പ്രതികരിക്കുന്ന ക്രിസ്ത്യാനി?

പ്രതികരിക്കുന്ന ക്രിസ്ത്യാനി?

എം.പി. തൃപ്പൂണിത്തുറ

വര്‍ത്തമാനകാലത്തില്‍ വിശ്വാസികളുടെ ഇടയില്‍നിന്ന് കേള്‍ക്കുന്ന പ്രധാനപ്പെട്ട ഒരു വിലാപമാണ് വിശ്വാസജീവിതം പ്രതിസന്ധിയിലാണെന്നും തിരുസഭയ്‌ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും. വിശ്വാസ ജീവിതം പ്രതിസന്ധിയിലാണ് എന്നതു വാസ്തവമാണ്. എന്നാണ് അങ്ങനെ അല്ലാതിരുന്നിട്ടുള്ളത്? സഭ അതിന്റെ പ്രാരംഭം മുതല്‍ വിശ്വാസത്തിനെതിരായ പ്രതികൂലങ്ങളെ നേരിട്ടിട്ടുണ്ട്. വിശ്വാസം ഒരിക്കലും തടസ്സമില്ലാതെ ഒഴുകുന്ന ഒരു പ്രവാഹമല്ല കാലഘട്ടങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെയും വ്യവസ്ഥകളെയും എതിര്‍ക്കുകയും അവയ്‌ക്കെതിരായി ക്രൈസ്തവ ധാര്‍മ്മിക മൂല്യത്തെ പ്രയോഗിക്കുകയും ചെയ്തു കൊണ്ടാണ് വിശ്വാസജീവിതം എന്നും പുരോഗമിച്ചിട്ടുള്ളത്. പ്രവാചകപരമായ ഈ ദൗത്യം ആക്രമണങ്ങളെ നേരിടുകയും സഹിക്കുകയും അതിലൂടെ ക്രിസ്തുവിനെ പ്രകാശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസജീവിതത്തിനു പ്രതികൂലം തീര്‍ക്കാന്‍ ബാഹ്യശക്തികള്‍ക്ക് ഒരിക്കലും കഴിയില്ല എന്നതിന്റെ ഉറപ്പ് ദൈവവചനത്തിലും സഭയുടെ ചരിത്രജീവിതത്തിലും നമുക്ക് കാണാനാകും. ക്രിസ്തുവിന്റെ രക്തത്തിലാണ് തിരുസഭസ്ഥാപിതമായത്. വളര്‍ന്നത് പീഡനങ്ങളുടെ നടുവിലാണ്. ക്രിസ്തുവിന്റെ നാമത്തില്‍ നാമേല്‍ക്കുന്ന സഹനങ്ങളാണ് വര്‍ത്തമാനകാലത്ത് തിരുസഭയെ സജീവമാക്കുക.

മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിഞ്ഞ് ഒരു സമുദായമെന്ന നിലയിലേയ്ക്ക് മാറുകയല്ല ഉപ്പായി ഈ ലോകത്തിന്റെ സാമാന്യതയില്‍ അലിഞ്ഞ് അതിനെ ക്രിസ്തുവില്‍ രുചിയുള്ളതാക്കി തീര്‍ക്കുകയാണ് നമ്മുടെ ദൗത്യം.

അടുത്തകാലത്ത് സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുംവിധം മറ്റുള്ള വരാല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും അതിനെ എതിര്‍ക്കണമെന്നുമുള്ള ചിന്ത നമ്മുടെ ഇടയില്‍ വ്യാപകമായിട്ടുണ്ട്. വിശ്വാസ അപചയത്തിന്റെ ലക്ഷണമാണ് ഇത്തരം രോദനങ്ങള്‍. അതുവഴി ക്രിസ്തുവിന് നേര്‍വിപരീതമായ ദിശയിലേക്ക് ചരിക്കുകയാണെന്ന് നാം തിരിച്ചറിയുന്നില്ല.

മറ്റുള്ളവര്‍ നമ്മെ ആക്രമിക്കുന്നു നമുക്കെതിരെ ഗൂഢാലോചനയുണ്ട് എന്നൊക്കെയുള്ള വേവ ലാതികള്‍ ലോകത്തിലെ സാധാരണ മനുഷ്യരെ സംബന്ധിച്ചാണെങ്കില്‍ സ്വാഭാവികതയാണ്. സാധാരണ മനുഷ്യനായിരിക്കെത്തന്നെ അസാധാരണമായ ക്രിസ്തുഭാവത്തിലേക്ക് കടന്നു നില്ക്കാനും ഈ ലോകത്ത് ക്രിസ്തുവിനെ അനുഗമിക്കാനുമായി വിളിക്കപ്പെട്ടവരാണ് നാം. അവിടുന്ന് നമ്മെ സുഖകരമായ വഴിയിലേക്കല്ല വിളിക്കുന്നത്. കുരിശുമരത്തിലേക്ക് നടന്നു പോകുമ്പോഴാണ് എന്നെ അനുഗമിക്കാന്‍ സ്വന്തം കുരിശും എടുത്ത് പിന്നാലെ വരണം എന്ന് യേശു പഠിപ്പിച്ചത്.

