ചരിത്രത്തിലെ വിശ്വാസജീവിതം

ചരിത്രത്തിലെ വിശ്വാസജീവിതം

വിശ്വാസം പരിപൂര്‍ണ്ണതാ മാര്‍ഗമാണ്. അതു വികലമായാല്‍ നേര്‍ വിപരീതമാകും ഫലം. പ്രയോഗ മാര്‍ഗമായില്ലെങ്കില്‍ നിഷ്ഫലവും. ദൈവികത മാനുഷികതയില്‍ നിറയുന്നതിലൂടെ അഥവാ മാനുഷികതയെ ദൈവികത ജയിക്കുന്നതിലൂടെ നമ്മുടെ ജീവിതം ആധിപത്യങ്ങളില്‍ നിന്ന് വിമോചിതമാകുന്നത് വിശ്വാസം വഴിയാണ്. വഴി പിഴച്ചാല്‍ ദൈവികത മാനുഷികതയുടെ പരിമിതകളാല്‍ മറയ്ക്കപ്പെടും. അതേ സമയം ഈ അഗാധമായ അടിമത്വത്തിന്റെ ഗര്‍ത്തത്തിലേക്കുള്ള വീഴ്ചയെ രക്ഷയുടെ മല കയറ്റമായി സ്വയം തെറ്റിധരിക്കപ്പെടുന്നതിലൂടെ അന്ധകാരം പ്രസരിപ്പിക്കുന്നവരായി നാം മാറും.

വിശ്വാസം അന്ധമാകരുത് എന്ന് അറിയാത്തവരും പറയാത്തവരുമായി ആരുമില്ലെന്നു തന്നെ പറയാം. അമൂര്‍ത്തവും പ്രയോഗത്താല്‍ മാത്രം മൂര്‍ത്താനുഭവം നല്കുന്നതുമാകയാല്‍ വിശ്വാസത്തിന്റെ ചരിത്ര ജീവിതം, വിശ്വാസത്തിന്റെ കേന്ദ്രാശയം, മനുഷ്യവംശം ആര്‍ജിച്ച അറിവിന്റെ ബോധമണ്ഡലത്തില്‍ വിശ്വാസത്തിന്റെ അര്‍ത്ഥം എന്നിവയെ വിമര്‍ശ്യാവബോധത്താല്‍ വിലയിരുത്തുന്നില്ലെങ്കില്‍ വിശ്വാസം ഒരു കേവലാശയമായി മനസ്സിലാക്കപ്പെടുകയും അന്ധതയാല്‍ വിഴുങ്ങപ്പെടുകയും ചെയ്യാം.

വിശ്വാസത്തിന്റെ ചരിത്ര ജീവിതപാഠം നമ്മോടു പറയുന്നതുമായി ബന്ധമുള്ള ജീവിത വീക്ഷണമാണോ ആധുനിക കാലത്ത് വിശ്വാസത്തിന്റെ പ്രഘോഷകരാകാന്‍ വിളിക്കപ്പെട്ട നമുക്കുള്ളത്?

യേശുക്രിസ്തുവില്‍ വിശ്വസിച്ച്, അവന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച ശിഷ്യന്മാര്‍ തങ്ങളുടെ ജീവിതം സ്വയമുപേക്ഷയുടെ വഴിയിലൂടെയുള്ള യാത്രയാക്കി മാറ്റി. വിശ്വാസം ദൈവം തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും, തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്നും വിശ്വസിച്ച പഴയ നിയമകാല ജനതയുടെ വഴിയില്‍ നിന്ന് മാറി നടക്കലായിരുന്നു അത്.

ചരിത്രഗതിയില്‍ വിശ്വാസം ജീവിച്ചത് സ്വയം സമര്‍പ്പണമായിട്ടായിരുന്നു.

ഈ ജീവിതപാഠം പാടെ പുറന്തള്ളി കാര്യസാധ്യത്തിനുള്ള ഉപാധിയായി മനസ്സിലുറപ്പിച്ച്, സുരക്ഷിതത്വത്തിനുവേണ്ടി ദൈവത്തെ കാവലാളാക്കി മാറ്റി, സ്വന്തം ഇഷ്ടങ്ങളുടെ നിവര്‍ത്തിക്കായി ദൈവത്തെ സമ്മര്‍ദപ്പെടുത്തു ന്ന തന്ത്രമായി പ്രാര്‍ത്ഥനയെ തെറ്റിദ്ധരിച്ച ആനുകാലിക വിശ്വാസം യഥാര്‍ത്ഥത്തില്‍ വ്യാജമാണെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ പോകുന്നു.

