കുരിശിന്റെ ഭോഷത്വം

കുരിശിന്റെ ഭോഷത്വം
കുരിശ് വിശ്വാസത്തിന്റെ അടയാളമായാണോ, അതോ അന്ധവിശ്വാസത്തിന്റെ വഴിയായാണോ നാം സ്വീകരിക്കുന്നത്? കുരിശ് സംരക്ഷണ അടയാളമായും പിശാചിനെ ഓടിക്കാനുള്ള ആയുധമായും നാം കരുതുന്നുണ്ടോ? പാപവഴിയില്‍ നിന്നും ക്രിസ്തുവിന്റെ കുരിശ് നിശ്ചയമായും രക്ഷിക്കുന്നുണ്ട്. പാപത്തില്‍ വീഴുന്നതിനേക്കാള്‍ വലിയ ആപത്ത് എന്താണ് നമുക്കു വരാനുള്ളത്? പ്രലോഭകനായ പിശാചിനെ ഓടിക്കാന്‍ നമ്മുടെ ജീവിതസഹനങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേര്‍ത്തു വയ്ക്കുകയാണ് വേണ്ടതെന്ന പരമാര്‍ത്ഥത്തെ നാം വിട്ടുകളയുകയാണ്.

കുരിശിന്റെ ചുവട്ടില്‍ നിന്നും നാം യാചിക്കുന്നത് കുരിശുകള്‍ നീക്കിത്തരണേ എന്നാണ്. കുരിശിന്റെ പുകഴ്ചയാചരിക്കുമ്പോഴും ജീവിതത്തിന്റെ കുരിശുകളെ ആഘോഷിക്കാന്‍ നാം വിമുഖരാണ്. കുരിശ് ആത്മരക്ഷയ്ക്കുള്ള ക്രിസ്തു മാര്‍ഗമായി സ്വീകരിക്കുമെങ്കില്‍ മാത്രമേ മഹത്വത്തിന്റെ അനുഭവം ക്രിസ്തുവിനോടൊപ്പം നമുക്ക് പങ്കിടാനായേനെ.

ലോകത്തിന്റെ വഴിയേ ചരിക്കാത്തവര്‍ ലോകസമക്ഷം ഭോഷന്മാരായി വിധിക്കപ്പെടുന്നു. സഹനവഴിലൂടെ കടന്നുപോകുന്നവരെയും ലോകത്തെക്കാള്‍ അധികമായി സ്വര്‍ഗത്തെ ലക്ഷ്യമാക്കുന്നവരെയും സാമാന്യമായി ഭോഷന്മാരായി കരുതുകയാണ് നമ്മള്‍. ലോക സുഖങ്ങളെ വേണ്ടെന്നു വച്ച് പരിത്യാഗത്തിന്റെ വഴിയില്‍ ചരിക്കുന്നവര്‍ക്കും പേരിതുതന്നെ. കാരണം പകല്‍ പോലെ വചനം വെളിപ്പെടുത്തുന്നു. നാശത്തിന്റെ വഴിയേ നീങ്ങുന്നവര്‍ക്ക് കുരിശ് ഭോഷത്തമാണ്. ബുദ്ധിമാന്മാര്‍ നിലനില്‍പ്പിനായുള്ള പരാക്രമങ്ങളില്‍ മുങ്ങിത്താഴുന്നത് ഒരു അപൂര്‍വ കാഴ്ചയല്ല. എങ്കിലും വീണ്ടും വീണ്ടും നമ്മുടെ ശ്രമങ്ങള്‍ തുടരുകയും ദയനീയമായി വിടവാങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. നാം വീഴുന്നത് കുരിശുകള്‍ തട്ടിമാറ്റാനുള്ള പ്രലോഭനത്തിലാണ്.

രണ്ടു തരക്കാരെയാണ് ക്രിസ്തു ഭോഷന്മാരായി കാണു ക. മണലില്‍ വീടു പണിതവരെയും ക്രിസ്തുവിന്റെ സഹനങ്ങളിലും കുരിശു മരണത്തിലും തകര്‍ന്ന് മ്ലാനവദനരായി ഒളിച്ചോടുന്നവരെയും. ലോകത്തിന്റെ രണ്ടു ഭോഷത്തങ്ങള്‍. ഉള്ളും ഉള്ളതും അറിയുന്നവന്റെ വിളിയാണ്.

