അന്നവും അത്താഴവും

അന്നവും അത്താഴവും
അന്നത്തോടുള്ള ആദരവ് ഒരു പരിധിവരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. കാരണം ഇന്നത്തെ ഒട്ടുമിക്ക കുട്ടികള്‍ക്കും ആവശ്യത്തില്‍ കൂടുതലും ആഗ്രഹിക്കുന്നതു പോലെയും ഭക്ഷണം കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്.

ജേര്‍ണലിസം പഠിക്കുന്ന കാലത്താണ്, ഒരു വൈദികസുഹൃത്തുമൊത്ത് ഉച്ചനേരത്ത് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. പതിവുപോലെ രണ്ടാം തവണയും ചോറു വിളമ്പാന്‍ വന്നപ്പോള്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ രണ്ടാം വട്ടം വിളമ്പിയതില്‍നിന്ന് ഒരു വറ്റുപോലും വാരിക്കഴിച്ചില്ലെന്ന് മാത്രം. ഉച്ഛിഷ്ടമാക്കിയ ഭക്ഷണം നോക്കി സുഹൃത്ത് ചോദിച്ചു.

''നിനക്ക് വേണ്ടെങ്കില്‍ പിന്നെയെന്തിനാ രണ്ടാം വട്ടം വാങ്ങിയത്?''

ഇപ്പോള്‍ ചിന്തിച്ചുനോക്കുമ്പോള്‍ ആനമണ്ടത്തരം എന്ന് തോന്നുന്ന മറുപടിയാണ് പറഞ്ഞത്.

''ഹോട്ടലുകാര്‍ക്ക് അങ്ങനെ ലാഭമുണ്ടാക്കണ്ട. നമ്മള്‍ കഴിച്ചാലും ഇല്ലെങ്കിലും കൃത്യം കാശ് കൊടുക്കുന്നുണ്ടല്ലോ.''

''എടാ നിന്റെ മനോഭാവം തെറ്റാണ്.'' സുഹൃത്ത് തിരുത്തി. അത് അന്നത്തെ അനാദരിക്കലാണ്. വിശക്കുന്നവരുടെ നിലവിളി കേട്ടിരുന്നുവെങ്കില്‍ നീയിങ്ങനെ ചെയ്യില്ലായിരുന്നു.

ദാരിദ്ര്യം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ശരിക്കും ഇല്ലായ്മയും വല്ലായ്മയും അനുഭവിച്ചു തന്നെയായിരുന്നു വളര്‍ന്നുവന്നത്. രുചിയുള്ള ഭക്ഷണം കഴിക്കാന്‍ കൊതിച്ചിരുന്ന നാളുകള്‍. ഇറച്ചിയും മീനും ആഗ്രഹിച്ചിരുന്ന കുട്ടിക്കാലം. എന്നിട്ടും എന്തുകൊണ്ടാണ് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അന്ന് ഭക്ഷണം പാഴാക്കിയത്?

അതിനുശേഷം ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഭക്ഷണം പാഴാക്കേണ്ടിവന്നാല്‍ ഹൃദയത്തില്‍ വല്ലാത്തൊരു ഭാരം അനുഭവപ്പെടും. ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ കിട്ടാത്തവരുടെ ഈ ലോകത്താണല്ലോ മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ഞാന്‍ അന്നം പാഴാക്കിക്കളഞ്ഞത്? പിന്നീട് സ്വന്തമായി കുടുംബം നോക്കിനടത്താന്‍ തുടങ്ങിയപ്പോള്‍ അന്നത്തോടുള്ള ആദരവ് വര്‍ദ്ധിച്ചു. മക്കളുള്‍പ്പടെ എട്ടു പേരടങ്ങുന്ന ഒരു വലിയ കുടുംബത്തെ നോക്കി നടത്താന്‍ അപ്പന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അപ്പോള്‍ ആലോചിച്ചത്. അപ്പനെ സഹായിക്കാന്‍ ആരാണുണ്ടായിരുന്നത്? ആരുമില്ലായിരുന്നു. എന്നിട്ടും, അപ്പന്റെ വാക്കു കടമെടുത്തു പറഞ്ഞാല്‍ പട്ടിണി കിടന്ന് ചാകാതെ ഇവിടെവരെയെത്തി.

