വിശുദ്ധ പൗരോഹിത്യവും അന്ധവിശ്വാസവും

വിശുദ്ധ പൗരോഹിത്യവും അന്ധവിശ്വാസവും

എം.പി. തൃപ്പൂണിത്തുറ

അന്ധവിശ്വാസവും അബദ്ധവിശ്വാസവും മന്ത്രവാദമോ വി ഗ്രഹാരാധനയോ പോലുള്ളവയാണ് എന്നാണ് എപ്പോഴും കണക്കാക്കപ്പെടുക. വിശ്വാസത്തിന്റെ സ്വാ ഭാവിക ചര്യകള്‍ക്കും ബോധ്യങ്ങള്‍ക്കും അകമെ നിലനില്ക്കുന്ന അന്ധവിശ്വാസത്തിന്റെ നിഗൂഢമായ ഭാവങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. അത്തരത്തില്‍ വിശ്വാസമെന്ന് തോന്നും വിധം രൂഢമൂലമായ ഒന്നാണ് പുരോഹിതനും സന്യാസിയും സമര്‍പ്പിതരും അന്യൂനമായ അടയാളങ്ങളായിരിക്കണം എന്ന ചിന്ത. ഇങ്ങനെ ഒരു അന്ധവിശ്വാസത്തിന്റെ പ്രത്യക്ഷ അടയാളങ്ങളാണ് പൗരോഹിത്യവിമര്‍ശനങ്ങളും ന്യായീകരണങ്ങളുമായി നമുക്കിടയില്‍ ഉയരുന്നത്.
ക്രിസ്തുവിനു മുമ്പും അതേ പോലെ ക്രസ്തുബോധത്തിന്റെ ധാര്‍മ്മികതയ്ക്കു പുറത്തും എന്താണ് പൗരോഹിത്യം എന്ന് പരിശോധിച്ചാല്‍ മാത്രമെ മത പൗരോഹിത്യത്തിന്റെ പതിവ് രീതി ഭാവ വഴികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തവും വിമോചിതവുമാണ് ക്രിസ്തുവിലുള്ള പൗരോഹിത്യവും അതിന്റെ തുടര്‍ച്ചയുമെന്ന് മനസ്സിലാക്കാന്‍ കഴിയൂ.
മതപൗരോഹിത്യം എന്നും മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും അങ്ങേയറ്റം അനീതി നിറഞ്ഞതുമാണ്. ഇന്നും ലോകത്ത് ആചാര മതങ്ങളും അവയുടെ പൗരോഹിത്യവും മനുഷ്യനെ അടിമയും ഭയത്തില്‍ തളച്ചിടപ്പെട്ടവുമായി നിലനിറുത്തുന്നു. തിരുസഭ മതബോധം നിലനിറുത്തുമ്പോഴും സ്ഥാപനമതത്തിന്റെ അതിരുകളില്‍ കുടുങ്ങിയിട്ടില്ലെന്നും സാഹോദര്യത്തില്‍ സമഭാവനയില്‍ ക്രിസ്തുശരീരമായി നിലകൊള്ളുന്നുവെന്നും നാം നിരന്തരം ഓര്‍ക്കണം.
മതപൗരോഹിത്യം എന്നും എവിടെയും ആധിപത്യ സ്വഭാവമുള്ളതും അധീശത്വം പുലര്‍ത്തുന്നതുമായി നിലനില്‍ക്കുന്നു. തങ്ങളാണ് ദൈവത്തിന്റെ ഹിതം നിറവേറ്റുന്നവരും ജനത്തെ ദൈവഹിതപ്രകാരം ജീവിക്കാന്‍ പഠിപ്പിക്കുന്നവരെന്നും സ്വയം വിശ്വസിച്ചും മറ്റുള്ളവരെക്കൊണ്ട് നിര്‍ബ്ബന്ധപൂര്‍വ്വം വിശ്വസിപ്പിക്കുന്നവരുമായി പുരോഹിത മതവും അതിന്റെ വക്താക്കളും തുടരുന്നു.

