ആനന്ദഭേരി

ആനന്ദഭേരി
ഒരുപാടു വന്‍ കാര്യങ്ങള്‍ ചെയ്തിട്ടും തൃപ്തിയും ആനന്ദവുമില്ലാതെ ഒന്നും പൂര്‍ത്തിയായിട്ടില്ലാത്തവരായി നമ്മള്‍ കരയുന്നു. ജീവിതത്തിലും മരണത്തിലും ഇടറാത്ത കാലടികളോടെ ചുവടുവച്ച് 'എല്ലാം പൂര്‍ത്തിയായി' എന്ന് അലറിവിളിച്ചവന്റെ 'ഏകാഗ്രത' നമ്മുടേയും സ്വന്തമാകുമോ?

മൊഴി: 'എല്ലാം പൂര്‍ത്തിയായി'

(യോഹ. 19:30).

'എല്ലാം പൂര്‍ത്തിയായി' ക്രൂശിതന്റെ അന്ത്യമൊഴികളില്‍ ആറാമത്തേതും യോഹന്നാന്റെ സുവിശേഷത്തിലെ അവസാനത്തേതും. 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞ യേശുവിനു നല്‍കപ്പെട്ട വിനാഗിരി കുടിച്ചിട്ടു അവന്‍ പറഞ്ഞ ഈ മൊഴി, തന്നെ പിതാവ് ഭരമേല്പിച്ച ദൗത്യത്തോടുള്ള വിശ്വസ്തതയുടെയും കൂറിന്റെയും ഏകാഗ്രമായ സമര്‍പ്പണത്തിന്റെയും എല്ലാറ്റിലുമുപരി നിയോഗപൂര്‍ത്തിയുടെ നിര്‍വൃതിയുടെയും വിജയനാദമാണ്. കുരിശോളം വിശ്വസ്തനാകുന്നവനാണ് യഥാര്‍ത്ഥ വിജയിയാകുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന മൊഴി.

മത്തായിയുടെയും (27:50) മര്‍ക്കോസിന്റെയും (15:37) സുവിശേഷപ്രകാരം വലിയ ഒരു കരച്ചിലോടെയാണ് യേശു ജീവന്‍വെടിഞ്ഞത്.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു കരച്ചിലിനെക്കുറിച്ചു യോഹന്നാന്‍ സുവിശേഷകന്‍ പറയുന്നില്ല. 'എല്ലാം പൂര്‍ത്തിയായി' എന്നര്‍ത്ഥം വരുന്ന 'തെതെലെസ്തായി' (tetelesthai) എന്ന ഗ്രീക്കിലും അറമായിക്കിലുമുള്ള ഏകപദം ഉരുവിട്ടുകൊണ്ടാണ് അവന്‍ ജീവന്‍ വെടിയുന്നത്. 'തെതെലെസ്തായി' എന്ന ഗ്രീക്കുപദം 'തെലയോ' (teleo) എന്ന ക്രിയാപദത്തില്‍നിന്നുമാണ് ഉത്ഭവിക്കുന്നത്. 'തെലയോ' എന്ന പദത്തിന്റെ അര്‍ത്ഥം 'ഒരാളുടെ ഹിതം നിറവേറ്റുക' എന്നാണ്. അതു കടമകള്‍ നിറവേറ്റലോ ആചാരാനുഷ്ഠാനങ്ങളുടെ പൂര്‍ത്തീകരണമോ ആകാം. ഒരു കാര്യത്തെ വിജയകരമായ പരിസമാപ്തിയിലേക്കോ ലക്ഷ്യപ്രാപ്തിയിലേക്കോ കൊണ്ടെത്തിക്കുന്നതിനും ഈ പദം ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ 'തെലയോ'യുടെ രൂപഭേദമായ 'തെതെലെസ്തായി'ക്കുള്ള അര്‍ത്ഥങ്ങളില്‍ മുഖ്യമായിട്ടുള്ളത് 'എല്ലാം പൂര്‍ത്തിയായി,' 'എല്ലാം നിറവേറി,' 'പൂര്‍ണ്ണമായി കൊടുത്തുവീട്ടി' എന്നിവയാണ്.

