ആരാണ് രാജാവ്?

ആരാണ് രാജാവ്?

ആരാണ് രാജാവ്? ചോദ്യം പഴയതാണ്. പക്ഷെ, മനുഷ്യന്റെ അന്ത്യത്തോളം എത്തുന്ന നവീനത്വം ആ ചോദ്യത്തിനുണ്ട്. സാമൂഹ്യമായും രാഷ്ട്രീയമായും ഏറെക്കുറെ അപ്രസക്തമായ ആ ചോദ്യത്തിന് വ്യക്തിപരമായ പ്രാധാന്യം ഇന്നും വലുതാണ്. ആധുനിക മനുഷ്യന്‍ ഭൗതികമായി നേടിയെടുത്ത സ്വാതന്ത്ര്യം അടുക്കുമ്പോള്‍ അകലുന്ന മരീചികയായി അനുഭവപ്പെടുന്നു. ഒരുതരത്തില്‍ വ്യക്തിപരമായ ആ ഉത്തരം വ്യക്തിയില്‍ ഒതുങ്ങുന്നതല്ല. അത് സാമൂഹ്യബന്ധങ്ങളെയും രാഷ്ട്രീയ മാനങ്ങളെയും നിര്‍ണ്ണയിക്കാന്‍ പോന്ന ശക്തി ഉള്‍ക്കൊള്ളുന്നു.

ക്രിസ്തുവിന്റെ രാജത്വം ഏറ്റുപറയുന്ന തിരുനാളിലൂടെ നാം കടന്നു പോകുമ്പോള്‍ ഈ ചോദ്യത്തിന് ജീവിതം കൊണ്ട് നാം നല്‍കിയ ഉത്തരങ്ങളെ മൊഴി വെട്ടത്തില്‍ വിശകലനം ചെയ്യുകയാണ് വേണ്ടത്.

തെരുവിലൂടെ ക്രിസ്തു രാജന് ജയ് വിളിക്കുന്ന കുട്ടികള്‍ക്ക് ക്രിസ്തുവിന്റെ രാജ്യത്വത്തിന്റെ മഹിമ അറിയാതെ പോകുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷെ, ഒരു കാലത്ത് നിലനിന്നതും മനുഷ്യവംശം നിരാകരിച്ചതുമായ രാജവാഴ്ചയുടെ ഉടയാടകളും കിരീടവും ചാര്‍ത്തിയ ക്രിസ്തുവിനെ അവതരിപ്പിക്കുകയും വണങ്ങുകയും ചെയ്യുമ്പോള്‍ അതെത്രത്തോളം ഹീനമായിപ്പോകുന്നുണ്ടെന്ന് ചിന്തിക്കണം. മനുഷ്യന്റെ മേല്‍ അധികാരവും ആയുധവും പ്രയോഗിച്ച, അവരുടെ സ്വത്തും അഭിമാനവും കവര്‍ന്നെടുത്ത അധമത്വത്തിന്റെ അധികാര ചിഹ്നങ്ങള്‍ ചാര്‍ത്തി ക്രിസ്തുവിനെ പരിഹസിക്കുകയും മനുഷ്യാവതാരത്തെ തള്ളിപ്പറയുകയുമാണോ നാം?

ആരാണ് നിങ്ങളുടെ രാജാവ് എന്ന ചോദ്യം ആധുനിക ലോകം ചവറ്റുകുട്ടയിലേക്ക് വലിച്ചെറി ഞ്ഞ രാജാക്കന്മാരെക്കുറിച്ചല്ല. അടിമ ഉടമ ബന്ധത്തില്‍ മനുഷ്യത്വത്തെ തളച്ചിട്ട അധികാര ശ്രേണിയെ തകര്‍ത്തെറിഞ്ഞ് ആധുനിക ജനാധിപത്യം രാജ്യത്വത്തെ നിഷ്‌കാസനം ചെയ്യുന്നതിനു മുമ്പ് ഭൂമിയിലെ അധികാര കേന്ദ്രമായ രാജത്വത്തെ പുറന്തള്ളിയ യഥാര്‍ത്ഥ രാജാധികാരത്തിന്റെയും സമാധാനത്തിന്റെയും രാജാവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്നുവോ എന്ന ചോദ്യമാണത്. എന്റെ രാജ്യം ഐഹികമല്ലെന്ന് പ്രഖ്യാപിച്ച ക്രിസ്തുവിനെ ഹൃദയേശ്വരനായി സ്വീകരിക്കുന്നതില്‍ എന്തു നിലപാടാണ് നാം സ്വീകരിച്ചിട്ടുള്ളത് എന്നാണ് ഈ ചോദ്യം നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നത്.

