വീഴ്ചകളില്‍ ഒടുങ്ങാത്ത യാത്ര

വീഴ്ചകളില്‍ ഒടുങ്ങാത്ത യാത്ര
വീഴ്ചകളെ അവസാനമായിട്ടല്ല, അവസര മായി കാണുക എന്നതാണ് എഴുന്നേല്‍ക്കാ നുള്ള ആദ്യപടി. കുറേക്കൂടി ശ്രദ്ധയോടെ തുടങ്ങാനും തുടരാനുമുള്ള ഓര്‍മപ്പെടു ത്തലാണ് തോല്‍വികളെന്നു തിരിച്ചറിയുക, നാളെ എന്തായാലും ഇന്നത്തേക്കാള്‍ മെച്ചമാ യിരിക്കുമെന്ന ശുഭാപ്തിവിശ്വാസം ഉള്ളില്‍ സൂക്ഷിക്കുക, ഓരോ തകര്‍ച്ചയ്ക്കുശേഷവും എന്തെല്ലാം അവശേഷിക്കുന്നെണ്ടെന്ന് കണ്ടെ ത്തുക, തകര്‍ന്നു പോയിട്ടും തോറ്റോടിയിട്ടും പിന്നെയും കയറി വന്നവരുടെ കഥകളെ മനഃപാഠമാക്കുക.
  • 'അങ്ങ് അകലെ ആടുകള്‍ ചിതറി നടക്കുന്നത് എനിക്ക് കാണാം. പക്ഷേ, അവിടെ എത്തിപ്പെ ടാന്‍ എനിക്ക് സാധിക്കണ്ടേ... തൊണ്ട പൊട്ടുന്ന ദാഹം, ഉള്ള് കത്തുന്ന ചൂട്, തളര്‍ച്ച കൊണ്ട് മന്ത് ബാധിച്ച പോലുള്ള കാലുകള്‍, വേദന കുത്തി കയറുന്ന കയ്യ്, അലറി നിലവിളിച്ചുകൊണ്ട് ഞാന്‍ ആടുകള്‍ക്ക് പിന്നാലെ ഓടി' - ബെന്യാമിന്‍ (ആടുജീവിതം).

ചതുപ്പ് നിലങ്ങളിലവസാനിക്കാതെ, ആഴിയിലെത്തുവോളം തുടരേണ്ട ഒഴുക്കാണ് ജീവിതമെന്നു ക്രിസ്തുവിനു നല്ല ബോധ്യമുണ്ടായിരുന്നു. അതിനാലാണ് സകല തളര്‍ച്ചകള്‍ക്കും തടസ്സങ്ങള്‍ക്കും നടുവിലും വീഴ്ചകളില്‍ നിന്നുമെഴുന്നേറ്റ് യാത്ര തുടരുന്നത്. എല്ലാം പൂര്‍ത്തിയായെന്ന് കാല്‍വരിയിലെ കുരിശില്‍ കിടന്ന് പ്രഖ്യാപിക്കണമെങ്കിലും ആ എഴുന്നേല്‍ക്കലുകള്‍ അനിവാര്യമായിരുന്നു.

തോറ്റോടുന്നവരെയും വീണു പോകുന്നവരെയും ആരും ശ്രദ്ധിക്കാറില്ല. അവരുടെ നിലവിളികള്‍ക്ക് ആരും കാതോര്‍ക്കാറില്ലായിരുന്നു. ചരിത്ര താളുകളില്‍ നിന്നും അവര്‍ എന്നും പുറത്തായിരുന്നു. അപ്പോഴാണ് ക്രിസ്തുവിന്റെ വരവ്. ദൈവമായിരുന്നിട്ടും ബലഹീന മനുഷ്യന്റെ രൂപമാണ് അവന്‍ സ്വീകരിച്ചത്. ലോകദൃഷ്ടിയില്‍ അവന്‍ ദാരിദ്ര്യത്തിന്റെയും കണ്ണീരിന്റെയും ദൈവം. പഴയനിയമത്തിലെ വിജയത്തിന്റെയും സമൃദ്ധിയുടെയും ദൈവസങ്കല്പങ്ങളെ അവന്‍ പൊളിച്ചെഴുതി. പരാജിതര്‍ക്കൊപ്പം കൂട്ടുകൂടി, വഴിതെറ്റിയവരെ തേടി പോയി, വീണവര്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള ആത്മവിശ്വാസവുമേകി. അങ്ങനെ അവന്റെ ജനനമരണങ്ങള്‍ക്കിടയില്‍ ചരിത്രം രണ്ടായി വിഭജിക്കപ്പെട്ടു. ചരിത്രത്തില്‍ പരാജിതര്‍ക്ക് ഒരിടവും ആശ്രയിക്കാന്‍ കുരിശിലെ ദൈവത്തെയും ലഭിച്ചു. കുരിശിന്റെ വഴിയിലെ പൂഴിയില്‍, മുഖമടിച്ചു വീണിട്ടും എഴുന്നേറ്റു നടക്കുന്ന ക്രിസ്തു നമ്മോടു പറയുന്നത് ഇതാണ്, വീഴ്ചകളില്‍ താങ്ങായും തളര്‍ച്ചകളില്‍ കരുത്തായും നിന്നോടൊപ്പം നിന്ന് നിന്റെ അതിജീവന ശ്രമങ്ങളെ ഞാന്‍ വിജയിപ്പിക്കാം.

