അര്‍ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം' അഥവാ 'ദൈവമാതാവിന്റെ വ്യാകുല പ്രലാപം'

അര്‍ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം' (പുത്തന്‍പാന) എന്ന കാവ്യത്തിന്റെ 12 ഈരടികള്‍ വീതമുള്ള ഭാഗങ്ങള്‍ ഈ നോമ്പുകാലത്ത് ഓരോ ആഴ്ചയിലും വിശകലനം ചെയ്യുന്നു.
അര്‍ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം' അഥവാ 'ദൈവമാതാവിന്റെ വ്യാകുല പ്രലാപം'
Published on

പരിശുദ്ധ മറിയത്തിന്റെ ആറാമത്തെ വ്യാകുലമായി അറിയപ്പെടുന്നത് യേശുവിന്റെ ശരീരം കുരിശില്‍ നിന്നിറക്കി യഹൂദാചാരപ്രകാരം സംസ്‌കരിക്കുന്ന സംഭവമാണ്. യോഹന്നാന്റെ സുവിശേഷം 19-ാം അദ്ധ്യായം 38 മുതല്‍ 42 വരെയുള്ള വാക്യങ്ങളാണ് ഇതിന് നിദാനം.

കൊടുങ്ങല്ലൂര്‍ രൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോണ്‍ റിബേരോ എസ്. ജെ. (1700-1721) യുടെ സെക്രട്ടറിയായി 4 വര്‍ഷക്കാലം അര്‍ണോസ് പാതിരി സേവനം ചെയ്തു. അമ്പഴക്കാടുള്ള സമ്പാളൂര്‍ സെമിനാരിയിലെ അദ്ധ്യാപകനായും റെക്ടറായും അര്‍ണോസ് പാതിരി പ്രവര്‍ത്തിച്ചു. അക്കാലത്ത് സംസ്‌കൃതഭാഷ കൈകാര്യം ചെയ്തിരുന്നത് ബാഹ്മണര്‍ മാത്രമായിരുന്നു. ബ്രാഹ്മണരല്ലാത്തവര്‍ ഒളിഞ്ഞിരുന്നുപോലും സംസ്‌കൃതം ശ്രവിക്കുവാന്‍ ശ്രമിക്കാത്ത കാലം. ഈ സാഹചര്യങ്ങളെയെല്ലാം മറികടന്നാണ് അങ്കമാലിക്കാരും തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠത്തിലെ അദ്ധ്യാപകരും ആയിരുന്ന കുഞ്ഞന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവരില്‍ നിന്നും സംസ്‌കൃതവും മലയാളവും അര്‍ണോസ് പാതിരി നന്നായി പഠിച്ചെടുത്തത്. അര്‍ണോസ് ചരിത്രത്തിന്റെ ശേഷംഭാഗം അടുത്തതില്‍ പരിചിന്തനം ചെയ്യാം.

നമുക്കിനി അര്‍ണോസ് പാതിരിയുടെ പ്രഥമ കാവ്യമായ 'ഉമ്മാടെ ദുഃഖ'ത്തിന്റെ 61 മുതല്‍ 72 വരെയുള്ള ഈരടികളിലേക്കു കടന്നു ചെല്ലാം.

'അടിയോടുമൂടി ദേഹം കടുകിടയിടയില്ല.

കഠിനമായ് മുറിച്ചയ്യോ! വലഞ്ഞോ പുത്ര!

നിന്റെ ചങ്കില്‍ ചവളത്താല്‍ കൊണ്ട് കുത്തുടന്‍ വേലുസു

യെന്റെ നെഞ്ചില്‍ക്കൊണ്ടു ചങ്കുപിളര്‍ന്നോ പുത്ര!

മാനുഷന്റെ മരണത്തെ കൊന്നു നിന്റെ മരണത്താല്‍

മാനുഷര്‍ക്കു മാനഹാനിയൊഴിച്ചോ പുത്ര!

സൂര്യനും പോയ്മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം

വീര്യവാനേ നീ മരിച്ച ഭീതിയോ പുത്ര!'

