അത് നിന്റെ കാര്യമാണ്

[നോമ്പുകാലചിന്തകള്‍ - 2]
അത് നിന്റെ കാര്യമാണ്

'നിഷ്‌കളങ്ക രക്തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു. അവര്‍ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്'

മത്തായി 27:4

വായിക്കുമ്പോഴൊക്കെ ചങ്കില്‍ കല്ലു പതിക്കുന്നതുപോലെ തോന്നുന്ന വരികള്‍. ആ മറുപടിയാണ് യൂദാസിനെ ആത്മഹത്യ എന്ന പരിഹാരത്തിലെത്തിച്ചത്. യൂദാസ് ആ നിമിഷം തന്നെത്തന്നെ നേരിടുകയാണ്. പക്ഷേ, അയാള്‍ക്കതു താങ്ങാനാവുന്നില്ല. നിസ്സഹായനും നിരാശനുമായ അയാളിനി എന്തു ചെയ്യും? പത്രോസിനെപ്പോലെ കണ്ണീരില്‍ മുങ്ങി ശുദ്ധനാവാമായിരുന്നു. പക്ഷേ, തിരികെയെത്തുന്നവനെ മാറോടണയ്ക്കുന്ന അവിടുത്തെ സ്‌നേഹത്തില്‍ അയാള്‍ക്കത്ര ഉറപ്പില്ല.

സ്വന്തം ആത്മാവിനോടൊത്ത് ഓരോരുത്തരും എത്രമേല്‍ ഒറ്റയ്ക്കാണ് എന്നാണ് യൂദാസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നന്മയായാലും തിന്മയായാലും സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വം അവരവര്‍തന്നെ ഏറ്റെടുത്തേ മതിയാകൂ. അത്രയും നമ്മള്‍ നമ്മെത്തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ടോ എന്നു ചിന്തിക്കാന്‍കൂടിയുള്ള കാലമാണ് നോമ്പുകാലം. വാസ്തവത്തില്‍ നമ്മള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ നമ്മോടു ചേര്‍ത്തുവച്ചിട്ടുള്ള ജീവിതങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ ഏറ്റെടുത്തിരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയൊക്കെയാണ്. അതുകൊണ്ടായോ?

രത്‌നാകരന്‍ എന്ന കൊള്ളക്കാരന്‍ വാല്മീകിയായതെങ്ങനെയാണെന്ന കഥ കേട്ടിട്ടുണ്ടാകും. ഉപജീവനമാര്‍ഗമായിരുന്നു അയാള്‍ക്ക് മോഷണം. ഒരിക്കല്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത് നാരദമുനിയെയായിരുന്നു. ആളറിയാതെയായിരുന്നു ആ ഉദ്യമം. അയാളുടെ ഭീഷണിക്കു മുന്നില്‍ ശാന്തനായി നിന്ന മുനി ചോദിച്ചു: നീ എന്തിനാണിങ്ങനെ കൊള്ളയടിച്ചു ജീവിക്കുന്നത്? കുടുംബം പുലര്‍ത്താന്‍: അയാള്‍ അന്തസ്സോടെ പറഞ്ഞു. 'ആട്ടെ, നിന്റെ വീട്ടുകാര്‍ നിന്റെ പ്രവൃത്തിയുടെ ഫലത്തില്‍ പങ്കുചേരുമോ?' തീര്‍ച്ചയായും. അതങ്ങനെതന്നെ വേണമല്ലോ. ഞാന്‍ അവര്‍ക്കുവേണ്ടിയല്ലേ ഇങ്ങനെ...? 'അങ്ങനെ ആശ്വസിക്കാന്‍ വരട്ടെ. പോയി ചോദിച്ചു വാ. അതുവരെ ഞാന്‍ ഇവിടെ കാത്തുനില്‍ക്കാം.' രത്‌നാകരന്‍ വീട്ടിലെത്തി ഭാര്യയോടും മക്കളോടും ആരാഞ്ഞു. അവര്‍ പറഞ്ഞു: ഞങ്ങളാരും നിന്റെ പാപത്തിന്റെ ഫലത്തില്‍ പങ്കുപറ്റുകയില്ല. അതു നിന്റെ കാര്യം. രത്‌നാകരന്‍ നടുങ്ങി. കണ്ണീരോടെ മുനിയുടെ അടുത്തെത്തിയ അയാള്‍ മുക്തിയുടെ മാര്‍ഗമന്വേഷിച്ചു. മുനി അയാള്‍ക്കു നാമജപം പറഞ്ഞുകൊടുത്തു. അതാവര്‍ത്തിച്ചാവര്‍ത്തിച്ച് ഒടുവിലയാള്‍ മഹര്‍ഷിയായിത്തീര്‍ന്നു.

