ഓണം ആഘോഷിക്കരുത് !

ഓണം ആഘോഷിക്കരുത് !
Published on

ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ് (കൊളോ. 3:11). ഈ തിരുവചനം നാം നമ്മോടുതന്നെ പ്രഘോഷിക്കേണ്ടത് അനിവാര്യമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആധുനിക സാമൂഹ്യക്രമം സാഹോദര്യത്തില്‍ പുരോഗമിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്ന ഈ നാളുകളില്‍, മതമൗലികബോധത്തിന്റെ വിഷലിപ്തമായ ചിന്തകള്‍ അതിനെതിരായി പ്രബലമാകുന്നതിന്റെ കാഴ്ചകള്‍ മറയില്ലാതെ വെളിവാകുന്നത് ഈ വചനത്തെയും ക്രിസ്തുവിലുള്ള സാഹോദര്യത്തെയും പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയെ വര്‍ധമാനമാക്കുന്നു.

സാര്‍വത്രികമായ സ്‌നേഹവും സാഹോദര്യവും ലോകത്തിന് അനുഭവമാക്കുക, ഒരു ക്രൈസ്തവ കടമയാണ്. വഴിയും മൊഴിയുമായ ക്രിസ്തു നമ്മെ ഭരമേല്‍പ്പിച്ച ദൗത്യം അതുതന്നെയാണ്. വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ ലോകത്തിന്റെ മാലിന്യമേല്‍ക്കാതെ എല്ലാവര്‍ക്കും എല്ലാമായിത്തീരണം. തന്നെത്തന്നെ നഷ്ടപ്പെടുത്തി പടുത്തുയര്‍ത്തേണ്ട സ്‌നേഹത്തിന്റെ വിശാലമായ ലോകമാകണം, ദൈവരാജ്യത്തെക്കുറിച്ചുള്ള സാക്ഷ്യത്തിന്റെ ഏറ്റവും ലളിതമായ അടയാളം.

എല്ലാവരും ക്രൈസ്തവരെ അവഹേളിക്കുന്നവരും എതിര്‍ക്കുന്നവരു മാണെന്ന ഇരവാദമുയര്‍ത്തുക, ഇതരമതവിദ്വേഷത്തിന്റെ ഇരുള്‍ പരന്ന ഭൂമികയാക്കി വിശ്വാസികളെ പരിവര്‍ത്തി പ്പിക്കുക ഇതാണ് ചിലരുടെ തന്ത്രം.

എന്നാല്‍ കുറച്ചുകാലമായി മാനവസമുദായം എന്ന വിശാലവീക്ഷണത്തെയും അഖില ലോകത്തിനുമായുള്ള രക്ഷയുടെ സദ്‌വാര്‍ത്തയെയും സ്വന്തം വ്യാഖ്യാനകൗശലത്താല്‍ വിപരീതയുക്തിയില്‍ കെട്ടിയിടാനുള്ള ശ്രമങ്ങള്‍ ബലപ്പെടുകയാണ്. കൈസ്തവര്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് മാറിനില്‍ക്കേണ്ടവരാണ് എന്ന ചിന്തയും പ്രയോഗവും കരുത്താര്‍ജ്ജിക്കുന്നു.

