പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
ന്യായവിധിയെക്കുറിച്ചുള്ള ബോധം നാമോരോരുത്തരും അവിടുത്തെ സന്നിധിയില്‍ വിചാരണയ്ക്കായി നില്‍ക്കേണ്ടിവരും എന്ന സത്യത്തെ അനുഭവമാക്കുകയാണ്. അവിടെ നമ്മുടെ ജീവിതം മാത്രമാണ് കണക്കിലെടുക്കുക. പക്ഷപാതമില്ലാത്ത എല്ലാവര്‍ക്കും തുല്യ നീതി കിട്ടുന്ന ന്യായാസനത്തിന്റെ മുന്നിലാണ് നാമെന്ന ബോധം അധാര്‍മ്മികതയില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴിയാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക് ആരാധനാക്രമം നമ്മെ നയിക്കുന്ന നാളുകളിലാണല്ലോ നമ്മള്‍. നമ്മിലും നമ്മുടെ ജീവിതത്തിനകത്തും ദൈവാത്മാവ് പ്രവര്‍ത്തിക്കുന്നത് തിരിച്ചറിയാനും ആത്മാവിന്റെ പ്രേരണകള്‍ക്കനുസരിച്ച് ജീവിതം നയിക്കാനും ഈ കാലഘട്ടത്തിന്റെ ചിന്തകള്‍ നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്.

ദൈവാത്മാവിന്റെ സഹായത്താല്‍ ദൈവിക വെളിപാടിന്റെ പൂര്‍ണ്ണതയായ ക്രിസ്തുവചനത്തിന്റെ പ്രകാശത്തില്‍ വിശ്വാസ ജീവിത നിലപാടുകള്‍ രൂപപ്പെടുത്താനും ക്രിസ്തുധര്‍മ്മത്തെ പ്രയോഗവല്‍ക്കരിക്കാനും പരിശുദ്ധാത്മാവിനെക്കുറിച്ചും ആത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും കൂടുതല്‍ തെളിമയാര്‍ന്ന ധാരണകളിലേക്ക് കടക്കുമ്പോള്‍ മാത്രമേ നമുക്കു കഴിയൂ.

പലപ്പോഴും പരിശുദ്ധാത്മാവിനെയും ആത്മാവിന്റെ പ്രവര്‍ത്തനത്തെയും തിരുവചനത്തിന്റെ വെളിച്ചത്തില്‍ എന്നതിനേക്കാള്‍ വ്യക്തിപരമായ തോന്നലുകള്‍ക്കും ധാരണകള്‍ക്കും അനുസൃതമായാണ് പ്രഘോഷണമേഖലയില്‍ പോലും പ്രയോഗിച്ചു കാണുന്നത്.

പന്തക്കുസ്താക്കാലത്തിന്റെ തുടക്കത്തില്‍ സെഹിയോന്‍ ശാലയില്‍ പരിശുദ്ധ മറിയത്തോടൊപ്പം ആയിരുന്ന ശിഷ്യസമൂഹത്തിന്റെ മേല്‍ അഗ്‌നിനാവുകളുടെ രൂപത്തില്‍ ദൈവാത്മാവ് വര്‍ഷിക്കപ്പെട്ടു എന്ന ഓര്‍മ്മ ധ്യാനവിഷയമാക്കുമ്പോള്‍ ഈ ആത്മാവിന്റെ പ്രവര്‍ത്തനം അവരിലൂടെ നമ്മിലേക്ക് കൈവെയ്പ്പുവഴി പകരപ്പെടുകയും തുടരുകയും ചെയ്യുന്നു എന്ന ചിന്തയാണ് വാസ്തവത്തില്‍ നമുക്കുണ്ടാകേണ്ടത്. അതിനു പകരം വീണ്ടുമൊരു പന്തക്കൂസ്താ നല്‍കണമേയെന്നു പ്രാര്‍ത്ഥിക്കുന്നവരും ഒരുങ്ങി പ്രാര്‍ത്ഥിച്ചാല്‍ ഈ ദിനത്തില്‍ സ്വര്‍ഗ്ഗം തുറന്ന് അഗ്‌നിനാവായി പരിശുദ്ധാത്മാവ് വീണ്ടും വരുമെന്ന് കരുതി കാത്തിരിക്കുന്നവരും ഇപ്പോഴുമുണ്ട് എന്നത് വിശ്വാസത്തെ സാങ്കല്പികവും കേവല പ്രതീക്ഷയുമാക്കി ചുരുക്കുന്നതിന്റെ ലക്ഷണമാണ്.

