
വിശ്വാസത്തിന്റെ ആഘോഷമായ കൂദാശകള്‍ അപരത്വത്തില്‍ നിന്ന് വേര്‍തിരിക്കുന്ന സത്യബോധത്തിന്റെ അടയാളങ്ങളായി മനസ്സിലാക്കിയാല്‍ അവ കേവലാചാരവും അസഹിഷ്ണുത ഉത്പാദിപ്പിക്കുന്ന അന്ധതയുമായി മാറും. ഈ അന്ധതയാണ് ദൈവത്തെ കാര്യസാധ്യത്തിനുള്ള ഉപകരണമായും, സാമുദായിക ബോധത്തിനുള്ള കാരണമായും തരംതാഴ്ത്തുന്നത്.
എം.പി. തൃപ്പൂണിത്തുറ
അന്ധവിശ്വാസത്തേക്കാള്‍, വിശ്വാസാന്ധത പ്രബലമായ കാലത്താണ് നാം ജീവിക്കുന്നത്. ഒരു തരത്തില്‍ അവ തമ്മില്‍ വേര്‍തിരിക്കാനാകാത്ത ബന്ധവുമുണ്ട്. വിശ്വാസാന്ധത എല്ലാവിധ അന്ധവി ശ്വാസങ്ങളിലേക്കും നമ്മെ നയിക്കും.
എന്താണ് നമ്മുടെ വിശ്വാസത്തിന്റെ മാനദണ്ഡം? ആചാരമാണോ അതോ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രക്രിയാപരമായി ഇടപെടുന്ന ക്രിസ്തുബോധമാണോ? ആചാരമാണ് മാനദണ്ഡമെങ്കില്‍ ക്രിസ്തു നിലനില്‍ക്കില്ല. ക്രിസ്തു സമസ്തത്തെയും ഉള്‍ക്കൊള്ളുന്ന ദൈവബോധമാണ്. ആചാരം അളവുകോലായാല്‍ അതിനു പുറത്തുള്ളവരെ അതു നിര്‍മ്മിക്കും. പുറത്തുള്ളവരോട് അത് അസഹിഷ്ണുത പുലര്‍ത്തും.
യഹൂദമതം ദൈവത്തെ തങ്ങളുടേതു മാത്രമായും തങ്ങളുടെ ആചാരത്തിനകത്തുള്ളവരെ മാത്രം ദൈവജനമായും കരുതി. പുറത്തുള്ളവരെ വിജാതീയരായി വിഭജിച്ചു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിശ്വാസത്തെ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലായിട്ടാണ് പ്രഖ്യാപിച്ചത്. അതുകൊണ്ട് ക്രിസ്തു മാര്‍ഗം ആചാരലംഘനങ്ങളുടേതും, ദൈവത്തെ പിതാവായി അവതരിപ്പിക്കുന്നതുമായിരുന്നു. തന്റെ പിതാവ് സകലരുടെയും പിതാവാണെന്നു എല്ലാവരും ദൈവങ്ങളാണെന്നും ക്രിസ്തു പഠിപ്പിച്ചു. തന്നെ സ്വീകരിക്കുന്നവര്‍ക്കെല്ലാം, തന്നില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് വളരാനാകുമെന്ന ക്രിസ്തുപാഠം വി. യോഹന്നാന്‍ സുവിശേഷത്തില്‍ കുറിക്കുന്നുണ്ട്. ദുഷ്ടനും ശിഷ്ടനും, നീതിമാനും നീതിരഹിതനും എന്ന പരസ്പര വൈരുദ്ധ്യാവസ്ഥകളുടെമേല്‍ ഒരേ വിധം കാരുണ്യം വര്‍ഷിക്കുന്ന പിതാവായി ദൈവത്തെ തന്നില്‍ പരിഭാഷപ്പെടുത്തുകയാണ് ക്രിസ്തു.
വിശ്വാസത്തിന്റെ മാനദണ്ഡമായി അകമെ വസിക്കുന്ന ക്രിസ്തുബോധം നമ്മില്‍ നിലനില്ക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്ന് വി. പൗലോസ് പറയുന്നു. ക്രിസ്തുവിനെ ജീവിതത്തില്‍ പ്രക്രിയാപരമായ ഇടപെടലായി തിരിച്ചറിഞ്ഞും പകര്‍ന്നു നല്‍കിയും ജീവിക്കുമ്പോഴാണ് വിശ്വാസ പ്രഘോഷണമായി നമ്മുടെ ജീവിതം മാറുക. വിശ്വാസമെന്ന ഈ ജീവധാരയെ ആചാരപരമായ മതിലുകള്‍ക്കകത്ത് അടച്ചുവയ്ക്കാനാണ് ഈ ആധുനിക കാലത്തും നാം ശ്രമിക്കുന്നതെങ്കില്‍ അത് അന്ധവും അധമവും ക്രിസ്തു വിരുദ്ധവുമാണെന്നതില്‍ സംശയം വേണ്ട.
