മറവിയും ഓര്‍മ്മയും

മറവിയും ഓര്‍മ്മയും

മൊഴി:

'നീ ഇന്നു എന്നോടു കൂടെ പറുദീസയിലായിരിക്കും'

(ലൂക്കാ 23:43)

ക്രൂശിതന്റെ അന്ത്യമൊഴികളില്‍ രണ്ടാമത്തേതാണ്, 'നല്ല' കള്ളനോടുള്ള ഈ രക്ഷാവചസ്സുകള്‍. ലൂക്കായുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന ഈ മൊഴി, പാപികളോടു സവിശേഷ പരിഗണന കാണിക്കുന്ന ഈ സുവിശേഷത്തിന്റെ പാരമ്യത്തില്‍ നല്‍കിയിരിക്കുന്നതിലൂടെ ക്രിസ്തു മരണനേരത്തുപോലും പാപികളുടെ പക്ഷംപിടിക്കുന്നവനാണ്, എന്ന സദ്‌വാര്‍ത്തയാണ് വെളിപ്പെടുത്തപ്പെടുന്നത്. ഒരുവന്റ ആത്മാവബോധത്തിന്റെയും അനുതാപത്തിന്റെയും സ്വരം മുഴങ്ങുന്ന മാത്രയില്‍ എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യുന്ന ദൈവകാരുണ്യത്തിന്റെ പ്രകാശനമായി മാറുന്നുണ്ട്, പാപവിമോചകന്റെ ഈ വാക്കുകള്‍. ഒരുപക്ഷേ മാനവരാശി ദൈവത്തില്‍ നിന്നും കേള്‍ക്കാന്‍വേണ്ടി സംവത്സരങ്ങളായി കാതോര്‍ത്തിരുന്ന പറുദീസയുടെ വീണ്ടെടുപ്പിന്റെ സദ്‌വാര്‍ത്തയല്ലേ ഈ അന്ത്യമൊഴിയിലൂടെ വെളിവായത്.

തന്നെ ദ്രോഹിച്ച എല്ലാവര്‍ക്കുംവേണ്ടി കുരിശില്‍ കിടന്നു കൊണ്ടു പ്രാര്‍ത്ഥിച്ച യേശുവിനെ വീണ്ടും പരിഹാസപാത്രമാക്കുന്നുണ്ട്, പടയാളികള്‍. 'നീ യഹൂദരുടെ രാജാവാണെന്നല്ലേ പറഞ്ഞത്, എങ്കില്‍ സ്വയം രക്ഷിക്കുക' എന്ന അവരുടെ വെല്ലുവിളിയോട് ചേര്‍ന്ന് അവനോടൊപ്പം ക്രൂശിക്കപ്പെട്ടിരുന്ന കുറ്റവാളികളിലൊരുവനും അവനെ പരിഹസിക്കുകയാണ്. ഈ നിന്ദയുടെ നിമിഷത്തിലാണ് അയാളെ തിരുത്തുകയും സ്വന്തം പാപാവസ്ഥയെയും യേശുവിന്റെ നിരപരാധിത്തത്തെയും വെളിവാക്കിക്കൊണ്ടും രണ്ടാമത്തെ കുറ്റവാളി പ്രതികരിക്കുന്നത്. അവന്റെ പ്രതികരണം ഒരു പ്രാര്‍ത്ഥനയിലാണ് അവസാനിക്കുന്നത്: 'നീ നിന്റെ രാജ്യത്തിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ.' ഈയൊരു പ്രാര്‍ത്ഥനയ്ക്കുള്ള മറുപടിയാണ് പറുദീസാ വാഗ്ദാനമൊഴിയായി നമ്മുടെ മുമ്പിലുള്ളത്. മൂന്നു കഥാപാത്രങ്ങളും കുരിശിലാണ് എന്നതാണ് ഈയൊരു രംഗത്തിലെ സവിശേഷത. നിരപരാധിയായ യേശുവും ഇരുവശങ്ങളിലായി അപരാധികളായ രണ്ടു കുറ്റവാളികളും. അവരില്‍ വലതു ഭാഗത്തുള്ളവനാണ് നല്ലവനെന്നും ഇടതുഭാഗത്തുള്ളവനാണ് ദുഷ്ടനെന്നുമുള്ള സൂചന സുവിശേഷത്തിലില്ല.

