ഐക്യവും ഏകതയും

ആന്തരികാര്‍ത്ഥം തിരിച്ചറിയാതെ പോകുമ്പോള്‍...
ഐക്യവും ഏകതയും

അന്ധവിശ്വാസം യുക്തിരഹിതമായ വിശ്വാസം മാത്രമല്ല. സാമാന്യമായി നാം അങ്ങനെയാണ് കരുതുക. അത് പൂര്‍ണ്ണമായി തെറ്റൊന്നുമല്ല. എന്നാല്‍ കുറേക്കൂടി വ്യക്തതയോടെ പരിശോധിക്കുമ്പോള്‍ പൊരുള്‍ അറിയാത്ത വിശ്വാസവും അന്ധമാണ് എന്ന് നമുക്ക് കാണാനാവും. വളരെയേറെ നന്മയായി കരുതപ്പെടുന്ന കാര്യങ്ങള്‍ പോലും അത്തരത്തില്‍ അന്ധവിശ്വാസം എന്ന നിലയിലാണ് ഫലം പുറപ്പെടുവിക്കുന്നത്. നമ്മുടെ വിശ്വാസബോധ്യങ്ങള്‍ എന്താണ് നമ്മോട് പറയുന്നത് എന്ന് തിരിച്ചറിയാതെ പോകുമ്പോള്‍ ആ പ്രവൃത്തി അന്ധവും വിപരീതഫലങ്ങള്‍ പുറപ്പെടുവിക്കുന്നതുമായി തരംതാഴുന്നത് കാണാനാകും.

ഒരിക്കല്‍ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ ഒത്തുകൂടി. വരദാനങ്ങള്‍ ഒക്കെ ഉപയോഗിക്കാന്‍ കഴിവുള്ളവരാണ് അതില്‍ പങ്കെടുക്കുന്നത്. അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സംഘത്തിലെ അംഗങ്ങള്‍ ഒരേ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഒരു സന്ദേശം ലഭിച്ചുവെന്ന് അവരിലൊരാള്‍ പറയുന്നു. കൂടെയുള്ളവര്‍ക്ക് അതില്‍ ഒരു വിയോജിപ്പും തോന്നിയില്ല. എന്നാല്‍ അത് പ്രയോഗത്തില്‍ വന്നില്ല. കണ്ട ദര്‍ശനം ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം എല്ലാവരും ധരിക്കണം എന്നതായിരുന്നു. കണ്ടത് അതേപടി സ്വീകരിച്ച ആ പ്രാര്‍ത്ഥനാ സമൂഹം വാസ്തവത്തില്‍ ആദര്‍ശനത്തെയും സന്ദേശത്തെയും തികച്ചും അന്ധമായ ഒന്നായാണ് സ്വീകരിച്ചത്. ആ സന്ദേശത്തിന്റെ ആന്തരികാര്‍ത്ഥം തിരിച്ചറിയപ്പെട്ടില്ല.

എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണം എന്നായിരുന്നു ആ സന്ദേശത്തിന്റെ കാതല്‍. ആന്തരികാര്‍ത്ഥം തിരിച്ചറിയാതെ പോയപ്പോള്‍ അത് നിരര്‍ത്ഥകമായി. വാസ്തവത്തില്‍ അതൊരു അന്ധവിശ്വാസമാണ്.

നാമെല്ലാവരും പലരായി ഇരിക്കെ ഒന്നായി, ഭാവാത്മകമായി മാറണമെന്നാണ് സുവിശേഷ ആശയം നമ്മെ പഠിപ്പിച്ചത്. ഒരു പോലെ ആകണം എന്നല്ല. ആചാരങ്ങളുടെയും ആരാധനക്രമത്തിന്റെയും കാര്യത്തില്‍ ഉയരുന്ന വി വാദങ്ങള്‍ ഈ നിലയ്ക്ക് ആന്തരികമായ സുവിശേഷ അര്‍ത്ഥത്തിന്റെ ഭാവാത്മകതയെ പുറന്തള്ളുന്നതായി ആനുകാലിക സഭാ സമൂഹത്തിനകത്ത് നടക്കുന്ന ചര്‍ച്ചകളിലൂടെ നമുക്ക് കേള്‍ക്കാം.

