മരണത്തിനൊരുങ്ങാം...

വ്രതകാലം: ഭാഗം 04
മരണത്തിനൊരുങ്ങാം...

എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പഠിപ്പിക്കുന്ന സര്‍വ്വകലാശാലയാണ് ഭൂമിയിലെ വാസമെങ്കില്‍ മരണം ഒരു കലയായി മാറേണ്ടതാണ്. ജീവിക്കുന്നതിന് അനുസരിച്ചായിരിക്കില്ല മരണമെങ്കിലും ജീവിതത്തോടുള്ള കാഴ്ചപ്പാടിന് അനുസരിച്ചായിരിക്കും മരണത്തെ സ്വീകരിക്കുന്ന രീതി. ഈ ഹ്രസ്വകാലയളവിലെ പെര്‍ഫോ മന്‍സ് തിട്ടപ്പെടുത്തിയാണ് മരണം എന്ന പരീക്ഷയില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത്. ഈ വാസം നൂറുവര്‍ഷമോ ചിലപ്പോള്‍ വെറും പത്തു വര്‍ഷമോ അല്ലെങ്കില്‍ ഇരുപതോ അറുപതോ ഒക്കെയാകാം.

എത്ര വര്‍ഷം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് മരണത്തെ ഒരു സ്മാരകമായി മാറ്റുന്നത്. കോടാനുകോടി മനുഷ്യര്‍ ജീവിച്ചുകടന്നുപോയ ഈ വാഴ്‌വില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു യേശുക്രിസ്തുവിന്റെ ജീവിതവും മരണവും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ലോകം ധ്യാനിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്? ആ മനുഷ്യന്റെ ജീവിതത്തെയും ആശയങ്ങളെയും അടിസ്ഥാനപ്പെടുത്തി വ്യവസ്ഥാപിതമായ ഒരു മതസംഹിത ഇന്നും പാറമേല്‍ ഉറച്ചുനില്ക്കുന്നത്?

അയാള്‍ ജീവിച്ചത് മറ്റാരെയും പോലെയായിരുന്നില്ല. അയാള്‍ മരിച്ചതും മറ്റാരെയും പോലെയായിരുന്നില്ല. മരണവും ജീവിതവും കൊണ്ടുള്ള പടവെട്ടിക്കളിയില്‍ അയാള്‍ എല്ലാവരെയും അതിശയിപ്പിക്കുകയും എല്ലാവര്‍ക്കും മാതൃക കാണിക്കുകയും ചെയ്തു. ഗിമ്മിക്കുകള്‍ കൊണ്ടല്ല സാധാരണത്തം എന്ന അസാധാരണത്തമായിരുന്നു അയാളുടെ അടയാളം. മരിക്കാന്‍ വേണ്ടിയുള്ളതാണ് മനുഷ്യന്റെ ജീവിതമെന്ന് ഒരുപക്ഷേ ലോകം ആദ്യമായി മനസ്സിലാക്കിയത് അവന്റെ ജീവിതം വഴിയാകാം.

അതെ എല്ലാ മനുഷ്യരും കടന്നുപോകേണ്ടിവരുന്ന, എല്ലാ മനുഷ്യരും ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രം നേരിടേണ്ടിവരുന്ന അനുഭവമാണ് മരണം. സത്യത്തില്‍ മരണമല്ലാതെ മറ്റൊന്നും മനുഷ്യരെ സമന്മാരാക്കുന്നില്ല. കൊറോണ ദരിദ്രനെന്നോ സമ്പന്നനെന്നോ പാമരനെന്നോ പണ്ഡിതനെന്നോ ഭേദമില്ലാതെ പിടികൂടിയതു പോലെ... എല്ലാവരും മരിക്കുമെങ്കിലും എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും കൃത്യമായ അറിവുമില്ല. അതാണ് ജീവിതത്തിന്റെ സൗന്ദര്യവും അച്ചടക്കവും മൂല്യവും നിശ്ചയിക്കുന്നത്.