  • 'കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു. നിലം പറ്റിയവരെ എഴുന്നേല്‍പ്പിക്കുന്നു' (സങ്കീ. 145:14).

മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ നിരന്തര വീഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ക്രിസ്തുവിന്റെ ഓരോ വീഴ്ചയും. പരാജയങ്ങള്‍, പ്രലോഭനങ്ങള്‍, വേദനകള്‍, രോഗങ്ങള്‍, ആസക്തികള്‍, നിസ്സഹായതകള്‍ ഇവയെല്ലാം മനുഷ്യജീവിതത്തിലെ നിഷേധിക്കാനാവാത്ത സത്യങ്ങളാണ്. ജീവിതയാത്രയിലെ ഒരു വളവിനപ്പുറം നാം വിചാരിക്കാത്ത രൂപത്തിലും ഭാവത്തിലും പ്രതിസന്ധികള്‍ നിലയുറപ്പിച്ചിട്ടുണ്ടാകും. പലപ്പോഴും അവയില്‍ തട്ടി നിപതിക്കാനാകും മനുഷ്യരുടെ വിധി.

ചെറിയ അശ്രദ്ധകള്‍, അവിശ്വസ്തതകള്‍, ഇവയില്‍ നിന്നൊക്കെയാണ് വീഴ്ചകളുടെ തുടക്കം. കുളിക്കടവിലെ ഒരു നഗ്‌നമേനി, ഒരു പാത്രം പായസത്തിന്റെ മണം, ഒരു കനലിന്‍ ചൂട് ഇവയ്‌ക്കൊക്കെ പിന്നാലെ പോയാണ് പലരും ദൈവാനുഗ്രഹങ്ങളെയും ദൈവത്തെ തന്നെയും ഉപേക്ഷിച്ചു കളഞ്ഞത്. എത്തേണ്ട ഇടങ്ങളില്‍ നിന്നും ആയിത്തീരേണ്ട അവസ്ഥകളില്‍ നിന്നും നമ്മെ പിന്നോട്ടു വലിക്കുന്ന ചായ്‌വുകളെ കണ്ടെത്തുകയാണ് വീഴാതിരിക്കാനുള്ള ആദ്യ പ്രതിരോധം. ഇതല്ല ജീവിക്കേണ്ട ജീവിതമെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു തുടങ്ങുമ്പോള്‍ സഞ്ചരിക്കുന്ന വഴികളെപ്പറ്റി ധൂര്‍ത്തപുത്രനെപ്പോലെ ചിന്തിക്കാന്‍ തയ്യാറാകണം. എവിടെ നിന്നാണ് വീണതെന്നും എങ്ങോട്ടാണ് തിരികെ നടക്കേണ്ടതെന്നുമുള്ള വെട്ടത്തിലെത്താന്‍ അത് നമ്മെ സഹായിക്കും.

  • 'അസുഖകരമായ ഒരു സാഹചര്യത്തെയോ വാര്‍ത്തയെയോ മാറ്റത്തിനുള്ള സൂചനയായി പുണരാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ തോല്‍ക്കില്ല' - ബില്‍ ഗേറ്റ്‌സ്.