അനുതാപിയായിരിക്കുക എന്നതല്ലാതെ അമാനുഷനായിരിക്കുക
എന്നതല്ല ദൈവവിളിയുടെ അര്‍ത്ഥം. തന്റെ കുറവറിഞ്ഞ്
ലോക മാര്‍ഗ്ഗത്തില്‍നിന്ന് മാറി നടക്കാന്‍ നിരന്തരം പ്രാര്‍ത്ഥന കൊണ്ടും
പരിത്യാഗം കൊണ്ടും യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അര്‍പ്പണം
കൊണ്ടും ബലമാര്‍ജ്ജിക്കുകയാണ് പുരോഹിതന്‍.


മതപൗരോഹിത്യം ദൈവത്തിന്റെ പ്രവര്‍ത്തിയായി സ്വയം അവ രോധിക്കുകയും ആധിപത്യ സ്വഭാവവും അധീശത്വവും പുലര്‍ത്തുകയും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടതിനാല്‍ അന്യൂനവും ചോദ്യം ചെയ്യപ്പെട്ടു കൂടാത്തതും അനുഗ്രഹിക്കാനും ശപിക്കാനും കഴിവുറ്റതുമാണെന്ന ബോധവും നിലനിറുത്തുന്നു.
ദൈവം മനുഷ്യനില്‍ നിന്ന് ഏറെ അകന്ന ഒന്നെന്ന നിലയില്‍ ഗണിക്കപ്പെട്ടിരുന്ന ഒരു സങ്കല്പത്തിന്റെ പരിമിതി ക്രിസ്തുവില്‍ നീക്കം ചെയ്യപ്പെട്ടു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗങ്ങളെയും ഫലമൂലങ്ങളെയും ബലിയര്‍പ്പിക്കുന്ന ഒരാളുടെ ഇടനില വേണ്ട എന്ന് മനുഷ്യാവതാരത്തിലൂടെ ഉറപ്പിക്കപ്പെട്ടു. ദൈവം തന്നെ മനുഷ്യനായി. മനുഷ്യന്‍ ദൈവത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. വചനം മാംസമായി മനുഷ്യരുടെ ഇടയില്‍ വസിച്ച് (യോഹ. 1:14) മനുഷ്യനെ ദൈവത്തോളം അഥവാ മണ്ണിനെ വിണ്ണോളം ഉയര്‍ത്തി. അങ്ങനെ ആചാരത്തിലൂടെ അനുഭവപ്പെട്ട ദൈവത്തെ പരസ്‌നേഹം വഴി എങ്ങനെ വെളിപ്പെടുത്താമെന്ന പരമാര്‍ത്ഥം സത്യബോധമായി ഉറപ്പിക്കപ്പെട്ടു. ദൈവത്തിന്റെ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് വിളിച്ചു എന്നത് ആശയലോകത്തു നിന്ന് സത്യത്തിലേക്ക് ഇഴചേര്‍ക്കപ്പെട്ടു.
താന്‍ ദൈവവും മനുഷ്യനുമാണെന്ന് പ്രഖ്യാപിച്ചതിലൂടെയും തന്നില്‍ വിശ്വസിക്കുന്നവരും തന്നെ സ്വീകരിക്കുന്നവരും ദൈവമക്കളാണ് എന്ന് തെളിയിച്ചതിലൂടെയും പഴയ നിയമ പൗരോഹിത്യവും മതപൗരോഹിത്യവും യഥാര്‍ത്ഥത്തില്‍ റദ്ദാക്കപ്പെട്ടു. അതു തന്നെയാണ് ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കാനുള്ള പ്രേരണയായി ജ്വലിച്ചതും കാരണമായി പറയപ്പെട്ടതും.