വിശ്വാസത്തിന്റെ ആഘോഷമായ കൂദാശകള്‍ അപരത്വത്തില്‍ നിന്ന് വേര്‍തിരിക്കുന്ന സത്യബോധത്തിന്റെ അടയാളങ്ങളായി മനസ്സിലാക്കിയാല്‍ അവ കേവലാചാരവും അസഹിഷ്ണുത ഉത്പാദിപ്പിക്കുന്ന അന്ധതയുമായി മാറും. ഈ അന്ധതയാണ് ദൈവത്തെ കാര്യസാധ്യത്തിനുള്ള ഉപകരണമായും, സാമുദായിക ബോധത്തിനുള്ള കാരണമായും തരംതാഴ്ത്തുന്നത്.
ക്രിസ്തുവാകുന്ന ജ്ഞാനത്തില്‍ സ്‌നാനപ്പെടുക എന്നത് ജീവിതം ക്രിസ്തുവില്‍ അപരര്‍ക്കുവേണ്ടി യായിത്തീരുക വഴി താനെന്ന ബോധത്തില്‍ നിന്ന് പുറത്തു കടന്ന് അപരോന്മുഖമായ ജീവാര്‍പ്പണത്തിന്റെ ജീവിതം നയിക്കാനുള്ള പ്രക്രിയയിലേക്ക് സ്വയം എടുത്തുവയ്ക്കുന്നതിന്റെ അനുഭവതലമായി തിരിച്ചറിയാതെ പോയാല്‍, അത് വേര്‍തിരിവിന്റെയും അസഹിഷ്ണുതയുടെയും മൗലികവാദ ചിന്തയുടെയും അന്ധതയിലേക്ക് നമ്മെ നയിക്കും. അത് അപരത്വത്തെ മതങ്ങളുടെയും ജാതിയുടെയും പേരില്‍ അപരരെ പുറന്തള്ളുന്നവരാക്കി നമ്മെ മാറ്റും. ഇങ്ങനെ വിദ്വേഷചിന്ത ക്രിസ്തുവിരുദ്ധമാണെന്നു മനസ്സിലാക്കാതെ പോയതിന്റെ അടയാളങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഒരാള്‍ ദൈവത്തിന്റേതാണെന്ന് എത്രത്തോളം വിശ്വസിക്കുന്നുവോ, അത്രത്തോളം തന്നെ അപരരും ദൈവത്തിന്റേതാണെന്നും, അതിലുമുപരി ക്രിസ്തുതന്നെയാണെന്നും ബോധമുണ്ടാകുമ്പോഴാണ് വിവേചനങ്ങളുടെ കന്മതില്‍ തകര്‍ന്നു വീഴുക. ക്രിസ്തുവിനെ പ്രതി അപരര്‍ക്കുവേണ്ടി ക്രിസ്തുവില്‍ ജീവാര്‍പ്പണം ചെയ്യുകയാണ് നിയോഗമെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുമ്പോഴാണ് വിശ്വാസം ധാര്‍മ്മികതയുടെ പ്രയോഗവഴിയായി മാറുക.
ദൈവത്തില്‍ വിശ്വസിക്കുന്നുവോ? എന്ന്, ഒരു വിശ്വാസിയോട് ചോദിച്ചാല്‍ നിശ്ചയമായും ഉണ്ട് എന്ന ഉത്തരമാകും ലഭിക്കുക. ദൈവത്തില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്ന ചോദ്യം ആവര്‍ത്തിച്ചാല്‍, വിശ്വാസം വഴി എല്ലാം സാധ്യമാണെന്നോ, അവിടുന്ന് തന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണെന്നോ, അവിടുന്ന് കരുതുന്നവനാണെന്നോ, അവിടുന്ന് സമീപസ്ഥനാണെന്നോ, പ്രാര്‍ത്ഥിച്ചാല്‍ അസാധ്യങ്ങള്‍ സാധിച്ചു തരുമെന്നോ ഒക്കെയുള്ള ഉത്തരങ്ങളാണ് ലഭിക്കുക. ഇതെല്ലാം മതവിശ്വാസികളായവരുടെ ഉത്തരങ്ങളാണ്. ക്രിസ്തുവില്‍ വിശ്വസിക്കുക വഴി, താന്‍ തന്റേതല്ലെന്നും തനിക്കുള്ളവയും താനും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതാണെന്നുമുള്ള സത്യബോധത്തിലേക്ക് നാം എത്തിയിട്ടേയില്ല, എന്നാണതിന്റെ അര്‍ത്ഥം. അഥവാ ക്രിസ്തുവില്‍ മാനുഷികതയിലേക്ക് പരിഭാഷപ്പെട്ട സ്‌നേഹമാകുന്ന ദൈവത്തെ നാം തിരിച്ചറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നു സാരം.
