സമൂഹമാധ്യമങ്ങളില്‍ സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളില്‍ പ്രചാരണനിര്‍മ്മിതികള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട് എങ്കിലും, അതിനെതിരായി വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും സംവിധാനങ്ങള്‍ ഒരളവു വരെ പ്രവര്‍ത്തനക്ഷമമാണ്.
എന്നാല്‍ വിശ്വാസ സംബന്ധമായ വിഷയങ്ങള്‍, അമൂര്‍ത്തമായവയായതിനാല്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. വിശ്വാസം വൈകാരികമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നതിനാല്‍ പ്രതിരോധങ്ങള്‍ ദുര്‍ബലമായിപ്പോകുന്നു. അതോടൊപ്പം, വിശ്വാസസംബന്ധമായ വിഷയങ്ങള്‍ അവതരിക്കപ്പെടുന്നത് മിക്കവാറും വൈയക്തികമായ അനുഭവങ്ങളുടെ പിന്‍ബലത്തിലാണ് എന്നത്, വിശ്വാസത്തിന്റെ യുക്തിയെത്തന്നെയും ദുര്‍ബ്ബലമാക്കുന്നു.
അത്ഭുതങ്ങളും അടയാളങ്ങളും സാക്ഷ്യപ്പെടുത്തുന്നവര്‍, അവയുടെ പിന്നില്‍ വിശ്വാസത്തിന്റെ യുക്തിയെ നിരാകരിച്ചു കൊണ്ട് അനുഭവപരതയെയും, അതിലുമുപരി അനുഭൂതികളെയും അവതരിപ്പിക്കുന്നതു കൊണ്ട്, അതിനകത്തെ പ്രായോഗിക വിശ്വാസ ബോധ്യങ്ങളെ മറച്ചുവച്ച്, കേവല വൈകാരികതയെ ചൂഷണം ചെയ്ത്, പൊതുബോധത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
എവിടെയെങ്കിലും, ഒരു അത്ഭുതമോ അടയാളമോ സംഭവിച്ചു എന്നു കേട്ടാല്‍, കേട്ടപാതി കേള്‍ക്കാത്ത പാതി അത്തരം അനുഭവങ്ങള്‍ പ്രചുരപ്രചാരം നേടുകയും സത്യാന്വേഷണത്തിനുവേണ്ട അവധാനതയെ കൈവിട്ട് അവയാണ് വിശ്വാസത്തിന്റെ അടയാളങ്ങള്‍ എന്ന് ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു.
അതുകൊണ്ടു തന്നെ, വിശ്വാസ വിഷയമായ ക്രിസ്തുവും ക്രൈസ്തവ മൂല്യങ്ങളും അപ്രധാനമായവയും പൈശാചിക ഉച്ചാടനത്തിന്റെ കഥകളും, വ്യാജ പ്രവചനങ്ങളും, അന്ധവിശ്വാസങ്ങളും അത്ഭുതങ്ങളെയും അടയാളങ്ങളെയും സംബന്ധിച്ച വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിലും നിറം പിടിപ്പിച്ച കഥകളായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ആത്മീയ വിഷയമായതിനാലും വിശ്വാസം ഒരു വൈകാരിക സ്വഭാവമുള്ള കാര്യമായതിനാലും ഇതിലെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ വാര്‍ത്താ മാധ്യമങ്ങളും, സാമൂഹിക രാഷ്ട്രീയനേതൃത്വവും തയ്യാറാകില്ല എന്നതു തന്നെയാണ് ഇത്തരം പ്രഘോഷണങ്ങളെയും, അവതരണങ്ങളേയും വ്യാജ നിര്‍മ്മിതികളേയും ധൈര്യപ്പെടുത്തുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍, പ്രാര്‍ത്ഥനയുടെ കുറുക്കുവഴികള്‍, സമ്പത്തു നേടാനുള്ള എളുപ്പ മാര്‍ഗങ്ങള്‍, പ്രതികൂലങ്ങളെ മറികടക്കാനുള്ള ചെപ്പടിവിദ്യകള്‍ എന്നിവ കണക്കില്ലാതെ പെരുകുകയാണ്.
