സ്വയം സ്‌നേഹ സിദ്ധാന്തം

സ്വയം സ്‌നേഹ സിദ്ധാന്തം

നടക്കുന്ന വഴിയെ സംബന്ധിച്ച് വ്യക്തമായ ധാരണ നമുക്കി ല്ലാതെ പോയാല്‍ നമ്മുടെ യാത്ര എത്തിച്ചേരുന്നത് ലക്ഷ്യത്തി ലാകില്ല. വിശ്വാസജീവിതം ഒരു യാത്രയാണ്. വചനമാകുന്ന ക്രിസ്തുവിനെ മനസ്സിലാക്കുന്നതില്‍ നമുക്കു സംഭവിക്കുന്ന പാളി ച്ചകള്‍ ക്രിസ്തുവിന് എതിര്‍ദിശയിലേക്ക് നമ്മെ കൊണ്ടുപോകും. മുന്നിലുള്ള മിഴിവട്ടത്തിലല്ല അവനാകുന്ന മൊഴിവെട്ടത്തിലാവ ണം നമ്മുടെ ചുവടുകള്‍. നിരന്തരമായ സ്വയം പരിശോധനയിലൂടെ മാത്രമെ ലോകത്തിന്റെ വഴിയിലേക്കുള്ള നമ്മുടെ തെന്നിമാറലു കള്‍ തിരിച്ചറിയാന്‍ നമുക്കു കഴിയൂ.

വിശ്വാസം നേരിടുന്ന വെല്ലുവിളികളെകുറിച്ച് നാം പലപ്പോഴും ശ്രദ്ധാലുക്കളാണ്. പക്ഷെ, അത് പുറമെ നിന്ന് വരുന്നതാണെന്നാ ണ് നമ്മുടെ വിചാരം. ശത്രു പുറത്താണെന്ന് നാം കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ ഇല്ലാത്ത ശത്രുവിനെ കുറിച്ചുള്ള കഥകള്‍ മെനയാനും നാം വഴി കണ്ടെത്തുന്നു. കുട്ടി കളെ അഞ്ചുകണ്ണനെക്കുറിച്ച് ഭയപ്പെടുത്തുന്നതു പോലെ മറ്റു മത വിശ്വാസികള്‍ നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇത്തരം കഥകള്‍ വിശ്വാസികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ക്രിസ്തുമാര്‍ഗ്ഗത്തെ ഒരു ബലപ്രയോഗം കൊണ്ട് തകര്‍ക്കാനാവില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. മതപീഡനങ്ങളെയും കൊലപാതകങ്ങളെയും വളര്‍ച്ചയുടെ പാതയായാണ് തിരുസഭ സ്വീകരിച്ചത്. രക്തസാക്ഷികളുടെ പാത വിശ്വാസവളര്‍ച്ചയുടെ മുന്നേറ്റത്തിനാണ് കാരണമായിത്തീര്‍ന്നതെന്ന ചരിത്രപാഠം നമ്മുടെ മുന്നിലുണ്ട്. നരക കവാടങ്ങള്‍ സഭയ്‌െക്കതിരെ പ്രബലപ്പെടുകയില്ല എന്ന ഗുരുമൊഴിയുടെ തെളിമ അതിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്.

പിന്നെ എന്തായിരിക്കും നമ്മുടെ മുന്നിലെ വെല്ലുവിളി? തീയില്‍ കുരുത്ത നമുക്ക് വെയിലല്ല, തണലെന്ന് തോന്നുന്ന സുഖേച്ഛകളുടെ തലോടലാണ് അപചയകാരണമായി മാറുക. മര്‍ക്കടന്റെ ഇറുകിയ കൈവിടര്‍ത്താന്‍ ബലപ്രയോഗത്തെക്കാള്‍ നല്ലത് ഇക്കിളിയാണെന്ന് ലോകത്തിന് നന്നായറിയാം. നാം ശ്രദ്ധിക്കേണ്ടത് അതിനെയാണ്.