ദീര്‍ഘായുസ് ദൈവത്തിന്റെ ദാനമാണെന്ന മട്ടിലുള്ള ബൈബിള്‍ വചനങ്ങളെ പോലും മറിച്ചിടുന്ന വിധത്തിലുള്ള മരണമായിപോയി ക്രിസ്തുവിന്റേത്. വെറും 33 വയസ്. പഴയ നിയമത്തിലെ ബൈബിള്‍ കഥാപാത്രങ്ങളുടെ ആയുസിനെക്കുറിച്ചുള്ള വിവരണം നോക്കുക. അപ്പോഴാണ് വെറും 33-ല്‍ ക്രിസ്തുവിന് ഭൂമി വിട്ടുപോകേണ്ടിവരുന്നത്. അതായത് ജീവിതത്തിന്റെ പുഷ്‌ക്കല കാലം. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരിക്കുന്ന അവസരം. ഇത് വായിക്കുന്ന പലരെയുംകാള്‍ ചെറുപ്പമായിരുന്നു ക്രിസ്തു. എന്നിട്ടും മരണം എന്ന അനുഭവത്തെ ഏറെ ഹൃദ്യമായ അനുഭവമാക്കിമാറ്റി അവന്‍. എല്ലാം പൂര്‍ത്തിയായെന്ന ആ അന്ത്യമൊഴിയില്‍ പിന്നിട്ടുവന്ന ജീവിതത്തിന്റെ സംതൃപ്തി മുഴുവനുമുണ്ട്.

എല്ലാം പൂര്‍ത്തിയായെന്ന സംതൃപ്തി ഉണ്ടാവേണ്ടതല്ല ക്രിസ്തുവിന്റെ ജീവിതം. എന്നിട്ടും അവന്‍ പറയുന്നത് അതാണ്. എല്ലാം പൂര്‍ത്തിയായി... ഇതാണ് നമ്മളും ക്രിസ്തുവും തമ്മിലുളള അന്തരം. സ്‌നേഹിച്ചിരുന്നവരില്‍ വളരെ കുറച്ചു പേര്‍ മാത്രം സാക്ഷിനില്‌ക്കെ മരിക്കും നേരത്തായിരുന്നു അവന്റെ ആ വെളിപ്പെടുത്തല്‍. എല്ലാം പൂര്‍ത്തിയായെന്ന്. എങ്ങനെയാണ് ഒരു ചെറുപ്പക്കാരന് അത് പറയാന്‍ കഴിയുന്നത്? സ്വന്തമാക്കാനായി ഇനിയും എന്തൊക്കെ ബാക്കിയുണ്ടായിരുന്നു എന്നോര്‍ത്തുള്ള ഇച്ഛാഭംഗവും നഷ്ടബോധവും ഇനിയെന്തായിരിക്കും സംഭവിക്കുക എന്നോര്‍ത്തുള്ള ഭീതിയും ചേര്‍ന്ന ഭയങ്കര ഡാര്‍ക്ക് സിറ്റുവേഷനിലാണ് ക്രിസ്തു ആകുലതകളൊന്നുമില്ലാതെ കണ്ണടയ്ക്കുന്നത്.

