ദൈവത്തിന്റെ ഫീനിക്‌സുകള്‍

ജിതിന്‍ ജോസഫ്
ദൈവത്തിന്റെ ഫീനിക്‌സുകള്‍
പഞ്ചേന്ദ്രീയങ്ങള്‍ കൊണ്ട് വെട്ടിപ്പിടിക്കുന്നതും സ്വന്തമാക്കുന്നതും ഒരുനാള്‍ ഭൂമിക്ക് ഉള്ളതാണ്. ദൈവത്തിന്റെ ഏറ്റവും മനോഹര സൃഷ്ടിയായ മനുഷ്യനെയും ഒരുനാള്‍ പഞ്ചഭൂതങ്ങള്‍ കൈയടക്കും. എന്തിനേറെ പറയുന്നു അവന്റെ ഓര്‍മ്മകള്‍ പോലും കാലാകാലങ്ങളില്‍ ഭൂമി തുടച്ചു മാറ്റും.

ജിതിന്‍ ജോസഫ്

  • 'മനുഷ്യാ, നീ മണ്ണാകുന്നു

  • മണ്ണിലേക്കു മടങ്ങും നൂനം

  • അനുതാപക്കണ്ണുനീര്‍ വീഴ്ത്തി

  • പാപപരിഹാരം ചെയ്തുകൊള്‍ക നീ.

പ്രായശ്ചിതത്തിന്റെയും പരിത്യാഗത്തിന്റെയും നോമ്പുകാലത്തേക്കാണ് സഭ നമ്മെ ഏവരെയും ചേര്‍ത്തുനിര്‍ത്തുന്നത്. ദൈവപുത്രന്റെ രക്ഷാകരമായ ദൈവരഹസ്യങ്ങളില്‍ യോഗ്യതാപൂര്‍വം പങ്കുചേരാന്‍ സഭ നമ്മളെ ആത്മീയവും ശാരീരികവും മാനസികവുമായി ഒരുക്കുന്ന കാലഘട്ടമാണ് ഈ വലിയ നോമ്പ്. അതിന്റെ മുന്നോടി ആയിട്ടാണ് തന്റെ മക്കളെ അനുരഞ്ജന ശുശ്രൂഷയിലേക്കും ഉപവാസത്തിലേക്കും ക്ഷണിക്കുന്നത്. പശ്ചാത്തപിച്ച്, മാനസാന്തരപ്പെട്ട്, ഉപവസിച്ച്, ദൈവത്തിന് ഓശാന പാടി വിശുദ്ധ വാരത്തിലൂടെ കര്‍ത്താവിന്റെ പീഡാനുഭവത്തിലും കുരിശുമരണത്തിലും പങ്കുപറ്റി ഉയിര്‍പ്പ് ഞായറില്‍ നാം അവനോടൊപ്പം ഉയിര്‍പ്പിക്കപ്പെടുന്നു. ആയതിനാല്‍ കര്‍ത്താവ് അരുളി ചെയ്യുന്നു, മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. വൃക്ഷങ്ങളുടെ വേരിനു കോടാലിവയ്ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും (ലൂക്കാ 3:89).

ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് വിഭൂതി. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ യഹൂദ പാരമ്പര്യത്തില്‍ നിന്നുമാണ് വിഭൂതിയുടെ ആരംഭം.

വിഭൂതിയില്‍ ശിരസ്സില്‍ ചാരം പൂശുന്ന പതിവുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ച പൂഴിയെ പ്രതിനിധീകരിക്കുന്നതാണ് ഈ ചാരം. 'നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും' (ഉത്പത്തി 3:5) എന്ന വചനം പറഞ്ഞുകൊണ്ടാണ് വൈദീകന്‍ വിശ്വാസിയുടെ നെറ്റിയില്‍ ചാരം പൂശുന്നത് തന്നെ. എല്ലാ വിശ്വാസികളും അനുതാപത്തിന്റെ പ്രതീകമായ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ഇത് ഓര്‍മ്മപ്പെടുത്തുന്നു. സങ്കീര്‍ത്തകന്‍ ഇങ്ങനെ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു, മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു (സങ്കീ. 144:4).

