ചിലപ്പോഴൊക്കെ അതിന്റെ ഭാരം എന്നെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഞാന്‍ പരാതിപറഞ്ഞിട്ടുണ്ട്. സങ്കടപ്പെട്ടിട്ടുണ്ട്. വീണുപോയിട്ടുണ്ട്. എണീറ്റുനില്ക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ടിട്ടുണ്ട്.എങ്കിലും എനിക്കറിയാം ഈ കുരിശ് ദൈവം തന്നതാണെന്ന്. തിന്മ ചെയ്തിട്ട് പകരംതിന്മ കിട്ടുന്നത് സ്വഭാവികം. നന്മ ചെയ്തിട്ടു പകരം തിന്മ കിട്ടുന്നതാണ് സഹനം. ഒരു നല്ല മനുഷ്യന് വേണ്ടി ആരെങ്കിലുമൊക്കെ ചിലപ്പോള്‍ ജീവന്‍ കളയാന്‍ തയ്യാറായേക്കാം എന്നാല്‍ നാം പാപികളായിരിക്കെ ക്രിസ്തു ജീവന്‍ അര്‍പ്പിച്ചുവെന്നതിലാണ് അവിടുത്തെ കുരിശുമരണം വിലയുള്ളതാകുന്നതെന്നുമുളള തിരുവചനം ഓര്‍മ്മിക്കുക. അര്‍ഹതയില്ലാതെ കിട്ടുന്ന കുരിശുകളെയാണ് സ്‌നേഹത്തോടെ സ്വീകരിക്കാന്‍ നാം തയ്യാറാകേണ്ടത്, അത്തരമുള്ള കുരിശു വഹിക്കാന്‍ നമുക്ക് ദൈവകരുണ കൂടി വേണം. സ്വന്തം ബുദ്ധികൊണ്ടോ കഴിവുകൊണ്ടോ മഹിമ കൊണ്ടോ അത് സാധിക്കുകയില്ല, കാരണംകുരിശ് സ്‌നേഹമാണ്, കുരിശില്‍ സ്‌നേഹമുണ്ട്. കുരിശാകണം നാം.
സ്‌നേഹിക്കുമ്പോഴാണ്, സ്‌നേഹം ഉള്ളിലുള്ളപ്പോഴാണ് കുരിശു സഹിക്കാന്‍ കഴിയുന്നത്. കുരിശിന് ഭാരം തോന്നാത്തത്.
ഓ എന്റെ ദൈവമേ..

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org