ക്രിസ്തുവിന്റെ ജീവാര്‍പ്പണത്തിനുശേഷം ശിഷ്യര്‍ തങ്ങള്‍ക്കെതിരെ യഹൂദ പ്രമാണിമാരും റോമാ സാമ്രാജ്യത്തിന്റെ ഭരണാധിപന്മാരും നടത്തിയ പീഢകളെ സഹനം വഴി നേരിട്ടു കൊണ്ടുമാണ് ക്രിസ്തുവിശ്വാസം ചരിത്രത്തില്‍ ജീവിച്ചത്. ജീവിതം വച്ചു നീട്ടുന്ന കയ്പുനിറഞ്ഞ സഹന പാനപാത്രത്തെ ക്രിസ്തുവിനെ പ്രതിയും അവന്റെ സഹനത്തിന്റെ ഭാഗമായി കണ്ടുമാണ് ക്രിസ്തുവിശ്വാസം കാലത്തെ മറികടന്നത്.

വിശ്വാസികള്‍ എന്ന് സ്വയം കരുതുമ്പോള്‍ ചരിത്രത്തില്‍ വിശ്വാസം ജീവിച്ച സഹന സ്വീകരണത്തിന്റെ ജീവിതത്തെ ആനുകാലിക ചുറ്റുപാടില്‍ നാം പിഞ്ചൊല്ലേണ്ടതുണ്ട്.

കുരിശുകളില്‍ നിന്നും ജീവിത സഹനങ്ങളില്‍ നിന്നും രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്ന ആധുനിക വിശ്വാസി മറന്നുകളയാന്‍ ശ്രമിക്കുന്നത് ഈ ചരിത്ര യാഥാര്‍ത്ഥ്യത്തെയാണ്.

തിരുസഭയുടെ ആദ്യകാല ജീവിതത്തില്‍ സഭയെന്നാല്‍ എന്താണെന്നും ക്രിസ്തുവിനെ പ്രതിയുള്ള വിശ്വാസം എന്താണെന്നും പ്രഘോഷിക്കുന്ന, സ്‌തേഫാനോസിലാരംഭിക്കുന്ന, ആര്‍ച്ചുഡീക്കന്‍ ലോറന്‍സ് അടക്കമുള്ള നിരവധിയായ രക്തസാക്ഷികളുടെ ചരിത്രം അവഗണിച്ചുകൊണ്ട്, തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുകയും സമരം പ്രഖ്യാപിക്കുകയും ചെയ്യുന്ന വിശ്വാസാപചയത്തിന്റെ അടയാളങ്ങളാണ് നേതൃത്വത്തില്‍ ഏറ്റവും സാധാരണക്കാരിലടക്കം നാമിന്നു കാണുന്നത്.

നമ്മുടെ ജീവിതത്തിന്റെ കേന്ദ്രാശയം ക്രിസ്തുവില്‍ വെളിപ്പെട്ട ദൈവസ്‌നേഹത്തിന്റെതാണ്. ക്രിസ്തുവില്‍ വെളിപ്പെട്ട സ്‌നേഹം സ്വയം മുറിച്ചു വിളമ്പാനുള്ള കരുത്തായി ആദിമ വിശ്വാസികളില്‍ ജ്വലിച്ചിരുന്നത് നടപടി പുസ്തകത്തില്‍ നമുക്ക് കാണാം. അതുകൊണ്ട് തങ്ങള്‍ക്കുള്ളവ വിറ്റ് പൊതുവായി വിതരണം ചെയ്ത വിശ്വാസികള്‍ക്കുണ്ടായിരുന്ന കൂട്ടായ്മയുടെ ജീവിതവും, വര്‍ത്തമാനകാലത്ത്, സമ്പദ് കേന്ദ്രീകൃത ഭാവം ധരിച്ച സഭയെയും ചേര്‍ത്തുവച്ച് പരിശോധിക്കുമ്പോഴാണ് അന്ധവിശ്വാസത്തിന്റെ അന്ധകാരം എത്ര ശക്തമായാണ് നമ്മുടെ സഭാഗാത്രത്തെ അടിമപ്പെടുത്തിയിട്ടുള്ളതെന്ന് നമുക്ക് മനസ്സിലാവുക.

