വിധിയില്‍ തുടങ്ങുന്ന യാത്ര

വിധിയില്‍ തുടങ്ങുന്ന യാത്ര

[നോമ്പുകാലചിന്തകള്‍-01]
കുരിശ് ചുമക്കാന്‍ പാകത്തിന് തന്റെ ചുമലുകളെ ബലപ്പെടുത്തിയാണ് ക്രിസ്തു വിധി വാചകത്തിനായി കാത്തു നിന്നത്. വിധിയെ എങ്ങനെ ഒരു സാധ്യതയും വിമോചന മാര്‍ഗവുമാക്കി മാറ്റാ മെന്നതിന്റെ പാഠപുസ്തകമാണ് കുരിശിന്റെ വഴിയിലെ ഒന്നാം സ്ഥലത്തിലെ വിധിക്കപ്പെട്ട ക്രിസ്തു.

'ഒരു മഴക്കാലം മുഴുവന്‍ ഒന്നിച്ചൊരു മഴയായി ദേഹത്തു വീഴുന്നുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അനങ്ങുകയോ മാറുകയോ ചെയ്തില്ല. കൈത്തലം രണ്ടുമുയര്‍ത്തി ഒരു പ്രവാചകനെപ്പോലെ, മഴയും കാറ്റുമൊന്നുമറിയാതെ പ്രാര്‍ത്ഥിക്കുകയായിരുന്നു. മറ്റാര്‍ക്കോ വേണ്ടിയാകണം അദ്ദേഹം അങ്ങനെ തീവ്രമായി പ്രാര്‍ത്ഥിച്ചത്' സി.വി. ബാലകൃഷ്ണന്‍ (ആയുസ്സിന്റെ പുസ്തകം).

ഒരു വിധിയിലാണ് സകലരുടെയും വിധി നിര്‍ണ്ണയിക്കുന്ന ആ യാത്ര ആരംഭിച്ചത്. ആ വിധി വാചകം ഉച്ചരിച്ചതാകട്ടെ, ഒരു വിചാരണ നാടകത്തിനൊടുവിലാണ്. പീലാത്തോസിന്റെ ഭവനമായിരുന്നു അതിന്റെ അരങ്ങ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, ബന്ധനസ്ഥനായി, മുള്‍മുടി അണിഞ്ഞ്, ദേഹമാസകലം മുറിവുകളുമായി യേശു അവിടെ തല ഉയര്‍ത്തി നില്‍ക്കുന്നു; കൊടുങ്കാറ്റ് തകര്‍ത്ത വനത്തില്‍ ഒരു ഒറ്റ മരം കണക്ക്. അവനെ കുരിശില്‍ തറയ്ക്കണമെന്നത് നിശ്ചയിച്ചുറപ്പിച്ച അജണ്ടയായിരുന്നു. ആ തിരക്കഥയ്ക്കനുസരണം ഓരോരുത്തരും നിറഞ്ഞാടിയപ്പോള്‍ ലോകത്തിലേക്കും വച്ചേറ്റവും നീതിമാനായവന്‍ നീതി നിഷേധത്തിനിരയായി.

മനുഷ്യകുലത്തിന്റെ പാപങ്ങളിന്മേലുള്ള വിധി കൂടിയാണ് അന്നവിടെ പ്രഖ്യാപിക്കപ്പെട്ടത്. 'ഇതാ, മനുഷ്യന്‍' എന്ന് പറഞ്ഞാണ് വിചാരണയ്‌ക്കൊടുവില്‍ പീലാത്തോസ് യേശുവിനെ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. ഇതാ, ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടെന്ന സ്‌നാപകന്റെ പരിചയപ്പെടുത്തല്‍ ആ രാത്രിയില്‍ അങ്ങനെ പൂര്‍ത്തിയായി. മനുഷ്യവംശത്തെ രക്ഷിക്കാന്‍ മനുഷ്യനായിത്തീര്‍ന്ന്, അവരുടെ വ്യഥകളും വീഴ്ചകളും, നന്മകളും തിന്മകളുമറിഞ്ഞ ക്രിസ്തുവിന് മാത്രമേ ഇനി സാധിക്കുകയുള്ളൂ. ആ ദൗത്യവും സഹനവും അവന്റെമേല്‍ കെട്ടിവയ്ക്കപ്പെട്ടതല്ല, അവന്‍ സ്വയം ഏറ്റെടുത്തതാണ്.