നോമ്പുകാലം ആത്മാവിനെ കുറച്ചുകൂടി ഗൗരവത്തിലെടുക്കുന്ന കാലമാണ്. വിശുദ്ധ അഗസ്റ്റിന്റെ പ്രസിദ്ധമായൊരു വാചകമുണ്ട്: നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാന്‍ കഴിയില്ല. അപരനുവേണ്ടി സ്വയം മറന്ന് ഓരോ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമുക്ക് എക്കാലവും അവരുടെ ഹൃദയത്തിലിടമുണ്ടാകുമെന്നാണ്. അതൊരു പരിധിവരെ ശരിയുമാണ്. എന്നാല്‍, എത്രത്തോളമാണ് അവര്‍ നമുക്കിടം നല്‍കുക എന്നത് നമുക്കു പിടികിട്ടണമെന്നില്ല. അല്ലെങ്കില്‍ നമ്മള്‍ കരുതുന്നിടത്തോളം അവര്‍ നമ്മെ കരുതുന്നില്ല എന്നതാണു സത്യം.

അപ്രതീക്ഷിതമായാണ് ആ വീട്ടമ്മ രോഗിയാണെന്നറിയുന്നത്. ഇനി ഏതാനും ദിവസങ്ങളേ അവശേഷിച്ചിട്ടുള്ളൂ എന്ന ഡോക്ടറുടെ വാക്കുകള്‍ ആ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. അമ്മ എന്ന ബിന്ദുവിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്ന കുടുംബമാണ്. നല്ല അടുപ്പം പുലര്‍ത്തുന്നതുകൊണ്ട് മകന്‍ സങ്കടം പറയാനെത്തി. അമ്മയില്ലാത്ത വീടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് അവന്‍ വിതുമ്പി. ഭാര്യ അമ്മയോളമാകില്ല. അമ്മ ആശുപത്രിയില്‍ കഴിയുന്ന ദിനങ്ങള്‍ വീട്ടില്‍ കയറാന്‍ മടിച്ച അവന്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുവത്രേ! ഒരു വിധത്തില്‍ അവനെ ആശ്വസിപ്പിച്ചു പറഞ്ഞുവിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ കഴിയുന്നിടത്തോളം അവര്‍ക്കൊപ്പംനിന്നു. ധൈര്യപ്പെടുത്തി. പറഞ്ഞതുപോലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ അമ്മ കടന്നുപോയി. ഭയപ്പെട്ടത് ആ അപ്പനെയും മകനെയും ഓര്‍ത്താണ്. ദൈവമേ, അവരെങ്ങനെ ഇത് തരണം ചെയ്യും. രണ്ടുദിവസം കഴിഞ്ഞ് അവിടെ ചെന്നു.

പറയത്തക്ക പ്രശ്‌നമൊന്നുമില്ല. പിന്നെയും പോയി. ഇല്ല, കുഴപ്പമൊന്നുമില്ല. ഏഴിന്റെ ചടങ്ങു കഴിഞ്ഞപ്പോഴേക്കും അവന്‍ സാധാരണ നിലയിലായി! ഇത്രയേയുള്ളൂ... നമുക്കൊരു വിചാരമുണ്ട് നമ്മെ കൂടാതെ ചില കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്ന്. അല്ലെങ്കില്‍ അയാളില്ലാതെ നമുക്കു ജീവിക്കാനാവില്ലെന്ന്. എല്ലാം വെറും തോന്നലുകള്‍. നമ്മളില്ലാതെ നാളെയും സൂര്യനുദിക്കും, അസ്തമിക്കും. ഭൂമി കറങ്ങും. അയാള്‍ ഇല്ലാതെയും നമ്മുടെ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു നീങ്ങും.

പക്ഷേ, നമ്മുടെതന്നെ സത്തയായ ആത്മാവിന്റെ മുമ്പില്‍ നമ്മള്‍ തനിച്ചാണ്. എനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ടാകാം, സ്ഥാനമാനങ്ങള്‍, ഡിഗ്രികള്‍... എല്ലാം ഉണ്ടായിരിക്കാം. എന്നാല്‍, ആത്മാവിനോടൊപ്പമുള്ള യാത്രയില്‍ നമ്മള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അതിനെ പരിഗണിക്കാതെയുള്ള യാത്ര എവിടെ ചെന്നവസാനിക്കും?

ഭൂമിയിലെ എന്റെ എല്ലാ പ്രവൃത്തികളുടെയും വാക്കുകളുടെയും ഫലം നിത്യതയില്‍ അനുഭവിക്കാന്‍ പോകുന്നത് ആത്മാവാണ്. ആ അനുഭവം എന്തായിരിക്കണമെന്നത് എന്റെ കാര്യമാണ്... എന്റെ മാത്രം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org