കിട്ടുന്ന അന്നം എന്തുമായിരുന്നുകൊള്ളട്ടെ അതിനെ കൃത ജ്ഞതയോടെ സ്വീകരിക്കുക, വിളമ്പുന്ന അന്നം എന്തുമായിരുന്നു കൊള്ളട്ടെ അത് സ്‌നേഹത്തോടെ വിളമ്പുക. അടുക്കളയിലെ വിഭവങ്ങളില്‍ ഉപ്പും പഞ്ചസാരയും മാത്രം പോരാ സ്‌നേഹവും ചേരു വകയാകണം. പുലമ്പിയും പുലഭ്യം പറഞ്ഞും പരാതിപ്പെട്ടും വിളമ്പിക്കൊടുക്കുന്ന അന്നം വിഷമയം തന്നെയാണ്. വിളമ്പുന്നവരെയോ കഴിക്കുന്നവരെയോ അത് തൃപ്തിപ്പെടുത്തുന്നില്ല,

അന്നത്തോടുള്ള ആദരവ് ഒരു പരിധിവരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. കാരണം ഇന്നത്തെ ഒട്ടുമിക്ക കുട്ടികള്‍ക്കും ആവശ്യത്തില്‍ കൂടുതലും ആഗ്രഹിക്കുന്നതുപോലെയും ഭക്ഷണം കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്. അക്കാരണത്താല്‍ തന്നെ അവര്‍ക്ക് ഭക്ഷണത്തിന്റെ വിലയറിയില്ല. ഭക്ഷണത്തിന്റെ വിലയറിയാത്തതുകൊണ്ടു അതിന്റെ പിന്നില്‍ വിയര്‍പ്പൊഴുക്കിയ ആളുടെ വിലയും അവരറിയാതെ പോകുന്നു.

ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് അന്നം. സ്‌നേഹമാണ്, സൗഹൃദമാണ്, പ്രണയമാണ് വലുത് എന്നൊക്കെയുള്ള ഗീര്‍വാണങ്ങള്‍ ഒരു പരിധിവരെ അസംബന്ധങ്ങളാണ്, അവയ്‌ക്കെല്ലാം അതില്‍ തന്നെ വിലയുള്ളപ്പോള്‍ തന്നെ. എങ്കിലും അവയ്‌ക്കെല്ലാം മീതെ നില്ക്കുന്നത് അന്നമാണ്. വയറു നിറഞ്ഞതിന് ശേഷമുള്ള അത്യാഗ്രഹങ്ങളാണ് സ്‌നേഹവും സൗഹൃദവും സാഹോദര്യവുമെല്ലാം.

വാര്‍ദ്ധക്യത്തിലെത്തിയ എന്റെ മാതാപിതാക്കള്‍ പോലും ഭക്ഷണത്തോട് നോ പറയുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രുചിയുണ്ടെന്ന് അവര്‍ക്ക് തോന്നുന്നതും മനസ്സിലെ ആഗ്രഹത്തിന് അനുസരിച്ചുള്ളതുമായ ഭക്ഷണത്തോട് അവര്‍ ഇന്നുവരെ വേണ്ടായെന്ന് പറഞ്ഞിട്ടില്ല. വിശപ്പും അതിനോടുള്ള പ്രതികരണവുമാണ് ശരീരത്തിന്റെ ആരോഗ്യനില നിശ്ചയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്.

ശരീരത്തിന് അന്നം എത്രമാത്രം പ്രധാനപ്പെട്ടതാണോ അത്ര മാത്രം ആത്മാവിനും അത്യാവശ്യമുള്ള അപ്പമുണ്ട്. അതെത്ര ദിവ്യകാരുണ്യം. ക്രിസ്തുവിന്റെ അന്ത്യഅത്താഴ നിമിഷങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് അക്കാര്യമാണ്. എന്നിട്ടും എത്രയോ അനാദരവോടെയാണ് നമ്മളില്‍ പലരും അതിനെ സ്വീകരിച്ചിട്ടുള്ളത്!