ക്രിസ്തുവും അവിടുത്തെ ശരീരമായ സഭയും പരിശുദ്ധാത്മാവ് ആളത്തമാണെന്ന് പഠിപ്പിച്ചിട്ടും കേവലം ഒരു ശക്തിയാണെന്ന് പഠിപ്പിക്കുന്നവരും ആ ശക്തിയുടെ പ്രധാന പണി അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നതാണെന്ന് ശഠിക്കുന്നവരും തിരുസഭയ്ക്ക് പുറത്തു മാത്രമല്ലാ എന്നുള്ളത് വിശ്വാസവഴിയില്‍ വന്നുകൂടിയിട്ടുള്ള അപചയത്തെയാണ് വെളിപ്പെടുത്തുന്നത്.

തന്റെ ശാരിരിക സഹവാസം അവസാനിപ്പിച്ച് പിതാവിന്റെ സന്നിധിയിലേക്ക് പോകുന്നതിനു മുമ്പ് ക്രിസ്തു സഹായകനായി പിതാവില്‍ നിന്നു വരാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിപ്പിക്കുന്നു. അവന്‍, സഹായകന്‍ എന്ന വിശേഷണങ്ങളാണ് പരിശുദ്ധാത്മാവിന് ക്രിസ്തു നല്‍കുന്നത്.

മൂന്നു കാര്യങ്ങളാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളായി വിവരിക്കുന്നത്. അതില്‍ പ്രഥമമായത് പാപത്തെക്കുറിച്ച് ബോധ്യം നല്‍കലാണ്. എന്തുകൊണ്ടാണ് പാപത്തെക്കുറിച്ച് പരിശുദ്ധാത്മാവ് ബോധ്യം നല്‍കുന്നത്? അവിടുന്നു പറയുന്നു, ക്രിസ്തുവില്‍ വിശ്വസിക്കാത്തതിനാലാണ് സഹായകന്‍ ഇതു ചെയ്യുന്നത്. യേശുവില്‍ വിശ്വസിക്കുന്നു എന്ന് കരുതുമ്പോഴും പറയുമ്പോഴും നമ്മുടെ ജീവിതം ക്രിസ്തുവില്‍ ഇപ്പോഴും ഉറച്ചിട്ടില്ല എന്ന പരമാര്‍ത്ഥം നാം തിരിച്ചറിയണം. പാപത്തെക്കുറിച്ചുള്ള ബോധം വേറൊരു തരത്തില്‍ പറഞ്ഞാല്‍ ക്രിസ്തുവുമായി നമുക്കുള്ള അകലത്തെക്കുറിച്ചുള്ള ബോധമാണ്.

പഴയ നിയമത്തിന്റെ കാഴ്ചപ്പാടല്ല നമുക്കു പാപത്തോടുണ്ടാകേണ്ടത്. പ്രവൃത്തികളെ അടിസ്ഥാനമാക്കിയും അതിനനുസരിച്ചും ശിക്ഷയും ശാപവും നല്‍കുന്നതായിരുന്നു പഴയനിയമത്തിന്റെ വഴി. അതിനു പകരം നമ്മെ സ്‌നേഹത്തിന്റെ പ്രകാശത്തിലേക്ക് ക്രിസ്തു നയിക്കുകയും പാപത്തിന്റെ അടിമനുകത്തിന്‍ കീഴില്‍നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്തു. കല്പനയുടെ ലംഘനമാണ് പാപമെന്ന പഴയ കാഴ്ചപ്പാടിനു പകരം പരിശുദ്ധാത്മാവില്‍ കൂടുതല്‍ തെളിമയോടെ മതബോധനം നമ്മോടു പറയുന്നു: ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ കഴിയാത്ത വിധം ലോകത്തോടു നമുക്കുള്ള ക്രമവിരുദ്ധമായ സ്‌നേഹമാണ് പാപം. ഈ അവസ്ഥയിലായ നമ്മെ സഹായകന്‍ വെളിച്ചത്തിലേക്ക് നയിക്കുമ്പോഴാണ് അനുതാപം സാധ്യമാകുന്നത്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടാമത്തേത് നീതിയെക്കുറിച്ചുള്ള പുതുബോധം നല്‍കലാണ്. കണ്ണിനു പകരം കണ്ണ് എന്നതാണ് പഴയ നീതി. സ്ത്രീക്കും യഹൂദരല്ലാത്തവര്‍ക്കും ദൈവത്തെ നിഷേധിക്കുന്നതാണ് ദൈവികനീതിയെന്ന് ഇസ്രായേല്‍ പാരമ്പര്യം. അതു കൊണ്ട് ക്രിസ്തു പറഞ്ഞു. നിങ്ങളുടെ നീതി അതിനെ അതി ലംഘിക്കണം. ശിഷ്ടരുടേയും ദുഷ്ടരുടേയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടേയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്ന ദൈവപിതാവിന്റെ കരുണയാണ് ക്രിസ്തു പഠിപ്പിക്കുന്ന നീതി.