യജമാനന്മാര്‍ തങ്ങളെ ഭരമേല്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയെന്നു ഭൃത്യന്മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി പുരാതനകാലങ്ങളില്‍ ഉപയോഗിച്ച പദം 'തെതെലെസ്തായി' ആയിരുന്നു. ദൈവം തന്നെ ഭരമേല്പിച്ച ദൗത്യം താന്‍ പൂര്‍ത്തിയാക്കിയെന്ന യേശുവിന്റെ അറിയിപ്പാണിത്. അക്കാലത്തു, ബലിയര്‍പ്പണത്തിനുമുമ്പ് ബലിക്കുഞ്ഞാടിനെ പരിശോധിച്ചു അത് ഊനമറ്റതാണെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടു പുരോഹിതന്‍ പറഞ്ഞിരുന്ന പദവും 'തെതെലെസ്തായി' എന്നു തന്നെയാണ്. യേശുവാകുന്ന ബലിക്കുഞ്ഞാടിന്റെ യാഗബലിയുടെ പൂര്‍ണ്ണത വെളിവാക്കുകയാണ് ഈ പദം, യോഹന്നാന്റെ സുവിശേഷത്തില്‍. അന്നത്തെ, വ്യാപാരത്തിന്റെയും ക്രയവിക്രയത്തിന്റെയും ലോകത്തില്‍ ഒരു 'കടം പൂര്‍ണ്ണമായും കൊടുത്തുവീട്ടി, അടച്ചുതീര്‍ത്തു' എന്ന അര്‍ത്ഥത്തിലും 'തെതെലെസ്തായി' എന്ന പദം ഉപയോഗിച്ചിരുന്നു. യേശു കുരിശില്‍കിടന്നുകൊണ്ട് അന്ത്യമൊഴിയായ് 'തെതെലെസ്തായി' എന്നു പറഞ്ഞപ്പോള്‍ മാനവകുലത്തിന്റെ പാപഫലമായി ദൈവതിരുമുമ്പിലുണ്ടായ എല്ലാ കടങ്ങളും താന്‍ തന്നെത്തന്നെ മോചനദ്രവ്യമായി നല്‍കിക്കൊണ്ട് പൂര്‍ണ്ണമായും അടച്ചുതീര്‍ത്തിരിക്കുന്നു, എന്നാണ് പറയാതെ പറഞ്ഞത്.

യേശു, പിതാവ് തന്നെ ഭരമേല്പിച്ച ദൗത്യത്തെക്കുറിച്ചു എക്കാലത്തും അവബോധമുള്ളവനായിരുന്നു: 'എന്റെ ഭക്ഷണം എന്നെ അയച്ചവന്റെ ഹിതം നിറവേറ്റുന്നതും അവന്റെ ജോലി പൂര്‍ത്തിയാക്കുന്നതുമാണ്' (യോഹ. 4:34). ഈ ഭൂമിയിലെ തന്റെ ദൗത്യം, 'തന്റെ ഇഷ്ടം നിറവേറ്റലല്ല, തന്നെ അയച്ചവന്റെ ഇഷ്ടം പൂര്‍ത്തിയാക്കലാണ്' (യോഹ. 6:38) എന്നു പ്രഖ്യാപിക്കുന്ന അവിടുന്ന് ഈ ആത്മാവബോധത്തിന്റെ നിറവിലാണ് ജീവിച്ചതും മരിച്ചതും. ജീവിതത്തിലെ കഠിനതരമായ സാഹചര്യങ്ങള്‍ക്കിടയില്‍പോലും പിതാവിനോടുള്ള സ്‌നേഹസമര്‍പ്പണത്തില്‍ നിന്നും അവന്‍ പിന്‍വാങ്ങിയില്ല. ആ സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ സാക്ഷ്യമാണ് കുരിശിലെ ജീവാര്‍പ്പണം. തനിക്കു കുടിക്കാനുള്ള 'കാസ' (മര്‍ക്കോ. 10:38) കുടിച്ചു തീര്‍ത്തു, പിതാവിന്റെ ഹിതവും അവിടുന്നു ഏല്പിച്ച ദൗത്യവും പൂര്‍ത്തിയാക്കി വിജയശ്രീലാളിതനായി അവന്‍ വിളിച്ചലറി: 'തെതെലെസ്തായി' എല്ലാം പൂര്‍ത്തിയായി.