'പറുദീസ' എന്ന പദം അപൂര്‍വമായേ വിശുദ്ധഗ്രന്ഥത്തിലുള്ളൂ. പഴയനിയമത്തില്‍ 'പര്‍ദേശ്' എന്നു ഹീബ്രുവിലും 'പരദൈസോസ്' എന്നു ഗ്രീക്കിലും ഉപയോഗിക്കുന്ന ഈ പദം 'തോട്ടം,' 'പൂന്തോട്ടം' എന്നിങ്ങനെയുള്ള അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ ഏദന്‍ തോട്ടത്തെ പരാമര്‍ശിക്കാന്‍ ഈ പദത്തെ ഉപയോഗിക്കാറുണ്ട്. യേശു ഈയൊരു പ്രാവശ്യം മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ എന്നതു വിസ്മയകരമാണ്. എങ്കിലും ദൈവരാജ്യത്തെക്കുറിച്ചും സ്വര്‍ഗരാജ്യത്തെക്കുറിച്ചും നിരന്തരം വാചാലനായിരുന്ന യേശു 'പറുദീസ' കൊണ്ടു അര്‍ത്ഥമാക്കിയതും പരിപൂര്‍ണാനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ഇതേ ഇടം തന്നെയാണ്. വെളിപാടിന്റെ പുസ്തകം 2:7 ലെ 'വിജയം വരിക്കുന്നവനു ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തില്‍ നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും' എന്ന പരാമര്‍ശം, ക്രൂശിതന്റെ പറുദീസാ പരാമര്‍ശവുമായി കൂട്ടി വായിക്കണം. ക്രിസ്തുവിന്റെ കുരിശാകുന്ന ജീവവൃക്ഷത്തില്‍ രക്ഷ കണ്ടെത്തിയവരൊക്കെ ദൈവത്തിന്റെ പറുദീസയിലെ ജീവ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവരാണെന്ന സൂചന രക്ഷാകര രഹസ്യത്തിന്റെ മുഴുവന്‍ സൗന്ദര്യമാണ്. 'നീയിന്ന് എന്നോടു കൂടി പറുദീസയിലായിരിക്കും' എന്നു 'നല്ല' കള്ളനോട് പറഞ്ഞപ്പോള്‍ വീണ്ടെടുപ്പിന്റെ സമ്പൂര്‍ണാനന്ദത്തിലേക്ക് അയാള്‍ പ്രവേശിച്ചു കഴിഞ്ഞു എന്നാണ് യേശു വെളിപ്പെടുത്തിയത്. അനുതപിക്കുന്ന പാപിയെക്കുറിച്ചു സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്നു ഉപമകളിലൂടെ പറഞ്ഞ യേശുവിന്റെ പാഠങ്ങളുടെ നിറവേറല്‍ കൂടിയാണ് കുരിശില്‍ നടന്നത്.

കാല്‍വരിയിലെ കുരിശ് അങ്ങനെ കുമ്പസാരക്കൂടായി മാറുകയാണ്. പാപിയും പാപവിമോചകനും കണ്ടുമുട്ടിയ ഇടം. ഏറ്റുപറച്ചിലും പാപപ്പൊറുതിയും സംഗമിച്ച ഇടം.

കാല്‍വരിയിലെ കുരിശ് അങ്ങനെ കുമ്പസാരക്കൂടായി മാറുകയാണ്. പാപിയും പാപവിമോചകനും കണ്ടുമുട്ടിയ ഇടം. ഏറ്റുപറച്ചിലും പാപപ്പൊറുതിയും സംഗമിച്ച ഇടം. താന്‍ പാപിയാണ്, ശിക്ഷ അര്‍ഹിക്കുന്നവനാണ് എന്ന ആത്മാവബോധത്തിന്റെയും ആത്മാനുതാപത്തിന്റെയും നിറവിലാണ് രണ്ടാമത്തെ കുറ്റവാളി, നീ നിന്റെ രാജ്യത്തിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ എന്നപേക്ഷിക്കുന്നത്. കുറ്റവാളികളിലൊരുവന്‍ 'നീ ക്രിസ്തുവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക' എന്ന് അധിക്ഷേപിച്ചു പറയുമ്പോള്‍, അവന്‍ യേശുവില്‍ തന്റെ കൂടി രക്ഷകനായ ക്രിസ്തുവിനെ കണ്ടില്ലായെന്നു തന്നെയാണ് വ്യക്തമാകുന്നത്. എന്നാല്‍ വലതുവശത്തുള്ളവന്‍ 'നമ്മള്‍ ഇതര്‍ഹിക്കുന്നു' എന്ന തിരുത്തലിലൂടെയും ഏറ്റുപറച്ചിലിലൂടെയും സ്വയാവബോധത്തിലേക്കും 'നീ നിന്റെ രാജ്യത്തിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ' എന്ന അപേക്ഷയിലൂടെ യേശു, ക്രിസ്തുവാണെന്ന രക്ഷാകരാവബോധത്തിലേക്കും വളരുകയാണ്, കുരിശില്‍.

