വിമോചനത്തിലണയുന്ന യാത്ര

വിമോചനത്തിലണയുന്ന യാത്ര
'എടുത്തു വാഴ്ത്തി മുറിക്കുന്ന എന്നില്‍ പങ്കുചേരാന്‍ ആഗ്രഹിച്ചിട്ട്, എടുക്കാനും വാഴ്ത്താനും നീ അനുവദിക്കുന്നു. എന്നാല്‍, മുറിക്കപ്പെടാന്‍ നീ എന്തേ അനുവദിക്കാത്തത്?' ക്രൂശിതരൂപത്തില്‍ നിന്നുയരുന്ന ഈ മൗന വ്യഥ, സഭയിലാകമാനം മുഴങ്ങിക്കേട്ടിരുന്നെങ്കിലെന്ന ചെറു മോഹത്തോടെ...
  • 'ഇപ്പോള്‍ മരം ഒരു കുരിശാണ്.

  • ഇരുവശത്തേയ്ക്കും ചില്ലകള്‍ നീട്ടി,

  • തച്ചനെ തന്നിലേക്ക് ചേര്‍ത്തു പിടിക്കുന്നു.

  • മരത്തില്‍ നിന്നും പൊടിയുന്നത് കറയല്ല,ചോരയല്ല,

  • ഹൃദയത്തില്‍ നിന്നും പിഴിഞ്ഞെടുത്ത ചാറത്രെ.

  • വിടരാത്ത മൊട്ടുകള്‍ മൂന്നാം നാള്‍

  • ഉയിര്‍ത്തെഴുനേല്‍പ്പിനായി കാത്തിരിക്കുന്നു'

  • ഷമീര്‍ പട്ടരുമഠം

മന്നയായും കാടപ്പക്ഷിയായും, തണലായും അഗ്‌നിയായും ദൈവത്തിന്റെ കരുതല്‍ ആവോളം അനുഭവിച്ച ആ യാത്ര, ഒരു വംശത്തിന്റെ മാത്രം സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ മുഴുവന്‍ മാനവരാശിയുടെ വിമോചനത്തിനു വേണ്ടിയുള്ള യാത്രയില്‍ അത്തരം സ്‌നേഹാനുഭവങ്ങളൊന്നും പ്രകടമാകുന്നില്ല. ആകെയുള്ള കൂട്ട് ഒരു മരക്കുരിശാണ്. അതിനെ തോളില്‍ ചുമന്നാണ് ക്രിസ്തു നടക്കുന്നതെങ്കിലും അവന്റെ നെഞ്ചകങ്ങളിലാണ് കുരിശിനു സ്ഥാനം. ഒടുവില്‍, മലമുകളില്‍ വച്ച് കുരിശിനെ ഗാഢമായി പുണര്‍ന്ന് അവന്‍ ജീവന്‍ വെടിയുന്നു. കുരിശ് സമ്മാനിച്ച മുറിവുകളെ അവന്‍ പ്രണയോപഹാരമായി സൂക്ഷിച്ചു. ഉത്ഥാനശേഷം അതവന്റെ തിരിച്ചറിയല്‍ രേഖയായി. പിന്നീട്, നാല് ദിക്കുകളിലേക്കും നീളുന്ന കുരിശിനഗ്രങ്ങളിലൂടെ ലോകത്തിന്റെ അതിരുകളോളം ചെന്നെത്തുന്ന പുതിയ യാത്രാപഥങ്ങള്‍ തീര്‍ത്ത അവന്‍, അങ്ങനെ ലോകരക്ഷകനായി മാറി. കുരിശ് അവന്റെ കൊടിയടയാളവും.