ലോകത്തിന്റെ വഴിയിലൂടെ ചരിക്കുക ക്രിസ്തുശിഷ്യന് സാധ്യമല്ല. ക്രിസ്തുമാര്‍ഗ്ഗത്തില്‍ പുരോഗമിക്കാന്‍ ലോക പാത വെടിയണം. ലോകത്തുനിന്നും സാധാരണ ജീവിതത്തില്‍ നിന്നും ഒളിച്ചോടലല്ലത്. നിലപാടുകള്‍ ക്രിസ്തു ധര്‍മ്മത്തില്‍ ഉറപ്പിച്ച് ലോക മദ്ധ്യത്തില്‍ നാം പ്രകാശിക്കണം. ലോകത്തിന്റെ വഴിയുമായി ക്രിസ്തു അനുഗമനത്തിന്റെ ചുവടുകളെ ചേര്‍ത്തു വയ്ക്കരുതെന്ന് സാരം. ലോകത്തിന്റെ നീതിസൂക്തങ്ങള്‍ സാമാന്യതയും ക്രിസ്തുവിന്റെ നീതി അതിനെ ലംഘിക്കുന്നതുമാണ്. ക്രിസ്തുവിന്റെ നീതിയെ ജീവിത ദര്‍ശനമാക്കിയാണ് അതു സാധ്യമാക്കേണ്ടത്.

ലോകത്തെ ക്രിസ്തുബോധത്തില്‍ സ്‌നാനപ്പെടുത്തുക എന്ന ധര്‍മ്മത്തിനു പകരം ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് ലോകയുക്തിയെ കടത്തിക്കൊണ്ട് ക്രിസ്തു ധര്‍മ്മത്തെ ലോകാനുരൂപമാക്കാനുള്ള ശ്രമങ്ങള്‍ അറിഞ്ഞും അറിയാതെയും ഒളിഞ്ഞും തെളിഞ്ഞും വിശ്വാസവഴിയില്‍ നമുക്കു കാണാം. പെട്ടെന്നുള്ള കാഴ്ചയില്‍ വിശാസത്തിനു ചേര്‍ന്നതെന്ന് തോന്നുന്നവ പോലും നമ്മെ ക്രിസ്തുവിന്റെ എതിര്‍ ദിശയിലേക്ക് നയിച്ചേക്കാം.

ക്രിസ്തു പഠിപ്പിക്കുന്നത് സ്‌നേഹിക്കാനാണ്. ഒറ്റവാക്കില്‍ ഇതിനെ കാണുകയോ വ്യഖ്യാനിക്കുകയോ ചെയ്താല്‍ പിഴവു പറ്റാന്‍ എളുപ്പമുണ്ട്. പരസ്പരം സ്‌നേഹിക്കണമെന്ന് അവിടുന്നു പഠിപ്പിക്കുമ്പോള്‍, എന്താണ് ക്രിസ്തുവില്‍ വെളിപ്പെട്ട സ്‌നേഹം എന്നുകൂടി നാം പരിശോധിക്കണം. അവിടുത്തെ സ്‌നേഹം ഒരു ത്യാഗാര്‍പ്പണമാണ്. അതുകൊണ്ട് സ്‌നേഹിതര്‍ക്കുവേണ്ടി സ്വയമര്‍പ്പിക്കുന്നതാണ് സ്‌നേഹമെന്ന് പറയുകയും കുരിശിലെ അര്‍പ്പണം കൊണ്ട് അതു സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ടവിടുന്ന്.

യഥാര്‍ത്ഥ സ്‌നേഹം ഒരു മരണമാണ്. അവനവനുപേക്ഷയാണ്. അതിലൂടെ മാത്രമെ ക്രിസ്തുവിനെ നമുക്ക് നമ്മില്‍ സാക്ഷാത്കരിക്കാനാകൂ. അപരന് ക്രിസ്തുവിനെ പ്രതി നാം ചെയ്യുന്ന ജീവാര്‍പ്പണത്തിലൂടെ മാത്രമെ നമുക്ക് ക്രിസ്തുവില്‍ പിതാവിനുള്ള ആരാധനയായി മാറാനാകൂ. ഓരോ ദിവ്യബലിയര്‍പ്പണവും നമ്മെ വിളിക്കുന്നത് ഇതിലേക്കു തന്നെയാണ്.

ലോകതത്വങ്ങള്‍ സാധാരണ നിലയില്‍ നമുക്ക് പ്രിയംകരങ്ങളായിരിക്കും. കാരണം അവ മാനുഷികതയ്ക്ക് അനുകൂലമായി പ്രവൃത്തിക്കുന്നവയായിരിക്കും. അതിനെതിരായവയെ എതിര്‍ക്കുമ്പോഴും, അതിലംഘിക്കുന്ന ഒന്നിനെ നാമൊരിക്കലും അംഗീകരിക്കില്ല. നീതിയെക്കുറിച്ച് പറയുമ്പോള്‍ അര്‍ഹമായത് അര്‍ഹരായവര്‍ക്ക് നല്‍കുന്ന സമാന്യതയെയാണ് നാം അംഗീകരിക്കുക. അതു നിഷേധിക്കപ്പെടുന്നത് എതിര്‍ക്കുന്നത് നീതിക്കുവേണ്ടിയുള്ള സ്വരമായി കണക്കാക്കുമ്പോഴും ദുഷ്ടന്റെ മേലും ശിഷ്ടന്റെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടേയും നീതിരഹിതരുടേയും മേല്‍ മഴപെയ്യിക്കുകയും ചെയ്യുന്ന ദൈവനീതിയോട് നാം മുഖം തിരിക്കും.