കുരിശ് ചുമക്കാന്‍ പാകത്തിന് തന്റെ ചുമലുകളെ ബലപ്പെടുത്തിയാണ് ക്രിസ്തു വിധി വാചകത്തിനായി കാത്തുനിന്നത്. വിധിയെ എങ്ങനെ ഒരു സാധ്യതയും വിമോചന മാര്‍ഗവുമാക്കി മാറ്റാ മെന്നതിന്റെ പാഠപുസ്തകമാണ് കുരിശിന്റെ വഴിയിലെ ഒന്നാം സ്ഥലത്തിലെ വിധിക്കപ്പെട്ട ക്രിസ്തു. വിധിയെ ഉത്തരവാദിത്വമായി സ്വീകരിക്കുക, കുരിശിനെ സ്‌നേഹത്തിന്റെ അടയാളമായി ഏറ്റെടുക്കുക ഇതാണ് അതിലെ ആദ്യപാഠം.

'നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്' (ഏശയ്യാ 53:4).

ബാധ്യതകളില്‍ നിന്നും കൈ കഴുകി മാറുന്ന പീലാത്തോസ്, ഭാരവാഹിയായി മാറുന്ന ക്രിസ്തു, ഇവര്‍ കര്‍ത്തവ്യബോധത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. പറ്റിപോയൊരു പിഴയ്ക്ക് ഉത്തരവാദി താനല്ലെന്നും അവളാണെന്നും അതുമല്ല, സര്‍പ്പമാണെന്നുമുള്ള പഴിചാരലിന്റേയും ഒഴിഞ്ഞുമാറലിന്റെയും മനുഷ്യചരിത്രത്തിന്, ഞാനെന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ എന്ന ചോദ്യത്തിലൂടെ തുടര്‍ച്ചയുണ്ടാകുന്നു. ഞാന്‍ അവനെ അറിയില്ല എന്ന ശിഷ്യമൊഴിയിലും അതിന്റെ അനുരണനങ്ങളുണ്ട്. ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന് പറഞ്ഞ് ദേശാധിപതിയും ആ ചരിത്രത്തിന്റെ ഭാഗമാകുന്നു. എന്നാല്‍, ഞാനാണോ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ എന്ന ചോദ്യത്തിനുള്ള ദൈവത്തിന്റെ മറുപടിയായി ആ നസ്രായന്‍ അവിടെ നിലകൊള്ളുന്നു. സ്‌നേഹമെന്നാല്‍ ഉത്തരവാദിത്വമാണെന്നാണ് അവന്‍ മനുഷ്യരെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് കൂട്ടം തെറ്റിയതിനെ അവന്‍ തേടി പോയത്, തിരിച്ചു വന്നവനെ മാറോടു ചേര്‍ത്തത്, സ്‌നേഹിതനുവേണ്ടി ജീവന്‍ ബലി നല്‍കുന്നതാണ് ഉദാത്തമെന്നു സ്വജീവിതത്തിലൂടെ തെളിയിച്ചത്.