വീഴ്ചകളെ അവസാനമായിട്ടല്ല, അവസരമായി കാണുക എന്നതാണ് എഴുന്നേല്‍ക്കാനുള്ള ആദ്യപടി. കുറേക്കൂടി ശ്രദ്ധയോടെ തുടങ്ങാനും തുടരാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് തോല്‍വികളെന്നു തിരിച്ചറിയുക, നാളെ എന്തായാലും ഇന്നത്തേക്കാള്‍ മെച്ചമായിരിക്കുമെന്ന ശുഭാപ്തിവിശ്വാസം ഉള്ളില്‍ സൂക്ഷിക്കുക, ഓരോ തകര്‍ച്ചയ്ക്കുശേഷവും എന്തെല്ലാം അവശേഷിക്കുന്നുണ്ടെന്നു കണ്ടെത്തുക, തകര്‍ന്നു പോയിട്ടും തോറ്റോടിയിട്ടും പിന്നെയും കയറി വന്നവരുടെ കഥകളെ മനഃപാഠമാക്കുക, ഓരോ ദിവസത്തേയും നന്മകളെയും നേട്ടങ്ങളെയും ഒരു കൊച്ചു പുസ്തകത്തില്‍ കുറിച്ചിടുക, ശരീരം തളര്‍ന്നെന്നു കരുതി ഞാന്‍ തളര്‍ന്നിട്ടില്ലലോ എന്നു പറഞ്ഞ ആ കൊച്ചുമകളുടെ വാക്കുകളെ ഇടയ്‌ക്കൊന്നു ധ്യാനിക്കുക. എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്തു നിന്ന് തിരികെ വരാനുള്ള കരുത്ത് ഇവ പ്രദാനം ചെയ്യും. നോക്കൂ, എത്രയൊക്കെ ഇടറിയാലും രക്ഷ നേടാനുള്ള സാധ്യത അവസാന നിമിഷം വരെ സജീവമാണെന്ന പ്രത്യാശയാണ് നല്ല കള്ളനോട് ക്രിസ്തുവും പങ്കുവച്ചത്. ഒരു കുഞ്ഞുവരി പ്രാര്‍ത്ഥനയും ഒരു തുള്ളിക്കണ്ണീരും ചെറു പരിശ്രമവും പോലും പാഴാകില്ലെന്ന ഉറപ്പാണത്.

ചില പ്രത്യാശകളെ ചുറ്റുമുള്ളവരില്‍ ഉറപ്പിക്കാനായാല്‍ പെരുകുന്ന ആത്മഹത്യകളെ പിടിച്ചു നിറുത്താനാകും. അല്ലെങ്കില്‍ തന്നെ പ്രോത്സാഹനവും കരുതലും കൊണ്ട് സഹജീവികളെ പിടിച്ചെഴുന്നേല്‍പ്പിക്കാനായില്ലെങ്കില്‍ പിന്നെന്ത് മര്‍ത്യജന്മം... ഇന്നലെ വരെ സ്വന്തമെന്ന് കരുതിയ പലരെയും പലതിനേയും പ്രളയവും കൊറോണയും തട്ടിയെടുത്തിട്ടും നാമിന്നും നിലനില്‍ക്കുന്നത് മനുഷ്യരുടെ ഈ പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്.

  • 'മനുഷ്യവംശത്തിന് വളരാനേ പറ്റൂ, തളരാനാവില്ല' - കാറല്‍ മാര്‍ക്‌സ്.

മനുഷ്യരുടെ പ്രതിസന്ധികളുടെ എണ്ണവും പരപ്പും ഏറി വരുന്ന ഒരു കാലം കൂടിയാണിത്. ഏകാധിപത്യം കൊടുങ്കാറ്റായി വീശുമ്പോള്‍, വര്‍ഗീയത ചോരപ്പുഴയായി ഒഴുകി വരുമ്പോള്‍, അസത്യങ്ങള്‍ പെരുമഴയായി പെയ്തിറങ്ങുമ്പോള്‍, നിങ്ങളില്ലാത്ത ഒരു ലോകം സ്വപ്‌നം കാണുന്നവരുടെ എണ്ണം പെരുകി വരുമ്പോള്‍, പിടിച്ചു നില്‍ക്കാനും കയറി നില്‍ക്കാനും ഇടങ്ങളൊരുക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യങ്ങളായി തീര്‍ന്നിരിക്കുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ അടിയേറ്റു വീണു കിടക്കുന്നവനരികിലേക്ക് വെറോനിക്കയെപ്പോലെ ഒരു സ്‌നേഹ തൂവാലയുമായി, പ്രതിബന്ധങ്ങളെ ഗൗനിക്കാതെ കടന്നുചെല്ലണം. എന്നിട്ടവന്റെ വേദനകളെ ഒപ്പിയെടുക്കണം, അവയെ നെഞ്ചോട് ചേര്‍ത്തുപിടിക്കണം. ആ സ്‌നേഹാനുഭവം പീഡിതനു പകരുന്ന ഊര്‍ജം വളരെ വലുതായിരിക്കും.