കുരിശെന്ന കുമ്പസാരക്കൂട്ടില്‍ 'നല്ല കള്ളന്‍' ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ലളിതവും സുന്ദരവുമായ കുമ്പസാരങ്ങളിലൊന്ന് നടത്തുകയാണ്. 'നമ്മള്‍ പാപികളായിരിക്കെ' എന്ന ഒരൊറ്റ പ്രസ്താവം മതി ആ മനസ്സിന്റെ മനസ്താപം അറിയാന്‍. 'നീ എന്നെ ഓര്‍ക്കണേ' എന്നു കേണുപറഞ്ഞപ്പോള്‍, 'നീ എന്റെ കുറവുകള്‍ ഒന്നും ഓര്‍ക്കരുതേ' എന്നായിരിക്കണം അയാള്‍ ഉദ്ദേശിച്ചത്. മറവിയിലേക്കുള്ള ആ ക്ഷണം പൊറുതിയിലേക്കുള്ള വഴിയാണ് തുറന്നത്. യേശു എന്ന 'പാവം ഓര്‍മ്മശക്തിക്കാരനെ' വെളിപ്പെടുത്തുകയാണ് കുരിശ്. ജീവിതകാലം മുഴുവന്‍ വീണുപോയവന്റെ ഉള്ളുപൊള്ളിയ വിലാപത്തിന്റെ മുമ്പില്‍ 'ഞാനൊന്നും ഓര്‍ക്കുന്നില്ല' എന്നു പറയാതെ പറയുകയായിരുന്നു യേശു. മറവിയുടെ സുവിശേഷമാണ് യേശു പ്രഘോഷിച്ചത്. അനുതപിക്കുന്നവന്റെ കുറവുകളൊക്കെയും ദൈവത്തിന്റെ 'മെമ്മറി'യില്‍ നിന്നും 'ഡിലീറ്റ്' ചെയ്യപ്പെടുമെന്ന സുവിശേഷം. മറവിയുടെ സുവിശേഷം പൊറുതിയുടേതും കൂടിയാണ്. പാപത്തെ വെറുക്കുന്നവന്‍ പാപിയെ ഓര്‍മ്മിക്കും എന്ന സദ്വാര്‍ത്ത. തന്റെ രാജ്യം പറുദീസ തന്നെയാണെന്നും പൊറുതി ലഭിച്ചവരുടെ പൂങ്കാവനമാണതെന്നും അവിടുന്ന് വ്യക്തമാക്കി.

മറവിയുടെയും പൊറുതിയുടെയും സുവിശേഷാനന്ദം സ്വന്തമാക്കാന്‍ തക്കവിധം ഞാന്‍ പാപിയാണ് എന്ന അവബോധവും അനുതാപത്തിന്റെ പരിവര്‍ത്തനങ്ങളും എന്റെ ജീവിതത്തിലുണ്ടോ? മരണത്തിന്റെ മണിമുഴക്കം കേള്‍ക്കുമ്പോഴും പരനിന്ദയുടെയും സ്വയംന്യായീകരണത്തിന്റെയും ദുരവസ്ഥയിലാണോ ഞാന്‍? മറ്റുള്ളവര്‍ക്ക് ഞാന്‍ മറവിയുടെയും പൊറുതിയുടെയും സുവിശേഷമാകുന്നുണ്ടോ? എന്റെ കണക്കുപുസ്തകത്തില്‍ നിന്നും അപരന്റെ കുറവുകളുടെ കൂട്ടെഴുത്തുകളെ ഞാന്‍ മായിച്ചു കളയുന്നുണ്ടോ?

മറുമൊഴി: ക്രൂശിതനായ കര്‍ത്താവേ, നിന്നോടുകൂടെ ഇന്നു പറുദീസയിലായിരിക്കാന്‍ തക്കവിധം മറവിയുടെയും പൊറുതിയുടെയും സുവിശേഷം ജീവിക്കാന്‍ എന്നെ സഹായിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org