പ്രഘോഷണത്തിലെ ചതിക്കുഴികള്‍

പ്രഘോഷണത്തിലെ ചതിക്കുഴികള്‍

എം.പി. തൃപ്പൂണിത്തുറ

തിരുവചന പ്രഘോഷണം, അതിവൈകാരികതയുടേയും സ്വന്തം തോന്നലുകളുടേയും ആശയങ്ങളുടേയും പ്രകാശനമായിക്കൂടാ. ആത്മാവിനാല്‍ നയിക്കപ്പെടുന്നു എന്ന വാദമുയര്‍ത്തി, തന്നിലൂടെ പരിശുദ്ധാത്മാവാണ് പ്രവര്‍ത്തിക്കുന്നത് എന്ന ധാരണയോടെയും വാദത്തോടെയും ശുശ്രൂഷകര്‍ നടത്തുന്ന പ്രസംഗങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

സത്യവചനമായ ദൈവവചനം നമ്മുടെ അധരത്തിലൂടെയും പേനത്തുമ്പിലൂടെയും പുറത്തേക്ക് വരുമ്പോള്‍, ആത്മാവിന്റെ വെളിപ്പെടുത്തലുകള്‍പോലും മാനുഷികതയുടെ പരിമിതികളെ പേറാനുള്ള സാധ്യതയുണ്ട് എന്നത് വിസ്മരിച്ചുകൂടാ. നാമെന്തു വായിച്ചാലും കേട്ടാലും നമ്മുടെ അറിവ്, ജീവിത പരിസരങ്ങള്‍, ചരിത്ര പരിസരങ്ങള്‍, നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നമ്മുടെ പ്രകാശനങ്ങളെ ബാധിക്കും. എഴുത്തിലാകുമ്പോള്‍ കുറേയേറെ ശ്രദ്ധ അതില്‍നിന്നു പുറത്തുകടക്കാന്‍ നമ്മെ സഹായിക്കും. വാമൊഴിയില്‍ ഉള്ള പ്രത്യേകത, അത് എഴുത്തിനേക്കാള്‍ വേഗമുള്ളതും വിസ്തൃതവുമാണ്. തെറ്റുപറ്റുക കൂടുതല്‍ എളുപ്പം. നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു, നീ എന്ത് വായിക്കുന്നു എന്ന് അവിടുന്ന് ചോദിക്കുന്നതിലും കാര്യമുണ്ട്. വായിക്കുന്നത് എഴുതിയതാണെങ്കിലും വായിക്കുമ്പോള്‍ അവനവന്റെ ശബ്ദത്തില്‍ അകം ശ്രവിക്കുന്നുണ്ട്. 'പശു വെകിളിപിടിച്ചു' എന്നത്, 'പശുവെ കിളിപിടി ച്ചു' എന്നും വായിക്കാം.

ദൈവവചനം പ്രഘോഷിക്കുമ്പോള്‍ അത് വാഗ്‌വിലാസത്തിന്റെ ശക്തികൊണ്ടല്ല, ജീവിതത്തില്‍ വചനം ആഴ്ന്നിറങ്ങിയ അനുഭവം കൊണ്ടാകണം. ജീവിതത്തെ വചനം ഗ്രസിച്ച അനുഭവത്തില്‍നിന്നാണ് വി. പൗലോസ് അത് പ്രഘോഷിക്കുന്നത്. നാം എങ്ങനെയാണെന്ന് ഓരോരുത്തരും വ്യക്തിപരമായി പരിശോധിക്കണമെന്ന് സാരം.

ഇത്രയും പറഞ്ഞത് കേട്ട ഒരു പ്രസംഗത്തിന്റെ വെളിച്ചത്തിലാണ്. പ്രസംഗിക്കുന്നത് വിവരമില്ലാത്ത ഒരാളല്ല. പ്രസിദ്ധനും സിദ്ധനുമായി കണക്കാക്കപ്പെടുന്ന ശുശ്രൂഷകന്‍ ആരെന്ന് വെളിപ്പെടുത്താത്തത് വ്യക്തിപരമായ ഒരു വിമര്‍ശനമോ ആക്ഷേപമോ ശരിയല്ല എന്നതിനാലാണ്. പക്ഷേ, അബദ്ധങ്ങള്‍ പുലമ്പുന്നത്, അറിവില്ലായ്മ കൊണ്ടാകുമ്പോള്‍ പറയാതിരിക്കുന്നത് അതിനേക്കാള്‍ വലിയ അപരാധമാകും.