സ്‌നേഹത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ പാടുമ്പോഴും സ്‌നേഹിതര്‍ക്കുവേണ്ടി മരിച്ച് മനുഷ്യപ്രകൃതത്തിന്റെ പിടിയില്‍ നിന്ന് ക്രിസ്തുഭാവത്തിലേക്ക് പ്രവേശിക്കാന്‍ നാമൊരുക്കമല്ല. വാസ്തവത്തില്‍ ദൈവത്തിന്റെ ഭാവം സ്വയംദാനത്തിന്റേതാണ്. സ്‌നേഹത്തിന്റെയും അതുതന്നെ. അങ്ങനെ സ്വയം ഇല്ലാതായിത്തീരുകയാണ് ജീവന്‍ നേടാന്‍ ആവശ്യമായിട്ടുള്ളത് എന്നാണ് ഗുരുപാഠം.

ക്രിസ്തുബോധത്തിന്റെ ഈ പരമാര്‍ത്ഥത്തെ സ്വാര്‍ത്ഥത്തിന്റെ വഴിയില്‍ തളയ്ക്കാനാണ് ലോകം ശ്രമിക്കുക. അവനവനെ സ്‌നേഹിക്കാത്തവന് അപരനെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നത് ലോക തത്വമാണ്. അതിനു യുക്തിയായി കൈവശമില്ലാത്തത് നമുക്കെങ്ങനെയാണ് മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുക എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. ക്രിസ്തുവാണ് യഥാര്‍ത്ഥ സ്‌നേഹമെന്നും അവിടുന്ന് എനിക്കുവേണ്ടി മരിച്ചുവെന്നുമുള്ള അറിവില്‍ നിന്ന് സ്‌നേഹം എന്തെന്നു മനസ്സിലാക്കാന്‍ ഉള്ളുതുറക്കപ്പെട്ടാല്‍ അപരന്‍ നമ്മെ സ്‌നേഹിക്കണമെന്ന സ്വാര്‍ത്ഥത്തിന്റെ ദുശാഠ്യത്തെ നമുക്ക് ഉപേക്ഷിക്കാനാകും.

നിങ്ങളെല്ലാം ഉപേക്ഷിച്ചാലും എന്റെ പിതാവ് എന്റെ കൂടെയുണ്ട് എന്ന ക്രിസ്തുബോധമാണ് സ്വയമുക്ഷേിച്ച് മനുഷ്യകുലത്തിനു വേണ്ടി ബലിയാകാന്‍ യേശുവിനു കരുത്താകുന്നത്. സ്വര്‍ണ്ണമോ വെള്ളിയോ എന്റെ പക്കലില്ല. എനിക്കുള്ളത് ഞാന്‍ നിനക്കു തരുന്നു എന്ന് പത്രോസ് പറയുന്നത് ഉള്ളില്‍ നിറഞ്ഞുകവിയുന്ന ക്രിസ്തു സ്‌നേഹം അനുഭവിച്ചുകൊണ്ടാണ്.

അതിനു പകരം, നാം നമ്മെ ആദ്യം സ്‌നേഹിക്കണമെന്നും, അഥവാ മറ്റു മനുഷ്യരാല്‍ സ്‌നേഹിക്കപ്പെടണമെന്നും, അപ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയൂ എന്നുമുള്ള വാദം സ്വയം സ്‌നേഹസിദ്ധാന്തമാണ്. അത് സ്വാര്‍ത്ഥം തന്നെയാണ്, അതു ക്രിസ്തു വിരുദ്ധവുമാണ്.

നാം പോലുമറിയാതെ നമ്മെ പിടികൂടുന്ന ഇത്തരം തത്വബോധങ്ങള്‍ വ്യര്‍ത്ഥതയിലേക്കും വിശ്വാസരാഹിത്യത്തിലേക്കുമാണ് നമ്മെ തള്ളിയിടുന്നത്. ഈ തിരിച്ചറിവോടെ ക്രിസ്തുവാകുന്ന മൊഴിവിളക്കിന്റെ പ്രകാശത്തില്‍ നമുക്ക് വ്യാപരിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org