വിമെന്‍സ് കോളജില്‍ പോയപ്പോള്‍

വിമെന്‍സ് കോളജില്‍ പോയപ്പോള്‍

Published on

രക്തബന്ധമുള്ള ചില പ്രഗത്ഭര്‍ എന്‍റെ വീട്ടിലെത്തി. ഇച്ചാച്ചനെയും അമ്മയെയും മാറിമാറി ഉപദേശിച്ചു. അമ്മയുടെ അടുത്തു ചെന്നിരുന്ന് ഒരാള്‍ സ്നേഹപൂര്‍വം പറഞ്ഞു: "ദേ, അമ്മായി അപകടം ഉണ്ടായിക്കഴിഞ്ഞു കരഞ്ഞിട്ടു കാര്യമില്ല. അച്ചന്‍ നന്നേ ചെറുപ്പമാണ്. ഇപ്പോള്‍ പെണ്‍കുട്ടികളുടെ അദ്ധ്യാപകനാകുന്നതു നന്നല്ല. ഇന്നത്തെ പെണ്‍കുട്ടികളുടെ വേഷവും വേഷംകെട്ടലുമൊക്കെ അമ്മായിക്കറിയാമോ?"
അമ്മ പൊട്ടിക്കരഞ്ഞു. എന്നെ ഓര്‍ത്തു കരഞ്ഞ ഏക അവസരം. എന്തിനാ ഇതിനു പോകുന്നതെന്ന് അമ്മയും ചോദിച്ചു. "നീ അച്ചനായല്ലോ, നമുക്കതു മതി" എന്ന് ഇച്ചാച്ചനും കൂട്ടിച്ചേര്‍ത്തു.
"ഞാന്‍ ജോലി തേടി പോയതല്ലല്ലോ, മെത്രാന്‍ എന്നെ വിളിച്ചു പറഞ്ഞതല്ലേ; അതു ഞാന്‍ അനുസരിക്കേണ്ടതല്ലേ" എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അന്നത്തെ ചര്‍ച്ച അവസാനിച്ചു. എങ്കിലും എന്നെ ഭയപ്പെടുത്തുന്ന തരം റിമാര്‍ക്കുകള്‍ എന്‍റെ സ്വന്തക്കാരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരുന്നു.
ഒരിടവകയില്‍ ഉള്ളിടത്തോളം അപകടസാദ്ധ്യതകള്‍ ഒരു വനിതാകോളജിലില്ല എന്ന സത്യത്തിന് എന്‍റെ ജീവിതംകൊണ്ടു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഇടവകയില്‍ വികാരിയച്ചന് ഏറെ സ്വാതന്ത്ര്യമുണ്ട്. പളളിയും പരിസരവുമെല്ലാം പൂര്‍ണമായും അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാണ്. ദൈവവിളിയോടു വിശ്വസ്തത ഇല്ലെങ്കില്‍, എന്തും ചെയ്യാനുള്ള സൗകര്യങ്ങള്‍. എന്നാല്‍ വിമെന്‍സ് കോളജിലെ വൈദികന്‍ സദാ സര്‍വരുടെയും ശ്രദ്ധയിലാണ്. അവരുടെ നോട്ടം വിട്ടിട്ട് ഒരിടവുമില്ല. നല്ല ആത്മനിയന്ത്രണത്തില്‍ ജീവിക്കാന്‍ അനുകൂല സാഹചര്യങ്ങള്‍.
25 വര്‍ഷം ഞാന്‍ ആ കലാലയത്തില്‍ അദ്ധ്യാപകനായിരുന്നു. ഇന്നും എന്‍റേതെന്നു പറഞ്ഞുകൊണ്ട് എനിക്കു കയറിച്ചെല്ലാവുന്ന ഒരിടമാണ് എന്‍റെ കോളജ്. മാനേജുമെന്‍റും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്നേഹത്തോടും ആദരവോടുംകൂടെ എന്നോടു പെരുമാറി. റിട്ടയര്‍മെന്‍റിന്‍റെ മീറ്റിംഗ് അവസാനിച്ചപ്പോള്‍ ഞാന്‍ ചാപ്പലിലേയ്ക്കോടി. അവിടെ പരി. കുര്‍ബാനയുടെ മുമ്പില്‍ മുട്ടുകുത്തിനിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, അങ്ങയുടെ കൃപയാല്‍ അപകടം കൂടാതെ ഞാന്‍ 25 വര്‍ഷം തികച്ചു. ഇതാ, വള്ളം കരയ്ക്കടുപ്പിച്ചു. കടലിലായിരുന്നത്രകാലം കാത്തുസൂക്ഷിച്ചതിനു നന്ദി."ڔ

logo
Sathyadeepam Online
www.sathyadeepam.org