  • 'കാല്‍വരിയില്‍ വചനം, വരയലും കോറലും പോറലും വീണ മാംസമാകുന്നു'

  • ഫാ. കെ.ജെ.ഗാസ്പര്‍

ഒരു കഴുമരമായിരുന്ന കുരിശിനെയാണ് ക്രിസ്തു, സങ്കടദുരിതങ്ങളില്‍ നുറുങ്ങി കിടക്കുന്ന മാനവകുലത്തിന് ആശ്വാസവും പ്രത്യാശയും പകരുന്ന വിമോചനത്തിന്റെ അടയാളമാക്കി മാറ്റിയത്. ആസക്തികള്‍ ചുറ്റും കൂടി പ്രലോഭനങ്ങളുടെ വിരുന്ന് ഒരുക്കുമ്പോള്‍, നിരൂപിക്കാത്ത തിന്മകള്‍ നിരന്നു നിന്ന് കുറ്റാരോപണം നടത്തുമ്പോള്‍, രോഗ ക്ലേശങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് നാളെയുടെ സ്വപ്‌നങ്ങളെ തല്ലി തകര്‍ക്കുമ്പോള്‍, കൂടെയുള്ളവര്‍ ഒറ്റകെട്ടായി യൂദാസിന്റെ കുപ്പായം അണിയുമ്പോള്‍, ഓശാനാ വിളികളെല്ലാം അല്പായുസ്സായി അലിഞ്ഞു തീരുമ്പോള്‍, മനുഷ്യര്‍ക്കു പിന്നെ നടന്നു നീങ്ങാന്‍ അവശേഷിക്കുന്നത് കുരിശിന്റെ വഴിയാണ്. അവിടെ സഹനങ്ങളുടെ എടുത്തു മാറ്റലല്ല സംഭവിക്കുന്നത് മറിച്ച്, അവയ്ക്കു മധ്യേ നിറുത്തി കുരിശ് ചുമക്കാന്‍ പാകത്തിന് ക്രിസ്തു മനുഷ്യരെ കരുത്തുള്ളവരാക്കി മാറ്റുന്നു. രക്ഷയുടെ പാതയിലൂടെ ചരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ശക്തി അനുഭവിക്കാനുള്ള മാര്‍ഗവും അത് തന്നെയെന്ന് വി.പൗലോസും സാക്ഷ്യപ്പെടുത്തുന്നു. (1 കോറി: 1:18)

കുരിശിനോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ക്രിസ്തുവിനും, ക്രിസ്തുവിനോട് ചേര്‍ത്ത് വയ്ക്കുമ്പോഴാണ് കുരിശിനും, കുരിശിലെ ക്രിസ്തുവിനെ ധ്യാനിക്കുമ്പോഴാണ് ക്രിസ്ത്യാനിക്കും അര്‍ത്ഥ പൂര്‍ണ്ണത ലഭിക്കുന്നത്. സുഖലോലുപതയുടെ എളുപ്പ മാര്‍ഗ്ഗമല്ല, സഹനാനുഭവങ്ങളുടെ കുരിശ് മാര്‍ഗമാണ് തന്റേതെന്ന് പരസ്യജീവിതത്തിന്റെ ആരംഭത്തില്‍, മരുഭൂമിയില്‍ വച്ച് സാത്താനോട് അവന്‍ വ്യക്തമാക്കുന്നുണ്ട്. ആ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാണ് നീ ദൈവപുത്രനാണെങ്കില്‍ ഇറങ്ങി വരിക എന്ന അവസാന പ്രലോഭനത്തെയും അവന്‍ അതിജീവിച്ചത്.

സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന ക്രിസ്തു മൊഴി, സഹനങ്ങളോടുള്ള അവന്റെ സ്‌നേഹത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ്. തന്റെ ആ പ്രണയത്തിനു തടസ്സം നിന്ന പത്രോസിനോട് നിന്റെ ചിന്ത ദൈവീകമല്ലെന്നായിരുന്നു അവന്റെ തിരുത്ത്. കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ് ശിഷ്യരോടും അവന്‍ ആവശ്യപ്പെട്ടത്. അങ്ങനെ ക്രിസ്തുവിന്റെ സ്‌നേഹവും സഹനവും മാത്രമല്ല, ശിഷ്യത്വത്തിന്റെ അടിസ്ഥാനങ്ങളായ പരിത്യജിക്കലും പരസ്പര സ്‌നേഹവും കുരിശില്‍ ഒന്നാകുന്നു. ആ കുരിശിനോടുള്ള സ്‌നേഹം ഉള്ളില്‍ നിറയുമ്പോള്‍, ജീവിതത്തിലെ സഹനാനുഭവങ്ങള്‍ ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അവസരങ്ങളാണെന്ന വെട്ടം കിട്ടും.

