വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?
നമുക്ക് നാമായി നിലനില്ക്കാന്‍ ബലമായി മാറേണ്ടത് നമ്മുടെ നിലപാടായ മൂല്യബോധമാണ്. വ്യക്തിപരമായിട്ടായാലും സാമൂഹ്യമായിട്ടാണെ ങ്കിലും. മൂല്യബോധത്തില്‍ ഉറയ്ക്കാതെ പോകു മ്പോള്‍ നാം അതിനെടുക്കുന്ന ഉപാധിയാണ് പുറത്ത് ഒരു ശത്രുവിനെ നിര്‍മ്മിച്ചെടുക്കുന്നത്.

ക്രൈസ്തവരായതില്‍ നമുക്ക് അഭിമാനമുണ്ടാകണം. അത് പാരമ്പര്യവാദത്തിന്റെ അഭിമാനബോധമല്ല. ക്രിസ്തുവില്‍ നമ്മെ പീഡിപ്പിക്കുന്നവരെ സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതമര്‍പ്പിക്കാനും ക്രിസ്തുവിനോടുകൂടെ സഹിക്കാനും നാം വിളിക്കപ്പെട്ടു എന്നതിലാണ് നാം അഭിമാനിക്കേണ്ടത്.

ക്രിസ്ത്യാനി തനിക്ക് ശത്രുവായി മറ്റ് സമുദായത്തിലെ മനുഷ്യരെ അഥവാ സഹോദരങ്ങളെ കരുതുന്നതിനേക്കാള്‍ വിശ്വാസവീഴ്ചയായും അപമാനകരമായും എന്തുണ്ട്? ദ്രോഹിക്കുന്നവരെ സ്‌നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്ന ക്രിസ്തുവചനം പഴഞ്ചനായി കരുതുന്ന നവക്രിസ്ത്യന്‍ ചിന്താധാര നമ്മെ വിഴുങ്ങുകയാണോ? ക്രിസ്തുവില്‍ അഭിമാനിക്കേണ്ട ഇന്ന് നാം അഭിമാനിക്കുന്നത് നമ്മുടെ സ്ഥാപനങ്ങളെക്കുറിച്ചാണ്. നമ്മുടെ അധികാര ബന്ധങ്ങളെക്കുറിച്ചാണ്.

നമുക്ക് നാമായി നിലനില്ക്കാന്‍ ബലമായി മാറേണ്ടത് നമ്മുടെ നിലപാടായ മൂല്യബോധമാണ്. വ്യക്തിപരമായിട്ടായാലും സാമൂഹ്യമായിട്ടാണെങ്കിലും. മൂല്യബോധത്തില്‍ ഉറയ്ക്കാതെ പോകുമ്പോള്‍ നാം അതിനെടുക്കുന്ന ഉപാധിയാണ് പുറത്ത് ഒരു ശത്രുവിനെ നിര്‍മ്മിച്ചെടുക്കുന്നത്. സഭയ്ക്കു പുറത്ത് ഒരു ശത്രുവിനെ നിര്‍മ്മിച്ച് സഭയുടെ കൂട്ടായ്മയും ശേഷിയും വര്‍ദ്ധിപ്പിക്കാമെന്ന വ്യാമോഹത്തില്‍ പെട്ടതിന്റെ അടയാളമാണ് ഒരു നാടിനെ മുഴുവന്‍ അപമാനിക്കുന്ന സംഘപരിവാര്‍ ആശയമായ ഒരു സിനിമയെ വിശ്വാസപ്രഘോഷണത്തിന്റെ മാധ്യമമായി തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍.

വിശ്വാസ പരിശീലനത്തില്‍, ഇത് ഞങ്ങളുടെ കാര്യമാണ്. എന്തു പഠിപ്പിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് ശുശ്രൂഷാ ചുമതലയുള്ളവര്‍ പറയുമ്പോള്‍, നിങ്ങള്‍ ലോകത്തെ പഠിപ്പിക്കുന്നത് ക്രിസ്തു ബോധമല്ല എന്ന സത്യം പറയാതെ തന്നെ വെളിവാകുകയാണ്. ഇനി, കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങളിലോ, മതബോധനത്തിലോ, ക്രൈസ്തവ ധാര്‍മ്മികതയിലോ, സദാചാരത്തിലോ എവിടെയാണ് അന്യമത വിദ്വേഷമോ, നുണയോ പഠിപ്പിക്കാന്‍ വ്യവസ്ഥയുള്ളത്?

