പന്തക്കുസ്താ തിരുനാള്‍

എം.പി. തൃപ്പൂണിത്തുറ

നമ്മുടെ മാനുഷിക പരിമിതികളെ ജയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നാം നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവാന്വേഷണവും അത്തരത്തില്‍ ഒരു ലക്ഷ്യം മുന്‍നിറുത്തുന്നുണ്ട്. എങ്ങുനിന്നോ വരാവുന്ന ഒരു ശക്തിയെ ഇപ്പോഴും നാം തേടുന്നു. പന്തക്കുസ്താതിരുനാള്‍ കാത്തിരിക്കുമ്പോള്‍, വീണ്ടുമൊരു ശക്തിയെ ആഗ്രഹിക്കുകയാണ് വിശ്വാസികളും.

യഥാര്‍ത്ഥത്തില്‍, വീണ്ടും ഒരാത്മാവിനെ തേടുകയാണോ പന്തക്കുസ്താ ആചരണത്തിന്‍റെ ലക്ഷ്യം? നമുക്കു ലഭിച്ചതും നമ്മില്‍ പ്രവര്‍ത്തിക്കുന്നതുമായ പരിശുദ്ധാത്മാവിനെ സ്മരിക്കാനും നമുക്ക് കൈവന്ന ആത്മസമൃദ്ധിയെ ജീവിതത്തിന്‍റെ കാര്യസ്ഥ സ്ഥാനം ഏല്‍പ്പിക്കാനും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് അമ്പതാം തിരുനാളിന്‍റെ ആചരണം.

യേശുവിന്‍റെ ഉത്ഥാനത്തിരുനാള്‍ ആചരിക്കുമ്പോള്‍ വീണ്ടും യേശു ഉയിര്‍ക്കുന്നു എന്നല്ല നാം വിശ്വസിക്കുക. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ വീണ്ടും ഒരു സ്വര്‍ഗ്ഗാരോഹണമല്ല, അര്‍ത്ഥമാക്കുന്നത്. യേശു ഉയിര്‍ത്തു എന്ന സത്യത്തെ നാം ഓര്‍ക്കുകയും, ഏറ്റുപറയുകയും യേശുവില്‍ ഉത്ഥിതരായി ജീവിക്കാനുള്ള നമ്മുടെ ദൈവവിളിയെ നാം വീണ്ടും നമ്മുടെ ജീവിതവഴിയുമായി വിളക്കിച്ചേര്‍ക്കുകയുമാണ്. അതേപോലെ സ്വര്‍ഗ്ഗാരോഹണം വീണ്ടും സംഭവിക്കേണ്ട ഒന്നല്ല. നമുക്കും സ്വര്‍ഗ്ഗീയ പ്രവേശനമുണ്ടെന്ന് അതു നമ്മെ ഓര്‍മ്മപ്പെടുത്തും. അങ്ങനെ സ്വര്‍ഗ്ഗസ്ഥിതനായ ഒരുവനെ നോക്കിയും അവിടുത്തെ കൂട്ടായ്മയില്‍ വസിച്ചും പരിപൂര്‍ണ്ണത പ്രാപിക്കുകയാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ ആചരണത്തിലൂടെ നാം ലക്ഷ്യമാക്കുക.

പന്തക്കുസ്താതിരുനാള്‍, ആത്മവര്‍ഷത്തിന്‍റെ ഓര്‍മ്മയാണ്. അളവില്ലാതെ വര്‍ഷിക്കപ്പെട്ട ആത്മാവിനെ, വിശ്വാസികള്‍ പാനം ചെയ്തു. കൈവപ്പുവഴി, ആ ആത്മാവ് അപ്പസ്തോലന്മാരിലൂടെ പകരപ്പെട്ടു. പിന്നീടൊരിക്കലും ഉന്നതത്തില്‍നിന്ന് അഗ്നിനാവുകള്‍ വന്നില്ല. വരുമായിരുന്നെങ്കില്‍ കൂദാശകള്‍ സ്ഥാപിതമാകേണ്ട കാര്യമില്ല. അപ്പസ്തോലകരങ്ങളുടെ പ്രവൃത്തി ആവശ്യമില്ല. മാമ്മോദീസ വഴിയും സ്ഥൈര്യലേപനം വഴിയും മറ്റു കൂദാശകള്‍ വഴിയും ആത്മാവിനെ പകര്‍ന്നു നല്‍കുകയും അങ്ങനെ നമ്മിലായിരിക്കുന്ന ആത്മാവിനെ കരംവയ്പുവഴി ഉജ്ജ്വലിപ്പിക്കുകയും ചെയ്യേണ്ടതില്ല.