വചനം പറയുമ്പോള്‍ വചനത്തിലൂടെ കൃപ ഒഴുകും. അത് ശബ്ദമുയര്‍ത്തി പറയണം. ഇപ്രകാരം പറയാന്‍ ഉപദേശിക്കുന്നത് സങ്കീര്‍ത്തനം 121 ആണ്. അങ്ങനെ ശബ്ദമുയര്‍ത്തി ഉറക്കെ അവകാശപ്പെടുത്തി പറയുമ്പോള്‍ വചനം കൃപയൊഴുക്കും. ഇപ്പറഞ്ഞതാണ് പ്രഘോഷണമെന്ന പേരില്‍ നടക്കുന്ന പ്രഹസനത്തിലെ ഒരുപദേശം. പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തിലാണ് ഈ കൃപയുടെ ഒഴുക്ക് ഇരിക്കുന്നതെന്നാണ് ഭാഷ്യം. യഥാര്‍ത്ഥത്തില്‍ കൃപയും സത്യവും യേശുക്രിസ്തുവിലൂടെ ഉണ്ടായി (യോഹ. 1:17) എന്നാണ് തിരുവചനം നമ്മെ പഠിപ്പിക്കുക. മാത്രമല്ല, എന്താണ് കൃപ? അത് നന്മയുടെ ബലഹീനതയിലേക്ക് ദൈവീകത ഒഴുകുന്നതിന്റെ പേരാണ്. അതെങ്ങനെയാണ് സാധ്യമാകുന്നത്? കൃത്യ മായ ഉത്തരം കൊരീന്ത്യര്‍ ലേഖനം പറയുന്നുണ്ട്. അവിടുന്ന് എന്നോട് അരുള്‍ചെയ്തു. നിനക്ക് എന്റെ കൃപമതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാവുക. പഴയ നിയമത്തിന്റെ അര്‍ത്ഥത്തിലല്ല, പുതിയ നിയമം കൃപയെ പ്രഘോഷിക്കുന്നത.്

മാമ്മോദീസാവഴി കൃപയുടെ സമൃദ്ധിയിലേയ്ക്ക് പ്രവേശിച്ചവരാണ് നാം. വചനം ശബ്ദത്തില്‍ ഉറക്കെപ്പറഞ്ഞാല്‍ കൃപ കിട്ടുമെന്നത് ഏത് പ്രബോധനമായാണ് കണക്കാക്കേണ്ടത്? നമ്മിലേക്ക് ശക്തിവരാന്‍ വേണ്ടി ഇതുപോലെ ഏശയ്യ 41:10 ഉറക്കെ വായിക്കാനാണ് പ്രഘോഷകന്‍ പറയുക. ശബ്ദത്തില്‍ പറയുമ്പോഴെ ഈ പ്രവര്‍ത്തനം നടക്കൂ എന്ന് 'പ്രഘോഷകന്‍' പ്രത്യേകം പറയുന്നുണ്ട്. മാത്രമല്ല നാം ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും ഉറക്കെ ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മിസൈല്‍ ആയി ഈ വചനം പ്രവര്‍ത്തിക്കുമത്രേ! ഇതൊക്കെ പറഞ്ഞിട്ട് അദ്ദേഹം പറയുന്നു. അച്ചട്ടാണ് ഈ പറയുന്നത് എന്നാണ്.