അതിനായി പ്രയോഗിക്കുന്ന തന്ത്രങ്ങളിലൊന്ന് മനുഷ്യര്‍ക്കിടയില്‍ ആചാരപരമായ ഭേദങ്ങളുടെ മതില്‍ പണിയുകയെന്നത്. ഒപ്പം നമ്മള്‍ മാത്രമാണ് ദൈവത്തിന്റെ മക്കളെന്ന അശുദ്ധപാഠം വിഴുങ്ങാന്‍ ക്രിസ്താനികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഈ പ്രേരണകളുടെ പ്രത്യക്ഷമായ ശാസ്ര്തപ്രയോഗമാണ്, ഓണം ക്രൈസ്തവര്‍ ആഘോഷിക്കരുത് എന്ന വാദത്തിലൂടെ ഈ പ്രതിലോമകാരികള്‍ നടത്തുന്നത്. സാമൂഹ്യമായ ജീവിതത്തില്‍ നിന്ന് വിശ്വാസത്തിന്റെ തെറ്റായ വ്യാഖ്യാനം വഴി ക്രൈസ്തവരെ മാറ്റിനിറുത്തുക, പൊതുസമൂഹം തിന്മകളുടെ വിളനിലമാണെന്ന ബോധമുണര്‍ത്തുക, എല്ലാവരും ക്രൈസ്തവരെ അവഹേളിക്കുന്നവരും എതിര്‍ക്കുന്നവരുമാണെന്ന ഇരവാദമുയര്‍ത്തുക, ഇതരമതവിദ്വേഷത്തിന്റ ഇരുള്‍ പരന്ന ഭൂമികയാക്കി വിശ്വാസികളെ പരിവര്‍ത്തിപ്പിക്കുക എന്നിവ തന്ത്രപരമായ കൗശലത്തോടെ ഇക്കൂട്ടര്‍ ഈനാളുകളില്‍ നമ്മുടെയിടയില്‍ നടപ്പിലാക്കുന്നത് തിരിച്ചറിയാതെ പോകരുത്.

മലയാളികള്‍ കാലങ്ങളായി ഒരുമയോടെ ആഘോഷിക്കുന്ന സാംസ്‌കാരിക ഉത്സവമാണ് ഓണം. തമ്മില്‍ത്തല്ലാനുള്ള കാരണങ്ങള്‍ അതിനുള്ളില്‍ കണ്ടെത്തുകയാണ് ചിലര്‍ സുവിശേഷ പ്രഘോഷണത്തിന്റെ മറവില്‍. സുവിശേഷപ്രഘോഷകര്‍, പ്രത്യേകിച്ചും കത്തോലിക്കാസഭയിലെ ശുശ്രൂഷകര്‍, തിരുസഭയുടെ വീക്ഷണത്തിലും പഠനത്തിലും നിലയുറപ്പിച്ചാണ് വചനം പ്രഘോഷിക്കേണ്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തതയോടെ ഇതരമതങ്ങളുടെ ആഘോഷങ്ങളെ സംബന്ധിച്ചും അവയുടെ ആരാധനകളെ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം ഇതരസമൂഹങ്ങളുടെ വിശ്വാസങ്ങളെ സ്വീകരിക്കാതെ തന്നെ അവരുമായി എങ്ങനെ സഹവര്‍ത്തിക്കാമെന്ന് തിരുസഭ പഠിപ്പിക്കുന്നുണ്ട്.

ഓണത്തിന്റെ പിന്നിലെ മഹാബലിവാമനന്‍ മിത്ത്, ആധുനികമായ ഓണാഘോഷത്തിന്റെ കാതലായ ഭാവമല്ല. ഇന്ത്യയിലെ ഹൈന്ദവരാകെ ആഘോഷിക്കുന്ന ഒന്നല്ല ഓണം. മാവേലി നാടുവാണിരുന്ന മാനവരെല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന കാലമുണ്ടായിരുന്നു എന്ന കഥയിലെ വാമനാവതാരത്തേക്കാള്‍ അസുര ചക്രവര്‍ത്തിയായ മഹാബലിയെ ആദരിക്കുന്ന ഒരു പാരമ്പര്യം ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി ആഘോഷിക്കുന്നത് ഒരു മതസങ്കല്‍പമനുസരിച്ചായാല്‍, അതുതന്നെ ആ സങ്കല്‍പത്തിനെതിരായ ഭാവമായല്ലേ?