മാനുഷികമായി അപഗ്രഥിക്കുകയാണെങ്കില്‍ അത്രയ്ക്കും വര്‍ണ്ണശബളമായ ജീവിതമൊന്നുമായിരുന്നില്ല ക്രിസ്തുവിന്റേത്. അപവദിക്കപ്പെട്ട മാതൃത്വവും ചോദ്യം ചെയ്യപ്പെട്ട പിതൃത്വവും. അടച്ചുറപ്പുള്ള ഒരു വീടിന്റെ സുരക്ഷിതത്വം പോലുമില്ലാത്ത ഒരിടത്തുള്ള ജനനം. ജീവനുനേരെയുളള ഭീഷണികള്‍... പലായനങ്ങള്‍... പരിഹാസങ്ങള്‍... കുറ്റപ്പെടുത്തലുകള്‍... ശാരീരികാദ്ധ്വാനങ്ങള്‍. വളര്‍ത്തച്ഛന്റെ മരണം. കുടുംബഭാരം... ചില സൗഹൃദങ്ങളുടെയും ചില സ്‌നേഹങ്ങളുടെയും പച്ചപ്പുകള്‍ മാത്രം കുട ചൂടി നിന്ന ജീവിതം. അതിനിടയിലാണ് രാഷ്ട്രീയമായ ഇടപെടലുകളും ഒറ്റുകൊടുക്കലുകളും ഒടുവില്‍ ഏറ്റവും നിന്ദ്യമായ കുരിശുമരണവും.

എല്ലാം നേടിയെടുത്തവരും എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിച്ചവരും ഒന്നുമല്ല ശാന്തമായി മരണത്തിലൂടെ കടന്നുപോയിട്ടുള്ളത്. സംതൃപ്തിയുള്ളവരാണ്, ജീവിതത്തിലെ ചെറിയ നിമിഷങ്ങളിലും സന്തോഷിച്ചവരാണ്. ക്രിസ്തുവിന്റെ വാക്ക് കണക്കെ വയലിലെ ലില്ലിയെയും ആകാശത്തിലെ പറവകളെയും നോക്കി സന്തോഷിക്കാന്‍ കഴിയുന്നവര്‍.

2022-ന്റെ തുടക്കത്തില്‍ നമ്മെ കടന്നുപോയ, അറിയപ്പെടുന്ന ചില ജീവിതങ്ങളെ നോക്കൂ. ലതാ മങ്കേഷ്‌ക്കര്‍, ചലച്ചിത്രതാരങ്ങളായ നെടുമുടിവേണു, കെപിഎസി ലളിത... അവസാനകാലത്തെ ലളിതയുടെ ചിത്രം ആരോ പകര്‍ത്തിയത് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് കാണുകയുണ്ടായി. ഹോ, എന്തൊരു സങ്കടകരമായ കാഴ്ചയായിരുന്നു അത്. ജീവിതത്തിന്റെ സൗന്ദര്യം മുഴുവന്‍ ചോര്‍ന്നുപോയതുപോലെ. വെറുതെയല്ല മകന്‍ സിദ്ധാര്‍ത്ഥ് അമ്മയെ കാണാന്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കാതിരുന്നത്.

ലതാ മങ്കേഷ്‌ക്കറിന്റെ മരണത്തിന് ശേഷം അവരെഴുതിയത് എന്ന മട്ടില്‍ ഒരു കുറിപ്പും അവരുടെ ആശുപത്രിദിനങ്ങളിലെ വീഡിയോയും പ്രചരിക്കുകയുണ്ടായി. എത്രയോ അര്‍ത്ഥവത്തായിരുന്നു ആ കുറിപ്പിലെ ചിന്ത. താന്‍ നേടിയെടുത്ത സമ്പത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചായിരുന്നു ആ കുറിപ്പ്. ഈ ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാന്‍ തനിക്ക് കഴിയുമെങ്കിലും ആശുപത്രിയില്‍നിന്ന് തരുന്ന ഗുളികകള്‍ മാത്രമാണ് താന്‍ കഴിക്കുന്നതെന്നും വില കൂടിയ സാരികള്‍ അലമാരയില്‍ ഉള്ളപ്പോഴും ഇപ്പോഴത്തെ എന്റെ ഡ്രസ് ആശുപത്രിക്കാര്‍ തന്നതാണെന്നുമുള്ള ആ വരികള്‍ ഓരോരുത്തരുടെയും ജീവിതങ്ങളുടെ നേര്‍ക്ക് തിരിച്ചുപിടിച്ച കണ്ണാടിയാണ്. ലതാജിയല്ല അതെഴുതിയതെങ്കില്‍ പോലും എത്രയോ സത്യമാണ് അതെല്ലാം. പട വെട്ടിയും പക കൊണ്ടും പിടിച്ചടുക്കിയും അര്‍ഹതപ്പെട്ടതു നല്കാതെ പിടിച്ചുവച്ചും സമ്പാദിക്കുന്നതൊന്നും ഈ യാത്രയില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ലഭിച്ച അവാര്‍ഡുകളോ അംഗീകാരങ്ങളോ പ്രശസ്തിപത്രങ്ങളോ ഈ യാത്രയ്ക്കുള്ള ആനുകൂല്യങ്ങളുമല്ല. ഭൂമി നല്കുന്ന പ്രശംസകളും പ്രതാപങ്ങളും മരണത്തിന് ആവശ്യമില്ല.

