
എ.ഡി. 780-ല്‍ കാറല്‍മാന്‍ രാജാവിന്റെ കല്പന പ്രകാരം സ്ഥാപിതമായ ഓസ്‌നാബ്രൂക്കിലെ കരോലിനും എന്ന വിദ്യാലയത്തിന്റെ ചുമതല ഈശോസഭക്കാരില്‍ നിക്ഷിപ്തമാകുന്നത് 1561-ലാണ്. ആദ്യത്തെ ജര്‍മ്മന്‍ ജസ്വിറ്റായ പീറ്റര്‍ കനീഷ്യസ് ഓസ്‌നാബ്രൂക്ക് കത്തീഡ്രലില്‍ നടത്തിയ ഒരു പ്രഭാഷണമായിരുന്നു ഇതിനു നിദാനമായി ഭവിച്ചത്. 1630-ല്‍ എട്ടാം ഉര്‍ബന്‍ പാപ്പ തത്വ ശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുവാനുള്ള അധികാരത്തോടെ കരോലിനത്തെ 'അക്കാ ദീമിയ കരോലിനും' എന്ന പേരില്‍ ഒരു സര്‍വ്വകലാശാലയായി ഉയര്‍ത്തി. 1632-ല്‍ സ്വീഡുകളുടെ ആക്രമണത്തെ തുടര്‍ന്ന് ബിഷപ്പിനും ഈശോസഭാ വൈദികര്‍ക്കും ഓസ്‌നാബ്രൂക്ക് നഗരത്തില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നുവെങ്കിലും സമാധാനം പുനഃ സ്ഥാപിക്കപ്പെട്ടപ്പോള്‍ മടങ്ങിയെത്തിയ ബിഷപ്പ് അക്കാദീമിയയുടെ ചുമതല ജസ്വിറ്റ്‌സിനെ തന്നെ വീണ്ടുമേല്‍പ്പിച്ചു.
ഈ കലാലയത്തില്‍ പഠിച്ചിറങ്ങിയ യൊഹാന്നസ് ഏണസ്തസ് ഫോണ്‍ ഹാങ്ഡനാണ് കേരളത്തിലെത്തിയതോടെ അര്‍ണോസ് പാതിരി എന്ന് അറിയപ്പെട്ടത്. അദ്ദേഹം ആദ്യമായി രചിച്ച 'ഉമ്മാടെ ദുഃഖം' എന്ന വിലാപകാവ്യത്തില്‍ പരിശുദ്ധ മറിയത്തിനുണ്ടായ 7 വ്യാകുലങ്ങളെ സംബന്ധിച്ചാണ് വിവരിക്കുന്നത്. അവയില്‍ രണ്ടെണ്ണം നാം മനസ്സിലാക്കിക്കഴിഞ്ഞല്ലോ? മൂന്നാമത്തെ വ്യാകുലമായി ദൈവശാസ്ത്രലോകം കാണുന്നത് ലൂക്കായുടെ സുവിശേഷം 2:41-50 വരെയുള്ള ഭാഗത്തുപറയുന്ന കാര്യങ്ങളാണ്. യേശുവിന് 12 വയസ്സായപ്പോള്‍ ജറുസലേം ദൈവാലയത്തില്‍ വച്ച് അവിടുത്തെ കാണാതാകുന്നതും പിന്നീട് മൂന്നാം ദിവസം കണ്ടെത്തുന്നതുമായ വിവരങ്ങളാണ് ഈ ഭാഗം നമ്മോട് സംവദിക്കുന്നത്.
അര്‍ണോസ് പാതിരി തയ്യാറാക്കിയ 'ഉമ്മാടെ ദുഃഖ'ത്തില്‍ 25 മുതലുള്ള ഈരടികളിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്.
പിന്നെ ഹന്നാന്‍ തന്റെ മുന്നില്‍വെച്ചു നിന്റെ കവിളിന്മേല്‍ മന്നിലേക്ക് നീചപാപിയടിച്ചോ പുത്ര!
പിന്നെ ന്യായം വിധിപ്പാനായ്, ചെന്നു കയ്യേപ്പാടെ മുമ്പില്‍
നിന്ദചെയ്തു നിന്നെ നീചര്‍ വിധിച്ചോ പുത്ര!
സര്‍വരേയും വിധിക്കുന്ന, സര്‍വ സൃഷ്ടിസ്ഥിതി നാഥാ സര്‍വനീചനവന്‍ നിന്നെ വിധിച്ചോ പുത്ര!
കാരണം കൂടാതെ നിന്നെ കൊലചെയ്‌വാന്‍ വൈരിവൃന്ദം
കരിയക്കാരുടെ പക്കല്‍ കൊടുത്തോ പുത്ര!