വിശ്വാസമനുസരിച്ചായാല്‍ ആദരിക്കപ്പെടേണ്ടിയിരുന്ന വാമനാവതാരത്തെ തള്ളി, പാതാളത്തിലേക്ക് വാമനന്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി എന്ന അസുരചക്രവര്‍ത്തിയെ വരവേല്‍ക്കുന്നതിനു പിന്നില്‍ വിശ്വാസത്തേക്കാള്‍ വേരോടി നില്‍ക്കുന്നത് ഒരു വിമോചനദാഹമായി വേണമെങ്കില്‍ നമുക്കു കരുതാം. അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനതയ്ക്ക് വീര്‍പ്പുമുട്ടിക്കുന്ന സവര്‍ണ്ണാധിപത്യത്തിന്റെ വിശാസ ബോധ്യങ്ങളുടെ മതില്‍ക്കെട്ടിനകത്തുനിന്നും പുറത്തുകടക്കാന്‍ ബലം നല്‍കിയ ഒന്നായി ബ്രാഹ്മണങ്ങളിലെ ഒരു മിത്തുതന്നെ പ്രയോഗിക്കപ്പെടുന്നു എന്നതാവണം ഓണത്തിന് കേരളീയ സമൂഹത്തിനകത്ത് കൂടുതല്‍ സ്വീകാര്യത നല്‍കിയത്.

ഓണത്തിനു പിന്നിലെ ബോധ്യതലങ്ങളല്ല നമ്മെ സംബന്ധിച്ച് പ്രധാന വിഷയം. ഓണം ആഘോഷിക്കുന്നത് ക്രൈസ്തവ വിരുദ്ധമെന്നു പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ നടത്തുന്ന ന്യായവാദങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. അതിലൊന്ന് ഓണം വിഗ്രഹാരാധനയാണ് എന്നതാണ്. ഓണം ഒരു ദേവസങ്കല്പത്തിന്റെ ഭാഗമായിരുന്നെങ്കില്‍, ആ സങ്കല്‍പത്തിന്റെ ആരാധനയ്ക്കായി താന്ത്രികമായ ഒരു ആരാധനാക്രമം ഉണ്ടാകുമായിരുന്നു. ഹൈന്ദവ ആരാധനയുടെ ഭാഗമായിട്ടാണ് പൂക്കളം തീര്‍ക്കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും അതില്‍ പങ്കാളിയാകാന്‍ കഴിയുമായിരുന്നില്ല. ഹൈന്ദവ വിശ്വാസക്രമമനുസരിച്ച് പൂജാകര്‍മ്മങ്ങള്‍ ബ്രാഹ്മണരാണ് നടത്തേണ്ടത്. അങ്ങനെ ഒന്ന് ഈ ആഘോഷങ്ങളില്‍ കാണാനില്ലെന്നു മാത്രമല്ല, ഹൈന്ദവവിഭാഗങ്ങളില്‍ ഓണം ആഘോഷിക്കാത്തവരാണ് ബ്രാഹ്മണര്‍.

നമ്മുടെ നാട്ടില്‍ ഓണം ആഘോഷിക്കുന്നത് വീടുകളിലും, പൊതവിടങ്ങളിലുമാണ്. അതൊരു വിശ്വാസാചാരത്തിന്റെ ഭാഗമല്ല. വീടുകളില്‍ എല്ലാവരും ഒത്തുചേരുന്നതിന്റെ സന്തോഷമാണ് നമുക്കു കാണാനാവുക. അയല്‍പക്കങ്ങള്‍ തമ്മില്‍ പരസ്പരം ഊഷ്മളമായ ബന്ധം ജാതിമത ചിന്തകള്‍ക്കതീതമായി അതുയര്‍ത്തുന്നുണ്ട്. ഈ അടുത്ത കാലം വരെ, വ്യാപകമായും ഇപ്പോഴും പൊതുവിടങ്ങളിലെ ഓണാഘോഷം ക്ലബ്ബുകളും സാംസ്‌ക്കാരിക സംഘങ്ങളുമാണ് നടത്തുന്നത്. അതില്‍ മതപരമായി ഒരു വേലിക്കെട്ടും തരം തിരിവുമില്ല, എന്നതാണ് യാഥാര്‍ത്ഥ്യം. ഓണം മതാചാരമായി തരം തിരിക്കുന്നതിലൂടെ മാനവസമുദായം എന്ന കാഴ്ചപ്പാടില്‍ വിള്ളലുണ്ടാക്കുകയാണ് വിശ്വാസത്തിന്റെ അട്ടിപ്പേറവകാശികളായി സ്വയം ചമയുന്നവര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org