കുരിശല്ല ഭോഷത്വം. കുരിശിനെ ഒഴിവാക്കുന്നതും, വ്യാകുലപ്പെടുന്നതുമാണ് ഭോഷത്വം. പാറപ്പുറത്ത് വീടു പണിയുന്നത് ക്ലേശകരമായ പ്രവൃത്തിയാണ്. മണ്ണു കുഴിച്ച് പാറ കണ്ടെത്തി പാറയില്‍ അടിസ്ഥാനമിടുക എളുപ്പമല്ല. സാധാരണത്വങ്ങളെ മറികടന്ന് വിശ്വാസത്തിന്റെ ഉറപ്പില്‍ എത്തിച്ചേരുന്നതും എളുപ്പമല്ല. മണലില്‍ വീടു പണിയുക എളുപ്പത്തില്‍ സാധ്യമാണ്. ക്ലേശത്തിന്റെ വഴിയില്‍ ചരിക്കുന്നത് ഭോഷത്തമായി കരുതുന്ന ലോകത്തിന്റെ പ്രവൃത്തികള്‍ ഇങ്ങനെയാണ്. മാമ്പഴം കഴിക്കാന്‍ മാവു നടുന്നതു പഴമയായി കരുതുകയും മാമ്പഴം വാങ്ങിയാല്‍ മതിയെന്നു കരുതുകയും ചെയ്യുന്ന ലോകം. ജീവിത ക്ലേശങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന എളുപ്പവഴി വിശ്വാസമാര്‍ഗമെന്ന് തെറ്റിദ്ധരിക്കുന്നവര്‍ പെരുകുന്നു. കഷ്ടതകള്‍ നീങ്ങാന്‍ കുരിശുകള്‍ മാറ്റിത്തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍. കുരിശിന്റെ വഴിയേ നടന്നവരെ അതിനായി കൂട്ടുപിടിക്കുന്നതാണ് മാദ്ധ്യസ്ഥമെന്ന് തെറ്റിദ്ധരിച്ച് മുഴുകുന്നവര്‍.

ജീവിതത്തിന്റെ സാധാരണ ക്ലേശങ്ങളെ ചുമക്കാത്ത മനുഷ്യന്‍ ആത്മീക മനുഷ്യന്റെ ബലം കുറയ്ക്കുന്നു. ഭൗതിക മനുഷ്യനെ സുഖിപ്പിക്കാന്‍ കുറുക്കു വഴികള്‍ കണ്ടെത്തുമ്പോള്‍ തന്നെ കാത്തിരിക്കുന്ന സ്വര്‍ഗം പോലും അരോചകമായി ഭവിക്കുന്നു.

അധ്വാനം ക്ലേശകരമാണ്. വിയര്‍ത്തു നേടേണ്ട അന്നം കുറുക്കു വഴിക്ക് നേടിയപ്പോള്‍ തലയ്ക്കു ദഹിച്ചത് വയറിനു ദഹിക്കാതെ പോയി. ഭക്ഷണം രോഗ കാരണമായി മാറി. എല്ലുമുറിയാതെ പല്ലുമുറിയെ എങ്ങനെ തിന്നാം എന്നതാണ് രോഗം. ആത്മീയമായ ഈ രോഗത്തിന്റെ തടവിലാണ് വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എന്നതാണ് വാസ്തവം.

ജീവിതത്തിന്റെ സാധാരണ ക്ലേശങ്ങളെ ചുമക്കാത്ത മനുഷ്യന്‍ ആത്മീക മനുഷ്യന്റെ ബലം കുറയ്ക്കുന്നു. ഭൗതിക മനുഷ്യനെ സുഖിപ്പിക്കാന്‍ കുറുക്കു വഴികള്‍ കണ്ടെത്തുമ്പോള്‍ തന്നെ കാത്തിരിക്കുന്ന സ്വര്‍ഗം പോലും അരോചകമായി ഭവിക്കുന്നു. മരണമെന്ന വാതിലിനപ്പുറത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന ഗോതമ്പുമണിയായി അതു മാറുന്നു. സമയമാകുമ്പോള്‍ ഭൂമി അതിനെ യാത്രയാക്കും. സ്വര്‍ഗത്തിലേക്ക് അതിനു പ്രവേശനമില്ലെന്നു വരുമ്പോള്‍ ഒരായുസ്സു മുഴുവന്‍ ഭോഷത്തമാകും. പോകുന്നിടത്ത് ഉപകാരപ്പെടാത്ത കരുതിവയ്ക്കലുകള്‍ ഭോഷത്തമല്ലേ?