ദിവ്യകാരുണ്യത്തിന്റെ യഥാര്‍ത്ഥവില അറിഞ്ഞാല്‍പ്പിന്നെ നമ്മുടെ ജീവിതമൊക്കെ മറ്റൊരു രീതിയിലേക്ക് മാറിപ്പോകുമായിരുന്നു. പക്ഷേ എന്തുചെയ്യാം അതിനെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാന്‍ മാത്രം നമ്മില്‍ പലരുടെയും ഹൃദയങ്ങള്‍ തുറന്നിട്ടില്ല. അതുകൊണ്ടാണ് ഒരുക്കമില്ലാതെയും ഭക്തിയില്ലാതെയും ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. പള്ളിയില്‍ എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഞാന്‍ മാത്രം സ്വീകരിക്കാതിരുന്നാല്‍ ആളുകളെന്തു വിചാരിക്കും? ഇങ്ങനെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന പലരുമുണ്ട്. അന്നത്തിന്റെ വിലയറിയാതെ ഭക്ഷിക്കുന്നവര്‍ക്കു തുല്യം തന്നെയാണ് ഈ അപ്പത്തിന്റെ വിലയറിയാതെ സ്വീകരിക്കുന്നതും.

അന്ന് ക്രിസ്തു അപ്പമെടുത്ത് വാഴ്ത്തി വിഭജിച്ചപ്പോള്‍ എന്തുമാത്രം വേദന അനുഭവിച്ചുവോ അതേ വേദനയും വിയര്‍പ്പുമൊക്കെയുണ്ട് തീന്‍ മേശകളില്‍ വിളമ്പുന്ന ഭക്ഷണത്തിന് പിന്നിലും. കുടുംബം നോക്കിനടത്തുന്ന കുടുംബനാഥന്റെ. അടുക്കളയില്‍ പാകം ചെയ്യുന്ന കുടുംബനാഥയുടെ. അതിനുമപ്പുറം അത് വിതച്ച ഒരു കര്‍ഷകന്റെ, കൊയ്‌തെടുത്ത മറ്റൊരുവന്റെ. അവിടം മുതല്‍ അടുക്കളവരെയെത്താന്‍ കാരണമായ മറ്റനേകരുടെ.

കേരളം പോലെയുള്ള ഒരു കൊച്ചുനാട്ടിലെ എത്ര വീടുകളിലുണ്ട് തീന്‍മേശയുടെ സമൃദ്ധിയെന്ന് കൂടി ആലോചിച്ചുനോക്കുന്നത് നല്ലതായിരിക്കും. സുഭിക്ഷത അനുഭവിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്.

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും തുറന്നുപറച്ചിലുകളുടെയും ഇടമായി മാറേണ്ടിയിരിക്കുന്നു ഓരോ വീട്ടിലെയും അത്താഴനേരങ്ങള്‍. ജീവിതായോധനത്തിന് വേണ്ടിയുള്ള ഓട്ടത്തില്‍ പല കുടുംബങ്ങളിലും പ്രഭാതഭക്ഷണം ഒരുമിച്ചായിരിക്കാന്‍ സാധ്യത കുറവാണ്. പലര്‍ക്കും പല നേരങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങേണ്ട സാഹചര്യത്തില്‍ അത് ഏറെക്കുറെ അപ്രാപ്യവുമാണ്. പക്ഷേ വൈകുന്നേരം വീട്ടില്‍ ഒരുമിച്ചുകൂടുമ്പോള്‍ അത്താഴത്തിന് ഒരുമിച്ചിരിക്കാന്‍ സാഹചര്യം ക്രമീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ കോപം സൂര്യാസ്തമയം വരെ നീണ്ടുപോകാതിരിക്കട്ടെ എന്ന തിരുവചനം അത്താഴമേശയിലെ മെഴുകുതിരികള്‍ പോലെ പ്രകാശിപ്പിക്കുന്നവയാണ്. എല്ലാ പരിഭവങ്ങളും പരാതികളും അത്താഴമേശയില്‍ എരിഞ്ഞുതീരണം എന്നു തന്നെ.

