നരബലിയും നമ്മുടെ ഞെട്ടലും

നരബലിയും നമ്മുടെ ഞെട്ടലും
വിളിച്ചാല്‍ വിളിപ്പുറത്തുള്ളവനും, സംപ്രീതനായാല്‍ എന്തുകാര്യവും നടത്തിത്തരുന്നവനു മാണ് ദൈവമെന്ന ബോധം നിലനിറുത്തുമ്പോള്‍, നാമും അന്ധവിശ്വാസത്തിലാണ്. ദൈവത്തെ പറഞ്ഞ് പാഠം പഠിപ്പിക്കാനും നമ്മുടെ വഴിയേ നടത്താനും പാഴ്ശ്രമം ചെയ്യാതെ, അവിടുത്തെ മൊഴിയെ ജീവിത വഴിയാക്കാന്‍ മനസ്സൊരുക്കുമെങ്കില്‍ നമുക്ക് വെളിച്ചത്തില്‍ യാത്ര തുടരാം.

അന്ധവിശ്വാസത്തിന്റെ പ്രവൃത്തികളെക്കുറിച്ച് ഞെട്ടല്‍ അഭിനയിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിലാണ് നാമിപ്പോള്‍. ഇത്തരം പ്രവൃത്തികളാന്നും അംഗീകരിക്കുന്നില്ലെന്നു നടിച്ച്, വല്ലപ്പോഴും അന്ധവിശ്വാസം അതിരു കടന്ന അക്രമഭാവം പ്രകടിപ്പിക്കുമ്പോള്‍, അതില്‍ ഉള്‍പ്പെട്ടവരെ കുറ്റം വിധിച്ച് നല്ല പിള്ള ചമയാന്‍ മിക്കവാറും നാം ശീലിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു നരബലിയോ ആഭിചാര പ്രവൃത്തിയോ അവിശ്വസനീയമായ അന്ധവിശ്വാസമായി ഉയര്‍ത്തിക്കാട്ടുമ്പോഴും അത് നിലനില്ക്കുന്ന അന്ധവിശ്വാസങ്ങളുടെ പ്രത്യക്ഷലക്ഷണങ്ങളില്‍ ചിലതു മാത്രമാണെന്ന സത്യം മൂടിവച്ച് പരിഷ്‌കൃതരായി, സത്യവിശ്വാസികളായി നാം സ്വയം നീതികരിക്കുന്നു.

നരബലിയുടെ വാര്‍ത്ത വന്ന സന്ദര്‍ഭത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ഒരു പ്രതികരണം, ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നു, നാമിങ്ങനെയൊന്നും ചെയ്യുന്നില്ലല്ലോ എന്നായിരുന്നു. നരബലിപോലുള്ള പ്രാകൃതവും നികൃഷ്ടവുമായ കാര്യങ്ങള്‍ വിശ്വാസവിരുദ്ധമാണ് എന്നത് വാസ്തവം തന്നെ. എന്നാല്‍ അന്ധ വിശ്വാസത്തിന്റെ നിഴലേശാത്തതല്ല വിശ്വാസസമൂഹം. മറ്റുള്ളവരുടെ കണ്ണിലെ കരടു കാണാന്‍ ഏറെ ശ്രമമൊന്നും ആവശ്യമില്ലാത്തവിധം നമ്മുടെ കണ്ണിലുള്ള തടിക്കഷണത്തെ അവഗണിക്കുന്നതാണല്ലോ നമുക്ക് സൗകര്യം. അന്ധവിശ്വാസത്തിന്റെ മൂലവേര് ഏതാണെന്ന് സൂക്ഷ്മമായി പരിശോധിക്കാനോ വിശ്വാസപ്പിഴവുകളെ തിരുത്താനോ നാം തയ്യാറല്ല എന്ന് ചുരുക്കം. സാമ്പത്തിക നേട്ടമുണ്ടാകാന്‍ അധികാരവും പ്രശസ്തിയും ആര്‍ജ്ജിക്കാന്‍ ഉദ്ദിഷ്ടകാര്യം സാധിക്കാന്‍ എന്തും ചെയ്യുമെന്ന നമ്മുടെ മനോഭാവമാണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നത്.

അന്ധവിശ്വാസത്തെ പ്രവൃത്തികളുടെ വൈവിധ്യത്തിലല്ല, അതിന്റെ പിന്നിലുള്ള മനോഭാവത്തെ പ്രതിയാണ് നാം വിലയിരുത്തേണ്ടത്. അന്ധവിശ്വാസത്തിന്റെ ഒരു മുഖം മാത്രമാണ് മന്ത്ര വാദം. അതു തന്നെ മന്ത്രവാദവും ദുര്‍മന്ത്രവാദവും എന്ന് രണ്ടായി തിരിക്കേണ്ടതില്ല. രണ്ടായാലും അന്ധവിശ്വാസം തന്നെയാണ്. സാധാരണ നിലയില്‍ കാര്യമായ പിഴവായി നാം പരിഗണിക്കാത്തതും നിത്യേന ജീവിതത്തില്‍ പ്രയോഗിക്കുന്നതുമായ അന്ധവിശ്വാസങ്ങള്‍ക്ക് ജാതിമത ഭേദമില്ലാതെ ആഴത്തിലുള്ള വേരുകളുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.

ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ ക്ഷണിക്കുന്നത് അവനവനെ ഉപേക്ഷിച്ച് അപരനു വേണ്ടി ജീവിക്കാനാണ്. ആ വിശ്വാസത്തെ സ്വന്തം കാര്യലാഭത്തിനുള്ള ഉപാധിയായി കാണുന്നതാണ് അന്ധവിശ്വാസത്തിന്റെ അടിവേര്. കാര്യലാഭത്തിനായി ദൈവത്തെ പ്രീതിപ്പെടുത്തുക എന്ന അന്ധവിശ്വാസമാണ് മന്ത്രവാദത്തിലേക്കും നരബലിയിലേക്കു പോലും നമ്മെ തള്ളിവിടുന്നത്.

നാം ചെയ്യുന്ന സ്തുതികളാലോ പൂജാകര്‍മ്മങ്ങളാലോ അനുഷ്ഠാനങ്ങളാലോ സംപ്രീതനാകുന്നവനാണോ ദൈവം? അങ്ങനെ സംപ്രീതനായി ഉദ്ദിഷ്ടകാര്യം അഥവാ മനുഷ്യന്റെ ഇംഗിതം നടത്തിക്കൊടുക്കുന്നവനാണോ ദൈവം? അതോ ദൈവത്തിന്റെ ഇഷ്ടത്തിനൊത്ത് ചരിക്കുകയും അതു വഴി ദൈവിക ബന്ധത്തിലേക്ക് ഉയരുകയും ചെയ്യുന്നതല്ലേ യഥാര്‍ത്ഥ ആത്മീയത? അഥവാ അപരന് നന്മ ചെയ്യുകയും അവനവനെ ഉപേക്ഷിക്കുകയും ചെയ്യുന്നതല്ലേ അത്?

നമുക്ക് ദൈവത്തെ പ്രീതിപ്പെടുത്താനാകുമോ? ദൈവം സമ്പൂര്‍ണ്ണനാണല്ലോ. സച്ചിദാനന്ദനാണ് അവിടുന്ന്. അവിടുത്തേക്ക് ഇനി ഒന്നും പ്രാപിക്കാനായി ഇല്ല എന്നതല്ലേ വാസ്തവം?

യഹൂദമതം അടക്കമുള്ള മതങ്ങള്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് പ്രതീകാത്മകമായ അനുഷ്ഠാനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. പഴയ നിയമത്തില്‍ ഇതിന്റെ ഭാഗമായ ബലിയര്‍പ്പണങ്ങളെ നമുക്ക് കാണാം. പ്രാകൃത മത സങ്കല്പങ്ങളില്‍ നരബലിയും അബ്രഹാമില്‍ നരബലി, മൃഗബലിയിലേക്ക് മാറുന്നതും നമുക്ക് കാണാം. എന്നാല്‍ മതത്തിന്റെ അതിരുഭേദിക്കുന്ന പുതിയ നിയമത്തില്‍ ബലിക്ക് പകരം കാരുണ്യം വരുന്നു. അത് ആത്മാര്‍പ്പണത്തില്‍ പൂര്‍ണ്ണത പ്രാപിക്കുന്നു. ആത്മാര്‍പ്പണം സ്വയം ഉപേക്ഷയുടെ വഴി തുറക്കുന്നു. ദൈവാരാധന ശരീരങ്ങളുടെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ ഒന്നായി മാറുന്നു. അതാകട്ടെ വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതും ദാഹിക്കുന്നവന് കുടിക്കാന്‍ കൊടുക്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതുമാണെന്ന് ക്രിസ്തു പാഠം ഓര്‍മ്മിപ്പിക്കുന്നു. അപരന് നന്മയായി ജീവിതം അര്‍പ്പിക്കലാണത്. അവര്‍ക്ക് ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ഇതു ചെയ്തുതന്നതെന്ന് ക്രിസ്തു പറയുന്നത് പഴയവയെ അസാധുക്കുന്നു. വി. യാക്കോബ് യഥാര്‍ത്ഥ ഭക്തിയെ കുറിച്ച് പറയുമ്പോള്‍ ദരിദ്രര്‍ക്കും വിധവകള്‍ക്കും ചെയ്യുന്ന നന്മകളായാണ് ഭക്തിയായി അടയാളപ്പെടുത്തുന്നത്.

മെഴുകുതിരി കത്തിച്ചാല്‍ പഠിച്ചില്ലെങ്കിലും പരീക്ഷയില്‍ ജയിക്കുമോ? പ്രാര്‍ത്ഥിച്ചതിനു ശേഷം നൂറിനുമുകളില്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ അപകടമുണ്ടാകാതിരിക്കുമോ? മെഴുകുതിരി കത്തിക്കുന്നതും പൂമാലയിടുന്നതും അവനവനെ അപരനായി അര്‍പ്പിക്കുന്നതിന്റെ പ്രതീകം മാത്രമാണ്. നാമാകട്ടെ ആ പ്രവൃത്തികള്‍ ആരാധനയായി തെറ്റിദ്ധരിക്കുകയും കാര്യസാധ്യത്തിനുള്ള ഉപാധിയായി ആചരിക്കുകയും ചെയ്യുന്നു.