യോനായുടെ പ്രവചനം കേട്ട തീവ്രപശ്ചാത്താപത്തില്‍ നിനവേ നിവാസികളിലെ രാജാവും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്ന പതിവ് ആരംഭിച്ചത്. ഈ ഭൂമിയിലെ ജീവിതവും ഒരിക്കല്‍ കടന്നുപോകുമെന്നും എളിമപ്പെടാനും ത്യാഗമനോഭാവത്തോടെ ജീവിക്കുവാനും ഓര്‍മ്മപ്പെടുത്തുകയുമാണ് ഈ ദിവസത്തിലെ ശുശ്രൂഷയിലൂടെ ചെയ്യുന്നത്. മുന്‍വര്‍ഷത്തിലെ കുരുത്തോല വിശുദ്ധ ജലംകൊണ്ട് വെഞ്ചരിക്കുകയും, സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് സുഗന്ധപൂരിതമാക്കുകയും ചെയ്തതിനുശേഷമാണ് ചാരമാക്കുന്നത്. അനുതാപമാര്‍ന്ന ഹൃദയത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കടാക്ഷിക്കും എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചാരം പൂശല്‍. പഴയ നിയമത്തില്‍ പറയപ്പെടുന്നത് എളിമയുടെയും ദുഃഖത്തിന്റെയും പശ്ചാത്താപത്തിന്റെയും മരണത്തിന്റെയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ്. ''മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല''-സങ്കീര്‍ത്തനം 103, 15, 16 വാക്യങ്ങള്‍ നമ്മളെ പലതും ഓര്‍മ്മപ്പെടുത്തുന്നു.

ചാരമാവുക എന്നാല്‍ അത് എന്തുമാവട്ടെ തന്റെ സത്ത നഷ്ടമായി ഇല്ലാതാവുക എന്നതാണ്, ഒന്നിനു തന്റെ അസ്തിത്വം നഷ്ടമാവുക എന്നാണ്, എങ്കിലും സ്വന്തം ചാരത്തില്‍ നിന്ന് പുനര്‍ജനിക്കാന്‍ കഴിവുള്ള ഒരു പക്ഷിയുടെ കഥയാണ് ഫീനിക്‌സ് പക്ഷിയുടെ ഇതിഹാസം പറയുന്നത്. അഗ്നി സൃഷ്ടിച്ച മരണം, പുനരുത്ഥാനം, അമര്‍ത്യത, സൂര്യന്‍ എന്നിവയുടെ സാര്‍വത്രിക പ്രതീകമാണിത്.

ഈജിപ്ഷ്യന്‍ ഐതീഹ്യങ്ങള്‍ പ്രകാരം 500 വര്‍ഷത്തോളം ആയുസ്സുള്ള ചാരത്തില്‍ നിന്നും മഹത്വത്തോടെ പറന്നുയരുന്ന അത്ഭുത ജീവി. നേര്‍ത്ത കാലുകളുള്ള കഴുകന് സമാനമായതും ആകര്‍ഷകമായ ചിറകുള്ളതും, ഉയരുന്ന സൂര്യനോടും തീയോടും ബന്ധപ്പെട്ട നിറങ്ങളില്‍ ഇത് കാണപ്പെടുന്നു.

കണ്ണുനീരിന് മുറിവുണക്കുവാന്‍ കഴിവുണ്ട്, ചിറകുകള്‍ക്ക് മരണത്തെ മറികടക്കുവാന്‍ കഴിയുമെന്നുമാണ് വിശ്വാസം. 500 ഓളം വര്‍ഷം ആയുസുള്ള പക്ഷിയാണ്, മധുരമായ ശബ്ദമാണ്. ഫീനിക്‌സിനെക്കുറിച്ച് പറയപ്പെടുന്ന കഥകളില്‍ ഒന്ന് ഇങ്ങനെയാണ്. ഒരു ദിവസം ഫീനിക്‌സ് ആകാശത്തിലൂടെ പറന്നുപോകുമ്പോള്‍ സൂര്യനെ സ്പര്‍ശിക്കണമെന്ന ആഗ്രഹമുണ്ടായി, തന്റെ സര്‍വശക്തിയുമെടുത്ത് സൂര്യനിലേക്ക് പറന്നുയര്‍ന്ന ഫീനിക്‌സ് ഒരുപിടി ചാരമായി നിലംപതിച്ചു. എങ്കിലും സൂര്യനെ തൊടണമെന്ന തന്റെ നിലയ്ക്കാത്ത ആഗ്രഹത്തില്‍ നിന്നും ഫീനിക്‌സ് വീണ്ടും ജനിച്ചു, അതിന് മരണമില്ല.

മനുഷ്യ ശരീരമായാലും അല്ലെങ്കില്‍ വലിയ പ്രപഞ്ച ശരീരമായാലും, അടിസ്ഥാനപരമായി, അവ അഞ്ച് മൂലകങ്ങള്‍ അല്ലെങ്കില്‍ പഞ്ചഭൂതങ്ങള്‍ - ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാം കാലയളവില്‍ പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേരുന്നു.