ഉത്തരവാദിത്വത്തിന്റെ ഒരു പുതിയ ശൈലിയാണ് ക്രിസ്തു മുന്നോട്ടു വച്ചത്. താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ കെട്ടിവയ്ക്കുകയും സഹായത്തിനായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയാറല്ലാത്തതുമായ അധികാരികള്‍ വാണിരുന്ന ഒരു ദേശത്താണ് മനുഷ്യര്‍ക്ക് വിമോചനവുമായി, സമൂഹത്തിന്റെ അരികിലേക്കും അടിത്തട്ടിലേക്കും ക്രിസ്തു കടന്നു ചെന്നത്. ആരെയും അവന്‍ വിധിക്കുകയോ ഭാരപ്പെടുത്തുകയോ ചെയ്തില്ലെന്നു മാത്രമല്ല, നട്ടെല്ല് നിവര്‍ത്തി, തല ഉയര്‍ത്തി ജീവിക്കാനുള്ള അഭിമാനബോധവും പ്രത്യാശയും അവന്‍ പകര്‍ന്നേകി. സ്വന്തമായി കരുതി, കൂടെ കൂട്ടിയവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ പോലും അവനാണ് നേരിട്ടത്. സംശയമുണ്ടെങ്കില്‍ സാബത്ത് പാലിക്കുന്നില്ല, ഉപവസിക്കുന്നില്ല, കപ്പം കൊടുക്കുന്നില്ല എന്നിങ്ങനെ ശിഷ്യര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മധ്യേ അവന്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കിയത് എങ്ങനെയെന്ന് വായിച്ചു നോക്കാവുന്നതാണ്. സങ്കടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ചുമതലാബോധം അവന്‍ മറന്നില്ല. കുരിശിന്റെ വഴിയില്‍ കണ്ടു മുട്ടിയവരോട് അവന്‍ പങ്കുവച്ചത് ആശ്വാസത്തിന്റെയും ഭാവിയെപ്പറ്റിയുള്ള കരുതലിന്റെയും വചനങ്ങളായിരുന്നു. കുരിശില്‍ കിടക്കുമ്പോഴും അവന്‍ തന്റെ പ്രിയപ്പെട്ടവരെ പരസ്പരം ഭരമേല്പിക്കാന്‍ മറക്കുന്നില്ല.

യേശു നടന്ന ഉത്തരവാദിത്ത പാതയിലൂടെയാണ് നടക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അധിക മൈല്‍ നടക്കേണ്ടി വരും, അവസാനത്തോളം കൂട്ട് പോകേണ്ടി വരും, ഉള്ളതെല്ലാം പകുത്തു നല്‍കേണ്ടി വരും, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കടം കൊടുക്കേണ്ടി വരും, പഠിക്കാന്‍ പിന്നിലായ ഒരു വിദ്യാര്‍ഥിക്കുവേണ്ടിയും പ്രായമായ മാതാപിതാക്കള്‍ക്കുവേണ്ടിയും രോഗിയായ ജീവിതപങ്കാളിക്കുവേണ്ടിയും അധിക സമയം ചെലവഴിക്കേണ്ടി വരും, വഴിയരികില്‍ വീണു കിടക്കുന്നവനുവേണ്ടി വാഹനം ഒന്ന് നിര്‍ത്തേണ്ടി വരും. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം കടന്ന് സൗഹൃദങ്ങള്‍ സ്ഥാപിക്കേണ്ടി വരും, ഏറ്റവും ചെറിയവനെ പോലും ആദരിക്കേണ്ടി വരും, അധികാരിയുടെ അധാര്‍മ്മികതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടി വരും. അനീതിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ നിരന്തരം ഏര്‍പ്പെടേണ്ടി വരും.

യഥാര്‍ത്ഥത്തില്‍ ഒരുവന്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളുടെ വലുപ്പമാണ് അവന്റെയും വലുപ്പം നിര്‍ണ്ണയിക്കുന്നത്. പലപ്പോഴും എന്റെ വീട്, എന്റെ ഭാര്യ, എന്റെ മക്കള്‍ ഏറിയാല്‍ എന്റെ മതം എന്നതിനപ്പുറത്തേക്ക് നമ്മുടെ ചുമതലകളുടെ ലോകം വലുതാകാറില്ല. എന്നാല്‍ മഹാന്മാരെ നോക്കൂ, ഗാന്ധി ഏറ്റെടുത്തത് ഒരു ദേശത്തിന്റെ ഭാരം, മാര്‍ട്ടിന്‍ ലൂഥര്‍ കറുത്ത വര്‍ഗക്കാരുടെ ഭാരം, ഡാമിയന്‍ കുഷ്ഠരോഗികളുടെ ഭാരം, മദര്‍ തെരേസ പാവങ്ങളുടെ ഭാരം, ക്രിസ്തുവാകട്ടെ മാനവരാശിയുടെ മുഴുവന്‍ ഭാരം. അവരോരുത്തരും തങ്ങളുടെ ഭാരങ്ങളാല്‍ മഹത്വീകൃതരായി. സമരിയാക്കാരന്റെ ഉപമ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും സെക്കുലര്‍ വേദികളില്‍ പോലും ഇന്ന് ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം മതദേശവര്‍ഗ വ്യത്യാസങ്ങള്‍ക്കും മീതെയായി മനുഷ്യരെ പരിഗണിക്കാന്‍ അയാള്‍ കാണിച്ച ഉത്തരവാദിത്വബോധമാണ്. ഇന്നും അനേകര്‍ നിശബ്ദരായി, നിസ്വാര്‍ത്ഥതയോടെ ചില നിയോഗങ്ങള്‍ ഏറ്റെടുത്ത് ത്യാഗപൂര്‍വം നിറവേറ്റുന്നതിനാലാണ് മാനവരാശി നിലനില്‍ക്കുന്നത് തന്നെ.