വാസ്തവത്തില്‍ ഈ അജ്ഞതയും അവിശ്വാസവും ആചാരങ്ങളെ മറയാക്കിയുള്ള ജീവിതബോധത്തിലേക്ക് നമ്മെ നയിക്കുന്നു. എല്ലാ അന്ധവിശ്വാസങ്ങളുടെയും ഉറവിടം ഈ അജ്ഞതയാണ്. ചോദിച്ചാല്‍ എന്തും തരാന്‍ കഴിവുള്ളവനാണ് ദൈവമെന്ന മൂര്‍ത്തീ സങ്കല്പത്തില്‍ നിന്ന്, തന്റെ ഏകജാതനെപ്പോലും ഒഴിവാക്കാതെ സമസ്തവും മനുഷ്യകുലത്തിന്റെ വിമോചനത്തിനായി നല്‍കിയ പരമ സ്‌നേഹമായ ദൈവത്തെ അനുഭവിക്കാന്‍ കഴിയാതെ പോകുമ്പോഴാണ് നമ്മുടെ താല്ക്കാലിക ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്ന അത്ഭു ത പ്രാര്‍ത്ഥനകളിലേക്കും, അത്ഭുത കേന്ദ്രങ്ങളിലേ ക്കും അന്ധത നമ്മെ ആട്ടിത്തെളിക്കുന്നത്.
തിരുസഭ തന്റെ ഔദ്യോഗിക പ്രബോധനങ്ങളില്‍ ഒന്നില്‍പ്പോലും പഠിപ്പിക്കാത്ത, കാര്യസാധ്യത്തിനുള്ള കുറുക്കുവഴിയാണ് പ്രാര്‍ത്ഥനയെന്ന അധമബോധം നൂറില്‍ തൊണ്ണൂറ്റിയൊന്‍പതു വിശ്വാസികളെയും വഞ്ചിക്കുന്നത് നാം തിരിച്ചറിയുന്നേയില്ല. വിശ്വാസ ജീവിതം നയിക്കാന്‍ സ്വന്തം ജീവിതം കൊണ്ട് മാതൃക യായ പരിശുദ്ധ അമ്മയെയും വിശുദ്ധരെയും തന്‍കാര്യ ലാഭത്തിനുള്ള മൂര്‍ത്തികളായി തെറ്റിദ്ധരിപ്പിച്ചും, തെറ്റി ദ്ധരിച്ചും, വിശുദ്ധ ജീവിതവഴിയെ പുറന്തള്ളി ക്രിസ്തു വിനെതിരായി ജീവിക്കുന്നവരാക്കി നമ്മെ രൂപപ്പെടു ത്തുകയാണ്. അങ്ങനെയാണ് കുരുക്കഴിക്കുന്ന മാതാവും ഉറങ്ങുന്ന യൗസേപ്പിതാവും നവനാള്‍ കൂടിയാല്‍ കാര്യം നടത്തിത്തരുന്ന വിശുദ്ധരും വിശ്വാസ ജീവിത വഴിയില്‍ കൂടാരമടിക്കുന്നത്. അതിന്റെ തുടര്‍ച്ചയിലാണ് ധ്യാനകേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകുമെന്ന പ്രചാരവേല ശക്തിപ്പെടുന്നതും.
മൂന്ന് ദിവസം തുടര്‍ച്ചയായി ദൈവവചനമായ ക്രിസ്തുവിനെ ശ്രവിച്ചാല്‍ ദണ്ഡവിമോചനം തിരുസഭ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, ധ്യാനം കൂടിയാല്‍ കടം മാറുമെന്നും, കല്യാണം നടക്കുമെന്നും, കുഞ്ഞുണ്ടാകുമെന്നും, രോഗം മാറുമെന്നും, സമ്പത്തുണ്ടാകുമെന്നും, നമ്മുടെ ആഗ്രഹങ്ങളെയും, ഇല്ല വല്ലായ്മകളെയും, വേവലാതികളെയും അവസരമാക്കി നടത്തുന്ന ക്രൈസ്തവ വിരുദ്ധമായ പ്രചരണങ്ങളും സഭയുടെ അടിസ്ഥാന ബോധ്യങ്ങളെ ചോദ്യം ചെയ്യുന്നവയാണെന്ന കാര്യം നാം അറിയുന്നേയില്ല.
