നോമ്പിന്റെ ഹൃദയം

നോമ്പിന്റെ ഹൃദയം

തുടര്‍ച്ചയായി ചെയ്യുന്നതെന്തും ഒരു ശീലമായിപ്പോവുക എന്നത് നമ്മുടെ ഒരു ദൗര്‍ബല്യമാണ്. നിരന്തരമായി ലക്ഷ്യവുമായി ചര്യകളെ ചേര്‍ത്തു നിറുത്തുകയും സ്വയം വിമര്‍ശ്യഭാവത്തോടെ സമീപിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അര്‍ത്ഥരഹിതമായി മാറും ഏതു പ്രവൃത്തിയും.

പ്രാരംഭ ലക്ഷ്യത്തില്‍ നിന്നകന്ന് അങ്ങനെ ശീലമായി മാറിയ ഒന്നാണ് നോമ്പാചരണം. വീണ്ടും ഒരു തപസ്സുകാലം ആഗതമാകുമ്പോള്‍ പതിവുപോലെ അമ്പതു നാളത്തെ ഒരാചാരമായി അതില്‍ മുഴുകിയാല്‍ ജീവിതനവീകരണത്തിനുള്ള ഒരു അവസരം കൂടി നമുക്കു നഷ്ടമാകും.

നോമ്പുകാലത്ത് നാം മാംസം വര്‍ജ്ജിക്കും. അമ്പതു നാളേക്ക്. അതിനു ശേഷം ആവോളം കഴിക്കാമെന്ന പ്രതീക്ഷയില്‍. ഭക്ഷണം ഉപേക്ഷിക്കും. അതും ഒരു നീട്ടിവയ്ക്കല്‍ തന്നെ. ഭക്താഭ്യാസങ്ങള്‍ അനുഷ്ഠിക്കും. മലകയറുകയും ചെയ്യും. പക്ഷെ, അപ്പോള്‍തന്നെ അവയിലൂടെ എന്തു ലക്ഷ്യമാക്കിയോ അവയെ കൈവിടുകയും ചെയ്യും. ഈ നില തുടരുന്നതിനാല്‍ ജീവിത പരിവര്‍ത്തനത്തിനുതകാത്ത ഒരു പാഴ്‌വേലയായി തപസ്സ് കടന്നു പോവുകയും ചെയ്യും.

എന്തിനാണ് നോമ്പുകാലം? പെസഹാ മഹോത്സവം ആഘോഷിക്കാന്‍ എന്നാണ് സാധാരണ ഉത്തരം. കടന്നുപോകലായ ജീവിതത്തെ ക്രിസ്തുവിന്റെ പെസഹായോടു ചേര്‍ത്തു വച്ച് ഉത്ഥാനത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കാന്‍ എന്ന് ആലങ്കാരികമായി പറയുകയും ചെയ്യാം. അങ്ങനെയൊക്കെ പറയുമ്പോഴും ആചരണത്തിന്റെ ശേഷജീവിതം പഴയതുതന്നെ എന്ന യാഥാര്‍ത്ഥ്യം മുന്‍കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നോമ്പിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും ജീവിതം തിരുസഭയില്‍ മാത്രമല്ല. ലോകത്തുള്ള മതങ്ങളും ഇത്തരത്തിലുള്ള പ്രയോഗ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മതാനുയായികള്‍ അവ അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഒന്നായാണോ നോമ്പുകാലത്തെ നാം മനസ്സിലാക്കിയിട്ടുള്ളത്?

മതങ്ങളെല്ലാം തന്നെ ഇത്തരം ആചരണങ്ങളെ പുണ്യമാര്‍ഗ്ഗങ്ങളായി പഠിപ്പിക്കുന്നു. മോക്ഷം പ്രാപിക്കാനും ദൈവാനുഗ്രഹം പ്രാപിക്കാനുമുള്ള കുറുക്കുവഴികളാണ് പരിത്യാഗചര്യകള്‍. മതാനുയായികളായ വിശ്വാസികള്‍ നിര്‍ബന്ധമായും നിഷ്ഠയോടെയും അനുഷ്ഠിക്കേണ്ടതും ആചരിക്കേണ്ടവയാണ് തപശ്ചര്യകള്‍. അവ പാപപരിഹാരമാര്‍ഗ്ഗങ്ങളും ഭൗതീക നന്മകള്‍ ആര്‍ജ്ജിക്കാനുമുള്ള അവസരങ്ങളായി അവര്‍ വിശ്വസിക്കുകയും അവയെയെല്ലാം പിഞ്ചെല്ലുകയും ചെയ്യുന്നു.