ഐക്യം ഉണ്ടാവുക പലമയുടെ ഭാവാത്മകമായ കൈകോര്‍ക്കലിലൂടെയാണ്. ഏകത ഉണ്ടാക്കാനുള്ള ശ്രമങ്ങളാകട്ടെ തങ്ങളെപ്പോലെ അല്ലാത്തവരെ പുറംതള്ളുക എന്നത് മതമൗലികതയുടെ പ്രവര്‍ത്തിയാണ്. ഐക്യം ഉണ്ടാവുക എന്നതിന് യോജിപ്പില്ലാത്തവയെ കൂട്ടിയിണക്കുക എന്ന അര്‍ത്ഥമുണ്ട്. മനുഷ്യന്‍ വൈവിധ്യങ്ങളുടെ പ്രകട രൂപമാണ്. എന്തിലാണ് യോജിപ്പ് ഉണ്ടാവുക? അത് മനുഷ്യന്‍ എന്ന ബോധത്തിലാണ്. മനുഷ്യന്‍ എന്ന യാഥാര്‍ത്ഥ്യത്തെ യോജിപ്പിക്കാന്‍ ക്രിസ്തു അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്നാണ് വചനം പറയുക. ക്രിസ്തുവില്‍ പുത്രത്വ സ്ഥാനത്തേക്ക് നാം ഉയര്‍ത്തപ്പെടുമ്പോള്‍ ഒന്നായിത്തീരുന്നു. പലരായ നമ്മുടെ പിതാവ് ഏകനായി കണക്കാക്കപ്പെടുന്നു. അതിലൂടെ നാം ഒന്നാണെന്ന ബോധം നമ്മെ ഭരിക്കും. അപ്പോഴും പലരായി പലമയായി നാം തുടരുകയും ചെയ്യും.

കുര്‍ബാന ഒരു ആചാരമായി കരുതപ്പെടുമ്പോഴാണ് കുര്‍ബാനയുടെ രീതികളെ പുനരുദ്ധരിക്കുക, ഒന്നാക്കി തീര്‍ക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ നമ്മെ ഭരിക്കുക. കുര്‍ബാനയില്‍ സ്വയം അപ്പമായി മുറിഞ്ഞ് എല്ലാവര്‍ക്കുമായി മാറുക എന്ന യാഥാര്‍ത്ഥ്യം എത്രത്തോളം ഫലവത്താകുന്നുണ്ട് എന്നാണ് യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കേണ്ടത്. നമ്മുടേത് പോലെ അല്ലാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ മാറ്റി നിര്‍ത്തുകയല്ല എല്ലാവര്‍ക്കും വേണ്ടി എല്ലാമായി തീരുകയാണ് കുര്‍ബാനയുടെ ദൗത്യം.

ക്രിസ്തു ശരീരത്തിന്റെ ഭാഗമാകാന്‍ കൈകാലാകേണ്ടതില്ല. ശരീരത്തിലെ അവയവങ്ങളുടെ വൈവിധ്യം പറഞ്ഞുകൊണ്ടാണ് വിശുദ്ധ പൗലോസ് ഐക്യത്തെ വെളിപ്പെടുത്തുന്നത്. പലരായിരിക്കെ പലതായിരിക്കെ ക്രിസ്തുവില്‍ ഒന്നാവുക എന്ന പരമാര്‍ത്ഥത്തെ മറന്ന് ഒരുപോലെ ആവുക എന്ന സങ്കുചിത അര്‍ത്ഥത്തെ സ്ഥാപിക്കുക മതത്തിന്റെ സ്വഭാവമാണ്. തിരുസഭ മതമല്ല സാര്‍വത്രികതയാണ്. നാം ഒരു സമുദായമല്ല, മാനവസമുദായത്തെ ക്രിസ്തുവില്‍ ഒന്നിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്.