ജറുസലേം ദേവാലയത്തിന്റെ വിനാശം പ്രവചിക്കുന്നതിലൂടെ ദൈവം ഇടത്തില്‍ വസിക്കുന്നവനല്ല, നമുക്കിടയില്‍ വസിക്കുന്നവനാണ് എന്നു പഠിപ്പിച്ച ക്രിസ്തുവിനെ തള്ളി മാറ്റി, ഇവിടമാണ് രക്ഷാകേന്ദ്രമെന്ന് പഠിപ്പിക്കാന്‍ ഇടയന്മാര്‍ പോലും തയ്യാറാകുന്നത് വിശ്വാസത്തില്‍ വന്നിട്ടുള്ള വീഴ്ചയുടെ അടയാളമാണ്. ഇതുവഴി കൂട്ടായ്മയുടെ ബന്ധത്തില്‍ നിന്ന്, ആള്‍ക്കൂട്ടങ്ങളായി വിശ്വാസികള്‍ അധഃപ്പതിക്കുന്നു.
വിശ്വാസത്തിന്റെ ആഘോഷമായ കുര്‍ബാന, കൂട്ടായ്മയുടേയും, പങ്കുവയ്പിന്റെ ജീവിതത്തിലേക്കുള്ള വഴിയുമാണെന്നത് കാണാതെ പോകുന്നു. തങ്ങളിലും തങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ തിരിച്ച റിഞ്ഞ് സ്വയാര്‍പ്പണം വഴി അനുഭവിക്കാനും, തുടര്‍ജീവിതത്തില്‍ തങ്ങളെ പകുത്തുവിളമ്പാനുള്ള പാഠമാണെന്നും മറന്ന് ദൈവപ്രീതിക്കുള്ള ഒരു പൂജയോ അനുഷ്ഠാനമോ മാത്രമായി കുര്‍ബാന പരി ഗണിക്കപ്പെടുന്നു. അതില്‍ നിന്നല്ലേ, ക്രിസ്തുവിന്റെ യാഗാര്‍പ്പണത്തോട് ജീവിതത്തെ ചേര്‍ത്തുവയ്ക്കുന്ന കുര്‍ബാന ആരാധനാക്രമ സംബന്ധിയായ ഒരു തര്‍ക്കവിഷയമായി മാറുന്നതു പോലും. കുര്‍ ബാന ആചാരമായി മാറുകയും, ആചാരരീതികള്‍ അവസാന വാ ക്കും, അസഹിഷ്ണുതയുടെ കാരണവുമായി മാറുന്നത് പണ്ടുമുത ലേ ഞങ്ങള്‍ ഇങ്ങനെയായിരുന്നു എന്ന വാദത്തിലുറച്ചാണ്. അങ്ങ നെ കുര്‍ബാന ആചാരവല്‍ക്കരിക്കപ്പെടുന്നതിലൂടെ, വിശ്വാസത്തിന്റെ കാതലായ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ആ ഘോഷമെന്ന യാഥാര്‍ത്ഥ്യം നാം മറന്നു പോകുന്നു.
പണ്ട് മനുഷ്യകുലത്തിന്റെ ചരിത്രവഴിയില്‍, വിവിധ മതബോധങ്ങളില്‍ ജീവിച്ചിരുന്നവര്‍ കിഴക്കു നോക്കിയാണ് പ്രാര്‍ത്ഥിച്ചിരുന്നത്. വിശ്വാസികളും ആദ്യകാലങ്ങളില്‍ അങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു. ഏറെ കഴിഞ്ഞാണ് മധ്യേവസിക്കുന്നവനായ ക്രിസ്തുവിനെ നാം കൂടുതല്‍ മനസ്സിലാക്കിയത്. അപ്പോള്‍ ദിക്ക് അപ്രസക്തമാവുകയും നമുക്കിടയിലെ ജീവിതമാണ് കുര്‍ബാനയെന്നും നാം തിരിച്ചറിയുകയും ചെയ്തു. എന്നിട്ടും രീതിശാസ്ത്രങ്ങളെ സംബന്ധിച്ച അന്ധത നമ്മെ പ്രാകൃത ബോധങ്ങളിലേക്ക് നയിച്ചാല്‍ അതിനര്‍ത്ഥം വിശ്വാസപ്പിഴവ് എന്നു മാത്രമല്ല, നാം മതമായി അധഃപ്പതിക്കുന്നു എന്നു കൂടിയാണ്. അതുകൊണ്ടാണ് നീതിയും കാരുണ്യവും നിഷേധിക്കപ്പെടുകയും നിയമങ്ങളുടെ കാര്‍ക്കശ്യം നമ്മെ ഭരിക്കുകയും, അധികാരം ശുശ്രൂഷയാണെന്നതു മറന്ന് സിംഹാസനങ്ങള്‍ ബലിഷ്ഠമാവുകയും ചെയ്യുന്നത്.