ഉപേക്ഷയും അപേക്ഷയും
സമ്പൂര്‍ണ്ണനിരാശയില്‍ ആരംഭിച്ച് പരിപൂര്‍ണ്ണ പ്രത്യാശയില്‍ അവസാനിക്കുന്ന സങ്കീര്‍ത്തനം ഉരുവിടുന്ന യേശു പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും അന്തിമവിജയത്തിന്റെയും പ്രാര്‍ത്ഥനയാണ് മുഴക്കുന്നത്.
തികഞ്ഞ അരക്ഷിതത്വത്തിന്റെയും നിരാശയുടെയും പ്രതീതിയുണര്‍ത്തുന്ന ഈ ക്രൂശിതമൊഴി യേശുവിന്റെ അന്ത്യമൊഴികളില്‍ നാലാമത്തേതാണ്. വി. മത്തായിയുടെയും വി. മര്‍ക്കോസിന്റെയും സുവിശേഷങ്ങളില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന മൊഴിയാണിത്. ഈ സുവിശേഷങ്ങളിലെ യേശുവിന്റെ ഏക അന്ത്യമൊഴിയും ഇതാണ്. ഒരുപക്ഷേ യേശുവിന്റെ അന്ത്യമൊഴികളില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതും ഇതുതന്നെ. നിസ്സഹായതയുടെയും നിരാശയുടെയും നിറവാര്‍ന്ന സ്വരം. എല്ലാം നഷ്ടപ്പെട്ടവന്റേതെന്നോ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവന്റേതെന്നോ ധ്വനിയുണര്‍ത്തുന്ന ഈ മൊഴി പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ വന്നവന്റെ ഇനിയും പ്രത്യാശ കൈവിടാത്ത പ്രാര്‍ത്ഥനയാണ്.
മര്‍ക്കോസിന്റെ വിവരണമനുസരിച്ചു മൂന്നാം മണിക്കൂറില്‍ അതായത് രാവിലെ ഒന്‍പത് മണിക്ക് ക്രൂശിക്കപ്പെടുന്ന യേശു മരിക്കുന്നത് ഒന്‍പതാം മണിക്കൂറിലാണ്, ഉച്ചകഴിഞ്ഞു മൂന്നു മണിക്ക്. ആറു മണിക്കൂറോളം കുരിശില്‍ കിടന്നു അവര്‍ണ്ണനീയമായ വേദന സഹിക്കുമ്പോള്‍, സകലമാന പരിഹാസങ്ങളും ഏറ്റുവാങ്ങുമ്പോള്‍ യേശു ഉരുവിട്ട ഈ പ്രാര്‍ത്ഥനയുടെ പൊരുളെന്താണ്? പലവിധത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഈ തിരുമൊഴി, ദൈവം കൈവിട്ടവന്റെ കരച്ചിലായും യേശുവിന്റെ മാനുഷികതയുടെ പരമമായ പ്രകാശനമായും അവതരിപ്പിക്കപ്പെടുന്നുണ്ട്. കുരിശിന്‍കീഴെ നിന്ന് ഈ പ്രാര്‍ത്ഥന നേരിട്ട് കേട്ടവര്‍ പോലും അവന്‍ അറ്റകൈയ്ക്കു ഏലിയായെ വിളിക്കുന്നു എന്നാണ് പരിഹസിച്ചു പറഞ്ഞത്.