  • 'കരുണയുള്ളവരായിരിക്കുക. കാരണം, കണ്ടുമുട്ടുന്നവരെല്ലാം കഠിനമായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്' - പ്ലേറ്റോ

ഏതു നിമിഷവും അവസാനിച്ചേക്കാവുന്ന ഈ ജീവിതയാത്രയില്‍ ഓരോ നിമിഷവും എഴുന്നേറ്റ്, ക്രിസ്തുവിനൊപ്പം നടക്കുകയാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത നമുക്കുണ്ട്. സഹനങ്ങളും പ്രലോഭനങ്ങളും, തടസ്സങ്ങളും ചതിക്കുഴികളും തീര്‍ക്കുന്ന യാത്രയില്‍, അവസാനത്തോളം ദൈവത്തോടൊപ്പം സഞ്ചരിച്ചൊരാള്‍ എന്ന് കാലം നമ്മെ അടയാളപ്പെടുത്തിയാല്‍ അതില്പരം സൗഭാഗ്യം മറ്റൊന്നില്ല.

പ്രതിസന്ധികളില്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക എന്നത് കഠിന പോരാട്ടങ്ങളില്‍ ശക്തന്റെ സഹായം തേടുന്നതിന് തുല്യമാണ്. ചില പരീക്ഷകളില്‍ നാം ജയിക്കേണ്ടത് നമ്മുടെ മാത്രമല്ല, ദൈവത്തിന്റെയും ആവശ്യമായി വരാം. ജോബിന്റെ കാര്യത്തിലെന്ന പോലെ, ദൈവവും സാത്താനും തമ്മിലുള്ള പന്തയം നമ്മുടെ പേരിലാണെങ്കിലോ... നമ്മുടെ തോല്‍വി എന്നത് ദൈവത്തിന്റെ കൂടി തോല്‍വിയായി മാറാം. അതിനാല്‍ മനുഷ്യരെ മാത്രമല്ല ദൈവത്തെയും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. എല്ലാറ്റിനുമൊടുവില്‍, ഇവന്‍ / ഇവള്‍ തീര്‍ച്ചയായും ദൈവപുത്രന്‍ / പുത്രി ആയിരുന്നുവെന്ന് മനുഷ്യര്‍ ഉറക്കെ പറയാന്‍ അതിടവരുത്തും.

  • 'അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണ്ണം പോലെ പ്രകാശിക്കും' - ജോബ് 23:10.

വീഴ്ചകളില്‍ നിന്നും എഴുന്നേറ്റ് ദൈവത്തോടൊപ്പം നിലയുറപ്പിക്കാന്‍ സഹായിക്കുന്ന കുമ്പസാരക്കൂടിനെ ഈ തപസ്സ് കാലത്ത് ഒരല്പം കൂടി ഗൗരവമായി സമീപിക്കാം. ലക്ഷ്യം തെറ്റിയ ചെയ്തികളെയും, അശുദ്ധിയെ പുല്‍കിയ നിമിഷങ്ങളെയും മറ കൂടാതെ എണ്ണിയെണ്ണി ഏറ്റുപറഞ്ഞ് ശക്തിയും പരിശുദ്ധിയും സ്വന്തമാക്കാനൊരിടം. മണ്ണിളക്കി വളമിട്ട്, പൂക്കാനും കായ്ക്കാനും ഒരവസരം കൂടി നേടിയെടുക്കാനുള്ള വേദി. അനുരഞ്ജന കൂദാശയെ അങ്ങനെ നോക്കി കാണാം. തിരിച്ചറിയുക, ഓരോ കുമ്പസാരത്തിനൊടുവിലും നമ്മെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും കൂടെ നടത്തുന്നതും ക്രിസ്തുവാണ്. മരണമെന്ന അവസാന വീഴ്ചയില്‍ നിന്നു പോലും നമ്മെ ഉയിര്‍പ്പിക്കാന്‍ ശക്തിയുള്ളവന്‍.