എന്താണ് ദൈവേഷ്ടം? അത് ക്രിസ്തുവില്‍ വിശ്വസിക്കലാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പ്രയോഗവഴി അവനെ അനുഗമിക്കലാണ്. അതു സാധ്യമാകുന്നതാകട്ടെ സ്വന്തം ഇഷ്ടങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ക്രിസ്തുവിനെപ്പോലെ സ്‌നേഹിച്ചും, ക്ഷമിച്ചും, സഹിച്ചും ത്യജിച്ചും, കൊടുത്തും സമര്‍പ്പിച്ചു കൊണ്ടാണ്.

ദൈവം തന്റെ വാഗ്ദാനം ക്രിസ്തുവില്‍ നിറവേറ്റിയെന്നും, അവനില്‍ നാം വിമോചിതരായെന്നും, അവന്റെ മുറിവിനാല്‍ നാം സൗഖ്യമുള്ളവരായി മാറിയെന്നും വിശ്വസിക്കലാണ് വിശ്വാസം. അതിനു പകരം നമ്മുടെ ഇംഗിതം പ്രാര്‍ത്ഥന വഴി ദൈവം നടത്തിത്തരും എന്ന ചിന്തയാണ് വിശ്വാസികള്‍ എന്ന് പറയുന്ന നമ്മെയും ഭരിക്കുന്നത്.

വാസ്തവത്തില്‍ ദൈവം മനുഷ്യന്റെ ഇംഗിതങ്ങള്‍ നിറവേറ്റുന്നവനാണോ? അങ്ങനെയാണ് എന്ന് തെറ്റിദ്ധരിച്ച് മൂന്ന് കാര്യങ്ങളാണ് ഇന്ന് നാം ദൈവസന്നിധിയില്‍ ഉന്നയിക്കുന്നത്. ഇഷ്ടമില്ലാത്തതെല്ലാം മാറ്റിത്തരണം, കഷ്ടമായതെല്ലാം നീക്കിത്തരണം, ഇല്ലാത്തതെല്ലാം കൂട്ടിത്തരണം എന്നാണ് പ്രാര്‍ത്ഥന. ദൈവം നാം പറയുന്നതു കേട്ട് ഇതെല്ലാം സാധിച്ചു തരണം. നാം പറയുന്നതു കേട്ട് ദൈവം പ്രവൃത്തിക്കുന്നതാണോ ദൈവം പറയുന്നതു കേട്ട് നാം പ്രവൃത്തിക്കുന്നതാണോ ന്യായം? ഇവിടെ ദൈവം ഉടയവന്‍ എന്നതില്‍ നിന്ന് നമ്മുടെ അടിമയായി, കാര്യസ്ഥനായി മാറുന്നു.

നാം ജനിക്കുന്നതിനു മുമ്പ് ദൈവം നമ്മുടെ ജീവിതത്തെക്കുറിച്ച് പദ്ധതിയിട്ടിട്ടുണ്ട്. ആ പദ്ധതിയെ തിരുത്തണമെന്നാണ് നാം ദൈവത്തോട് പറയുന്നത്. അഥവാ ദൈവം നമ്മുടെ ഇഷ്ടത്തിലേക്കും മാനസാന്തരത്തിലേക്കും പ്രവേശിക്കണമെന്നാണ് ഇതിന്റെ വ്യംഗ്യം. ദൈവേഷ്ടത്തിലേക്ക് നാം വളരുകയും ദൈവം നമുക്കായി നല്കിയിട്ടുള്ള ദാനമായ ജീവിതത്തെ സ്വീകരിച്ച് അപരനു വേണ്ടി സ്വയം അര്‍പ്പിക്കാന്‍ മനസാകുമ്പോഴാണ് നാം ആത്മീയരാകുക.

ഇതിനെതിരായി വിളിച്ചാല്‍ വിളിപ്പുറത്തുള്ളവനും, സംപ്രീതനായാല്‍ എന്തുകാര്യവും നടത്തിത്തരുന്നവനുമാണ് ദൈവമെന്ന ബോധം നിലനിറുത്തുമ്പോള്‍, നാമും അന്ധവിശ്വാസത്തിലാണ്. ദൈവത്തെ പറഞ്ഞ് പാഠം പഠിപ്പിക്കാനും നമ്മുടെ വഴിയേ നടത്താനും പാഴ്ശ്രമം ചെയ്യാതെ, അവിടുത്തെ മൊഴിയെ ജീവിത വഴിയാക്കാന്‍ മനസ്സൊരുക്കുമെങ്കില്‍ നമുക്ക് വെളിച്ചത്തില്‍ യാത്ര തുടരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org