  • 'അങ്ങയുടെ കുരിശിനു കീഴ്‌പ്പെട്ടിരിക്കാന്‍ എന്തെങ്കിലും ഒരു കുരിശ് എനിക്കെന്നും അയച്ചു തരുക'

  • വി. അഗസ്റ്റിന്‍

ഏതൊരു നുകവും ലഘുവും മധുരതരവുമാകുന്നത് അതില്‍ നിങ്ങള്‍ സന്നിവേശിപ്പിക്കുന്ന സ്‌നേഹത്തിന്റെ അളവ് കൊണ്ടാണ്. അപരനു വേണ്ടിയല്ലാത്ത ത്യാഗങ്ങളെല്ലാം ആത്മനിര്‍വൃതിക്കുപരിക്കും പക്ഷേ, ആത്മരക്ഷയ്ക്കുപകരിക്കുകയില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇത് എനിക്കുള്ളതാണെന്നും ചുറ്റുമുള്ളവര്‍ക്കു വേണ്ടി ഞാനിത് ഏറ്റെടുക്കണമെന്നുമുള്ള ബോധ്യം ഉള്ളില്‍ നിറഞ്ഞാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും.

കുരിശിലെ സ്‌നേഹത്തെ സ്വന്തമാക്കാനാകുമ്പോള്‍, മോശമായിപ്പോയെന്നു കരുതുന്ന ആളുകളെയും ഇടങ്ങളെയും പോലും, തേടി ചെന്ന് സ്‌നേഹിക്കാനുള്ള സവിശേഷത പതുക്കെ പതുക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. ഇങ്ങനെ പ്രത്യേക കാരണങ്ങളില്ലാതെ അപരനെ സ്‌നേഹിക്കാനും അവര്‍ക്കായി സഹിക്കാനും തുടങ്ങുമ്പോള്‍ ഒരുവനെ വിളക്കാവുന്ന പേരാണ് ക്രിസ്തു. ക്രിസ്തുവിനെ പോലെ എന്നതാണല്ലോ ഒരുവന് ലഭിക്കാവുന്ന ഏറ്റവും നല്ല വിശേഷണവും. ചങ്ങാതിക്ക് വേണ്ടി ജീവന്‍ പണയം വച്ച് മഞ്ഞുമ്മലിലെ ആ കൂട്ടുക്കാരന്‍ ഒരു കൈ ടോര്‍ച്ചിന്റെ വെട്ടത്തില്‍ കുറ്റാ കൂരിരുട്ടിലേക്ക് ഇറങ്ങി പോകുന്നത് കാണാന്‍ മനുഷ്യര്‍ തീയേറ്ററുകളില്‍ നിറഞ്ഞു കവിയുന്നെന്നറിയുമ്പോള്‍ ഈ മനുഷ്യരൊന്നും കുരിശിന്റെ പാഠങ്ങളില്‍ നിന്നും അധികം അകലെയല്ലെന്നു തോന്നി പോകുന്നു.