തിരുസഭയില്‍ നാം അനുഷ്ഠിക്കുന്ന നോമ്പിന്റെ വ്യതിരിക്തത എന്താണ്? തിരുസഭ നോമ്പുകാലത്തെ പ്രഖ്യാപിക്കുമ്പോള്‍ അതൊരു നിര്‍ബന്ധിതമായ അനുഷ്ഠാനമായി അടിച്ചേല്‍പ്പിക്കുന്നില്ല. അമ്പതു നാളത്തെ ആചരണം കൊണ്ട് മോക്ഷം പ്രാപിക്കാമെന്നോ ചെയ്ത പാപങ്ങളെല്ലാം നീക്കാന്‍ ഇതുവഴി സാധിക്കുമെന്നോ എന്തെങ്കിലും കാര്യലാഭത്തിനുള്ള വഴിയോ ദൈവപ്രീതിക്കുള്ള പ്രവൃത്തിയോ ആയി തിരുസഭ തപസുകാലത്തെ അവതരിപ്പിക്കുന്നില്ല. ഇത്തരത്തിലൊക്കെ വ്യാഖ്യാനിക്കുന്ന പ്രഘോഷകരും ശുശ്രൂഷകരും ഉണ്ട് എന്ന വാസ്തവത്തെ തള്ളിക്കളയുന്നില്ല.

പിന്നെ നോമ്പ് എന്താണ് ലക്ഷ്യമാക്കുന്നത്? ക്രൈസ്തവ ധാര്‍മ്മികതയുടെ ജീവിതം നയിക്കാന്‍ കടപ്പെട്ടവരാണ് വിശ്വാസികളായ നാം. സാധാരണ ജീവിതത്തില്‍ ക്രിസ്തു സാന്നിധ്യവും ജീവാര്‍പ്പണബോധവും നിരന്തരം നാം നിലനിറുത്തേണ്ടതുണ്ട്. ഇത് അറിയാവുന്നവരാണ് നാം. പക്ഷെ നമ്മുടെ അറിവും അനുഭവവും ഒത്തുപോകുന്നില്ല. ചെയ്യുന്ന പ്രവൃത്തികളുടെ ലക്ഷ്യം ക്രിസ്തുവിലുള്ള അര്‍പ്പണത്തിന്റെ ഭാവം ധരിക്കുന്നില്ല. അറിവും അനുഭവവും തമ്മിലുള്ള ആന്തരികമായ ഈ ഭിന്നതയെ എങ്ങനെയാണ് കുറച്ചു കൊണ്ടു വരാന്‍ കഴിയുക? പ്രവൃത്തികള്‍ക്കകത്ത് നഷ്ടപ്പെട്ടുപോകുന്ന ക്രിസ്തുഭാവത്തെ പ്ര വൃത്തികള്‍ കൊണ്ട് തിരികെപ്പിടിക്കാനുള്ള ശ്രമത്തിന് ഉപയോഗിക്കാവുന്ന ഉപാധിയാണ് നോമ്പനുഷ്ഠാനം.

വിഭൂതിയില്‍ ആരംഭിക്കുന്ന നോമ്പിന്റെ ഏറ്റം പ്രധാനപ്പെട്ട ഭാവം അനുതാപത്തിന്റേതാണ്. നമ്മെ ജീവാര്‍പ്പണം വഴി സ്വന്തമാക്കിയ ക്രിസ്തുവുമായി നമുക്കുള്ള അകലത്തെ തിരിച്ചറിയാന്‍ ബാഹ്യാടയാളങ്ങളെ നാം ഉപയോഗിക്കുന്നു. ചാരം പൂശുന്നതിലൂടെയും ഇഷ്ടങ്ങളെ കൈവിടുന്നതിലൂടെയും തന്നിലുള്ള സാമാന്യതയെ തിരിച്ചറിയാനും തന്നിലുള്ള ദുര്‍ബലതകളെ തിരിച്ചറിയാനും ഇടമൊരുക്കുകയാണ് നോമ്പനുഷ്ഠാനങ്ങള്‍.