'വിട്ടുതരിക' എന്ന വചനം പറയുമ്പോള്‍ പിടിച്ചു വാങ്ങിക്കണം എന്നതാണ് ശുശ്രൂഷകന്‍ പറയുന്നത്. ഏശയ്യ 54:17 പറഞ്ഞുകൊണ്ട് നമുക്കെതിരായവരെ അവിടുന്ന് നശിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇനി ആരാണ് നമുക്കെതിരായവര്‍? അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണമുണ്ട്. മന്ത്രവാദം ചെയ്യുന്നവരാണത്രെ അവര്‍. അച്ചന്മാര്‍ക്കെതിരെ മന്ത്രവാദം നടത്തുന്നവരുണ്ടത്രേ! കുറ ച്ചുകാലം മുമ്പ് ഇദ്ദേഹത്തിലൂടെ തന്നെ കേട്ട ഒരു പ്രഘോഷണത്തില്‍, അച്ചന്മാര്‍ക്ക് വീഴ്ചപറ്റുന്നത് ആളുകള്‍ മന്ത്രവാദം ചെയ്തിട്ടാണെന്ന് പറഞ്ഞതോര്‍ക്കുന്നു. അല്മായനായാലും പുരോഹിതനായാലും അധികാരിയായാലും പറ്റുന്ന വീഴ്ച വ്യക്തിപരമാണ്. അത് തെറ്റും പാപവുമാണ്. അനുതാപമാണ് വേണ്ടത്. പകരം ഇതൊന്നും അറിഞ്ഞുകൊണ്ടല്ല മന്ത്രവാദം കൊണ്ടാണ് ചെയ്തുപോകുന്നത് എന്ന വാദം എത്ര ബാലിശവും ദൈവനിഷേധവുമാണ്? നിന്നെ ഉപദ്രവിക്കാനുണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ലെന്ന് നിനക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ബന്ധിക്കുമെന്നുമാണ് അദ്ദേഹം പറ യുന്നത്. അതിന് ഈ വചനം ഉറക്കെ അവകാശപ്പെട്ടു പറയണമ ത്രേ? വീണ്ടും ജറമിയ 20:11 ഇതുറപ്പിക്കാന്‍ പറയുന്നു. എന്നാല്‍ കര്‍ത്താവ് വീരയോദ്ധാവിനെപ്പോലെ എന്റെ പക്ഷത്തുണ്ട്. അതിനാല്‍ എന്റെ പീഢകര്‍ക്ക് കാലിടറും. നോക്കൂ ഈ രണ്ട് വചനം പറയുമ്പോഴും ശത്രുവിന് കാലിടറുമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. പുതിയ നിയമത്തില്‍ ഈ ശത്രുവായ പിശാചിനെ തോല്‍പ്പിക്കുന്നതിനു മുമ്പ്, നരകകവാടങ്ങള്‍ നിനക്കെതിരെ പ്രബലപ്പെടുകയില്ല എന്നുപറഞ്ഞ ഉറപ്പ് വിസ്മരിക്കപ്പെടുകയാണ്. പിശാചിനെയും അവന്റെ ആഢംബരങ്ങളെയും ഉപേക്ഷിച്ച് ദൈവരാജ്യത്തെ പ്രജയാണ് നാം എന്ന് വിസ്മരിക്കപ്പെടുന്നു. യഥാര്‍ത്ഥ ശത്രുവായ പിശാചിനു പകരം അപരന്‍ ശത്രുവായിത്തീരുകയും ചെയ്യുന്നു. എന്ത് അബദ്ധമാണിത്.

ഇങ്ങനെ മഴ വന്നാല്‍ ആകാശത്തിലേയ്ക്ക് കയ്യുയര്‍ത്തി വെളിപാട് 11:6 പറഞ്ഞാല്‍മതി. മഴ നില്ക്കുമത്രേ? ആകാശം മറയ്ക്കാനുള്ള ആ ശക്തിയും അവകാശപ്പെടുത്തണം എന്നാണ് ഉപദേശം. ഇതൊക്കെ ചെറിയ കാര്യം. ഇനി കടബാധ്യതയോ, ദാരിദ്ര്യമോ വന്നാല്‍ അതിന് വചനമുണ്ട്. ഹഗ്ഗായി 2:7. ഉറക്കെ, വിശ്വാസത്തോടെ പറയണം. അങ്ങനെ പറയുമ്പോള്‍ ജനങ്ങളെ കുലുക്കി സമ്പത്ത് കര്‍ത്താവ് നമ്മുടെ അടുത്തേയ്ക്ക് ഒഴുക്കുമത്രേ! ഇത് വെറുതെ പറയുകയല്ല. അങ്ങനെ ഒരിക്കല്‍ തനിക്ക് 20 ലക്ഷം രൂപ കിട്ടിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മനസ്സിലായില്ലേ, പണത്തിന്റെ കളിയാണ് ഈ ആത്മീയ കച്ചവടമെന്ന്? അങ്ങനെ കിട്ടുമ്പോഴാണത്രേ നമുക്ക് ദൈവത്തെ സ്‌നേഹി ക്കാന്‍ കഴിയുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഇങ്ങനെ 8500 വാഗ്ദാനങ്ങളുണ്ട് വിശുദ്ധ ഗ്രന്ഥത്തില്‍. അവ വായിച്ച് എഴുതിവച്ച് ഉറക്കെ പ്രഖ്യാപിച്ച് അവകാശപ്പെടുത്തുകയേ വേണ്ടൂ എന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ് അച്ചട്ടാണത്രേ. പക്ഷേ വാഗ്ദാനങ്ങള്‍ ഏറ്റുപറയണം. പ്രഖ്യാപിക്കണം അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടും എന്ന് അദ്ദേഹം ഉപദേശിക്കുന്നു. അങ്ങനെ വിശുദ്ധാത്മാക്കളും അപ്പോസ്തലന്മാരും വിഡ്ഢികളായ ദരിദ്രരും ആവഴി പഠിപ്പിച്ച ക്രിസ്തു അബദ്ധവും ആയിത്തീരുന്നു. തികഞ്ഞ സമ്പത്തിന്റെ സുവിശേഷമാണിത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org