വിശ്വാസത്തിന്റെ ലളിത യുക്തി

വിശ്വാസത്തിന്റെ ലളിത യുക്തി

വിശ്വാസം വെളിച്ചത്തിലേക്കുള്ള വഴിയാണ്. നമ്മുടെ ജീവിത ചുറ്റുപാടുകളെ അത് ക്രിസ്തുവില്‍ പ്രകാശിപ്പിക്കണം. ലോകാനുരൂപിയായി ജീവിക്കാനല്ല, ക്രിസ്തു മാര്‍ഗത്തില്‍ നാം യാത്രയാരംഭിച്ചത്. നമ്മില്‍ നിന്നും വിമോചിതരാകാന്‍ വേണ്ട ബലമാണ് സഭാത്മക ജീവിതം നമ്മില്‍ ഉളവാക്കേണ്ടത്.

ജീവിതം ഓരോ മനുഷ്യനെ സംബന്ധിച്ചും നാനാവിധങ്ങളായ പ്രതിസന്ധികളുടെ നടുവിലാണ്. ഒരാള്‍ക്ക് അത് ചുട്ടുപൊള്ളിക്കുന്ന വേനലായിരിക്കുമ്പോള്‍, മറ്റൊരാള്‍ക്ക് അതു മുക്കിക്കൊല്ലുന്ന പെരുവെള്ളമാണ്. വിശപ്പ് ഒരാളെ കാര്‍ന്നുതിന്നുമ്പോള്‍ നഗ്‌നത മറ്റൊരാളെ മരവിപ്പിക്കുന്ന മഞ്ഞിലാഴ്ത്തുന്നു. നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കാന്‍ വിശ്വാസത്തെ കുറുക്കുവഴിയായി കാണുകയാണ് ലോകാനുസാരിയായ യുക്തി. ക്രിസ്തു ബോധം നേര്‍വിപരീതമായ പാതയാണ്. മരം കോച്ചുന്ന തണുപ്പില്‍ കമ്പിളി വസ്ത്രമോ പുതപ്പോ ഇല്ലാത്ത ഫ്രാന്‍സീസിനോട് ഒരാള്‍ ചോദിക്കുന്നു.

'താങ്കള്‍ക്ക് തണുക്കുന്നില്ലേ?'

ഫ്രാന്‍സീസിന്റെ മറുപടി ശ്രദ്ധിക്കൂ..

'അകമെ കനലെരിയുന്നതു കൊണ്ട് പുറമേയുള്ള തണുപ്പ് കാര്യമാകുന്നില്ല...'

മഞ്ഞില്‍ നിന്നു രക്ഷപ്പെടാന്‍ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുന്നില്ല. കമ്പിളിക്കുപ്പായത്തിനായി ദൈവത്തോട് യാചിക്കുന്നില്ല.

വി. പൗലോസിന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ വഴി. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?

ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണ്ണ വിജയം വരിക്കുന്നു (റോമാ 8:35-37).

ജീവിതത്തിന്റെ മുഖത്തു നോക്കി ഇങ്ങനെ പറയാന്‍ കഴിയുമ്പോഴാണ് ലോകത്തെ ജയിച്ചവരായി നാം മാറുക.

പ്രാര്‍ത്ഥിച്ചു കാര്യം നേടാമെന്ന ലളിതയുക്തി ക്രിസ്തുമാര്‍ഗത്തിലേക്കാണോ, ക്രിസ്തുവിരുദ്ധതയിലേക്കാണോ നമ്മെ നയിക്കുന്നത്?

നാം പോലും അറിയാതെ, ലോകാഭിമുഖ്യം നമ്മെ ക്രിസ്തുവില്‍ നിന്ന് അകറ്റുന്നു. ജീവിത പ്രാരാബ്ദങ്ങള്‍ക്കകത്ത് നിലയില്ലാതെ ഉഴറുന്ന സാധാരണക്കാരനെ സംബന്ധിച്ച് ഇതൊരു ബലഹീനതയാണ്. പക്ഷെ, കരുത്തു പകരേണ്ടവര്‍ ഈ ബലഹീനതയെ ചൂഷണം ചെയ്യുമ്പോഴോ? എലിയെ കെണിയില്‍ പെടുത്താന്‍ കെണിക്കകത്തുവയ്ക്കുന്ന ചുട്ട ഉണക്കമീന്‍ പോലെ കാര്യസാധ്യം എന്ന പ്രലോഭനം കാട്ടി വിശ്വാസിയെ വീഴ്ത്തുന്നത് ആരാണ് എന്ന് പരിശോധിക്കാനും തിരുത്താനും സഭാനേതൃത്വത്തിന് കഴിയേണ്ടതല്ലേ? ആരാധനയുടെ രീതിശാസ്ത്രത്തെക്കുറിച്ചും പാരമ്പര്യത്തിന്റെ മഹിമയെക്കുറിച്ചും വാതോരാതെ സംസാരിക്കുകയും വിശ്വാസത്തിന്റെ പുറന്തോടിനെ മൂല്യത്തെക്കാള്‍ ശ്രേഷ്ഠമായി സ്ഥാപിക്കുന്നതും മതയുക്തിയുടെ ഹീന തന്ത്രമാണെന്ന് വിസ്മരിച്ചു കൂട.

നിയമമല്ല, നീതിയാണ് പ്രധാനമെന്ന ഗുരു പാഠം തമസ്‌ക്കരിച്ച് നിയമത്തിന്റെ പ്രയോഗ വഴിയെ മുറുകെ പിടിക്കുന്ന നമുക്ക് ഒരുപക്ഷെ, സ്‌നേഹത്തിന്റെ പതാകയായ കുരിശിനെ അടയാളമായി മാത്രം പേറുന്നതില്‍ സന്ദേഹമുണ്ടാകില്ല. പക്ഷെ, ലോകസമക്ഷം നാം നമ്മെ അവതരിപ്പിക്കുന്നത് ക്രിസ്തു ഘാതകരായിട്ടാണ് എന്ന സത്യം പകല്‍പോലെ വ്യക്തമാണ് എന്നതു മറന്നു കൂട.