ക്രിസ്തുവില്‍ ഒരു പുരോഹിത ശുശ്രൂഷ പഴയതിനെ നീക്കി സ്ഥാപിക്കപ്പെട്ടു. ഹെബ്രായര്‍ ലേഖനം അതു പറയുന്നുണ്ടല്ലോ. ബലി വസ്തുവും ബലിയര്‍പ്പകനും ഒന്നായിത്തീരുന്ന ഏക സമര്‍പ്പണം കൊണ്ട് അവിടുന്ന് നിത്യ പുരോഹിതനായി. അതിലൂടെ പഴയ നിയമ പൗരോഹിത്യം നീക്കപ്പെട്ടു.
പെസഹാ വ്യാഴം പുതിയ പൗരോഹിത്യത്തിന്റെ സ്ഥാപന ദിനമായി കരുതുകയും ആചരിക്കുകയും ചെയ്യുന്നതിന്റെ സാംഗത്യം അതാണ്. അവിടെ പഴയ ബലിഷ്ഠവും അധികാര പൂര്‍ണ്ണവുമായ പുരോഹിത സങ്കല്പത്തിനു പകരം വിനീതത്വത്തിന്റെയും പാപ ക്ഷമയുടെയും സ്വയാര്‍പ്പണത്തിന്റെയും പാപപരിഹാരത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ പുരോഹിത ശുശ്രൂഷ ആരംഭിക്കുന്നു.
പൗരോഹിത്യം പഴയ നിയമത്തിലേതും ക്രൈസ്തവ ധാര്‍മ്മികതയ്ക്ക് പുറമേയുള്ളതും അധികാര പൂര്‍ണ്ണമായ ഒന്നാണെങ്കില്‍ പാദസേവയും പാപക്ഷമയുമായി പുതിയ നിയമത്തില്‍ മാറി. പരസ്പരം പാദം കഴുകുക എന്നത് പാപങ്ങള്‍ കഴുകണമെന്ന അര്‍ത്ഥത്തിലും നമുക്ക് വായിച്ചെടുക്കാം. അധികാരം ദാസ്യത്തിനുള്ളതും പാപം ക്ഷമിക്കാനുള്ളതുമായി മാറുന്നു. കുറ്റം വിധിക്കാനോ ശിക്ഷിക്കാനോ ഉള്ളതല്ലെന്നു വരുന്നു. പുരോഹിതന്‍ ശപിക്കുന്നവനല്ല, അനുഗ്രഹിക്കുന്നവനാണെന്നു വരുന്നു.
ക്രൈസ്തവ ധാര്‍മ്മികതയിലെ പൗരോഹിത്യം രാജകീയ പൗരോഹിത്യമായ പൊതു പൗരോഹിത്യത്തിന്റെ ഭാഗമാണ്. അതൊരിക്കലും ഒരു തട്ടുതിരിവിന്റെ തലമല്ല. പുരോഹിതന്‍ പാപിയുടെ കൂട്ടായ്മയുടെ ഭാഗം തന്നെയാണ്. നമ്മുടെ വിശുദ്ധി നാം ചെയ്യുന്ന നന്മയുടെ ഫലമല്ല. അനുതാപത്തിലൂടെ നാം നമ്മെത്തന്നെ ദൈ വസന്നിധിയില്‍ സമര്‍പ്പിക്കുകയാണ്. പുരോഹിതന്‍ ശുശ്രൂഷാ പൗരോഹിത്യത്തിലൂടെ സഭയുടെ ആശീര്‍വ്വാദം നമുക്കു തരുന്നത് സ്വന്തം ശ്രേഷ്ഠതയാലോ സിദ്ധിയാലോ അല്ല. ബലഹീനനും കുറവുള്ളവനും പാപിയുമായ ഒരുവന്‍ തന്റെ ജീവിതത്തെ പരിപൂര്‍ണ്ണതയില്‍ നിലനിറുത്താന്‍ സമര്‍പ്പണത്തിന്റെ മേശയില്‍ വയ്ക്കുന്നു. അത് വ്യക്തിപരമായ യോഗ്യതയോ കഴിവോ കൊണ്ടല്ല.
