നോമ്പാചരണത്തിലെ കാപട്യം

നോമ്പാചരണത്തിലെ കാപട്യം
ഭക്ഷണം കൊണ്ട് വിശപ്പടക്കുക എന്നതിനേക്കാള്‍ അപരര്‍ക്ക് ഭക്ഷണമാവുകയാണ് ജീവിക്കാന്‍ ആവശ്യമായിട്ടുള്ളത്.

രണ്ടു വഴികളാണ് സാധാരണയായി നമ്മുടെ മുന്നിലുള്ളത്. മിഴി വെട്ടത്തിലൂടെയും മൊഴി വെട്ടത്തിലൂടെയും നമുക്ക് യാത്ര ചെയ്യാം. നമ്മുടെ ഇഷ്ടങ്ങളിലൂടെയും, ഇഷ്ടങ്ങളുടെ ഉപേക്ഷയിലൂടെയും. ഏതാണ് തിരഞ്ഞെടുക്കേണ്ട വഴി? സ്വാതന്ത്ര്യവും അവസരവും ജീവിതം നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അനുസരിച്ചാണ് രക്ഷാനുഭവത്തിലേക്കുള്ള പ്രവേശനമെന്ന ഫലസിദ്ധി.

സാധാരണയായി നമ്മുടെ യാത്ര ഇഷ്ടങ്ങളുടെ പിറകെയാണ്. ഇന്ദ്രിയങ്ങളുടെ പിന്നാലെയാണ്. നോമ്പുകാലത്ത് അമ്പതുനാള്‍ ഒന്നു മാറി നടക്കാന്‍ ശീലമാക്കിയതിനു പിന്നില്‍ ആത്മീയ മിഥ്യാഭിമാനത്തിന്റെ മണിമുഴക്കം കേള്‍ക്കുന്നില്ലേ?

നോമ്പെന്നാല്‍ മാംസ വര്‍ജനമാണെന്നും, മാംസം വര്‍ജിക്കുന്നത് വിശുദ്ധമായ രീതിയാണെന്നും നാം സമര്‍ത്ഥിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് നമ്മുടെ സവര്‍ണ്ണ വിധേയത്വത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമല്ലേ?

വാസ്തവത്തില്‍ ക്രിസ്തുവിന്റെ വഴിയേ ചരിക്കാന്‍, ആത്മീയമായ ഔന്നിത്യത്തിലേക്ക് പ്രവേശിക്കാന്‍ ഇത്തരം ആചാരങ്ങള്‍ എത്രത്തോളം ഗുണകരമാണ് എന്ന ചിന്ത നമുക്കിടയില്‍ ഉണ്ടാകാതെ പോകുന്നത് തീര്‍ത്തും നിഷ്‌ക്കളങ്കമല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മാംസാഹാരം നിഷിദ്ധവും, താഴ്ന്ന സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കരുതുന്ന മനോനില നമ്മില്‍ രൂപപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ നാം എങ്ങനെയാണ് ലോക മോഹങ്ങളില്‍ നിന്ന് തിരികേ നടക്കേണ്ടതെന്ന നേരിന്റെ പ്രകാശത്തെ വഴി മാറ്റി വിടുന്ന ചിന്താപദ്ധതിയുടെ ഭാഗമല്ലേ?

ക്രിസ്തു തന്റെ ജീവിതത്തില്‍ നേരിടുന്ന പ്രലോഭനങ്ങളെ എങ്ങനെ നേരിട്ടു എന്ന് സൂക്ഷ്മമായി ആലോചിക്കുകയും നമ്മുടെ വിചാര ലോകത്തെയും ജീവിത പ്രയോഗ വഴിയെയും ആ വഴിക്ക് തിരിച്ചുവിടുകയും ചെയ്യുമ്പോഴല്ലേ, നോമ്പ്, ആചരണത്തിന്റെ പരിമിതഭാവം വിട്ട് ജീവിതത്തിന്റെ രീതിശാസ്ത്രത്തെ തിരുത്തുന്ന ഒന്നായി മാറുക?

ഈ അടുത്ത് നോമ്പാചരണത്തെക്കുറിച്ചു കേട്ട ഒരു സംഭാഷണത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതുണ്ട് എന്ന പ്രയോഗം ശ്രവിക്കാന്‍ ഇടയായി. ആനുകാലിക ലോകത്തിന്റെ സംവാദാത്മകമായ തലത്തില്‍ നിന്ന് പിന്മാറുക എന്നത്, ക്രൈസ്തവ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വര്‍ത്തമാനത്തോട് ഇടപെടുക എന്ന ഉത്തരവാദിത്വത്തെ ഹനിക്കുന്ന ഒന്നായി നാം അറിയാതെ പോവുകയാണോ?