അര്‍ഹമായത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നതാണ് മാനുഷിക നീതി. എത്രത്തോളം ആധുനികരായാലും ജനാധിപത്യത്തില്‍ വളര്‍ന്നാലും ഇതാണ് നമുക്കെത്തിച്ചേരാവുന്നയിടം. എന്നാല്‍ ദൈവത്തിന്റെ അനന്തകാരുണ്യത്തെക്കുറിച്ച് ദൈവാത്മാവ് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തും. കരുണയുടെ വഴിയും നാമും തമ്മിലുള്ള അകലം വെളിപ്പെടുത്തുന്ന സഹായകനാണ് പരിശുദ്ധാത്മാവ്.

തുല്യതയെക്കുറിച്ച് വാതോരാതെ നാം പ്രസംഗിക്കും. പക്ഷെ, നൂറുതരം വിഭജനങ്ങളും വിവേചനങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയുടെ ഭരണഘടനയില്‍ നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന് എഴുതി വച്ചിട്ടുണ്ട്. പക്ഷെ അത് എത്രത്തോളം പ്രയോഗത്തിലുണ്ട് എന്ന് നമുക്കറിയാം.

എന്നാല്‍ ന്യായവിധിയെക്കുറിച്ചുള്ള ബോധം നാമോരോരുത്തരും അവിടുത്തെ സന്നിധിയില്‍ വിചാരണയ്ക്കായി നില്‍ക്കേണ്ടിവരും എന്ന സത്യത്തെ അനുഭവമാക്കുകയാണ്. അവിടെ നമ്മുടെ ജീവിതം മാത്രമാണ് കണക്കിലെടുക്കുക. പക്ഷപാതമില്ലാത്ത എല്ലാവര്‍ക്കും തുല്യ നീതി കിട്ടുന്ന ന്യായാസനത്തിന്റെ മുന്നിലാണ് നാമെന്ന ബോധം അധാര്‍മ്മികതയില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴിയാണ്. ദൈവാത്മാവിന്റെ പ്രവര്‍ത്തനത്താലാണ് ഇതു നമുക്കു ബോധ്യമാവുക.

ഇതൊക്കെയാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെങ്കില്‍ അത്ഭുതങ്ങളും അടയാളങ്ങളുമോ? ഈ പ്രവര്‍ത്തനത്തിലേക്ക് നമ്മെ നയിക്കുന്നവ മാത്രം. ദൈവാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ സ്വീകരിക്കാന്‍ നമ്മെ ഒരുക്കുന്നവ മാത്രം. ആദിമ സഭയില്‍ അവ തീവ്രമായിരുന്നു. ഇപ്പോഴും ചിലപ്പോഴെല്ലാം നമ്മുടെ ജീവിതത്തിലും അവ സംഭവിച്ചേക്കാം. പക്ഷെ, പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനത്തെ അവഗണിക്കുകയും കേവലാനുഭൂതികളെ ആത്മാവിന്റെ പ്രവര്‍ത്തനമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

ഈ നിലയില്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമ്മുടെ ജീവിത സന്ദര്‍ഭങ്ങള്‍ക്കകത്ത് ദൈവാത്മാവിന്റെ നിരന്തരമായി ഇടപെടുന്ന സഹായകനെ നമുക്കു തിരിച്ചറിയാം. ആ സഹായത്തില്‍ ക്രിസ്തുവില്‍ പിതാവിലേക്ക് നമുക്ക് യാത്ര തുടരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org