വീണ്ടും ഒരുങ്ങി കാത്തിരുന്ന് ഉന്നതത്തില്‍നിന്ന് ഒരു ശക്തിയെ പ്രതീക്ഷിക്കുന്നത്, യാഥാര്‍ത്ഥ്യമായ ഒന്നിനെ സങ്കല്പമാക്കി ചുരുക്കുന്നത് ചതിയാണ്. അത്തരത്തില്‍ സഭാവിരുദ്ധമായ ഒന്നിനെ സഭാ കൂട്ടായ്മയുടെ ഭാഗമായി നാം ചുമക്കേണ്ടതുണ്ടോ? നമ്മുടെ മേല്‍ ആവസിക്കുകയും നമ്മില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവാത്മാവിനെ ഓര്‍ക്കാനും ആത്മാവിലുള്ള ജീവിതത്തിന്‍റെ സന്തോഷം അനുഭവിക്കാനും പന്തക്കുസ്താതിരുനാള്‍ ആചരിക്കണം. അത് ആത്മാവിന്‍റെ പുതുശക്തി പ്രതീക്ഷിക്കുന്ന മൗഢ്യത്താല്‍ ആകരുത് എന്നു മാത്രം.

ദൈവാത്മാവിനെ ധ്യാനിക്കുമ്പോഴും, അമാനുഷികതയുടെ ചെപ്പിലടച്ച് അത്ഭുതം പ്രവര്‍ത്തിക്കുന്ന ഭൂതമാക്കാനല്ല നാം ശ്രമിക്കേണ്ടത്. ആത്മാവിന്‍റെ വരദാനഫലങ്ങള്‍ നമ്മില്‍ പ്രവര്‍ത്തനനിരതമാകാന്‍, നാം ഒരുങ്ങുന്നതും പ്രാര്‍ത്ഥിക്കുന്നതും എത്രയും ഉചിതംതന്നെ. പക്ഷെ, അത് അത്ഭുതസിദ്ധികളുടെ അന്വേഷണമല്ല.

മാമ്മോദീസ വഴി നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് തന്‍റെ ഫലങ്ങള്‍ നമ്മില്‍ പുറപ്പെടുവിക്കണം. ജീവിതവഴിയില്‍ ഫലം പുറപ്പെടുവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം. സ്നേഹം, ശാന്തി, ആനന്ദം, ദയ, ക്ഷമ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, അടക്കം, സഹനശക്തി, കന്യാവ്രതം എന്നീ ഫലങ്ങള്‍ നിര്‍ബന്ധമായും നമ്മില്‍ പ്രകടമാകണം. അങ്ങനെ ആത്മഫലങ്ങള്‍ നമ്മില്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കണം. അപ്പോള്‍ നമുക്ക് കാണാം അവയില്‍ പലപ്പോഴും നമുക്ക് കാലിടറുന്നുണ്ട്.

ആത്മാവിന്‍റെ ദാനങ്ങള്‍ സ്ഥൈര്യലേപനം വഴി നമ്മില്‍ പ്രവര്‍ത്തനക്ഷമമാണ്. പക്ഷെ, ക്രിസ്തുവിന്‍റെ പടയാളിയാകാന്‍ വിളിക്കപ്പെട്ടിട്ട് നാമവ പ്രയോഗിക്കുന്നില്ല. ജ്ഞാനവും ബുദ്ധിയും അറിവും ആലോചനയും ആത്മധൈര്യവും ദൈവഭക്തിയും ദൈവഭയവും ജീവിതത്തില്‍ ആയുധങ്ങളായി ധരിക്കണം. പക്ഷെ, ആത്മദാനങ്ങള്‍ നാം അവഗണിക്കുന്നു.

ഇനി നമുക്ക് വേണ്ടത് വരങ്ങള്‍ മാത്രമാകുന്നു. അങ്ങനെ അത്ഭുതസിദ്ധിയുള്ളവരായി മാറാന്‍ കഴിയുമോ എന്നാണ് നമ്മുടെ ശ്രമങ്ങള്‍. അതിനുള്ള ഒരു എളുപ്പവഴിയല്ല പന്തക്കുസ്താചരണം എന്നോര്‍ക്കണം. വരങ്ങള്‍ ഇല്ലെന്നല്ല, അവയേക്കാള്‍ ആത്മരക്ഷയ്ക്ക് അവശ്യം വേണ്ട ഫലങ്ങളെ ഗൗരവമായി കാണണം. ദാനങ്ങള്‍ ജീവിതവിശുദ്ധിക്കും പരിപൂര്‍ണ്ണതയ്ക്കുമായി ഉപയുക്തമാക്കണം. അത്രയുമായാല്‍ വരദാനങ്ങള്‍ ദൈവം പ്രവര്‍ത്തനക്ഷമമാക്കും. അത് നമ്മുടെ ആവശ്യമല്ല. അത് സുവിശേഷ പ്രവര്‍ത്തനത്തിനാണ്. അതിനായി നമ്മെ വിളിക്കുന്നവന്‍ നമുക്ക് ആവശ്യമുള്ളവ, നമ്മുടെ പ്രവര്‍ത്തനമേഖലയ്ക്കനുസരിച്ച് നല്‍കും. അതിനെക്കുറിച്ച് നാം ഉത്കണ്ഠപ്പെടേണ്ടതില്ല.

-martheenos@gamil.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org