വാസ്തവത്തില്‍ നാം നേരിടുന്ന വ്യക്തിപരവും സാമൂഹ്യവുമായ പ്രലോഭനങ്ങളെ ഇങ്ങനെ മൂടിവയ്ക്കുകയല്ലേ? മീഡിയ ഉപഭോഗം നമ്മില്‍ ആസക്തികള്‍ ഉണര്‍ത്തില്ലെന്നോ വ്യക്തിപരമായി നമ്മെ അടിമപ്പെടുത്തില്ലെന്നോ അല്ല ഈ പറഞ്ഞതിനര്‍ത്ഥം. നമ്മെ അടിമപ്പെടുത്തുന്നത് സാമൂഹ്യ മാധ്യമങ്ങളോ പുറമേ നിന്നു വരുന്ന ഏതെങ്കിലും ഒന്നാണെന്നോ കരുതാനാണ് ഈ ചിന്ത നമ്മെ പ്രലോഭിപ്പിക്കുന്നത് എന്നു തിരിച്ചറിയണം.

ക്രിസ്തു നേരിടുന്ന പ്രലോഭനങ്ങള്‍ മനുഷ്യന്‍ നേരിടാനിടയുള്ള അവനവനില്‍ തന്നെ നിഗൂഢമായിരിക്കുന്ന പ്രകൃതങ്ങളെ എങ്ങനെ നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം എന്നതിനെ നമ്മുടെ മുന്നില്‍ അനാവൃതമാക്കുകയാണ്. ഈ ഭാവങ്ങളാണ് ബാഹ്യലോകത്തിന്റെ ക്രമവിരുദ്ധതകളിലേക്ക് നമ്മെ നയിക്കന്നത് എന്ന് മനസ്സിലാക്കണം.

മരുഭൂമിയില്‍ വച്ച് ക്രിസ്തുവിനു വിശന്നു. അത് ഒരു പ്രലോഭനമല്ല. മനുഷ്യപ്രകൃതമാണ്. വിശപ്പിനെ നേരിടേണ്ടത് എങ്ങനെയെന്നാണ് പ്രലോഭനം യേശുവിനോട് പറയാന്‍ ശ്രമിക്കുന്നത്?

''നിനക്ക് വിശക്കുന്നുവെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ പറയൂ. നീ ദൈവപുത്രനാണല്ലോ?''

ഈ പ്രലോഭനം പലപ്പോഴും നമ്മെയും വേട്ടയാടുന്നുണ്ട്. ജീവിതാവശ്യങ്ങള്‍ നേരിടുമ്പോള്‍, ആ ആവശ്യങ്ങളെ സാധ്യമാക്കുകയാണ് വിശ്വാസം ചെയ്യേണ്ടതെന്നാണ് പ്രലോഭനം നമ്മോട് പറയുന്നത്. ആവശ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതല്ല എന്നല്ല, അതുകൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലൂടെ, ആത്യന്തിക ലക്ഷ്യം ആവശ്യ നിവര്‍ത്തിയല്ല എന്ന് അവിടുന്ന് ഓര്‍മ്മപ്പെടുത്തുന്നു.

''മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ അധരത്തില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുക്കൊണ്ടു കൂടിയുമാണ് ജീവിക്കുന്നത്.''

ഇതു വിശക്കുന്നവനോട് പറയേണ്ട പരിഹാരവാക്യമല്ല, ഉപവാസമെടുക്കുമ്പോള്‍ ധ്യാനിക്കേണ്ട കാര്യവുമല്ല എന്നോര്‍ക്കണം. ദൈവം നമുക്കു തന്നിട്ടുള്ള കഴിവുകളും ഉപാധികളും ഉപയോഗിച്ച് ജീവിതാവശ്യങ്ങള്‍ നിറവേറ്റുമ്പോഴും, ജീവിക്കുന്നത് വചനമാകുന്ന ക്രിസ്തുവിലാണെന്ന് നാം തിരിച്ചറിയുമെങ്കില്‍, അവിടുന്ന് നമ്മോട് കല്പിച്ചതും ജീവിതം വഴി ഉറപ്പിച്ചതുമായ സ്‌നേഹ കല്പനയെ ജീവിത ദര്‍ശനമായി നാം സ്വീകരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ജീവിതത്തെ അപരോന്മുഖമായ ഒരു സ്‌നേഹപ്രവര്‍ത്തിയായി പരിവര്‍ത്തിപ്പിക്കുന്നതാകണം നോമ്പിന്റെ കാതല്‍. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഭക്ഷണം കൊണ്ട് വിശപ്പടക്കുക എന്നതിനേക്കാള്‍ അപരര്‍ക്ക് ഭക്ഷണമാവുകയാണ് ജീവിക്കാന്‍ ആവശ്യമായിട്ടുള്ളത് എന്നു സാരം. ഈ ബോധത്തില്‍ ജീവിതത്തെ ക്രമീകരിക്കാനും സ്വകാര്യതാല്പര്യങ്ങളില്‍ നിന്ന് തിരികെ നടക്കാനും ഹൃദയത്തെ പരുവപ്പെടുത്തുന്ന എന്തു പ്രവര്‍ത്തിയാണ് നോമ്പില്‍ നാം സ്വീകരിക്കുന്നത് എന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.