  • 'കുരിശ് എടുക്കുക എന്നാല്‍ അപകടകരമായി സ്‌നേഹിക്കുക എന്നാണര്‍ത്ഥം'

  • ബോബിയച്ചന്‍

കുരിശിന്റെ പാഠങ്ങളില്‍ ആകൃഷ്ടനായാണ്, നമ്മുടെ ദേശത്തിന്റെ വിമോചനത്തിന് കാരണമായ അനന്യവും ശ്രേഷ്ഠവുമായ സ്വാതന്ത്ര്യ സമരമുറയായ അഹിംസയ്ക്ക്, ഗാന്ധി രൂപം കൊടുത്തത്. 'ഞാന്‍ വത്തിക്കാനില്‍ ക്രിസ്തുവിന്റെ സജീവമായ ഒരു ക്രൂശിത രൂപം കണ്ടു. അതില്‍ നിന്നും മഹത്തായ ഒരു പാഠം കണ്ടെത്തി.കുരിശിലെ മരണവ്യഥയിലൂടെയല്ലാതെ നമുക്കു തന്നെയോ നമ്മുടെ രാജ്യത്തിനോ ലോകത്തിനു തന്നെയോ ഒന്നും ചെയ്യാന്‍ സാധ്യമല്ല. സന്തോഷവും സമാധാനവും വരുന്നത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ നിന്നല്ല, മറിച്ച്, സ്വമേധയാ സഹിക്കുന്ന വേദനകളില്‍ നിന്നാണ്.' 1931 ല്‍ യംഗ് ഇന്ത്യയില്‍ ഗാന്ധി കുറിച്ചതാണ് ഈ വരികള്‍.

ഏതെങ്കിലുമൊക്കെ രീതിയില്‍ പരിക്കേറ്റവരും അപമാനിക്കപ്പെട്ടവരുമാണ് ഭൂമിയിലെ മനുഷ്യരെല്ലാം. ഒരു വേദന മാറും മുമ്പ് മറ്റൊന്ന് വന്നു കഴിഞ്ഞു എന്ന് പറയും പോലുള്ള ജീവിതങ്ങള്‍. ക്രൂശിതനെ ധ്യാനിക്കുക എന്നതാണ് വ്യഥകളില്‍ നിന്നും മോചനത്തിനായി സ്വീകരിക്കാവുന്ന ഒരു മാര്‍ഗം. വിണ്ണില്‍ നിന്നിറങ്ങി വന്ന് കുരിശിലെ വേദനകള്‍ക്ക് സ്വയം ഏല്‍പ്പിച്ചു കൊടുത്ത അവന്റെ കണ്ണുകളിലൂടെ, ജീവിതത്തിലെ അനിഷേധ്യ സത്യങ്ങളായ സങ്കടങ്ങളെയും മരണത്തെയും നോക്കി കാണാനായാല്‍ സഹനങ്ങളില്‍ സമ്മാനങ്ങള്‍ കണ്ടെത്താനാവും. എന്തിനു സഹിക്കണം എന്നതല്ല, എങ്ങനെ സഹിക്കണം എന്നതാണ് ക്രൂശിതന്‍ നല്‍കുന്ന സന്ദേശമെന്നത് ഒരു കഌഷേ ആയി തോന്നാമെങ്കിലും മുറിവേറ്റവന്റെ ചോദ്യങ്ങള്‍ക്ക് നല്‍കാവുന്ന മറ്റൊരു ഉത്തരത്തെ പറ്റി ആര്‍ക്കുമൊരു ധാരണയുണ്ടാകാനിടയില്ല.

സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടു വന്നിരിക്കുന്നതെന്ന വചനത്തെ ഇടയ്‌ക്കൊന്നു ഓര്‍ത്തെടുക്കാനായാല്‍ ചില അപ്രതീക്ഷിത പ്രഹരങ്ങളില്‍ വീഴാതെ നില്കാനുമാകും.മറ്റൊന്നു കൂടി നാം കുറിച്ചിടണം, അവന്റെ അത്ഭുതങ്ങളാലല്ല,ക്ഷതങ്ങളാലാണ് നാം രക്ഷ സ്വന്തമാക്കിയത്. അവന്റെ സഹനങ്ങളോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ അദൃശ്യമായ ദൈവവരപ്രസാദം നമ്മിലേക്ക് ഒഴുകുന്ന ദൃശ്യമായ അടയാളങ്ങളായി സഹനങ്ങള്‍ രൂപാന്തരപ്പെടും. സഹനങ്ങളെ കൂദാശകളായി പരിഗണിച്ച് അവയ്ക്കു മുമ്പില്‍ കൂപ്പുകൈകളോടെ നില്‍ക്കുക എന്നതാണ് സഹനസ്‌നാനത്തില്‍ ചെയ്യാവുന്ന കുലീനമായൊരു കര്‍മ്മം.