മാംസവര്‍ജ്ജനത്തെ നോമ്പിന്റെ ബാഹ്യരൂപമായി കാണുമ്പോള്‍ തിരിച്ചറിയണം, മാംസം മോശമായതുകൊണ്ടോ മാംസം കഴിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള കുറവായതുകൊണ്ടോ അല്ല നോമ്പനുഷ്ഠാനത്തിന്റെ ഭാഗമായി അതു കണക്കാക്കപ്പെടുന്നത്. മാംസം വര്‍ജ്ജിച്ചാല്‍ എന്തെങ്കിലും ആത്മീയ ഉന്നതി പ്രാപിക്കാമെന്നതുകൊണ്ടല്ല അതു നോമ്പിന്റെ ഭാഗമാകുന്നത്.

മതങ്ങള്‍ ഭക്ഷണത്തില്‍ പുലര്‍ത്തുന്ന ഒരു നിഷ്‌ക്കര്‍ഷതയും പറയാത്ത ഇടമാണ് സഭ. വസ്ത്ര ധാരണത്തിലും ഭക്ഷണരീതിയിലും തികഞ്ഞ സ്വാതന്ത്ര്യമുള്ള സഭയില്‍ പിന്നെന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം? ഭക്ഷണത്തെ സംബന്ധിച്ച ധാരണകളെ ലംഘിക്കാനുള്ള വഴിയായിട്ടാണ് അതെന്ന് മനസ്സിലാക്കണം.

ഭക്ഷണം ജീവന്‍ നിലനിറുത്താനുള്ള അടിസ്ഥാന ആവശ്യമാണ് എന്നതാണല്ലോ നമ്മുടെ സാമാന്യബോധം. ശാസ്ത്രീയമായി നാം കണ്ടെത്തിയിട്ടുള്ളതും അങ്ങനെ തന്നെയാണ്. അതു തെറ്റല്ലതാനും. എന്നാല്‍ വിശ്വാസം നമ്മോടു പറയുന്നു, ഭക്ഷണമല്ല ജീവന്റെ അടിസ്ഥാനമെന്ന്. അത് യഥാര്‍ത്ഥ ഭക്ഷണമായ വചനമാകുന്ന ക്രിസ്തുവാണെന്ന്. ഭാവാത്മകമായ ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞ് ജീവിക്കാനാകുന്നില്ലെങ്കില്‍ ഭക്ഷണം തേടുക എന്ന സാമാന്യതയില്‍ നാം കുടുങ്ങും. ഭക്ഷണമാവുക എന്ന ഭാവാത്മകതയാണ് നിത്യമായ ജീവന്റെ അര്‍ത്ഥമെന്ന ബോധം ഉയരുമ്പോള്‍ മാത്രമേ, സ്വാഭാവികതയെ മറികടക്കുന്ന ജീവിതമുണ്ടാകൂ. എന്റെ വിശപ്പിനു പരിഹാരം തേടാനുള്ളതല്ല ജീവിതമെന്നും അപരന്റെ വിശപ്പിന് പരിഹാരം തേടുന്നതും പരിഹാരമാകുന്നതുമാണ് ആത്മീയ ജീവിതമെന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ ഉപവാസം നിരര്‍ത്ഥകമാകും.

ഉപവാസത്തെക്കുറിച്ചു പറയുമ്പോള്‍ പ്രധാനമായും പഴയ നിയമത്തിന്റെ ഉദ്ധരണികളാണ് നാം സാധാരണയായി ഉപയോഗിക്കുന്നത്. എന്തുകൊണ്ട് ക്രിസ്തുപാഠങ്ങളെ നാം സ്വീകരിക്കുന്നില്ല? ക്രിസ്തു, ഭക്ഷണം കൊണ്ടുമാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് എന്ന് തന്റെ നാല്‍പ്പതു നാളത്തെ ഉപവാസശേഷമുള്ള വിശപ്പിന്റെ പ്രലോഭനത്തിനു നേരെ പറയുന്നു. തന്റെ പിതാവിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതും ഇഷ്ടങ്ങള്‍ നിറവേറ്റുന്നതുമാണ് തന്റെ ഭക്ഷണമെന്ന് പ്രഖ്യാപിക്കുന്നു. വിശപ്പിന്റെ വ്യാമോഹിപ്പിക്കുന്ന അത്തിവൃക്ഷത്തിനു പകരം ഉണങ്ങിയ മരത്തില്‍ അപരനുള്ള ഭക്ഷണമായി സ്വയം നല്‍കുന്നു. ശിഷ്യരുടെ കയ്യില്‍ തങ്ങള്‍ക്കായി സൂക്ഷിച്ച അഞ്ചും ഏഴും അപ്പങ്ങള്‍ ആയിരങ്ങള്‍ക്കായി പകുത്തുനല്‍കി അപ്പമാകലിന്റെ വഴി പഠിപ്പിക്കുന്നു. വിശക്കുന്നവന്റെ ഓര്‍മ്മ ജീവിതത്തെ പൊള്ളിക്കുന്നില്ലെങ്കില്‍ എന്ത് ഉപവാസം.