പ്രാര്‍ത്ഥിക്കുന്നത് ഒന്നു പോലെയാക്കുക, ആരാധനക്രമം ഒന്നാകുക എന്നത്, നാം അല്ലാത്തതിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നത് സങ്കുചിതമായ ഭാവമാണ്. ഇത് ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ക്ക് വിപരീതമാണ്. ആരാധനാക്രമമോ രീതികളോ ഒന്നായിത്തീരുക എന്നത് സഭാത്മകമായ ഭാവമല്ല. തിരുസഭ റീത്തുഭാവങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ലക്ഷ്യം അതു തന്നെയാണ്. ബാഹ്യതലത്തിലെ ഏകീകരണങ്ങള്‍ വാസ്തവത്തില്‍ ആന്തരികവും ഭാവാത്മകവുമായ ഐക്യത്തെ തള്ളിക്കളയുകയും ഒന്നുപോലെ അല്ലാത്തതിനെ പുറന്തള്ളുകയും ചെയ്യുന്ന മതഭാവമാണ് വെളിപ്പെടുത്തുന്നത്.

പരിശുദ്ധ കുര്‍ബാന ക്രിസ്തുവിലുള്ള ജീവിതാര്‍പ്പണമാണ്. അങ്ങനെ നമ്മുടെ അര്‍പ്പണ രീതിയല്ല അര്‍പ്പണബോധം ആണ് ഐക്യത്തില്‍ എത്തിച്ചേരേണ്ടത്. കുര്‍ബാന നമ്മുടെ ജീവിതാര്‍പ്പണത്തെ ക്രിസ്തുവിന്റെ ജീവാര്‍പ്പണത്തോട് ചേര്‍ത്തുവയ്ക്കുന്ന പ്രവൃത്തിയാണ്. ആ ലക്ഷ്യത്തെ തകര്‍ക്കുംവിധം കാര്യസാധ്യത്തിനുള്ള കേവലപ്രാര്‍ത്ഥനയും പൂജയുമായി കരുതപ്പെടുന്ന അപചയം ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യുന്നില്ല. കുര്‍ബാന ഒരു ആചാരമായി കരുതപ്പെടുമ്പോഴാണ് കുര്‍ബാനയുടെ രീതികളെ പുനരുദ്ധരിക്കുക, ഒന്നാക്കി തീര്‍ക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ നമ്മെ ഭരിക്കുക. കുര്‍ബാനയില്‍ സ്വയം അപ്പമായി മുറിഞ്ഞ് എല്ലാവര്‍ക്കുമായി മാറുക എന്ന യാഥാര്‍ത്ഥ്യം എത്രത്തോളം ഫലവത്താകുന്നുണ്ട് എന്നാണ് യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കേണ്ടത്. നമ്മുടേത് പോലെ അല്ലാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ മാറ്റി നിര്‍ത്തുകയല്ല എല്ലാവര്‍ക്കും വേണ്ടി എല്ലാമായി തീരുകയാണ് കുര്‍ബാനയുടെ ദൗത്യം.

കൂദാശ ആയ കുര്‍ബാനയെ ആചാരമായി തെറ്റിദ്ധരിക്കുമ്പോഴാണ് രീതികള്‍ പ്രധാനപ്പെട്ടതായി കരുതുന്ന വീഴ്ച നമ്മെ ശല്ല്യം ചെയ്യുക. ഇന്ന് സഭയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള തര്‍ക്കങ്ങളും വിവാദങ്ങളും വാസ്തവത്തില്‍ കുര്‍ബാനയുടെ ആന്തരിക പ്രേരണയോ ആന്തരിക ശക്തിയോ തിരികെ പിടിക്കുന്നതിനുള്ള ശ്രമമല്ല.