അറിവില്ലായ്മയുടെ ഫലമല്ല ഈ വിലാപങ്ങള്‍. ഒട്ടുമേ നിഷ്‌ക്കളങ്കവുമല്ല. തിരുസഭയ്ക്കകത്ത് സമ്പത്തും അധികാരവും സുഖമോഹങ്ങളും ലോക താല്പര്യങ്ങളും സഹനത്തിനെതിരായ മനോഭാവങ്ങളും ചേര്‍ന്നൊരുക്കുന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയോ പ്രതികൂലമോ പുറത്തുനിന്നു വരാനുമില്ല. സാധാരണ വിശ്വാസി മുതല്‍ അധികാരികളെന്ന് സ്വയം ഉറപ്പിക്കുന്ന ശുശ്രൂഷാപദവിയിലുള്ളവര്‍ വരെ ഈ പ്രലോഭനങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടപ്പാണ്. ഇതുമറയ്ക്കാനും പൊതുശത്രുവരുന്നു എന്ന ബോധം സൃഷ്ടിച്ച് തങ്ങളില്‍ തന്നെ തങ്ങാനുമാണ് ഇത്തരം ശ്രമങ്ങള്‍.

ക്രിസ്തുവിനോടുകൂടെ സഹിക്കാനുള്ള അവസരങ്ങളായി ക്രൈസ്തവ ധാര്‍മ്മികതയ്‌ക്കെതിരെ ഉണ്ടാകുന്ന ഏതു പ്രവൃത്തിയെയും നമുക്ക് കാണാനാവണം. മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിഞ്ഞ് ഒരു സമുദായമെന്ന നിലയിലേയ്ക്ക് മാറുകയല്ല ഉപ്പായി ഈ ലോ കത്തിന്റെ സാമാന്യതയില്‍ അലിഞ്ഞ് അതിനെ ക്രിസ്തുവില്‍ രുചിയുള്ളതാക്കി തീര്‍ക്കുകയാണ് നമ്മുടെ ദൗത്യം. ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരാളെ സംബന്ധിച്ച് ഈ ലോകം അയാള്‍ക്കെതിരെ ഉയര്‍ത്തുന്ന ഒരു വെല്ലുവിളിയും അപകടകരമല്ല. ഒന്നും അയാളെ നശിപ്പിക്കുകയുമില്ല.

ഇതൊക്കെ അറിയാമായിരുന്നിട്ടും വിശ്വാസവിഷയങ്ങളും വി ശ്വാസജീവിതവും വിമര്‍ശിക്കപ്പെടുമ്പോള്‍ അതിനെതിരായി പ്രതികരിക്കണമെന്നു പറയാന്‍പോലും തിരുവചനത്തെ വ്യാഖ്യാനിക്കുന്ന വിശ്വാസവിരുദ്ധമായ നിലപാടിലേക്ക് ശ്രേഷ്ഠരായ ശുശ്രൂഷകര്‍ പോലും തരംതാഴുന്നത് വേദനാജനകമാണ്.

ഈയടുത്ത് ക്രൈസ്തവികതയ്ക്ക് എതിരായി ഗൂഡനീക്കങ്ങളുണ്ടെന്നും മറ്റുള്ളവര്‍ ക്രിസ്തുവിശ്വാസത്തെ അധിക്ഷേപിക്കുകയാണെന്നും അതിനെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നും സ്ഥാപിക്കാന്‍ നടന്ന ഒരു വചന പ്രയോഗത്തെ നമുക്കൊന്ന് പരിശോധിക്കാം. യേശു തനിക്കെതിരെയുള്ള പ്രവര്‍ത്തികളെ വിമര്‍ശിച്ചിട്ടുണ്ട് എതിര്‍ത്തിട്ടുണ്ട്, ചോദ്യം ചെയ്തിട്ടുണ്ട് എന്ന് കാണിക്കാന്‍ ഒരു വചനഭാഗം ഉദ്ധരിക്കപ്പെടുകയുണ്ടായി.