നവനാള്‍ കേന്ദ്രങ്ങളും ധ്യാനകേന്ദ്രങ്ങളും കാര്യസാധ്യത്തിന്റെ മധുരം പുരട്ടി ആളെ കൂട്ടുമ്പോള്‍ ആ കേന്ദ്രങ്ങള്‍ വളര്‍ന്നേക്കാം. ആള്‍ദൈവങ്ങളും. പക്ഷെ, ക്രിസ്തുവിലുള്ള ജീവിതത്തെ ക്ഷയിപ്പിക്കുന്ന ഇത്തരം പ്രതിലോമകരമായ അന്ധവിശ്വാസങ്ങള്‍ തിരുസഭയെയും, ആ വിളക്കിന്റെ പ്രകാശത്തില്‍ രക്ഷയിലേക്ക് നയിക്കപ്പെടേണ്ട വര്‍ത്തമാനകാല മനുഷ്യകുലത്തെയും എവിടേക്കാണ് നയിക്കുന്നതെന്ന് തിരിച്ചറിയാതെ പോകരുത്.

ജീവിത പ്രതിസന്ധികളെ അതിജീവിക്കാന്‍ രണ്ടു വഴികളാണ് ക്രിസ്തുവില്‍ നമുക്കുള്ളത്. ഒന്ന് അധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും വഴിയാണ്. രണ്ട് ആ വഴിയില്‍ മുന്നേറാന്‍ ക്രിസ്തുവിലുള്ള ആശ്രയബോധമാണ്. ആദ്യത്തെ വഴിയേ ചരിക്കുമ്പോള്‍ നാം തളര്‍ന്നു പോയേക്കാം. അതിലൂടെ നേടുന്ന വിജയം അഹങ്കാരത്തിലും സ്വാര്‍ത്ഥത്തിലും തളയ്ക്കപ്പെട്ടേക്കാം. ആ വഴിയുടെ അകപ്പൊരുളായി രണ്ടാമത്തെ വഴിയില്‍ പുരോഗമിക്കുമ്പോള്‍, ആത്മവിശ്വാസം ക്രിസ്തു കേന്ദ്രീകൃതമാകുമ്പോള്‍ വീഴാതെ മുന്നേറാനും പതറിപ്പോകാതിരിക്കാനും നമുക്കാകും. ഒപ്പം അഹങ്കാരത്തിലും സ്വാര്‍ത്ഥത്തിലും പതിയിരിക്കുന്ന അനീതിയുടെ അഗ്‌നിയില്‍പ്പെടാതെ അപരോന്മുഖമായി ഉപവിയുടെ ജീവിതത്തിലൂടെ രക്ഷാനുഭവത്തിലേക്ക് നമുക്ക് പ്രവേശിക്കാനുമാകും.

ഇത്ര ആഴ്ചകളില്‍ വിശുദ്ധരെ വണങ്ങിയാല്‍ അത്ഭുതം സംഭവിക്കുമെന്നും, ധ്യാനം കൂടി മാനസാന്തരപ്പെട്ടാല്‍ കാര്യം നടക്കുമെന്നും, ഉടമ്പടിയെടുത്ത് ഉടനടി പരിഹാരം നേടാമെന്നതും പാപം ഏറ്റുപറഞ്ഞ് കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കഷ്ടത നീങ്ങും എന്നു പഠിപ്പിക്കുന്നതും കൂടു തുറന്ന് കുര്‍ബാന ചൊല്ലിച്ചാല്‍ ജീവിതത്തിന്റെ തടസ്സം നീങ്ങുമെന്നതും വിശ്വാസിയുടെ നേരെ നീട്ടപ്പെടുന്ന വഞ്ചനയുടെ വാഗ്ദാനങ്ങള്‍ മാത്രമാണ്.

കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുമെന്ന തിരുവചനത്തിന്റെ നേര്‍വഴി, ദൗര്‍ഭാഗ്യമെന്നു പറയട്ടെ നാം കൈവിട്ടിരിക്കുന്നു.

ജീവിതത്തെ ക്രിസ്ത്വാനുഭവത്തിന്റെ പ്രയോഗ തലമായി തിരിച്ചറിയാന്‍ മിഴിവട്ടത്തെ ക്രിസ്തു മൊഴികളുടെ പ്രകാശത്തില്‍ കാണാനും സ്വീകരിക്കാനും നമുക്ക് കഴിയണം.

ക്രിസ്തുവിലുള്ള തിരിച്ചറിവിന്റെ ആന്തരികബലത്തെ ക്ഷയിപ്പിക്കുന്ന അന്ധതയെ വിശ്വാസത്തിന്റെ ലളിതയുക്തിയായി കാണുന്ന മനോനില പ്രോത്സാഹിപ്പിക്കപ്പെട്ടു കൂടാ. കാര്യസാധ്യമെന്ന അപ്പക്കഷണം കാട്ടി ദുര്‍ബലരാക്കി, വിശ്വാസികളെ ക്രിസ്തുവിന്റെ മാര്‍ഗത്തിലൂടെ നയിക്കാമെന്ന വ്യാമോഹം നാം എത്ര വേഗം ഉപേക്ഷിക്കുന്നുവോ അത്രയും വേഗത്തിലും ശക്തിയിലും വിശ്വാസത്തിന്റെ ബലം ലോകത്തില്‍ സുവിശേഷ മാര്‍ഗമായി വെളിവാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org