'അധ്വാനിയുടെ വിയര്‍പ്പെന്റേത്, അടിമയുടെ കുരിശെന്റേത്, തടവറയിലെ മൃതിയെന്റേത്, അടര്‍ക്കളത്തിലെ ബലിയെന്റേത്' - സച്ചിദാനന്ദന്‍

നിരുത്തരവാദിത്വപരമായ ഒരു അധികാരമനോഭാവം സഭയിലും സമൂഹത്തിലും, കരുതലും കാവലുമാകേണ്ടവര്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുന്നു എന്നതാണ് സമകാലീന ഇന്ത്യയിലെ വലിയ ദുഃഖവും ദുരന്തവും. അധികാരത്തില്‍ അമര്‍ന്നിരിക്കാന്‍ മതപരവും വംശീയവുമായ ഭിന്നതകളെ കരുവാക്കി കലാപ തീ കൊളുത്തുന്ന രാഷ്ട്രീയ നേതൃത്വം, ഇരയാക്കപ്പെടുന്നവരും ന്യൂനപക്ഷങ്ങളും തങ്ങളുടെ ബാധ്യതകള്‍ അല്ലെന്നു കരുതുന്ന അധികാര വര്‍ഗം, സത്യാസത്യങ്ങളെ പരിഗണിക്കാതെ ഭൂരിപക്ഷ താല്പര്യങ്ങളെയും വിരമിക്കലിനു ശേഷവും തങ്ങളെ കാത്തിരിക്കുന്ന സ്ഥാനലബ്ധികളെയും മാത്രം പരിഗണിച്ച് വിധിക്കുറിപ്പുകള്‍ തയ്യാറാക്കുന്ന ന്യായാധിപന്മാര്‍, മനുഷ്യരുടെ ജീവല്‍പ്രശ്‌നങ്ങളെ പരിഗണിക്കാതെ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന മതനേതൃത്വം, വിയോജിക്കുന്നവര്‍ തങ്ങളുടെ ആലയില്‍പ്പെടാത്ത ആടുകളാണെന്നു കരുതുന്ന 'വലിയ ഇടയന്മാര്‍', എങ്ങും എവിടെയും പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ് പരിഹാര ശ്രമങ്ങളില്‍ നിന്നു പോലും അകന്നു നില്‍ക്കുന്ന ഇവരെല്ലാം കൈ കഴുകി മാറുന്ന പീലാത്തോസിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

'കര്‍ത്താവേ, അങ്ങ് ഈ വഴി എങ്ങോട്ടാണ്?' അത്ഭുതകരമായ ശാന്തതയോടെ മിശിഹാ പറഞ്ഞു, 'എന്റെ ജനത്തിന്റെ മുറിവുകളിലേക്ക്, അവരുടെ പൊള്ളലുകളിലേക്ക്, അവരുടെ നിലവിളികളിലേക്ക്' - പെരുമ്പടവം ശ്രീധരന്‍ (അരൂപിയുടെ മൂന്നാം പ്രാവ്).