അടിസ്ഥാനപരമായി, മനുഷ്യര്‍ക്ക് അഞ്ച് ഇന്ദ്രീയങ്ങളാണുള്ളത്, അതായത് കണ്ണുകള്‍, ചെവി, മൂക്ക്, നാവ്, ചര്‍മ്മം. അവനും പഞ്ചഭൂതങ്ങളില്‍ ചുറ്റപ്പെട്ടിരിക്കുന്നു.

പഞ്ചേന്ദ്രീയങ്ങള്‍ കൊണ്ട് വെട്ടിപ്പിടിക്കുന്നതും സ്വന്തമാക്കുന്നതും ഒരുനാള്‍ ഭൂമിക്ക് ഉള്ളതാണ്. ദൈവത്തിന്റെ ഏറ്റവും മനോഹര സൃഷ്ടിയായ മനുഷ്യനെയും ഒരുനാള്‍ പഞ്ചഭൂതങ്ങള്‍ കൈയടക്കും. എന്തിനേറെ പറയുന്നു അവന്റെ ഓര്‍മ്മകള്‍ പോലും കാലാകാലങ്ങളില്‍ ഭൂമി തുടച്ചു മാറ്റും.

  • 'ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും വൃക്ഷ

  • നിരയെല്ലാമരിഞ്ഞുവീഴ്ത്തും.

  • എരിതീയിലെരിഞ്ഞു വീഴും നീറി

  • നിറം മാറി ചാമ്പലായിത്തീരും.'

ആയതിനാല്‍ നമുക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നവരാകാം. ഈ ലോകയാത്ര എത്ര നീളുമെന്ന് അറിയില്ലെങ്കിലും കടങ്ങളെല്ലാം നിറവേറ്റാം. ദുഃഖവെള്ളിക്ക് അപ്പുറം അടക്കപ്പെട്ട കല്ലറകള്‍ക്കും അപ്പുറം ഒരു ഉയര്‍പ്പ് ഞായര്‍ ഉണ്ട്, നിത്യമായ ഉയര്‍പ്പ്, അസാധ്യമായതു സാധ്യമാക്കിയവന്റെ ഉയര്‍പ്പ്. നിരാശയുടെ ചാര കൂമ്പാരത്തില്‍ അപ്പോഴും കനലുകള്‍ ബാക്കിയായിരുന്നു, കാറ്റടിച്ചു. കനല്‍ വീണ്ടും എരിഞ്ഞു. അത് വലിയൊരു തീനാളമായി ഉയര്‍ന്നുപൊങ്ങി. അങ്ങനെയെങ്കില്‍ നമ്മളും വീഴ്ചയില്‍ നിന്നും ഉയരുന്ന, മരണത്തില്‍ നിന്നും പുനര്‍ജനിക്കുന്ന, ചാരത്തില്‍ നിന്നും പുനര്‍ജീവനെടുക്കുന്ന ഫീനിക്‌സുകളാണ്, ദൈവത്തിന്റെ സ്വന്തം ഫീനിക്‌സുകള്‍.

ചിത കെട്ടടങ്ങുമ്പോള്‍ നാം തിരിച്ചറിയുന്നു, മനുഷ്യന്‍ ഒരുപിടി ചാരം മാത്രമാണെന്ന്. സഞ്ചയനത്തില്‍ നാം തിരിച്ചറിയുന്നു ഒരു മണ്‍കുടത്തില്‍ മനുഷ്യന്റെ ഈ ലോക യാത്ര മുഴുവന്‍ ഒതുക്കപ്പെട്ടിരിക്കുന്നു എന്ന്. ബലിതര്‍പ്പണത്തിനുശേഷമുള്ള പുഴയിലേക്ക് ഒന്നു നോക്കുക, ജീവിതത്തില്‍ ഇന്നേവരെ കണ്ടുമുട്ടാത്തവര്‍ പോലും ഒരുമിച്ച് ഒന്നായി ഒരു പുഴയില്‍ എവിടെയോ ലയിച്ച് ഒന്നായിത്തീരുന്നു. കവി പറഞ്ഞു വയ്ക്കുന്നതു പോലെ, മനുഷ്യജീവിതം വളരെ ചെറുതാണ്. ''എല്ലാ ഓടകളും നിന്നിലേക്ക്, നീയോ ആഴക്കടലിലേക്കും. മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു'' സങ്കീ. 144:4-ല്‍ പറഞ്ഞുവയ്ക്കുന്നത് പോലെ മനുഷ്യജീവിതം ശ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള ഒരു ചെറിയ ഇടനാഴിക ദൂരം മാത്രമാണെന്ന് തിരിച്ചറിയാന്‍ ദൈവമേ എന്നെ സഹായിക്കേണമേ, ആമ്മേന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org