ജീവിതം ഇത്രയുമേയുള്ളൂ. നി മിഷനേരം കൊണ്ട് കണ്ണടയ്ക്കുന്ന വിധത്തില്‍ എന്തും സംഭവിക്കാവുന്ന വിധത്തില്‍... ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവ ദിനങ്ങള്‍ പോലെ... കൊടിയിറങ്ങിയ ഉത്സവമുറ്റമാണ് ഓരോ ജീവിതങ്ങളും. ആരോഗ്യത്തോടെ ജീവിക്കുമ്പോള്‍, പരാശ്രയം കൂടാതെ കാര്യങ്ങള്‍ നടക്കുമ്പോള്‍, ആരുടെയൊക്കെയോ സ്‌നേഹങ്ങളില്‍ മതിമയങ്ങുമ്പോള്‍ നാം കരുതുന്നു എന്നും ഇതുപോലെ തന്നെയാണ്. ഇതാണ് ജീവിതം. ഇതിനൊരിക്കലും അവസാനമുണ്ടാവില്ല എന്നെല്ലാം. പക്ഷേ എല്ലാം വെറുതെയാണ്. ജീവിതമല്ല മരണമാണ് സത്യം. ജീവിതം ഒരു മൂടല്‍മഞ്ഞുപോലെയാണ്. മരണമാകട്ടെ പകല്‍ പോലെയും.

മരണം ഒരു യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിനെ എങ്ങനെ സ്വീകരിക്കണമെന്നത് നമ്മുടെ ആത്മീയ കാഴ്ചപ്പാടാണ്. ഒരു ആത്മീയകാഴ്ചപ്പാട് രൂപപ്പെടാത്തിടത്തോളം പലര്‍ക്കും മരണം അസഹനീയമായ ഒരു അനുഭവമായിരിക്കും.

അപ്പന് തൊണ്ണൂറ്റാറ് വയസുണ്ട്. അമ്മയ്ക്ക് എണ്‍പത്തിയേഴും. ബാല്യവും കൗമാരവും യൗവനവും കടന്ന് വാര്‍ദ്ധക്യം എന്ന അവസ്ഥയിലെത്തിയവരുടെ പ്രതിനിധികള്‍. ഇനി അവരെ കാത്തിരിക്കുന്നത് മരണം എന്ന യാഥാര്‍ത്ഥ്യം മാത്രമേയുള്ളൂ. അത് വല്ലാത്ത ഒരു അവസ്ഥയാണ്. മരണമല്ലാതെ മറ്റൊന്നും കാത്തിരിക്കാനില്ല. മരണമാവട്ടെ എപ്പോഴാണ് വരികയെന്ന് അറിയുകയുമില്ല. സമപ്രായക്കാരും ബന്ധുക്കളും കൂടപ്പിറപ്പുകളുമൊക്കെ അരങ്ങൊഴിഞ്ഞിരിക്കുന്നു. പ്രതീക്ഷിക്കാന്‍ മരണമല്ലാതെ മറ്റൊന്നുമില്ലാത്തത് പേടിപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ പ്രായം ചെല്ലുംതോറും മനുഷ്യര്‍ മരണത്തെ ഭയക്കുന്നതും അതുകൊണ്ടാവാം. ഓടിപ്പാഞ്ഞുനടക്കുമ്പോള്‍, എഴുതുമ്പോള്‍, പ്രസംഗിക്കുമ്പോള്‍, അഭി നയിക്കുമ്പോള്‍, ജോലി ചെയ്യുമ്പോഴെല്ലാം പ്രതീക്ഷയുണ്ട്. പക്ഷേ എല്ലാം തേഞ്ഞുപോകുന്ന ഒരു കാലത്തോ പ്രതീക്ഷകള്‍ പോലുമില്ല. കാത്തിരിപ്പാണ്, മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. സത്യത്തില്‍ പ്രായമെത്തിയവര്‍ അതേക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. ചെറുപ്പക്കാരെന്നമട്ടില്‍ നാം അത് അവഗണിച്ചു കളയുന്നു.