അപരനെ പുറന്തള്ളുകയും നമുക്കെതിരായവരെ ശത്രുപക്ഷത്തു നിറുത്തുകയും ദ്രോഹങ്ങളെ ചെറുക്കുകയും ക്ഷമിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വാസത്തിനെതിരായ പ്രവൃത്തിയാണ്. വാസ്തവത്തില്‍ ക്രിസ്തുവിനെ അപമാനിക്കുന്നതും തിരുസഭയെ ഇകഴ്ത്തുന്നതും ഇത്തരം പ്രതിഷേധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണ്. വിശ്വാസം സംരക്ഷിക്കാനെന്ന പേരില്‍, കുരിശില്‍ തറച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും കുന്തംകൊണ്ട് നെഞ്ചു പിളര്‍ന്നവനെ സുഖപ്പെടുത്തുകയും, പരാതിയില്ലാതെ കുരിശില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്ത ക്രിസ്തുവിനെ അപമാനിക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് ക്രിസ്തുധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ പിന്തിരിയണം.

വി. യോഹന്നാന്റെ സുവിശേഷത്തിലെ പതിനെട്ടാം അദ്ധ്യായത്തില്‍ ഇരുപത്തിമൂന്നാമത്തെ വചനമാണ് ഇങ്ങനെ പ്രയോഗിച്ചത്. പുരോഹിതന്മാരുടെ ചോദ്യംചെയ്യല്‍ വേളയില്‍ തന്നെ അടിച്ച ഒരു പടയാളിയോട് യേശു ചോദിക്കുന്നു:

'ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് തെളിയിക്കുക; ശരിയാണ് പറഞ്ഞതെങ്കില്‍ നീയെന്തിന് എന്നെ അടിക്കുന്നു.' പ്രത്യക്ഷത്തില്‍ ഈയൊരു വചനഭാഗം മാത്രം പരിശോധിച്ചാല്‍ തന്നെ അടിച്ച ഒരാളോട് അടികൊണ്ടതില്‍ വേദനയുള്ള യേശു അതിന് കാരണം ചോദിക്കുന്നതായോ പ്രതിഷേധിക്കുന്നതായോ തോന്നാം. എന്നാല്‍ അടികൊള്ളുമ്പോള്‍ മറുകരണം കാണിച്ചു കൊടുക്കണം എന്ന യേശു പാഠത്തിന് നേര്‍ വിപരീതമായിപ്പോകും അങ്ങനെ വ്യാഖ്യാനിച്ചാല്‍, നിങ്ങള്‍ അടികൊള്ളുമ്പോള്‍ മറുകരണം കാണിക്കണം, പക്ഷെ എനിക്ക് അടി കൊണ്ടാല്‍ ഞാന്‍ ചോദ്യം ചെയ്യും എന്ന് ക്രിസ്തു പറഞ്ഞതു പോലെയാണ് തോന്നുക.

ഏതു സാഹചര്യത്തിലാണ് യേശു അവിടെ ഇങ്ങനെ ചോദിക്കുന്നത്? യേശുവിനെ പുരോഹിതര്‍ ചോദ്യം ചെയ്യുകയാണ്. അത് ലോകത്തിന്റെ നിയമപ്രകാരമല്ല. യഹൂദമതത്തിന്റെ നിയമപ്രകാരമാണ്. യേശുവിനോട് അവര്‍ ചോദിക്കുന്നു.

നിന്റെ പ്രബോധനം എന്താണ്?

യേശു പറയുന്നു, ഞാന്‍ ലോ കത്തോട് സംസാരിച്ചത് എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ്. രഹസ്യമായി ഞാനൊന്നും സം സാരിച്ചിട്ടില്ല. എന്നോട് ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞത് എന്താണെന്ന് അതുകേട്ടവരോട് ചോദിക്കുക. ഞാന്‍ എന്താണ് പറഞ്ഞതെന്ന് അവര്‍ക്കറിയാം.

ഇത് കേട്ടപ്പോഴാണ് സേവകരില്‍ ഒരുവന്‍ യേശുവിനെ അടിക്കുന്നത്. എന്തുകൊണ്ടാണ് യേശു ഇപ്രകാരം ഒരു ചോദ്യം ചോദിച്ചത്? യഹൂദ പ്രമാണിമാരാണ് യേശുവിനെ ഇവിടെ മത നിയമമനുസരിച്ച് ചോദ്യം ചെയ്യുന്നത്. യഹൂദ നിയമമനുസരിച്ച് ഒരു കുറ്റവാളിയെ വിചാരണ ചെയ്യേണ്ടത് സാക്ഷികളുടെ സാന്നിധ്യത്തിലാണ്. കുറ്റവാളിയെ ചോദ്യം ചെയ്തു കുറ്റം കണ്ടെത്തുക എന്നത് യഹൂദ നിയമപ്രകാരം തെറ്റാണ്. നിയമത്തിന്റെ പേരില്‍ യഹൂദമതം നടപ്പിലാക്കുന്ന നിയമ ലംഘനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