രണ്ടാമത് പ്രലോഭകന്‍ പറയുന്നു

''ദേവാലയാഗ്രത്തില്‍ നിന്ന് താഴേക്ക് ചാടുക, ദൂതന്മാര്‍ നിന്റെ പാദം കല്ലില്‍ തട്ടാതെ കൈകളില്‍ താങ്ങുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.''

മറ്റുള്ളവര്‍ക്കായി ജീവനര്‍പ്പിക്കാന്‍ ഒരുങ്ങുന്നവന്റെ മുന്നിലാണ് സുരക്ഷിതനാകാന്‍ പ്രേരണ നല്‍കുന്ന പ്രലോഭനത്തെ യേശു നേരിടുന്നത്. രണ്ടു തരത്തില്‍ ഈ പ്രലോഭനം നമുക്കും ഉണ്ടാകുന്നുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനും, ജീവിതത്തില്‍ നമ്മുടെ ദൈവ ദാനമായ വിവേകത്തെ ഉപയോഗിക്കാതെ, ദൈവം താങ്ങുമെന്ന പ്രതീക്ഷ നമ്മെ ഭരിക്കുന്നതും. രണ്ടും ദൈവത്തെ പരീക്ഷിക്കുന്ന പ്രലോഭനങ്ങളാണെന്ന് ക്രിസ്തു ഓര്‍മ്മപ്പെടുത്തുകയാണ്.

വിശ്വാസമെന്ന പേരില്‍ അപരനോടുള്ള സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാതെ നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അന്ധവിശ്വാസത്തിന്റെ ഗര്‍ത്തത്തിലേക്കാണ് നമ്മെ തള്ളിയിടുക. പഠിക്കാതെ പരീക്ഷയെ അഭിമുഖീകരിച്ച് ദൈവം വിജയം നല്‍കുമെന്ന് വിശ്വസിക്കുന്നവരും, രോഗത്തിന് ചികിത്സ തേടാതെ ദൈവം സുഖപ്പെടുത്തും എന്ന് കരുതി കാത്തിരിക്കുന്നവരും, വിശക്കുന്നവന് അപ്പമായി മാറാതെ, അപരന്റെ വിശപ്പു മാറ്റണമെന്ന് പ്രാര്‍ത്ഥിക്കുന്നവരും തങ്ങള്‍ പ്രലോഭനത്തിന് വിധേയപ്പെടുകയാണ് എന്നത് തിരിച്ചറിയാതെ പോവുകയാണ്. അതു മാത്രമാണോ അതില്‍ ദൈവത്തെ പരീക്ഷിക്കുന്ന നിഷേധഭാവം പതിയിരിക്കുകയും ചെയ്യുന്നു. ഇതു സാധിച്ചില്ലെങ്കില്‍ ദൈവം വാക്കുപാലിക്കാത്തവനും, ശക്തി കുറഞ്ഞവനും പ്രാര്‍ത്ഥന കേള്‍ക്കാത്തവനുമായി പ്രതിസ്ഥാനത്ത് നിറുത്തപ്പെടുകയും ചെയ്യുന്നു.

മൂന്നാമത്, സമ്പത്തു നേടാന്‍ ദൈവത്തെ കൈവിടാനുള്ള പ്രലോഭനമാണ്. ലോക മഹത്വവും സുഖമോഹവും ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന മനോഭാവം നമ്മില്‍ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചാണ് യേശു ഇവിടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ലോകാഭിമുഖ്യം പിശാചിനെ കുമ്പിടുന്ന പ്രവര്‍ത്തിയിലേക്ക് നമ്മെ തള്ളിയിടുമ്പോള്‍, സമ്പത്ത് ജീവിതത്തില്‍ ആരാധ്യമായ സ്ഥാനത്താണെന്നും, നമ്മുടെ കൈവശമുള്ളവ ദൈവത്തെ പ്രതി സഹോദരങ്ങളുമായി പങ്കുവയ്‌ക്കേണ്ടതാണെന്നും നാം വിസ്മരിക്കുന്നു.

ഇതൊന്നും ജീവിത നിലപാടുകളില്‍ നിന്ന് നീക്കി നിറുത്താതെ, ഈ പ്രലോഭനങ്ങളെ ക്രിസ്തുവില്‍ പ്രതിരോധിക്കാതെ കേവല പുണ്യപ്രവര്‍ത്തിയായി നോമ്പിനെ പരിഗണിക്കുകയും ആചരിക്കുകയും ചെയ്യുന്ന കാപട്യത്തെയും ചുമന്ന് കുരിശിന്റെ വഴിക്ക് വിപരീതത്തിലേക്കാണ് നാം ചരിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഈ നോമ്പുകാലത്തിലെങ്കിലും നമുക്കു കഴിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org