ക്രിസ്തു കുരിശില്‍ സഹിച്ചതും തറയ്ക്കപ്പെട്ടതും നമുക്കു കഷ്ടാനുഭവമാണോ? ക്രിസ്തുവിന്റെ സഹനങ്ങള്‍ ഒരാളില്‍ ദുഖം ജനിപ്പിക്കുന്നത് അതു തനിക്ക് ഉപകാരമായിട്ടില്ല എന്നു കരുതുമ്പോഴാണ്. അവന്റെ സഹനവും മരണവും തങ്ങളെ നയിക്കുന്നത് ഉത്ഥാനത്തിന്റെ മഹത്വത്തിലേക്കാണ്, എന്ന് വിശ്വസിക്കാന്‍ കഴിയാതെ പോയപ്പോഴാണ് സുരക്ഷിതത്വം തേടി ശിഷ്യന്മാര്‍ എമ്മാവൂസിലേക്കു പോയത്. അവന്റെ ജീവാര്‍പ്പണം വഴി തങ്ങള്‍ക്കു കൈവന്ന രക്ഷയെ കാര്യമായി കരുതാതെ പോയപ്പോയാണ് അവര്‍ മ്ലാനവദനരായത്.

ക്രിസ്തുവിന്റെ സഹനങ്ങളെ ക്കുറിച്ച് സങ്കടപ്പെടുമ്പോഴും മ്ലാനവദനരാകുമ്പോഴും ഇന്നും ഇതുതന്നെ നമ്മില്‍ സംഭവിക്കുകയാണ്. നമ്മുടെ സഹനങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നു കരുതുമ്പോഴും അവയെക്കുറിച്ച് നിരാശരായി ജീവിക്കുമ്പോഴും കുരിശിന്റെ വഴികളെ വിട്ട് പലായനം ചെയ്യുമ്പോഴും എമ്മാവൂസിലേക്കുള്ള യാത്രയില്‍ തന്നെയാണ് നമ്മള്‍.

ക്രിസ്തുവിന്റെ സഹനം നമുക്കു രക്ഷാകരമെന്നും അവ എനിക്കു രക്ഷ പ്രദാനം ചെയ്തുവെന്നും ഹൃദയത്തില്‍ ഉറയ്ക്കുമ്പോള്‍ മാത്രമാണ് നമ്മുടെ സഹനങ്ങളെ അവിടുത്തെ കുരിശിനോടു ചേര്‍ത്ത് രക്ഷ അനുഭവിക്കാനും ദൈവമഹത്വത്തില്‍ ജീവിക്കാനും നമുക്കാവൂ.

അങ്ങനെ കഴിയാതെ വന്നാല്‍ നാമും ഭോഷന്മാരായി എണ്ണപ്പെടും. മനുഷ്യരാലല്ല. ദൈവത്താല്‍. കാരണം നമുക്ക് ക്രിസ്തു അനുഭവത്തിനായി നല്‍കപ്പെട്ട ഈ ജീവിത സഹനത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ നമുക്കു സാധ്യമല്ല. അനിവാര്യമായ ഭൗമിക ക്ലേശങ്ങളുടെ ഭാരം നാം വഹിച്ചേ മതിയാകൂ. അവ എന്തിനെന്നും അവയിലൂടെ കൈവരാവുന്നത് എന്തെന്നും അറിയാതെ പോയാല്‍ കുങ്കുമം ചുമക്കുന്ന കഴുതയായി മാറും നാം.

സഹിക്കേണ്ടവ സഹിക്കേണ്ടിയും വരും. അതിലൂടെയുള്ള രക്ഷാനുഭവം നഷ്ടമാവുകയും ചെയ്യും. ഇതിനേക്കാള്‍ വലിയ ഭോഷത്വം എന്താണുള്ളത്?

ലോകം ഭോഷന്‍ എന്നു വിളിക്കുന്നതില്‍ ഖേദം വേണ്ട. പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവും വാളും ക്രിസ്തുവിനെപ്രതി സ്വീകരിച്ചവരെ അതാതു നാളുകളില്‍ ലോകം ഭോഷന്മാരെന്നു വിളിച്ചിട്ടുണ്ട്. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിന് ഇല്ലായിരുന്നു. അവര്‍ മഹത്തുക്കളെന്നും വിശുദ്ധരെന്നും പിന്നീട് ലോകത്തിന് അംഗീകരിക്കേണ്ടി വന്നു.

നാശത്തിലൂടെ ചരിക്കുന്ന ലോകത്തിന് കുരിശിന്റെ വചനം ഭോഷത്വമാണ്. സഹനത്തിന്റെ വഴികള്‍ വിവരക്കേടാണ്. രക്ഷകന്റെ കൂടെ രക്ഷകനിലൂടെ രക്ഷയിലേക്കു ചരിക്കുന്ന നമുക്കോ? ചിന്തിക്കുക. നമ്മെ ആരാണ് ഭോഷന്‍ എന്നു വിളിക്കുക. യേശുവോ? ലോകമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org