അപ്പോഴാണ് അടുത്തു നിന്നിരുന്ന സേവകരില്‍ ഒരുവന്‍ യേശുവിനെ അടിക്കുന്നത്. ഇവിടെയാണ് യേശു പ്രസ്തുത ചോദ്യം ചോദിക്കുന്നത്. മാത്രമല്ല യേശു പ്രവാചകനും പുരോഹിതനും രാജാവും ആണ്. പഴയനിയമത്തില്‍ ഈ മൂന്നു ദൗത്യങ്ങളും നിര്‍വഹിച്ചിരുന്നത് മൂന്നു കൂട്ടരായിരുന്നു. ഈശോയില്‍ ഇവ മൂന്നും ഒന്നിച്ചു.

അഴിമതി നടന്നിരുന്ന ദേവാലയം ശുദ്ധീകരിച്ചതിലൂടെയും അന്നാസിന്റെ നിയമവിരുദ്ധമായ നടപടിയെ ചോദ്യം ചെയ്തതിലൂടെയും ഈശോയുടെ പ്രവാചക ദൗത്യമാണ് വെളിപ്പെട്ടത്. പ്രവാചക ദൗത്യ നിര്‍വ്വഹണത്തില്‍ സഹനം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഈശോയെ അടിച്ചതില്‍ വെളിവാക്കപ്പെടുന്നത്. ഈശോ അപ്പോഴും സ്‌നേഹം വിടാതെ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. മാത്രമല്ല പ്രവാചകദൗത്യത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ ഈശോ പ്രവാചകന്‍ മാര്‍ പ്രകടിപ്പിച്ച സ്വഭാവം തന്നില്‍ വെളിപ്പെടുത്തും. അതുകൊണ്ടാണ് ജെറമിയ അടക്കമുള്ള പീഡിപ്പിക്കപ്പെട്ട പ്രവാചകന്മാരുടെ ഭാഗത്തുനിന്നും ഉയര്‍ന്ന തരത്തിലുള്ള ഒരു സ്വരം യേശുവില്‍ നിന്ന് ഉയര്‍ന്നത്. ഈ അവസരത്തെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് ക്രിസ്ത്യാനി പീഡിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കണമെന്ന് വചനം ഉപയോഗിച്ച് സംസാരിക്കുന്ന സാഹചര്യമുണ്ടായത്. ഇത് തികച്ചും ക്രിസ്തു വിരുദ്ധമായ ഒരു കാര്യമാണ്. യേശുവിനെ അനുഗമിക്കുമ്പോഴും പ്രഘോഷിക്കുമ്പോഴും പീഡനമേറ്റാല്‍ അത് ക്ഷമിക്കണം എന്ന് പഠിപ്പിച്ച യേശു മനോഭാവത്തിന് നേര്‍വിപരീതമായാണ് ഈ വചനത്തെ വ്യാഖ്യാനിച്ചു കണ്ടത്. നമ്മുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങും വിധം വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ക്രിസ്തു വിരുദ്ധതയാണ് എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുന്നത് നന്ന്. പീഡനങ്ങളെ എതിര്‍ക്കുക ക്രിസ്തുഭാവത്തിന് ഒട്ടുമേ ചേരുന്ന പ്രവൃത്തിയല്ല.

അപരനെ പുറന്തള്ളുകയും നമുക്കെതിരായവരെ ശത്രുപക്ഷത്തു നിറുത്തുകയും ദ്രോഹങ്ങളെ ചെറുക്കുകയും ക്ഷമിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വാസത്തിനെതിരായ പ്രവൃത്തിയാണ്. വാസ്തവത്തില്‍ ക്രിസ്തുവിനെ അപമാനിക്കുന്നതും തിരുസഭയെ ഇകഴ്ത്തുന്നതും ഇത്തരം പ്രതിഷേധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണ്. വിശ്വാസം സംരക്ഷിക്കാനെന്ന പേരില്‍, കുരിശില്‍ തറച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കുന്തംകൊണ്ട് നെഞ്ചുപിളര്‍ന്നവനെ സുഖപ്പെടുത്തുകയും, പരാതിയില്ലാതെ കുരിശില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്ത ക്രിസ്തുവിനെ അപമാനിക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് ക്രിസ്തു ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ പിന്തിരിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org