മറ്റു മതങ്ങളിലെ വിശ്വാസ പരിശീലനത്തില്‍ നിങ്ങള്‍ ഇടപെടുമോ എന്നാണ് കേരളാ സ്‌റ്റോറി പ്രദര്‍ശനത്തെ ചോദ്യം ചെയ്യുമ്പോള്‍ മറുചോദ്യമായി ഉന്നയിക്കപ്പെടുന്നത്. മറ്റ് മതങ്ങളോ, പ്രത്യയശാസ്ത്രങ്ങളോ എന്തു പഠിപ്പിക്കുന്നു, എന്തു പ്രവര്‍ത്തിക്കുന്നു എന്നതിന് വിപരീതത്തില്‍ പഠിപ്പിക്കുകയാണ് വിശ്വാസ പ്രബോധന രീതി എന്നാണോ നാം മനസിലാക്കേണ്ടത്?

അയല്‍പക്കത്തെ കുട്ടിക്ക് കൊടുക്കുന്ന ഭക്ഷണത്തിലേക്ക് നോക്കിയാണോ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് നാം ഭക്ഷണം നല്‍കുന്നത്? നമ്മുടെ കുഞ്ഞിന് എന്താണ് ആവശ്യമെന്നല്ലേ നാം ആലോചിക്കുക? മറ്റുള്ളവരെ ഭയപ്പെടാനും വെറുക്കാനും പഠിപ്പിക്കുന്ന നാം കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന പഴയ നിയമ പാഠത്തിലേക്ക് വിശ്വാസവഴിയെ തിരിച്ചുവിടുന്നത് ക്രിസ്തു നിഷേധമല്ലാതെ മറ്റെന്താണ്?

ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ രാജ്യത്താകമാനം പെരുകുമ്പോള്‍ ഭരണകൂട ഒത്താശയോടെ നടത്തപ്പെടുന്ന സംഘപരിവാര്‍ അതിക്രമങ്ങള്‍ വിശ്വാസത്തിനെതിരായി എന്നതിനേക്കാള്‍ ഒരു ജനാധിപത്യ രാജ്യത്തിന്റെ മതനിരപേക്ഷതയെ നശിപ്പിക്കുകയും മാനവിക കാഴ്ചപ്പാടുകളെ ഹനിക്കുകയുമാണ്. അതിനെതിരെ സാഹോദര്യത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തേണ്ട നാം വിഭാഗീയതയുടെയും വെറുപ്പിന്റെയും മനോഭാവത്തിന് വിശ്വാസ സംരക്ഷണ പരിവേഷം നല്‍കുന്നത് നീതിയാണോ?

അരമനകളിലുള്ളവരാരും ഇന്ത്യയില്‍ രാഷ്ട്രീയ ഹിന്ദുത്വയുടെ അക്രമത്തിന് ഇരയാകുന്നില്ല. യു പിയിലായാലും ആസാമിലായാലും, മണിപ്പൂരിലായാലും ഏറ്റവുമൊടുവില്‍ തെലുങ്കാനയിലും അടികൊള്ളുന്നതും അതിക്രമത്തിന് ഇരയാകുന്നതും സാധാരണ വിശ്വാസികളാണ്. എല്ലാം കണ്ടില്ലെന്ന് നടിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കുടപിടിച്ച് മുസ്‌ലീം വിരുദ്ധത വളര്‍ത്തിയെടുത്താല്‍, അധികാരികളില്‍ നിന്ന് ഒരുപക്ഷെ, കുറച്ചു കാലത്തേക്ക് തങ്ങളുടെ വ്യക്തിതാല്പര്യങ്ങള്‍ക്ക് തണല്‍ ലഭിച്ചേക്കും.

പക്ഷെ, മറന്നു പോകരുത്. ആര്‍. എസ്. എസിന്റെ താത്വികഗ്രന്ഥമായ വിചാരധാരയില്‍ രണ്ടാമത്തെ ആഭ്യന്തരശത്രു ക്രിസ്ത്യാനികളാണ്. അത് ഒരു പഴയ പുസ്തകമല്ലേ എന്ന വാദം കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍, ആഭ്യന്തര ഭീഷണികളെ അഞ്ചായി വ്യാഖ്യാനിച്ച ആര്‍. എസ്. എസ്. തലവന്‍ മോഹന്‍ ഭാഗവതിന്റെ വാക്കുകളില്‍ മിഷണറിസം ഇപ്പോഴും തെളിഞ്ഞു നില്പുണ്ട്.