  • 'ചില വ്രണിതാനുഭവങ്ങള്‍ ഉണ്ടായിരുന്നു. മഹാകാരുണ്യത്തിന്റെ ഇടപെടലിനാല്‍ അതിലിപ്പോള്‍ ചോര പൊടിയുന്നില്ല' - ബോബിയച്ചന്‍.

ജീവിതത്തെ കുറേക്കൂടി സരളവും ലളിതവുമാക്കുക എന്നതാണ് വീഴാതിരിക്കാനും, വീണാല്‍ എഴുന്നേല്‍ക്കാനുമുള്ള ഉപായങ്ങളിലൊന്ന്. അനുഷ്ഠാനങ്ങളുടെ ഭാരത്താല്‍ ആത്മീയതയേയും, വസ്തുക്കളുടെ ആധിക്യത്താല്‍ ഭൗതികജീവിതത്തേയും ക്ലേശകരമാക്കാതിരിക്കുക. യാത്രയില്‍ നമ്മെ തളര്‍ത്തുന്ന ഭാരങ്ങളെ വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യണം. ഇത്രയൊക്കെ മതിയെന്ന് തീരുമാനിക്കുന്നതിലൂടെ പ്രലോഭകന് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെ കൂടിയാണ് വെട്ടിച്ചുരുക്കുന്നത്. ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കാനും ഇതുപകരിക്കും.

സ്വജീവിതത്തില്‍ മാത്രമല്ല, അപരന്റെ ജീവിതത്തിലും പകര്‍ന്നേകേണ്ടത് ഈ ലഘുത്വമാണ്. നമ്മുടെ ചില നിഷ്ഠകളും തീരുമാനങ്ങളും അപരന്റെ ജീവിതത്തെ ഭാരപ്പെടുത്തരുതെന്ന് സാരം. മിനിമലിസം എന്ന ആശയത്തെ എങ്ങനെയൊക്കെ പ്രായോഗികമാക്കാമെന്ന ചിന്ത നോമ്പാചരണത്തിനു ശേഷവും ഉള്ളില്‍ കൊണ്ടു നടക്കാവുന്നതാണ്.

  • 'എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്' - മത്തായി 11:30

അലഞ്ഞും പരിക്കേറ്റുമൊക്കെ ഈ യാത്ര ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍... നന്ദി, വീഴാതെ താങ്ങിയവര്‍ക്കും എടുത്തുയര്‍ത്തിയവര്‍ക്കും.

ഉറപ്പ്, കൂടെയുള്ളവരെ ഭാരപ്പെടുത്തുകയോ വീഴ്ത്തുകയോ ചെയ്യുകയില്ല.

പ്രാര്‍ത്ഥന, 'ഈ യാത്ര ഇനി എത്ര നീളുമെന്നെനിക്കറിയില്ല, അങ്ങേ തൃക്കരം നീട്ടി എന്നെ സഹായിക്കേണമേ'

വീണു കിട്ടിയത്:

ആധിയോടെ അപ്പന്‍ കാത്തിരിക്കുകയായിരുന്നു. മകനെ കണ്ടയുടനെ ഓടി വന്ന് വാരി പുണര്‍ന്നു. ആനന്ദാതിരേകത്താല്‍ ഇരുവരും നിറഞ്ഞു നില്‍ക്കുമ്പോള്‍ മൃദുവായൊരു സ്വരത്തില്‍ മകന്‍ പറഞ്ഞു,

'ഞാന്‍ ഒരതിഥിയെ സ്വര്‍ഗത്തിലേക്ക് കൂട്ടി കൊണ്ടുവന്നിട്ടുണ്ട്'

'ആരാണത്?'

'ഒരു കള്ളന്‍.'

'മനുഷ്യരില്‍ നിന്നും ഒരു കള്ളനെ മാത്രമേ നിനക്ക് കൊണ്ടു വരാന്‍ സാധിച്ചൊള്ളൂ...' അപ്പന്റെ പുഞ്ചിരി കലര്‍ന്ന ചോദ്യം.

മകന്‍ പറഞ്ഞു, 'ദൈവാരാജ്യത്തിലേക്ക് കടക്കാന്‍ കരുത്തോ യോഗ്യതയോ ഇല്ലെന്ന് കരുതുന്നവര്‍ക്ക് പറുദീസായുടെ വാതിലുകള്‍ തുറന്നു കൊടുക്കാന്‍ ഇവന്‍ തന്നെയാണ് ഏറ്റവും അനുയോജ്യന്‍.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org