  • 'ആ പ്രത്യേക വേദനയില്‍ മുറുകെ പിടിച്ചോളൂ, അത് നിന്നെ ദൈവസന്നിധിയിലേക്കെത്തിക്കും'

  • റൂമി

തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അവന്‍ എല്ലാം നന്മയായി പരിണമിപ്പിക്കുമെന്ന വചനത്തില്‍ ആശ്വാസം കണ്ടെത്തി ദൈവത്തിലേക്ക് ഒരു സമ്പൂര്‍ണ സമര്‍പ്പണം നടത്തുക എന്നതാണ് അവസാനത്തോളം സഹിച്ചു നില്‍ക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്. ദൈവം നിശ്ശബ്ദനാണെന്നറിഞ്ഞിട്ടും ക്രിസ്തു ഒടുവില്‍ ചെയ്തത് അതാണ്, 'പിതാവേ,അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.' എന്നെ വിളിക്കുക, നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തി തരാമെന്ന് ജറമിയായിലൂടെ അരുളിച്ചെയ്ത ദൈവത്തിനു മുമ്പില്‍ എല്ലാ സഹനങ്ങള്‍ക്കും അര്‍ത്ഥമുണ്ട്. ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകാനാണ് ഈ അന്ധതയെന്ന ക്രിസ്തു മൊഴികളിലും അതിന്റെ സൂചനകളുണ്ട്. ഒരു ചെറുമീന്‍ പോലും കിട്ടാതെ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുമ്പോഴാണ്, പത്രോസിന്റെ ജീവിതത്തിലേക്ക് ക്രിസ്തു വന്നു കയറി അവനെ വലിയ മുക്കുവനാക്കി തീര്‍ത്തത്. നൈര്യാശ്യത്തിന്റെ ആ രാത്രിയിലാണ് മഹത്തായ ആ ദൈവീക ഇടപെടല്‍ സംഭവിച്ചതെന്നത് സാന്ത്വനം പകരുന്ന ഒരു ധ്യാനചിന്തയാണ്.

  • 'ആ നാളുകളില്‍ മരണം എന്നുമൊരു കൈയകലത്തിലായിരുന്നു. പക്ഷേ, ദൈവം അതിനേക്കാള്‍ അടുത്തായിരുന്നു'

  • അഭിലാഷ് ഫ്രേസര്‍

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മക്കളെയും മദ്യപാനിയായ ഭര്‍ത്താവിനെയും രോഗാതുരരായ മാതാപിതാക്കളെയും കര്‍ക്കശക്കാരനായ മേലധികാരിയെയും കലഹപ്രിയരായ അയല്‍വാസികളെയും രാപകല്‍ അദ്ധ്വാനിച്ചിട്ടും ഒഴിവാക്കാനാവാത്ത സാമ്പത്തിക പ്രതിസന്ധികളെയും ആശുപത്രികളില്‍ പരതി നടന്നിട്ടും ശമനമൊരുക്കുന്ന മരുന്നേതെന്ന് കണ്ടെത്താനാവാത്ത വേദനയെയും പരിഭവങ്ങളില്ലാതെ വിനയപൂര്‍വം സ്വീകരിക്കാനായാല്‍ കുരിശ് സ്വര്‍ഗ്ഗകവാടം തുറക്കുന്ന താക്കോലായി മാറുമെന്നതാണ് കുരിശിലെ നല്ല കള്ളന്‍ നമ്മോടു പങ്കുവയ്ക്കുന്ന സുവിശേഷം.