പതിനേഴാം വയസില്‍ മരിക്കാന്‍ ആഗ്രഹിച്ചവനായിരുന്നു ഞാന്‍. പ്രണയപരാജയത്തിന്റെയോ നെഗറ്റീവ് അനുഭവങ്ങളുടെ ഫലമോ ഒന്നും കൊണ്ടായിരുന്നില്ല അത്തരമൊരു ആഗ്രഹം. എന്തോ മരിക്കാന്‍ ഇഷ്ടമായിരുന്നു. പിന്നീട് 25 വയസില്‍ മരിക്കാനാഗ്രഹിച്ചു. അതും നടന്നില്ല. ഇപ്പോഴിതാ നാല്പതുകളിലൂടെ കടന്നു പോകുന്നു. അമ്പത് എത്തുമ്പോള്‍ മരിച്ചിരുന്നുവെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹമുണ്ട്. എന്തിനാണ് ഇങ്ങനെയൊരു ആഗ്രഹം കൊണ്ടുനടക്കുന്നത് എന്ന് ചോദിച്ചാല്‍ ഭൂരിപക്ഷവും വിയോജിക്കാന്‍ സാധ്യതയുള്ള ഒരു മറുപടിയേ നല്കാനുള്ളൂ. ഒരു നിശ്ചിത പ്രായം കഴിഞ്ഞുള്ള മരണം എത്ര വേണ്ടപ്പെട്ടവരുടെ പോലും കണ്ണ് നിറയ്ക്കുന്നില്ല. ഒരു രാത്രിയിലെ ഉറക്കമില്ലായ്മയ്ക്കപ്പുറം വേദന അവശേഷിപ്പിക്കാതെ കടന്നുപോകുന്ന മരണങ്ങളാണവ.

അല്ലെങ്കില്‍ പ്രായം ചെന്ന ഒരാളുടെ മരണം കേള്‍ക്കുമ്പോഴുള്ള പ്രതികരണം ഒന്നാലോചിച്ചു നോക്കൂ.

'എത്ര വയസുണ്ട്?'

'എണ്‍പത്, അല്ലെങ്കില്‍ 90.'

'ഓ വിഷമിക്കാനൊന്നുമില്ല. പ്രായമിത്രയുമായില്ലേ.' ഇതാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

രോഗിയായി വര്‍ഷങ്ങളായി ശയ്യാവലംബിയായി കഴിയുന്നവര്‍ മരിക്കുമ്പോഴും നാം ഇതുതന്നെ പറയും, 'കൂടുതല്‍ കിടന്ന് നരകിക്കാതെ പോയല്ലോ, എത്ര കാലമാന്നുവച്ചാ ഇങ്ങനെ കിടക്കുന്നെ... കിടക്കുന്നവര്‍ക്കും ബുദ്ധിമുട്ട് നോക്കുന്നവര്‍ക്കും ബുദ്ധിമുട്ട്...' ഇതാണ് പൊതുരീതി.