തെറ്റുപറ്റാത്തിടമാണ് എന്നനിലക്ക് പൗരോഹിത്യത്തെ കാണരുത്. മറ്റേത് വിശ്വാസിക്കുമെന്ന പോലെ പുരോഹിതനും സമര്‍പ്പി തര്‍ക്കും തെറ്റു പറ്റാം. ഒരുപക്ഷെ മറ്റുള്ളവരുടെ ഭാരം ഏറ്റെടുക്കുന്നതു കൊണ്ടും ലോകത്തില്‍ ലോക സാമാന്യതയെ ലംഘിച്ച് ജീവിക്കുന്നതുകൊണ്ടും കാലിടറാം. അനുതാപിയായിരിക്കുക എന്നതല്ലാതെ അമാനുഷനായിരിക്കുക എന്നതല്ല ദൈവവിളിയുടെ അര്‍ത്ഥം. തന്റെ കുറവറിഞ്ഞ് ലോക മാര്‍ഗ്ഗത്തില്‍നിന്ന് മാറി നടക്കാന്‍ നിരന്തരം പ്രാര്‍ത്ഥന കൊണ്ടും പരിത്യാഗം കൊണ്ടും യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അര്‍പ്പണം കൊണ്ടും ബലമാര്‍ജ്ജിക്കുകയാണ് പുരോഹിതന്‍.
ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോള്‍ പുരോഹിതന്‍ മറ്റൊരാളെക്കാള്‍ ശ്രേഷ്ഠനോ ചോദ്യം ചെയ്യപ്പെട്ടുകൂടാത്തവനോ ആയിക്കൂട. അവസാനത്തെ മനുഷ്യനു ലഭിക്കാത്ത നീതിയോ പരിഗണനയോ അദ്ദേഹത്തിനും കിട്ടിക്കൂട. ലോകത്തിന്റെ നിയമത്തിനു മുന്നില്‍ പരമപരിശുദ്ധനായിരുന്ന ക്രിസ്തു സ്വയം നീതീകരിക്കുന്നില്ല. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും അവിടുന്ന് വിധിക്കു മുന്നില്‍ വി നീതനായത് ഓര്‍ക്കുക. പുരോഹിതനായാലും അല്‍മായനായാലും രാജ്യത്തെ പൗരനെന്ന നിലയില്‍ രാജ്യത്തെ നിയമം നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കു വിധേയപ്പെടണം.
അങ്ങനെ വരുമ്പോള്‍ പുരോഹിതരോട് ബഹുമാനം കുറയില്ല. അവര്‍ തെറ്റുപറ്റാത്തവരാണെന്നോ ആകണമെന്നോ ഉള്ള കടുംപിടുത്തം ഉണ്ടാവുകയുമില്ല. നമ്മുടെ ഇടയില്‍ നിന്ന് നമുക്കു വേണ്ടി ശുശ്രൂഷ ചെയ്യാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും ആ പ്രേരണയും നമ്മോടുള്ള സ്‌നേഹവും നിമിത്തം സ്വയം സമര്‍പ്പിച്ചവരുമാണ് പുരോഹിതരും സന്യസ്തരും. അതുകൊണ്ട് അവര്‍ തെറ്റുപറ്റാത്തവരല്ല. യാഥാര്‍ത്ഥ്യബോധത്തോടെ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. അല്ലാതെ അവരുടെ വീഴ്ചകള്‍ കണ്ടില്ലെന്നു ഭാവിക്കുന്നതോ അതൊക്കെ മന്ത്രവാദത്തിന്റെ ഫലമാണെന്നു പറയുന്നതോ അവരെ അവരുടെ കുറവുകളില്‍ ന്യായീകരിക്കുന്നതോ വിശ്വാസമല്ല, വിശ്വാസാപചയമാണ്. അവരെ വിമര്‍ശിച്ചാല്‍ ശപിക്കപ്പെടുമെന്നത് അന്ധവിശ്വാസമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org