വേദനകള്‍ക്ക് വേദപുസ്തകം നല്‍കുന്ന നല്ലൊരു വിശദീകരണം കൂടുതല്‍ കായ്ക്കാനായുള്ള വെട്ടിയൊരുക്കലാണ് അവയെന്നതാണ്. ഈ വചനത്തിന്റെ പിന്‍ബലത്തില്‍ നൊമ്പരങ്ങള്‍ക്ക് നേരെ നിന്നാല്‍ നവീനമായ പലതും നമ്മില്‍ നിന്നും ഉറവ പൊട്ടും. അത് നമ്മുടെ ജീവിതത്തെ മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതങ്ങളെ കൂടി ചാരുതയുള്ളതാക്കി തീര്‍ക്കും. നമ്മുടെ കാലത്തിലെ ജിലുമോളൊക്കെ പ്രയാസങ്ങളെ പ്രസാദ പടവുകളാക്കി മാറ്റുന്ന കാഴ്ച അതീവ ഹൃദ്യം തന്നെ.

പലരുടെയും സര്‍ഗാത്മകതളേയും ഉണര്‍ത്തിയിട്ടുള്ളത് സങ്കടങ്ങളാണ്. വേദനകളില്‍ നിന്ന് വേദങ്ങളും കദനങ്ങളില്‍ നിന്ന് കഥകളും ഉണ്ടാകുന്നു എന്നതാണ് ഒരു നിരീക്ഷണം. പൂര്‍ണ്ണ കുംഭത്തിന്റെയും ചിന്നിയ കുടത്തിന്റെയും കഥയിലേതു പോലെയാണ് കാര്യങ്ങളപ്പോള്‍. ചിന്നലിലൂടെ ഒഴുകിയിറങ്ങിയ നീര്‍ത്തുള്ളികള്‍ വഴിയരികില്‍ അവശേഷിപ്പിച്ചത് പൂക്കളും കായ്കളും അവയുടെ പരിമളവുമാണ്.

  • 'പൂക്കളോടു മാത്രമല്ല, മുള്ളുകളോടും കൃതജ്ഞത വേണം. ക്ഷതങ്ങളുടെ വാതില്‍ തുറന്നാണ് ദൈവം കടന്നു വരുന്നത്'

  • വി.ജി. തമ്പി

സഹനങ്ങളെ പുണര്‍ന്ന് ക്രിസ്തുവിനോടൊപ്പം കുരിശില്‍ ഇടം കണ്ടെത്തിയവരാണ് വിശുദ്ധര്‍. ദൈവം കൈവിട്ടെന്ന് തോന്നിയപ്പോഴും ദൈവത്തെ മുറുകെ പിടിച്ച മനുഷ്യര്‍. ക്രൂശിതനായ യേശുവിന് ക്രൂശിതരായ അനുയായികളെയാണ് ആവശ്യമെന്ന് സ്വജീവിതത്തിലൂടെ വിളിച്ചു പറഞ്ഞ അവരുടെ കൂട്ടത്തില്‍ ലിസ്യുവിലെ തെരേസ മുതല്‍ തേവരയിലെ അജന വരെയുണ്ട്. സഹനങ്ങള്‍ക്കും പഞ്ചക്ഷതങ്ങള്‍ക്കും വേണ്ടിയായിരുന്നു അവര്‍ കുരിശു രൂപത്തിനു മുമ്പില്‍ മുട്ടുകുത്തിയിരുന്നത്.അതും മറ്റുള്ളവരുടെ രക്ഷയ്ക്ക് വേണ്ടി. മനുഷ്യര്‍ ഇങ്ങനെ ബോധപൂര്‍വം തെരെഞ്ഞെടുത്ത സഹനാനുഭവങ്ങളില്‍ നിന്നും, കാല ദേശങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഒരു പൊന്‍ പ്രഭ പരക്കുന്നുണ്ട്. അതുകൊണ്ടാണ് മാക്‌സ്മില്യന്‍ കോള്‍ബെയുടെ ജീവിതമൊക്കെ ഇപ്പോഴും ഒരു സിനിമ പോലെ കണ്‍മുന്നില്‍ തെളിയുന്നത്.