മരിക്കുമ്പോള്‍ ഒരാളുടെയെങ്കിലും കണ്ണ് നിറയണം, ഒരു ചുണ്ടെങ്കിലും വിതുമ്പണം, അനിവാര്യമായ മരണമോര്‍ത്തല്ല എനിക്ക് നിന്നെ ഇനിയൊരിക്കലും ഈ ഭൂമിയില്‍വച്ച് കാണാന്‍ കഴിയില്ലല്ലോ എന്ന് വിചാരിച്ച്... നിന്നെ എനിക്ക് എത്രയോ ഇഷ്ടമായിരുന്നുവെന്നോര്‍ത്ത്... ഇനി നീയെനിക്ക് കൂടെയില്ലല്ലോ എന്നോര്‍ത്ത്... മരിക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നതിന് പകരം ഉളളില്‍ ശൂന്യത നിറയണം.

ക്രിസ്തുവിന്റെ മരണം എന്തൊരു ശൂന്യതയായിരുന്നു ഏല്പിച്ചിരുന്നതെന്ന് നോക്കൂ. പ്രകൃതിക്കു പോലും ആ മരണം താങ്ങാന്‍ കഴിഞ്ഞില്ല. ശിഷ്യന്മാരാവട്ടെ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി. ഇനി ക്രിസ്തുവില്ല. കേവല സാന്നിധ്യമായി ക്രിസ്തുകൂടെയില്ല.

പറഞ്ഞുവന്നതിന്റെ ചുരുക്കം ഇത്രയുമേയുള്ളൂ. ജീവിതം ഒരു ഇടത്താവളം മാത്രമാണ്. ഒരു ട്രെയിനോ ബസോ വിമാനമോ കാത്തുനില്ക്കുന്നതുപോലെയാണത്. വണ്ടി വന്നാല്‍ കയറാതിരിക്കാനാവില്ല. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയ്ക്കു പോലും ചില തയ്യാറെടുപ്പുകള്‍ നാം നടത്തുന്നുണ്ടെങ്കില്‍ മരണം പോലെ ദീര്‍ഘമായ ഒരു യാത്രയ്ക്ക് വേണ്ടി നാം എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോ? മരണാസന്നനായി കിടക്കുമ്പോള്‍ ഈശോമറിയം യൗസേപ്പേ എന്റെ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന പ്രാര്‍ത്ഥനയ്ക്കപ്പുറം മരണത്തെക്കുറിച്ചുള്ള ഒരു നല്ല കാഴ്ചപ്പാട് നാം രൂപപ്പെടുത്തിയിട്ടുണ്ടോ? മറ്റാരോടുമല്ല എന്നോടു തന്നെയാണ് ഈ ചോദ്യം. നമ്മുടെ വിചാരം നമ്മള്‍ ചിരഞ്ജീവികളും മറ്റുള്ളവരെല്ലാം മരണമുള്ളവരുമാണെന്നാണ്. അവിടെയാണ് നമ്മുടെ അല്പത്തരം. അതുള്ളതുകൊണ്ടാണ് നാം ഇപ്പോഴും പഴയ മനുഷ്യനെ ഉരിഞ്ഞെറിയാത്തത്.