ലോക താല്പര്യങ്ങളില്‍ മുഴുകുമ്പോള്‍ ഭക്ഷണം കേവലം ജീവന്റെ നിലനില്പ്പിന് എന്നതിനെ മറികടന്ന് രുചിമോഹങ്ങളെ തൃപ്തിപ്പെടുത്തിനുള്ളതായി അതിനെ മനസ്സിലാക്കുന്നു. രുചികരമായതു തേടുക എന്നത് ഇന്ദ്രിയ താല്പര്യങ്ങളുടെ വഴിയെ ചരിക്കലാണ്. കണ്ണുകളുടെ ദുരാശ ജഢത്തിന്റെ ദുരാശ എന്നിവ പിടിമുറുക്കുന്നു. പുളിമാവ് രുചിയുള്ളതാണ്. ആ വഴി ആസക്തികളുടെ ലോകത്തേക്ക് നമ്മെ നയിക്കുന്നു. മാംസത്തോട് പ്രിയമുണ്ടാകുന്ന പ്രകൃതിയാണ് സാധാരണമായി നമുക്കുള്ളത്. ഇഷ്ടങ്ങളുടെ ഏറ്റവും ശക്തമായ രൂപമാണ് ഭക്ഷണം. അവിടെയാണ് മാംസവര്‍ജ്ജനം നിര്‍ദ്ദേശിക്കുന്നത്. സ്വതന്ത്രമായി ഭക്ഷണശീലങ്ങളുള്ള നമ്മള്‍ പലതും വര്‍ജ്ജിക്കാനായി ഉപദേശിക്കപ്പെടുന്നു.

വാസ്തവത്തില്‍ ആചാരമെന്നനിലയ്ക്ക് മാംസം വര്‍ജ്ജിക്കുമ്പോള്‍ നാം രുചിയുടെ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിപ്പോകും. അവിടെ ഒരു സദുപദേശത്തെ വീണ്ടും നമ്മുടെ രുചിമോഹങ്ങള്‍ കൊണ്ട് നാം മറികടക്കുകയാണ് എന്നോര്‍ക്കുക. ലളിതഭക്ഷണത്തിലേക്കാണ് നാം പ്രവേശിക്കേണ്ടത്? ആവശ്യത്തിനായി ഭക്ഷിക്കുന്നു എന്ന ചിന്ത നമ്മെ നയിക്കണം.

സ്വയമുപേക്ഷ ഒരു അര്‍പ്പണ രീതിയാണ്. ബലിയുടെ ഭാവം അതിനുണ്ട്. കേരളത്തിലെ ആദിമ ദേവതാസങ്കല്പമായിരുന്നത് മുത്തപ്പനും കുട്ടിച്ചാത്തനുമൊക്കെയാണ്. അവര്‍ക്കായി അര്‍പ്പിക്കപ്പെട്ട കാഴ്ച്ചകള്‍ മാംസവും കള്ളുമൊക്കെയായിരുന്നു. അത് ആ ദേവതകള്‍ കുറവുള്ളവരാണ് എന്നതുകൊണ്ടല്ല. നമ്മുടെ സാധാരണ ഭക്ഷണം മാംസവും കള്ളുമൊക്കെയായിരുന്നു ആ ചരിത്രഘട്ടത്തില്‍. ഏറ്റവും പ്രിയപ്പെട്ടത് ദേവതയ്ക്ക് എന്ന ചിന്തയാണ് അവയെ കാഴ്ചവസ്തുവാക്കിയതിനു പിന്നില്‍.