'ഏലീ ഏലീ ലാമാശബാക്താനി' എന്നാരംഭിക്കുന്ന ഇരുപത്തി രണ്ടാം സങ്കീര്‍ത്തനമാണ് യേശു ഈ നിര്‍ണ്ണായക നിമിഷങ്ങളില്‍ ഉരുവിടുന്നത്. പരിത്യക്തന്റെ രോദനവും പ്രത്യാശയും അടയാളപ്പെടുത്തുന്ന ദാവീദിന്റെ സങ്കീര്‍ത്തനമാണിത്. പകലും രാത്രിയും ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം കിട്ടാത്തവന്റെ ഹൃദയ നൊമ്പരങ്ങളാണ് സങ്കീര്‍ത്തനത്തിന്റെ ആദ്യഭാഗം. അതേസമയം, തന്നെ വിളിച്ചപേക്ഷിച്ച പിതാക്കന്മാരുടെ നിലവിളി കേട്ട ദൈവത്തെ സങ്കീര്‍ത്തകന്‍ സ്തുതിക്കുന്നുമുണ്ട്. എങ്കിലും, ദുരിതക്കയത്തില്‍ മുങ്ങുന്നവന്റെ വിലാപത്തിന്റെ മാറ്റൊലിയാണീ സങ്കീര്‍ത്തനം മുഴുവന്‍. അവന്റെ പീഡാസഹനങ്ങളുടെ സമ്പൂര്‍ണ്ണവിവരണമായും ഈ സങ്കീര്‍ത്തനം നമ്മുടെ മുമ്പില്‍ നിറയുന്നു. 'എന്നെ സഹായിക്കാതെയും എന്റെ രോദനം ശ്രവിക്കാതെയും അകന്നുനില്‍ക്കുന്നതെന്തുകൊണ്ട്?... ഞാന്‍ മനുഷ്യനല്ല, കൃമിയാകുന്നു. മനുഷ്യര്‍ക്ക് നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും... കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു... എന്റെ സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു... ഹൃദയം മെഴുകുപോലെയായി... അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടു... അവിടുന്ന് എന്നെ മരണത്തിന്റെ പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു... അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു... എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി...' ഇങ്ങനെ സഹന പര്‍വത്തിന്റെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്ന സങ്കീര്‍ത്തനത്തിന്റെ തുടക്കം ഒരു തീവ്രമായ യാചനയായി കുരിശില്‍ കിടന്നുകൊണ്ട് യേശു ഉരുവിടുമ്പോള്‍ അതില്‍ ദൈവം പോലും കൈവിട്ടുവെന്നു കരുതുന്നവന്റെ നിസ്സഹായതയുടെ സ്വാഭാവികധ്വനിയുണ്ട്. എന്നാല്‍ ഈ സങ്കീര്‍ത്തനത്തിന്റെ അവസാന ഭാഗം പരിത്യക്തന്റെ നിലവിളി കേള്‍ക്കുന്ന ദൈവത്തെയാണ് വെളിപ്പെടുത്തുന്നത്. 'പീഡിതന്റെ കഷ്ടതകള്‍ അവിടുന്നു അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല... തന്റെ മുഖം അവനില്‍ നിന്നും മറച്ചുമില്ല... അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് കേട്ടു...' എന്നിങ്ങനെയുള്ള കീര്‍ത്തനങ്ങള്‍ ഉപേക്ഷയേക്കാള്‍ അപേക്ഷയുടെ സ്വരമല്ലേ വെളിവാക്കുന്നത്? യേശു തന്റെ അന്ത്യനിമിഷങ്ങളില്‍ ഈ സങ്കീര്‍ത്തനം തന്നെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം കൈവിട്ടവന്റെ നിലവിളിയായിരുന്നില്ല അത്. മറിച്ചു പ്രത്യാശിക്കാന്‍ ഒന്നും അവശേഷിക്കാത്തപ്പോഴും ദൈവത്തില്‍ ശരണം വയ്ക്കുന്നവന്റെ ജയവിളിയാണ്. സമ്പൂര്‍ണ്ണനിരാശയില്‍ ആരംഭിച്ച് പരിപൂര്‍ണ്ണപ്രത്യാശയില്‍ അവസാനിക്കുന്ന സങ്കീര്‍ത്തനം ഉരുവിടുന്ന യേശു പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും അന്തിമവിജയത്തിന്റെയും പ്രാര്‍ത്ഥനയാണ് മുഴക്കുന്നത്.