കണ്ഡമാലും, റാണി മരിയയും, ഗ്രഹാം സ്‌റ്റൈയിനും കുഞ്ഞുങ്ങളും ഒടുവില്‍, ബലാത്സംഗം ചെയ്യപ്പെട്ട് നഗ്നരാക്കി തെരുവിലൂടെ നടത്തപ്പെട്ട സഹോദരിമാരും മതപരിവര്‍ത്തന നിരോധന നിയമവും ഒന്നും ഭൂതകാല കഥകളല്ല, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളാണ് എന്നത് നാം മറന്നു പോകരുത്.

കേരളത്തില്‍ കര്‍ഷക സ്‌നേഹം പറയുമ്പോള്‍, ഇപ്പോഴും കെട്ടടങ്ങാത്ത ദല്‍ഹിയിലെ കര്‍ഷക സമരത്തോടും അതില്‍ കൊല്ലപ്പെട്ടവരോടും പക്ഷം ചേരാന്‍ നമുക്ക് കടമയുണ്ട്. ഭരണഘടന തിരുത്തി രാജ്യത്തെ ശിഥിലീകരിക്കാന്‍ അധികാരത്തിന്റെ മുഷ്‌ക്ക് കാട്ടുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ നമുക്ക് കഴിയണം. പാവപ്പെട്ടവരോട് പക്ഷം ചേരാന്‍ വിളിക്കപ്പെട്ട നാം, നീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ സഹനത്തിന്റെ വഴിയാണെന്നു ഭയന്ന് കുത്തകകളോട് വിധേയപ്പെട്ടു കൂട.

കോടികള്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി കുത്തകകളില്‍ നിന്ന് വാങ്ങി പ്രത്യുപകാരമായി, നികുതി വെട്ടിപ്പും കള്ളപ്പണത്തിന്റെ നിധികുംഭങ്ങളും ഒളിച്ചുവയ്ക്കപ്പെടുന്നു. ബോണ്ടിന് പ്രത്യുപകാരമായി ഇന്ത്യന്‍ ഖജനാവ് ഇഷ്ടക്കാര്‍ക്ക് തുറന്നുകൊടുക്കുന്നു. ജനങ്ങളെ വഞ്ചിക്കുന്ന അധികാരികള്‍ക്കെതിരെ, അധര്‍മ്മത്തെ ചൂണ്ടിക്കാട്ടി രക്തസാക്ഷിത്വം വരിച്ച സ്‌നാപകനെ നാം മാതൃകയാക്കേണ്ടതല്ലേ?

നാമിവിടെ ജനിച്ചവരാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരന്മാരുമാണ്. നമ്മെ പീഡിപ്പിക്കുന്നതിലല്ല, പീഡിപ്പിക്കപ്പെടുന്ന സകലര്‍ക്കും വേണ്ടി, നീതിക്കുവേണ്ടി നിലപാടെടുക്കാന്‍ ക്രിസ്തുവില്‍ നമുക്ക് കടമയില്ലേ? ആര്‍ക്ക് നോവുമ്പോഴും നമുക്ക് നോവേണ്ടതല്ലേ? സാഹോദര്യത്വം മറന്ന് ഉപവിയുടെ ജീവിതം സാധ്യമാണോ? നീതിക്കുവേണ്ടി സഹിക്കാതെ ക്രിസ്തുവില്‍ ഭാഗ്യപ്പെട്ടവരാകാന്‍ നമുക്ക് കഴിയുമോ? ഈ വരികളിലുണ്ട് ക്രിസ്തുവാകുന്ന മൊഴിവെട്ടം.

  • എങ്ങു മനുഷ്യനു ചങ്ങല കയ്യില്‍

  • അങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ

  • ണെങ്ങോ മര്‍ദ്ദനം അവിടെ പ്രഹരം

  • വീഴുവതെന്റെ പുറത്താകുന്നു.

  • -എന്‍ വി കൃഷ്ണവാര്യര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org