അന്ത്യവിധിയുടെ മാനദണ്ഡവും നിങ്ങള്‍ മനുഷ്യരെ കണ്ടോ, അവര്‍ക്കു വേണ്ടി നില കൊണ്ടോ, അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തുവോ എന്നതാണ്. വിശക്കുന്നവന് അന്നം, ദഹിക്കുന്നവന് നനവ്, രോഗിക്ക് ഔഷധം, ലജ്ജിതന് കുപ്പായം, പരദേശിക്ക് അഭയം, തടവറയില്‍ സാന്ത്വനം ഇതൊക്കെയായി നീ രൂപാന്തരപ്പെട്ടുവോ എന്നതാണ് അന്ത്യ വിചാരണയിലെ ചോദ്യം. അവിടെ കള്ളസാക്ഷികളോ അസത്യവാദങ്ങളോ, ആള്‍മാറാട്ടങ്ങളോ ശുപാര്‍ശകളോ നിങ്ങള്‍ക്ക് തുണയാകില്ല. നീതിദേവതയുടേതു പോലെ മുറുക്കി കെട്ടിയ കണ്ണുകളല്ല ദൈവത്തിന്റേത്. എല്ലാം വെളിപ്പെടുന്ന അവന്റെ മുമ്പില്‍ സ്വയം നീതികരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടും. അതെ, അതെ എന്നും അല്ല, അല്ല എന്നുമുള്ള ഉത്തരങ്ങള്‍ മാത്രമാണ് അവിടെ നമ്മുടെ വിധി നിര്‍ണ്ണയിക്കുക.

''ഭൂമിയിലെ നീതി നിയമപാലനമാണെങ്കില്‍ സ്വര്‍ഗത്തിലെ നീതി കരുണയാണ്.''

അന്യായമായി വിധിക്കപ്പെടുമെന്നും വധിക്കപ്പെടുമെന്നും ഉറപ്പുണ്ടായിട്ടും, ഉറപ്പായും ക്രിസ്തു പഠിപ്പിക്കാന്‍ ശ്രമിച്ച ഒരു പാഠം ആരെയും വിധിക്കരുത് എന്നതാണ്. ഒരുവനെ അപരാധിയെന്നോ നിഷ്‌കളങ്കനെന്നോ, പരാജിതനെന്നോ വിജയിയെന്നോ മുദ്ര കുത്തി, അവന്റെ ജീവിതത്തെ രണ്ടായി പകുത്താന്‍ കെല്‍പ്പുള്ളവയാണ് വിധികള്‍. അതിനാല്‍ തന്നെ വിധി തീര്‍പ്പുകളില്‍ നിന്ന് അവന്‍ എന്നും ഒഴിഞ്ഞു നിന്നു. അരുതാത്തത് ചെയ്തവരെയും അവിശ്വസ്തത കാണിച്ചവരെയും അവന്‍ കുറ്റപ്പെടുത്തിയില്ല. കളയും വിളയും ഒരുമിച്ചു വളരട്ടെ എന്നതായിരുന്നു അവന്റെ ഹിതം. പലരുടെയും ജീവിതങ്ങളെ അവന്‍ മാറ്റി മറിച്ചത് ചെയ്യാതെ പോയ വിധി പ്രസ്താവങ്ങളിലൂടെയായിരുന്നു. പിടിക്കപ്പെട്ട വ്യഭിചാരിണിയുടേത് മികച്ച ഉദാഹരണം.

വിചാരണയും വിധിയുമെല്ലാം അവസാനത്തേക്കായി നീക്കിവയ്ക്കുക, മുന്‍വിധികളില്ലാതെ അപാരമായ വിശ്വാസത്തോടും സ്‌നേഹത്തോടും കൂടെ മനുഷ്യരെ ചേര്‍ത്തു പിടിക്കുക, തെറ്റിലകപ്പെട്ടവരോട് അഗാധമായ കാരുണ്യം കാണിക്കുക. ഇതായിരുന്നു ക്രിസ്തുവിന്റെ നീതിബോധം.