രാജത്വം ഒരു അധികാര കേന്ദ്രമായി പരിണമിക്കുന്നതില്‍ നിന്ന് വിമോചിതമായിട്ടും ഇന്നും രാജാക്കന്മാരുടെ പിന്‍തലമുറ തങ്ങള്‍ രാജവംശമാണെന്ന് വന്‍പു പറയുന്നത് ചര്‍ച്ചയാകുന്ന ഒരു കാലത്താണ് ക്രിസ്തുവിന്റെ രാജ്യത്വം കൂടുതല്‍ പ്രസക്തമാകുന്നത്.

രാജത്വം പ്രത്യക്ഷത്തില്‍ വ്യവഹരിക്കപ്പെടുന്നത് രാഷ്ട്രീയ അധികാരമായിട്ടാണ്. എന്നാല്‍ അതിന്റെ അടിവേര് എത്തി നില്‍ക്കുന്നത് അഹങ്കാരത്തിലും സ്വാര്‍ത്ഥത്തിലുമാണ്. മറ്റൊരു തരത്തില്‍ സ്വയം സ്‌നേഹത്തിന്റെയും അതിന്റെ പരമകാഷ്ഠയായ സ്വയാരാധനയുടെയും ഫലമാണ് എല്ലാ അധികാര വാഴ്ചയും.

ആദ്യം ഞാനെന്നും, ഞാന്‍ മാത്രമെന്നും എല്ലാം എനിക്കെന്നും എല്ലാം എന്റേതെന്നും നമ്മെ കൊണ്ടെത്തിക്കുന്നത് ഞാനല്ലാത്തതിനെയെല്ലാം പുറന്തള്ളാനും ഒടുവില്‍ ഞാനല്ലാത്തതെല്ലാം ഉന്മൂലനം ചെയ്യപ്പെടുന്നതാണ് ശരി എന്ന തത്ത്വത്തില്‍ എത്തിച്ചേരുമ്പോഴാണ് സ്വയം രാജാവായി വാഴിക്കപ്പെടുന്നത്. സമ്പത്തും പേശീബലവും തന്‍ പ്രമാണിത്തവും രാഷ്ട്രീയത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ അത് ഫാസിസത്തിന്റെ രൂപത്തില്‍ അവതരിക്കും. സാമൂഹ്യമാകുമ്പോള്‍ അത് ജാതി പ്രമാണിത്തമാകും, അത് വിശ്വാസത്തെ ഭരിക്കുമ്പോള്‍ വിശ്വാസം അന്ധമായ ആചാരമാകും.

ക്രിസ്തുവിലുള്ള വിശ്വാസം ഒരു നിലപാടിന്റെ പ്രഖ്യാപനമാണ്. മനുഷ്യനെ കാണാത്തവന് ദൈവത്തെ കാണാനാകില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ മനുഷ്യനില്‍ ദൈവത്തെ കാണാത്തവര്‍ക്ക് ദൈവികബന്ധം അനുഭവിക്കാനോ മനുഷ്യാവതാരത്തിന് സാക്ഷികളാകാനോ സാധ്യമല്ല. ഓരോ പീഢിതരിലും ക്രിസ്തുവിനെ കാണാന്‍ കഴിയുന്നുവെങ്കില്‍ അവരോട് പക്ഷം ചേരാന്‍ കഴിയുന്നുവെങ്കില്‍ അതാണ് ദൈവാരാധനയുടെ ഉന്നതമായ നില. അങ്ങനെയൊന്നല്ലാതെ, ഞാനും എന്റെ കാര്യങ്ങള്‍ നടത്തിത്തരുന്ന മൂര്‍ത്തി സമാനമായ ഈശ്വരനുമായി ഒരു രഹസ്യ ബന്ധമാണ് നമുക്കുള്ളതെങ്കില്‍ അത് അവാസ്തവികവും അന്ധവിശ്വാസവും മാത്രമാണ്.

രാജാവ് ക്രിസ്തുവെങ്കില്‍ അവന്‍ നമ്മെ ഭരിക്കണം. ക്രിസ്തുവിന്റെ രാജ്യം ബന്ധത്തിലാണ് വെളിപ്പെടുന്നത്. അവനെപ്രതി സ്‌നേഹിച്ചും ക്ഷമിച്ചും സഹിച്ചും കൊടുത്തും അപരനു വേണ്ടി മരിച്ചും കൊണ്ടു മാത്രമേ ആരാണ് രാജാവ് എന്ന ചോദ്യത്തിന് ക്രിസ്തുവാണ് രാജാവെന്ന ഉത്തരം നമുക്കു പറയാന്‍ കഴിയുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org