നമ്മുടെ രാജ്യത്തില്‍ പല ജീവിതരീതികളിലും ഭാഷകളിലും വിശ്വാസദര്‍ശനങ്ങളിലും ഒന്നിച്ച് ജീവിക്കുന്ന ഐക്യത്തിന്റെ ബലം തകര്‍ക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ ഒരിന്ത്യ ഒരു ഭാഷ, ഒരിന്ത്യ ഒരു മതം, ഒരിന്ത്യ ഒരു സംസ്‌കാരം എന്നിങ്ങനെയുള്ള ആശയങ്ങളെ പ്രയോഗവല്‍ക്കരിക്കുന്നതു പോലെയാണ് ഏകതയുടെ ആശയങ്ങള്‍ തിരുസഭയ്ക്ക് അകത്ത് പ്രയോഗിക്കപ്പെടുന്നത്. പ്രാദേശികവും സാംസ്‌ക്കാരികവുമായ വൈവിധ്യങ്ങള്‍ ആചാരങ്ങളെയും ആരാധനാ രീതികളെയും പലതാക്കിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നത് മതാത്മക ഭാവത്തിന്റെ കടന്നുകയറ്റമാണ്.

വിശ്വാസ സത്തയുടെ കേന്ദ്രത്തിലേക്ക് വൈവിധ്യങ്ങളിലൂടെ അഥവാ വിവിധ വാതിലുകളിലൂടെ പ്രവേശിക്കാന്‍ നമുക്കാകുമ്പോഴാണ് മൗതീകസഭ എന്നയാഥാര്‍ത്ഥ്യം അനുഭവമാകുക. ക്രിസ്തുവില്‍ നവീകരിക്കപ്പെടുകയാണ് നമുക്ക് ആവശ്യം. ആചാരത്താല്‍ പുനരുദ്ധരിക്കപ്പെടുകയല്ല. വീട്ടുകാര്‍ ഐക്യത്തിലാകാന്‍ വീട് പൊളിച്ചു പണിയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

തര്‍ക്കങ്ങളും വിവാദങ്ങളും ജയിക്കാനോ ആരെയെങ്കിലും പരാജയപ്പെടുത്താനോ വേണ്ടിയുള്ളതാകരുത്. സ്വയം പരിശോധിക്കാനും കൂടുതല്‍ മെച്ചമായ വിശ്വാസജീവിതത്തിലേക്ക് പ്രവേശിക്കാനും വേണ്ടിയുള്ളതാകണം. അപരനെ തള്ളി നീക്കിയും കൊന്നു തള്ളിയും അവനവനെ സ്ഥാപിക്കുമ്പോള്‍ ക്രിസ്തുവിനെയാണ് നാം വീണ്ടും കുരിശില്‍ തറയ്ക്കുക.

ചരിത്ര ജീവിതത്തില്‍ തങ്ങളെ അനുഗമിക്കാതെ, തന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്നവരെ വിലക്കാനുള്ള ശിഷ്യന്മാരുടെ താല്പര്യത്തെ ക്രിസ്തു തടയുന്നുണ്ട്. ഒരേ സമയം തന്റെ നാമത്തിലായിരിക്കാനും തനിക്കെതിരായിരിക്കാനും ഒരാള്‍ക്ക് കഴിയില്ലെന്നാണ് ക്രിസ്തു പറയുക.

വിയോജിപ്പുകളും അഭിപ്രായങ്ങളും ഉയര്‍ത്തുന്നവരെ വിമതരായും പിന്നെ സഭാവിരുദ്ധനായും പിന്നെ ശത്രുവായും മുദ്രചാര്‍ത്തുകയാണ് ഇന്നത്തെ രീതി. വിമതനാക്കി അകത്ത് ഒരു കള്ളിക്കകത്ത് ഒതുക്കി, വിരുദ്ധനാക്കി പുറത്തു നിറുത്തി ശത്രുവാക്കി ഇല്ലാതാക്കുന്ന തന്ത്രം ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്നതു തന്നെയാണ്. അഭിപ്രായമെന്നാല്‍ തന്നെ അതിനര്‍ത്ഥം രണ്ടുണ്ടാവുകയാണ്. ഒന്നില്ലാതാക്കുകയല്ല, തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ സത്യത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org