എന്നാല്‍ ചില കുടുംബങ്ങളിലെങ്കിലും സ്ഥിതി വ്യത്യസ്തമല്ലേ? ടിവിയുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍. മൊബൈലില്‍ നോക്കി ഭക്ഷണം കഴിക്കുന്നവര്‍. തനിക്ക് അത്ര പഥ്യമല്ലാത്ത വീട്ടിലെ മറ്റ് അംഗങ്ങളെ ഒഴിവാക്കി ഭക്ഷണം കഴിക്കുന്നവര്‍. തീന്‍ മേശയില്‍ കുടുംബനാഥന് മാത്രം വിളമ്പി അടുക്കളയിലിരുന്ന് കഴിക്കുന്നവര്‍. എത്രയെത്ര രീതിയിലാണ് നമ്മുടെ അത്താഴമേശകള്‍ പോലും വ്യത്യാസപ്പെട്ടിരിക്കുന്നത്!

അത്താഴമേശ സംവാദത്തിനുള്ള ഒരു ഇടമാകണം. കാര്യങ്ങള്‍ തുറന്നുപറയാനും തെറ്റിദ്ധാരണകള്‍ പരിഹരിക്കാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പൊതു ഇടം. അത്താഴമേശയ്ക്കു ചുറ്റിനുമുള്ള എല്ലാവരും നമുക്ക് പ്രിയപ്പെട്ടവര്‍ ആകണമെന്നു പോലുമില്ല. അമ്മായിയമ്മയും മരുമകളും പോലെയുള്ള ഉദാഹരണങ്ങള്‍ മാത്രമല്ല ചില നേരങ്ങളില്‍ ഭാര്യയും ഭര്‍ത്താവും അപ്പനും മകനും അമ്മയും മകളുമെല്ലാം കടന്നുവന്നേക്കാം, ഒരുപക്ഷേ അവരുടെ ഉള്ളം നമ്മുടേതില്‍ നിന്ന് വളരെ അകലെയും വ്യത്യസ്തവുമായിരിക്കും. എങ്കിലും പൊതുനന്മ എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ഒരുമിച്ചിരിക്കാന്‍ തയ്യാറാവണം. ക്രിസ്തുവിനെ പോലെ.

ക്രിസ്തുവിന് അറിയാമായിരുന്നു പത്രോസ് തള്ളിപ്പറയുമെന്ന്. യൂദാസ് ഒറ്റുകൊടുക്കുമെന്ന്. യോഹന്നാന്‍ മാത്രം കൂടെയുണ്ടാവുമെന്ന്. എന്നിട്ടും എല്ലാവരെയും ഒരുമിച്ചുകൂട്ടാന്‍ അവന്‍ തയ്യാറായി. എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ അവന്‍ സന്നദ്ധനായി. കാലുകഴുകലില്‍ നിന്ന് ഒരാളെ മാത്രമായി ഒഴിവാക്കി നിര്‍ത്തിയുമില്ല. വീട്ടില്‍ മുടിയനായ ഒരു പുത്രനുണ്ടോ? തന്നിഷ്ടക്കാരിയായ മകളുണ്ടോ? മദ്യപാനിയായ ഭര്‍ത്താവുണ്ടോ? പിടിവാശിക്കാരിയായ അമ്മായിയമ്മയുണ്ടോ? എല്ലാവരെയും ഒരുപോലെ കാണാനും ചേര്‍ത്തുപിടിക്കാനുമുള്ള ഒരു ശ്രമം. കേള്‍ക്കാനും പറയാനുമുള്ള സന്നദ്ധത. കുറ്റപ്പെടുത്താ നല്ല തിരുത്താന്‍ തയ്യാറാവുന്ന സന്നദ്ധത.

കുടുംബത്തില്‍ മാത്രമല്ല സഭയ്ക്കും സമൂഹത്തിനുമെല്ലാം വേണ്ടത് സംവാദത്തിന്റെ ഇത്തരത്തിലുള്ള ഒരു അത്താഴമേശയാണ്. ക്രിസ്തുവിന്റെ അത്താഴമേശയെ നോക്കി നമുക്കും ഒരു അത്താഴമേശയൊരുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org