അതുകൊണ്ട് കഴിയുമെങ്കില്‍ ഓരോ ദിവസവും സ്വന്തം മരണത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക. മരണത്തിന് ശേഷം എന്ത് എന്നതിനെക്കുറിച്ച് മരിച്ചു പോയവരാരും തിരിച്ചുവന്ന് സാക്ഷ്യപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ഒരു വിശ്വാസിക്കടുത്ത ബോധ്യങ്ങളോടെ മരണത്തെ കാണുക മാത്രമേ നമുക്ക് ചെയ്യേണ്ടതുള്ളൂ. പട്ടിയും പൂച്ചയും മരിക്കുന്നതുപോലെയേ മനുഷ്യനുമുള്ളൂ എന്നൊക്കെയുള്ള നിരീശ്വരവാദങ്ങള്‍ തലയ്ക്കുള്ളില്‍ ഭരണം നടത്തിയാല്‍ നാല്‍ക്കാലികളും മനുഷ്യരും തമ്മില്‍ ജീവിതനിലവാരത്തില്‍ പോലും വ്യത്യാസമില്ലെന്ന് കരുതേണ്ടി വരും. അതുകൊണ്ട് മൃഗങ്ങളെക്കാള്‍ ഭേദപ്പെട്ടതായതുകൊണ്ടു തന്നെ മരണശേഷം എനിക്ക് വ്യത്യസ്തമായിട്ടെന്തോ സംഭവിക്കാനുണ്ട് എന്ന് വിശ്വസിക്കണം.

ഞാന്‍ പോയാല്‍ എന്റെ മക്കള്‍ എങ്ങനെ ജീവിക്കും, ജീവിതപങ്കാളി എങ്ങനെ ജീവിക്കും... ഇങ്ങനെയൊന്നുമോര്‍ത്ത് അധികമായി ഭാരപ്പെടേണ്ടതുമില്ല. അവര്‍ എങ്ങനെയും ജീവിച്ചുകൊള്ളും. ഒരുപക്ഷേ നാം ഉള്ളപ്പോഴെന്നതിനെക്കാളേറെ നന്നായി... ഭൂമിയില്‍ ജീവിച്ചിരിക്കാനുള്ള ആഗ്രഹം കൊണ്ട് നാം നിരത്തുന്ന എക്‌സ്‌ക്യൂസുകളാണ് അവയെല്ലാം. ജനിക്കാന്‍ എനിക്ക് സമയമുണ്ടെങ്കില്‍ മരിക്കാനും എനിക്ക് സമയമുണ്ട്. ആ സമയം എനിക്ക് അജ്ഞാതമായിരിക്കുന്നിടത്തോളം കാലം ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ ഞാന്‍ കയറിച്ചെല്ലേണ്ടിയിരിക്കുന്നു.

ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുകയും ഭൂമിയെ വെറും ഇടത്താവളമായി കാണുകയും ചെയ്യുന്നവര്‍ക്ക്, അതിരുകടന്ന് ബന്ധങ്ങളില്‍ കുരുങ്ങിപ്പോകാത്തവര്‍ക്ക് ശാരീരികമായ വേദനകള്‍ക്കപ്പുറം മാനസികമായ അതിവ്യഥകള്‍ താണ്ടാതെ ഈ ലോകം കടന്നുപോകാന്‍ കഴിയുമെന്ന് തോന്നുന്നു. പണ്ട് ശിഹാബുദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ മറുപടി ഇടയ്‌ക്കൊക്കെ ഓര്‍മ്മിക്കാറുണ്ട്. മരണത്തെ എനിക്ക് എന്റെ ഉപ്പയെ പോലെ ഇഷ്ടമാണ്. പക്ഷേ ആ ഉപ്പയുടെ അടുക്കലെത്താന്‍ എനിക്ക് കഠിനമായ വേദന സഹിക്കേണ്ടിവരുമല്ലോയെന്ന ചിന്തയാണ് എന്നെ....

അതെ, മരിക്കാന്‍ വേണ്ടിയുള്ള പേടിയെക്കാളേറെ മരിക്കുമ്പോഴുള്ള വേദനയോര്‍ത്താണ് പേടി. ജോക്കര്‍ സിനിമയില്‍ ബഹദൂര്‍ ചോദിക്കുന്നതുപോലെ എന്റെ നമ്പര്‍ എപ്പോഴാണാവോ വിളിക്കുക? മരണത്തിനപ്പുറം എന്നെ കാത്തിരിക്കുന്ന വിധി എന്താവും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org