ക്രിസ്തുവിനെ പോലെ തളര്‍ന്നതിനെ താങ്ങാനും മുറിവേറ്റതിനെ വച്ചു കെട്ടാനും വഴി തെറ്റിയതിനെ തിരികെ കൊണ്ടുവരാനും അതുവഴി എല്ലാവരുടെയും എല്ലാമാകാനും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം സ്വന്തമാക്കേണ്ടത് വിധിക്കാത്ത ഒരു മനസ്സാണ്. ഓരോരോ കാരണങ്ങള്‍ കൊണ്ട് നമ്മുടെ മനസിന്റെ വിചാരണമുറികളില്‍ കൊണ്ട് നിര്‍ത്തപ്പെടുന്ന, മനുഷ്യരുടെ കണ്ണുകളിലേക്ക് നോക്കാനും അവരെയൊന്ന് കേള്‍ക്കാനും തയ്യാറായാല്‍ നമ്മുടെ കൈയിലെ കല്ലുകള്‍ താഴെ വീഴും. ഓര്‍ക്കണം, നമ്മുടെ ഓരോ വിധിയും നമ്മുടെ തന്നെ നേരെ പിടിക്കാവുന്ന കണ്ണാടിയാണ്. മറ്റുള്ളവര്‍ എന്തെന്നല്ല, നാം ആരെന്നാണ് ഓരോ വിധിയും പ്രഖ്യാപിക്കുന്നത്. അതിനാല്‍ തീരുമാനങ്ങളും വിധികളും കുലീനവും ലളിതവുമാകട്ടെ. മുന്‍വിധികളാല്‍ തകര്‍ന്നു പോയ ബന്ധങ്ങളെ കൂട്ടിചേര്‍ക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളും ഈ നോമ്പുകാലത്ത് ഉണ്ടാകട്ടെ.

'മേലില്‍ നമുക്ക് പരസ്പരം വിധിക്കാതിരിക്കാം. സഹോദരന് ഒരിക്കലും മാര്‍ഗതടസ്സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയിലെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്യുവിന്‍' (റോമാ 14:13)

വിധികള്‍ വിരാമമല്ലെന്നാണ് വിചാരണ വേളയില്‍ ക്രിസ്തു പറഞ്ഞു തന്ന മറ്റൊരു പാഠം. വഹിക്കാന്‍ വിധിക്കപ്പെട്ട കുരിശുമായി ദുഃഖവെള്ളിയാഴ്ച അവന്‍ നടന്നു നീങ്ങിയത് ഞായറാഴ്ച പുലരിയിലെ ഉത്ഥാനത്തെ സ്വപ്നം കണ്ടു കൊണ്ടാണ്. നിങ്ങളുടെ മേല്‍ പതിക്കുന്ന വിധികളെ, നിങ്ങളുടെ നിര്‍ഭാഗ്യങ്ങളെ, തലവരകളെയെല്ലാം മാറ്റി മറിക്കാനാകുമെന്നാണ് അവന്‍ പകരുന്ന പ്രത്യാശ. നിലപാടുകളുടെ പേരില്‍ സ്വകാര്യ ജീവിതം പോലും വിചാരണയ്ക്ക് വിധേയമാകുന്ന ഈ സോഷ്യല്‍ മീഡിയ കാലത്ത്, തിരിച്ചടികളിലും വിമര്‍ശനങ്ങളിലും തളരാതെ, ചെറിയ ഇടങ്ങളിലും ഇരുണ്ട വഴികളിലും കുരുങ്ങാതെ കുരിശുമെടുത്ത് മുന്നോട്ടുനീങ്ങുക. കെവുറീന്‍കാരന്‍ ശിമയോനെ പോലെ ക്രിസ്തു ആ വഴിയില്‍ നിനക്കായി കാത്തു നില്‍ക്കുന്നുണ്ട്.

ഇടയില്‍ സംഭവിച്ചത് :

ആര്‍ക്കെങ്കിലും ക്രിസ്തുവിനെ വേണമോ?

വിചാരണ മധ്യേ പീലാത്തോസ് ജനക്കൂട്ടത്തോടായി ഉന്നയിച്ച ചോദ്യമാണിത്.

നിണമണിഞ്ഞ നില്‍ക്കുന്ന ആ മനുഷ്യന്‍ എന്റെ സ്വന്തമാണ്. അവനെ എനിക്ക് വേണമെന്നു പറയുന്ന ഒരു ശബ്ദത്തെ ആ രണ്ടു കണ്ണുകള്‍ അപ്പോള്‍ അവിടമാകെ തിരഞ്ഞു. അവ പീലാത്തോസിന്റേതല്ല, ക്രിസ്തുവിന്റേതായിരുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org