വേദന തന്റെ ശരീരത്തെയും മനസ്സിനെയും ഉഴവുചാലുപോലെ കീറിമുറിക്കുമ്പോള്‍ യേശു ഇങ്ങനെ നിലവിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നില്ലെങ്കില്‍ യേശുവിന്റെ മാനുഷികതയുടെ ആഴം ഇത്ര തീവ്രമായി നമുക്കനുഭവപ്പെടുമായിരുന്നോ? അവനോടു നമുക്കിത്രമാത്രം ഉള്ളടുപ്പം തോന്നുമായിരുന്നോ? കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ നമ്മളും ദൈവം നമ്മെ ഉപേക്ഷിച്ചോ, മറന്നോ എന്നൊക്കെ ഓര്‍ക്കാറുണ്ട്. മനുഷ്യമനസ്സിന് മനസ്സിലാകാത്ത വേദനകളുടെ നടുവില്‍ നമ്മള്‍ ചിലപ്പോള്‍ ദൈവത്തെയും കൈവിടുന്നു. ഈ മനസികാവസ്ഥകളിലൂടെയൊക്കെ യേശു കടന്നുപോയി ഒരു സമ്പൂര്‍ണ്ണ മനുഷ്യനായതിന്റെ പ്രകാശനമായിരുന്നു ഈ നിലവിളിപ്രാര്‍ത്ഥന. പരാജിതന്റെ പരിദേവനമല്ല ഈ മൊഴി. അത് അഗാധങ്ങളിലേക്കെറിയപ്പെട്ടിട്ടും ദൈവത്തോട് ഒട്ടിനിന്നവന്റെ ശരണംവിളിയാണ്.
ജീവിതത്തിന്റെ വേദനയുടെ നേരങ്ങളില്‍ 'ദൈവമേ, നീയെന്നെ കൈവെടിഞ്ഞോ' എന്നു ഹൃദയം പൊട്ടിനിലവിളിക്കാത്തവരാരുണ്ട്? പ്രതീക്ഷകള്‍ ഒന്നൊന്നായി തകരുമ്പോള്‍, പരാജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഒറ്റപ്പെടലും ഏകാന്തതയും വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍, ഉറ്റവരും ഒട്ടിനിന്നവരും വിട്ടുപേക്ഷിക്കുമ്പോള്‍ എത്രയോ വട്ടം നാം ഈ നിലവിളിയുയര്‍ത്തുന്നു? ദൈവം സ്‌നേഹമാണെന്നു ഇനിയെങ്ങനെ ഞാന്‍ വിശ്വസിക്കുമെന്നു ചോദിക്കുന്നവര്‍ നമുക്കപരിചിതരല്ല. പക്ഷേ, യേശുവിനു ഓര്‍മ്മപ്പെടുത്താനുള്ളത് അബ്ബാനുഭവത്തിന്റെ ഏറ്റവും ഉന്നതമായ തലമാണ്. ഒരു മനുഷ്യവ്യക്തിയും കടന്നുപോകാത്ത കഠോരവേദനകളുടെ നിറവിലും പിതാവിനോട് ഒട്ടിനിന്നവന്റെ ശരണം വിളി കുരിശിന്റെ വഴിയിലും നടുവിലുമൊക്കെ നമ്മുടെ കരുത്താകണം. ഒരിക്കലും കൈവിടാത്ത പിതാവിന്റെ കരവലയത്തിലാണ് നാമെപ്പോഴും എന്ന് ഈ ശരണം വിളി നമ്മെ ഓര്‍മ്മപ്പെടുത്തണം.
സങ്കടങ്ങളുടെ നടുക്കയത്തിലും ദൈവപിതാവിനോട് ഒട്ടിനിന്ന ക്രൂശിതന്റെ ഹൃദയഭാവങ്ങളിലേക്കു മാറാന്‍ എന്റെ സഹനനേരങ്ങളില്‍ എനിക്കാകുന്നുണ്ടോ? ഉപേക്ഷിക്കപ്പെട്ടവന്റെ നിലവിളിയാണോ അപേക്ഷ വയ്ക്കുന്നവന്റെ ശരണം വിളിയാണോ എന്റെ മനസ്സിലും അധരങ്ങളിലും മുഴങ്ങാറ്?
മറുമൊഴി: ക്രൂശിതനായ കര്‍ത്താവേ, എല്ലാം കൈവിട്ടുപോയി എന്നു തോന്നുമ്പോഴും പിതാവിനോടു ഒട്ടിനില്‍ക്കുന്ന നിന്റെ അപേക്ഷയുടെ മനസ്സ് എന്നിലുമുരുവാക്കണമേ!