  • 'എന്തിനെയും വിശുദ്ധമാക്കി തീര്‍ക്കുന്നതാണ് പീഡാനുഭവം'

  • ദസ്തയോവസ്‌കി

സഹനങ്ങളെക്കുറിച്ചുള്ള വിചാരങ്ങളൊക്കെ ഒടുവിലെത്തി ചേരുക ക്രിസ്തുവിലാണ്. കാരണം, ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ, ആദര്‍ശ ധീരതയുടെ, നിലപാടുകളുടെ ഫലമാണ് കുരിശ്. അതിനാല്‍ സഹനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തീയ ജീവിതത്തിന്റെ പക്വതയെ നിശ്ചയിക്കുക. വിശ്വാസത്തിന്റെ ആഴവും വിശുദ്ധിയുടെ അഴകും സഹനങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരും. കുരിശില്ലാത്ത, കൈകാലുകളില്‍ ആണിപ്പഴുതകളില്ലാത്ത, വിലാവില്‍ മുറിവില്ലാത്ത,ഒരു ക്രിസ്തു എന്റെ ദൈവമല്ലെന്ന് പറയാനുള്ള ചങ്കുറപ്പാണ് ക്രിസ്ത്യാനികള്‍ സ്വന്തമാക്കേണ്ടത്.സഹിച്ച ദൈവമാണ് ഞങ്ങളുടേതെന്നത് ക്രിസ്തു ശിഷ്യരുടെ അഭിമാനമാകണം. ഇതിനു വിപരീതമായി, കുരിശ് കാട്ടിയും നാട്ടിയും, അധികാരവും സമ്പത്തുമൊക്കെ സ്വന്തമാക്കാനുള്ള ത്വര ഏറി വരുകയും, കരണത്തടികള്‍ക്ക് തിരിച്ചടികള്‍ നല്‍കാനുള്ള കാലമാണിനി വരാനിരിക്കുന്നതെന്ന് പ്രസംഗിക്കുന്നവരുടെ വംശാവര്‍ദ്ധനവ് സംഭവിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തു തയ്യാറാകുന്നുണ്ട് വീണ്ടുമൊരു കാല്‍വരി മല കയറ്റത്തിന്.

'എടുത്തു വാഴ്ത്തി മുറിക്കുന്ന എന്നില്‍ പങ്കുചേരാന്‍ ആഗ്രഹിച്ചിട്ട്, എടുക്കാനും വാഴ്ത്താനും നീ അനുവദിക്കുന്നു. എന്നാല്‍, മുറിക്കപ്പെടാന്‍ നീ എന്തേ അനുവദിക്കാത്തത്?' ക്രൂശിതരൂപത്തില്‍ നിന്നുയരുന്ന ഈ മൗന വ്യഥ, സഭയിലാകമാനം മുഴങ്ങിക്കേട്ടിരുന്നെങ്കിലെന്ന ചെറു മോഹത്തോടെ...

പറയാനാകുമെന്ന് ഉറപ്പില്ലാത്തത്:

  • വി. തെയഡോറിനെ, വിശ്വാസത്യാഗത്തിനായി മര്‍ധിച്ചവശനാക്കിയ ശേഷം ന്യായാധിപന്‍ ചോദിച്ചു, 'എത്ര ലജ്ജാവഹമായ അവസ്ഥയിലേക്കാണ് ക്രിസ്തു നിങ്ങളെ എത്തിച്ചിരിക്കുന്നതെന്ന് കാണുന്നില്ലേ?'

  • ഉറച്ച സ്വരത്തിലെ മറുപടി ഇങ്ങനെയായിരുന്നു, 'ഞാനും ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുന്നവരും ഇതാണ് ആഗ്രഹിക്കുന്നതും സ്വാഗതം ചെയ്യുന്നതും'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org