പൊരുതി വീണവന്റെ തീരാ വേദനയോടെയോ പരാജയം സമ്മതിച്ചവന്റെ സങ്കടത്തോടെയോ ഉള്ള ഒരു മന്ത്രണമായിട്ടല്ല യോഹന്നാന്‍ യേശുവിന്റെ ഈ മൊഴി ചിത്രീകരിക്കുന്നത്. ശത്രുവുമായുള്ള അവസാനപോരാട്ടവും ജയിച്ചവന്റെ വിജയഭേരിയാണത്. തന്റെ മരണം ഒരു പരാജയമല്ലെന്ന യേശുവിന്റെ പ്രഖ്യാപനത്തിന്റെ ആദ്യസ്വരമാണത്. തന്നെ ഭരമേല്പിച്ച ദൗത്യം നന്നായി ചെയ്തു എന്ന ആത്മവിശ്വാസത്തിന്റെ അത്യുച്ചകോടിയിലാണീ വി ജയനാദം. തന്റെ പീഡാസഹനങ്ങളും കുരിശിലെ മരണവും തന്നെ ഏല്പിച്ച ദൗത്യത്തിന്റെ മകുടം ചൂടലാണെന്ന ആത്മാവ ബോധത്തോടെയാണ് യേശു ഈ യാത്രാമൊഴി പറഞ്ഞു വിടവാങ്ങുന്നത്. അതു നിലവിട്ടുപോയവന്റെ നിലവിളിയല്ല, നിലപാടെടുത്തവന്റെ ജയവിളിയാണ്. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയിട്ട് 'എല്ലാം നന്നായിരിക്കുന്നു' (ഉല്പത്തി 1:31) എന്നു പറഞ്ഞ പിതാവായ ദൈവത്തിന്റെ ആനന്ദമൊഴിയോടു ചേര്‍ന്നുപോകുന്നു, കുരിശില്‍ തന്നെയേല്പിച്ച രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയിട്ട് 'എല്ലാം പൂര്‍ത്തിയായി' എന്നു പറഞ്ഞ പുത്രന്റെ അന്ത്യമൊഴിയും.

ജീവനര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ യാഗമായിത്തീരുന്നവര്‍ക്കേ 'എല്ലാം പൂര്‍ത്തിയായി' എന്നു പറഞ്ഞു കളമൊഴിയാനാകൂ. എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികളുടെയും പ്രലോഭനങ്ങളുടെയും മധ്യേ ജീവിതനിയോഗങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നത് ലളിതമായ കാര്യമല്ല. രാജാവാകാനും നേതാവാകാനും സ്വന്ത ഇഷ്ടങ്ങള്‍ക്കും ഇടങ്ങള്‍ക്കും വഴി തേടാനുമുള്ള ഉള്‍പ്രേരണകളില്‍ കുടുങ്ങി കുരിശോളമെത്താതെ പോകുന്ന സമര്‍പ്പണങ്ങള്‍ ക്രിസ്തു ശിഷ്യന്റെ ജീവിതത്തിലുമുണ്ടാകാം. 'എല്ലാം പൂര്‍ത്തിയായി' എന്നു പറയാന്‍ കഴിയാതെ പോകുന്ന നിയോഗവഴികള്‍! എത്രയോ പ്രകാരത്തിലാണ് നമ്മുടെ ഹൃദയങ്ങള്‍ വിഭജിതമായിപ്പോകുന്നത്! ആളും അര്‍ത്ഥവും അധികാരവും നമ്മുടെ വഴിമുടക്കികളാകുന്നു. വിശ്വസ്തത കൂടാതെ വിജയിയായിത്തീരാനുള്ള വ്യഗ്രതകള്‍ നമ്മെ വല്ലാതെ മഥിക്കുന്നുണ്ട്. സങ്കടങ്ങളും സഹനങ്ങളും നമ്മെ ജീവപൂര്‍ണ്ണിമയിലേക്കു നയിക്കാതെ പോകുന്നു. കണ്ണില്‍ ഇരുട്ടുകയറി, കാലിടറി പൂര്‍ത്തിയാക്കാനാകാത്ത ദൗത്യങ്ങളും വീട്ടിത്തീര്‍ക്കാനാകാത്ത കടങ്ങളുമായി നമ്മള്‍ കിതച്ചുനില്‍ക്കുന്നു. ഒരുപാടു വന്‍ കാര്യങ്ങള്‍ ചെയ്തിട്ടും തൃപ്തിയും ആനന്ദവുമില്ലാതെ ഒന്നും പൂര്‍ത്തിയായിട്ടില്ലാത്തവരായി നമ്മള്‍ കരയുന്നു. ജീവിതത്തിലും മരണത്തിലും ഇടറാത്ത കാലടികളോടെ ചുവടുവച്ച് 'എല്ലാം പൂര്‍ത്തിയായി' എന്ന് അലറിവിളിച്ചവന്റെ 'ഏകാഗ്രത' നമ്മുടേയും സ്വന്തമാകുമോ? അതിനു നമ്മെ അയച്ചവന്റെ ഇഷ്ടം നിറവേറ്റലും ജോലി പൂര്‍ത്തിയാക്കലും നമ്മുടെ പാഥേയമാകണം. അവന്റെ ആത്മവിശ്വാസവും ആത്മസമര്‍പ്പണവും വിശ്വസ്തതയും നമ്മുടെ സ്വന്തമാകണം.

മറുമൊഴി: 'എല്ലാം പൂര്‍ത്തിയായി' എന്ന വിജയനാദത്തോടെ ജീവനര്‍പ്പിച്ച കര്‍ത്താവേ, എന്റെ ജീവിത നിയോഗങ്ങളെ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുവാന്‍ എന്നെ സഹായിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org