ദാരിദ്ര്യം പദാര്‍ത്ഥ സംബന്ധിയായും ആത്മനിഷ്ഠമായും സമഗ്രതയില്‍ ആവിഷ്‌കരിക്കുകയും ചരിത്രത്തില്‍ ജീവിക്കുകയും ചെയ്ത ക്രിസ്തുവിന്റെ ശരീരമായ സഭയാണ് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സമ്പത്ത് കേന്ദ്രീകൃതമായ ജീവിത വ്യവസ്ഥയെ പുല്‍കിയതും.

സ്‌നേഹിതര്‍ക്കുവേണ്ടി മരിക്കുക എന്നതാണ് ക്രിസ്തു പാ ഠം. അതിന്റെ സാരാംശം ജീവിതത്തില്‍ പടര്‍ത്തിയാണ് വിശ്വാസം ചരിത്രത്തില്‍ ജീവിച്ചത്. അതു കൊണ്ട് ലോക സമക്ഷം ക്രിസ്തീയ ക്ഷമ വെളിച്ചമായി അനുഭവപ്പെട്ടു. ഇന്ന് പരസ്പരം സഭയ്ക്കകമെ പോരടിക്കുന്നവരും, സഭയ്ക്ക് പുറത്തുള്ളവരെയും വിശ്വാസത്തിന്റെ പരിമിതകളെ വിമര്‍ശിക്കുന്നവരെയും ശത്രുക്കളായി പ്രഖ്യാപിക്കുകയും ആക്ഷേപിക്കുകയും, ഇരവാദത്തിലൂടെ മതബോധത്തിന്റെ മൗലികഭാവത്തെ നിര്‍മ്മിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മനുഷ്യവംശം ആരംഭിച്ച ജീവിതം ഇന്ന് അറിവിലും കഴിവിലും അവര്‍ണ്ണനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതികളെ പലപ്പോഴും അംഗീകരിക്കാന്‍ കഴിയാതെ പോകുന്നത് നമുക്ക് കാണാം. ടെലിവിഷന്‍ വ്യാപകമായ സമയത്ത് അത് ചെകുത്താന്‍ പെട്ടിയാണെന്ന് പഠിപ്പിച്ചവര്‍ നമുക്കിടയിലുണ്ട്. പിന്നീട് സുവിശേഷത്തിന്റെ പേരില്‍ ചാനലുകള്‍ ആരംഭിച്ചപ്പോള്‍ ചെകുത്താന് മാലാഖയുടെ ചിറകുമുളച്ചു. കുറച്ചു കൂടി കാലം കഴിഞ്ഞപ്പോള്‍ ടെലിവിഷനില്‍ ആരാധന മണിക്കൂറിന്റെ ദൃശ്യാനുഭവം പകര്‍ത്തി, പ്രക്ഷേപണ സമയത്ത് ടി വി സ്‌ക്രീനില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ച് സൗഖ്യം നേടാമെന്നും, കാര്യം കാണാമെന്നും പാഠങ്ങള്‍ പലതായി. ഇപ്പോള്‍ ഇന്റര്‍നെറ്റ് പിശാചിന്റെ വഴിയായി വ്യാഖ്യാനിക്കപ്പെടുന്നു. അതേസമയം ഇന്റര്‍നെറ്റിന്റെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച്, ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പ്രാര്‍ത്ഥന ആവശ്യങ്ങള്‍ അറിയിക്കാനും ഓണ്‍ലൈന്‍ ഉടമ്പടിയെടുത്ത് കാര്യം കാണാനും പറയുന്നവര്‍ കച്ചവടം പൊടിപൊടിക്കുന്നു. ഇവയൊക്കെ വിശ്വാസപ്പിഴവുകള്‍ എന്നതിനേക്കാള്‍ വിശ്വാസ അന്ധത തന്നെയാണ്. ക്രിസ്തുവില്‍ വിമോചിതരായ സകലജനതയ്ക്കും വേണ്ടിയുള്ള ആനുകാലിക ക്രിസ്തു സ്പര്‍ശ്യമാണ് നമ്മിലൂടെ പ്രസരിക്കേണ്ടത്. വെളിച്ചം പരത്തേണ്ട നാം അന്ധകാരമാണോ പരത്തുന്നതെന്ന് പരിശോധിക്കണം.

ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ ആധുനിക ലോകത്ത് പ്രകാശനം ചെയ്യേണ്ടവരെന്ന ബോധത്തോടെ ജീവിക്കാന്‍ എന്താണ് വേണ്ടത് എന്ന തിരിച്ചറിവിലേക്ക് നാം വഴി തിരിയേണ്ടതുണ്ട്. മിഴിവട്ടത്തില്‍ നിന്ന് മൊഴി വെട്ടത്തിലേക്ക് നമുക്ക് വഴി തിരിയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org