ബ്രാഹ്മണാധിനിവേശത്തിന്റെ നാളുകളില്‍ പുതിയ ദേവതകള്‍ രംഗപ്രവേശം ചെയ്തു. അവര്‍ക്ക് പാലും പഴവും നെയ്യുമെല്ലാം അര്‍ച്ചന ചെയ്യപ്പെട്ടു. അവര്‍ക്ക് എന്തെങ്കിലും മേന്മയുള്ളതുകൊണ്ടല്ല. ബ്രാഹ്മണര്‍ പ്രധാനമായി കഴിച്ചിരുന്ന വിഭവങ്ങള്‍ അവര്‍ കാഴ്ച വച്ചു എന്നേയുള്ളൂ.

ക്രിസ്തുവില്‍ നാം തിരിച്ചറിയുന്നത് നമുക്ക് നമ്മോടും നമ്മുടെ ഇഷ്ടങ്ങളോടുമാണ് പ്രിയം. അങ്ങനെയുള്ളതെല്ലാം ഉപേക്ഷിക്കാന്‍ ശീലിക്കുന്നു എന്നേ വര്‍ജ്ജനങ്ങള്‍ക്ക് അര്‍ത്ഥമുള്ളൂ. സസ്യാഹാരം ഒരാളെ മേന്മയുള്ളയാളാക്കില്ല. അവനവനുപേക്ഷ അപരത്തെ മേന്മയുള്ളതാക്കി കാട്ടിത്തരും. അപ്പോള്‍ നോമ്പ് ഉപകാരപ്രദമാകും.

നോമ്പില്‍ എന്തോ വീരസ്യമുണ്ട് എന്ന മേന്മഭാവിക്കല്‍, അഹത്തെയാണ് പ്രകാശിപ്പിക്കുന്നത്. ഞാന്‍ സസ്യാഹരമേ കഴിക്കൂ എന്നു പറയുന്നതും ഞാന്‍ ഉപവാസത്തിലാണ് എന്ന് ഞെളിയുന്നതും നോമ്പിന്റെ ചൈതന്യത്തിന് വിപ രീതമാണ്. ദാമ്പത്യ ധര്‍മ്മം നിറ വേറ്റാതെ തങ്ങളെന്തോ ശുദ്ധിയുള്ളവരാണെന്ന് ഭാവിക്കുന്നവരും അപരത്തെ നിഷേധിക്കുന്ന ക്രിസ്തു വിരുദ്ധതയിലാണ്.

നോമ്പുകാലത്ത് ഒരുവന്‍ ഗുരുവിനോടു ചോദിച്ചു.

ഗുരോ, പച്ചക്കറിക്ക് തീവിലയാണ്. നൂറിലധികം രൂപവേണം ഒരു ദിവസത്തെ കറിക്ക്. ചാളയ്ക്കാണെങ്കില്‍ അരക്കിലോയ്ക്ക് മുപ്പതു രൂപയേയുള്ളൂ. ചാള കൂട്ടിയാല്‍ നോമ്പിന്റെ ലംഘനമാകുമോ?

ഗുരു ചോദിച്ചു.

വാസ്തവത്തില്‍ ചാള കൂട്ടാന്‍ ആഗ്രഹമുണ്ടോ?

സ്വയം പരിശോധിച്ച ശേഷം ശിഷ്യന്‍ പറഞ്ഞു.

ഇല്ല ഗുരോ. എനിക്കും കുടുംബത്തിനും അഷ്ടിക്ക് എന്തെങ്കിലും കഴിക്കണം.

എങ്കില്‍ ചാളയുമാകാം. അതില്‍ ലംഘനമില്ല.

പ്രിയ സുഹൃത്തെ, നെറ്റി ചുളിക്കേണ്ട. അപരന്റെ നൊമ്പരമറിയുന്ന ഹൃദയം ഉണ്ടാകുന്നതാണ് ക്രിസ്തുഭാവം അവിടെ എത്തിച്ചേരാനാകാത്തതിലുള്ള അനുതാപവും എത്തിച്ചേരാനുള്ള തീക്ഷ്ണതയുമാണ് നോമ്പ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org