എന്നീ നാലു ഈരടികളിലൂടെ മഹാപുരോഹിതനായ ഹന്നാന്റെ മുമ്പില്‍ മിശിഹായെ ഹാജരാക്കിയപ്പോള്‍ ഭൂമിയിലെ ഏറ്റവും നീചനായ ഒരുവന്‍ അവിടുത്തെ കവിളില്‍ ആഞ്ഞടിച്ച സംഭവവും പിന്നീട് പ്രധാന പുരോഹിതനായ കയ്യേപ്പാസിന്റെ അടുത്തേയ്ക്ക് ന്യായവിധിക്കായി അവിടുത്തെ കൊണ്ടുചെന്നപ്പോള്‍ അവിടുത്തെ ശ്രതുക്കള്‍ മുഖത്തു തുപ്പിയും അടിച്ചും നിന്ദിച്ച കാര്യവും സര്‍വ്വസൃഷ്ടികളുടെയും വിധിയാളനായ ദൈവപുത്രനെ നീചന്മാരായ അവര്‍ ന്യായവിധി നടത്തി ഒരു കാരണവുമില്ലാതെ കൊലചെയ്യുവാനായി കാര്യക്കാരുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കുന്ന വിവരങ്ങളും കവി വിവരിക്കുന്നു.
തുടര്‍ന്ന്,
'പിന്നെ ഹെറോദേസു പക്കല്‍ നിന്നെയവര്‍ കൊണ്ടുചെന്നു
നിന്ദചെയ്ത് പരിഹസിച്ചയച്ചോ പുത്ര!
പിന്നെയധികാരിപക്കല്‍, നിന്നെയവര്‍ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞാ പുത്ര!
എങ്കിലും നീയൊരുത്തര്‍ക്കും, സങ്കടം ചെയ്തില്ല
നൂനം നിങ്കലിത വൈരമിവര്‍ക്കെന്തിനു പുത്ര!'
പ്രാണനുള്ളാനെന്നു ചിത്തേ, സ്മരിക്കാതെ വൈരമോടെ
തൂണതിന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്ര!'
പിന്നീട് ഹേറോദേസിന്റെ അടുക്കല്‍ കൊണ്ടുചെന്ന് അതിക്രൂരമായി അവിടുത്തെ പരിഹസിച്ചു. അധികാരിവര്‍ഗ്ഗത്തിന്റെ മുമ്പില്‍ ന്യായവിചാരണ നടത്തുമ്പോള്‍ നിന്നെ ആക്ഷേപിച്ച് എന്തെല്ലാം കുറ്റങ്ങളാണവര്‍ നിരത്തിയത്! ഒരുത്തര്‍ക്കും ഒരു സങ്കടവും നീ ഉണ്ടാക്കിയില്ല എന്നിട്ടും നിന്നോട് എന്തിനാണ് ഇത്ര വൈരം ഇവര്‍ കാട്ടുന്നത് എന്നറിയില്ലല്ലോ! ജീവനുള്ളവരോട് ചെയ്യാന്‍ പാടില്ലാത്ത വിധം നിന്നെയവര്‍ തൂണിനോടു ചേര്‍ത്ത് കെട്ടിയിട്ട് പീഡിപ്പിച്ചില്ലേ!
പിന്നീട്,
'ആളുമാറിയടിച്ചയ്യോ! ധൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്ര!
ഉള്ളിലുള്ള വൈരമോടെ, യൂദര്‍ നിന്റെ തലയിന്മേല്‍
മുള്ളുകൊണ്ടു മൂടിവെച്ചു തറച്ചോ പുത്ര!
തലയെല്ലാം മുറിഞ്ഞയ്യോ! ഒലിക്കുന്ന ചോരകണ്ടാല്‍
അലസിയെന്നുള്ളിലെന്തു പറവൂ പുത്ര!
തലതൊട്ടങ്ങടിയോളം, തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!'
എന്നിങ്ങനെ ആളുമാറി അടിച്ചവര്‍ നിന്റെ ശരീരം ഛിന്നഭിന്നമാക്കിയല്ലോ എന്നും തങ്ങളുടെ പ്രതികാരം തീര്‍ക്കുന്നതിനായി നിന്റെ തലയില്‍ മുള്ളുകൊണ്ടുള്ള കിരീടം വെച്ച് തറച്ച് വേദനിപ്പിച്ചില്ലേ എന്നും തലമുതല്‍ പാദംവരെ പുലിയുടെ ആക്രമണത്തില്‍പ്പെട്ടവനെപ്പോലെ എത്ര കഠിനമായാണ് അവര്‍ നിന്നെ മുറി വേല്‍പ്പിച്ചത് എന്നുമൊക്കെ ആ അമ്മ ചിന്തിച്ചുപോകുന്നു.