നിന്റെ ശരീരത്തില്‍ ഒരിടംപോലും ബാക്കിയില്ലാത്തവിധത്തില്‍ അവര്‍ നിന്നെ കഠിനമായി അടിച്ചു പീഡിപ്പിച്ചില്ലേ? എത്ര ക്രൂരമായിട്ടാണവര്‍ നിന്നെ മുറിവേല്‍പ്പിച്ചത്? നിന്റെ മരണം കൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ മരണത്തെയാണ് നീ അതിജീവിച്ചത്. അങ്ങനെ മനുഷ്യന്റെ പാപങ്ങളില്‍ നിന്നും നീ അവനെ മോചിപ്പിച്ചില്ലേ? നിന്റെ മരണത്തോടെ സൂര്യന്‍ ഇരുണ്ട് ഉച്ചനേരത്ത് ഭൂമി ഇരുട്ടിലാണ്ടു മകനേ! എന്നൊക്കെ ഹൃദയംപൊട്ടുമാറ് വിളിച്ചുപറയുന്ന ആ അമ്മ അവിടെ, ആ കുരിശുമരത്തിനു ചുറ്റും നടക്കുന്ന, സംഭവങ്ങളിലേക്ക് മാനവരാശിയുടെ മുഴുവന്‍ ശ്രദ്ധ ക്ഷണിക്കുകയാണ്.

'ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു ഭൂമിനാഥ!

ദുഃഖമോടെ ദുഃഖമേ പുത്ര!

പ്രാണനില്ലാത്തവര്‍കൂടെ ദുഃഖമോടെ പുറപ്പെട്ടു

പ്രാണനുള്ളോര്‍ക്കില്ല ദുഃഖമെന്തിതു പുത്ര!

കല്ലുകളും മരങ്ങളും പൊട്ടിനാദം മുഴങ്ങീട്ടു

അല്ലലോടു ദുഃഖമെന്തു പറവു പുത്ര!

കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്റെ മനസ്സയ്യോ!

തെല്ലുകൂടെയലിവില്ലാതെന്തിതു പുത്ര!'

കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തുവന്നു. ഭൂമിപോലും നിന്റെ മരണത്തില്‍ നടുങ്ങിവിറച്ചിരിക്കുന്നു. ജീവനില്ലാത്തവര്‍ കൂടി നിന്റെ മരണത്തില്‍ വിറകൊണ്ടപ്പോള്‍ ജീവനുള്ളവരെന്തേ മകനേ ഇങ്ങനെയൊക്കെ നിന്നോടു പെരുമാറി! മരങ്ങള്‍ കടപുഴകി, പാറകള്‍ പിളര്‍ന്നു, പ്രകൃതിയാകെ താണ്ഡവമാടിയിട്ടും ആരും നിന്നെ ഓര്‍ത്തില്ലല്ലോ? കല്ലിനേക്കാള്‍ കഠിനമായ മനസ്സാണല്ലോ യൂദര്‍ക്കുള്ളത് മകനേ? മാത്രമല്ല,

'സര്‍വ്വലോക നാഥനായ നിന്മരണം കണ്ടനേരം സര്‍വ്വദുഃഖം,

മഹാദുഃഖം, സര്‍വ്വതും ദുഃഖം!

സര്‍വ്വദുഃഖക്കടലിന്റെ നടുവില്‍ ഞാന്‍ വീണുതാണു

സര്‍വ്വസന്താപങ്ങളെന്തു പറവൂ പുത്ര!

നിന്മരണത്തോടുകൂടിയെന്നെയും നീ മരിപ്പിക്കില്‍

ഇമ്മഹാ ദുഃഖങ്ങളൊട്ടു തണുക്കും പുത്ര!

നിന്മനസ്സിന്നിഷ്ടമെല്ലാം, സമ്മതിപ്പാനുറച്ചു ഞാന്‍

എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മലപുത്ര!'

എന്നിങ്ങനെ ''സര്‍വലോകനാഥനായ നിന്റെ മരണം കണ്ടിട്ട് സര്‍വ്വ ദുഃഖങ്ങളുടേയും കടലില്‍ ഞാനിതാ വീണിരിക്കുന്നു മകനേ! സര്‍വ്വ സന്താപങ്ങളെക്കുറിച്ച് എന്തുപറയുവാനാണ് ഞാന്‍? നിന്റെ മരണത്തോടുകൂടി ഞാനും മരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണ്. നിന്റെ മനസ്സിന്റെ ഇഷ്ടമെല്ലാം പാലിക്കാനായി എന്റെ മനസ്സിനെ നീ ശക്തിപ്പെടുത്തണമേ മകനേ!'' എന്നൊക്കെ വിലപിക്കുന്ന ആ അമ്മയുടെ ഹൃദയം പിളര്‍ക്കുന്ന വിലാപം കണ്ടില്ലെന്നു നടിക്കുവാന്‍ ആര്‍ക്കു കഴിയും?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org