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ പ്രബോധനമാണിത്. എന്താണ് അവയുടെ വിപരീതഫലമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിച്ചു കാര്യങ്ങള്‍ സാധിച്ചു എന്നു വന്നാല്‍ തങ്ങളുടെ പ്രാര്‍ത്ഥനയെന്ന കഴിവില്‍ നാം അഭിരമിക്കും. നാം പോലുമറിയാതെ അഹങ്കാരത്തിന്റെ ശൃംഘത്തിലേക്ക് നാം നമ്മെത്തന്നെ ഉയര്‍ത്തും. അഥവാ, നമ്മുടെ അര്‍ത്ഥനയുടെ ഫലമണിയാതെ വന്നാലോ? അപ്പോള്‍ ഒരു നിരാശയുടെ ഗര്‍ത്തത്തില്‍ തീരാവേദനയില്‍ നിപതിക്കും. കൈവിടാത്ത സ്‌നേഹമായ ദൈവത്തിനെതിരായി മാറുകയാണ് രണ്ടിടത്തും നാം.
ഇത്തരത്തില്‍ അഭ്യാസം കൊണ്ടു പ്രാപിക്കാവുന്നതാണ് ദൈവാനുഗ്രഹമെന്ന ചിന്ത, സൗജന്യദാനമായ ദൈവികരക്ഷയെ തിരിച്ചറിയാതെ നാം അന്ധകാരത്തില്‍ ആണ്ടുപോകുന്നതിന് കാരണമായി മാറും. നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ, നമ്മുടെ ശ്രമങ്ങള്‍ കൊണ്ട്, നമ്മുടെ അഭീഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന വ്യാമോഹം ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെ അവഗണിക്കാനാണ് കാരണമായി മാറുന്നത്.
നമ്മുടെ ജീവിതത്തില്‍ ഒരു ദുരന്തം വരാന്‍ പോകുന്നു എന്ന വ്യാജപ്രവചനം കേള്‍ക്കുന്നതിനേക്കാളും വിശ്വസിക്കുന്നതിനേക്കാളും വലിയ ദുരന്തം വിശ്വാസജീവിതത്തില്‍ വന്നുഭവിക്കാനില്ല എന്നത് നാം തിരിച്ചറിയുന്നില്ല. നമ്മുടെ കുറവുകള്‍ക്കും തെറ്റുകള്‍ക്കും അപ്പപ്പോള്‍ അടിതരുന്ന ദൈവത്തിലാണോ, നമ്മുടെ തെറ്റുകള്‍ക്ക് പരിഹാരമായി മാറിയ ക്രിസ്തുവിന്റെ യാഗാര്‍പ്പണത്തിലാണോ നാമിപ്പോള്‍ വിശ്വസിക്കുന്നത്?
സാമൂഹ്യ മാധ്യമങ്ങളില്‍, പ്രാര്‍ത്ഥനയുടെ കുറുക്കുവഴികള്‍, സമ്പത്തു നേടാനുള്ള എളുപ്പ മാര്‍ഗങ്ങള്‍, പ്രതികൂലങ്ങളെ മറികടക്കാനുള്ള ചെപ്പടിവിദ്യകള്‍ എന്നിവ കണക്കില്ലാതെ പെരുകുകയാണ്. എന്താണ് അവയുടെ വിപരീതഫലമെന്ന് ചിന്തിച്ചിട്ടുണ്ടോ?
അവന്‍ നമ്മോടുകാട്ടിയ സ്‌നേഹത്തിന് പ്രതിനന്ദിയായി ജീവിതമര്‍പ്പിച്ച് രക്ഷാനുഭവത്തിലേക്ക് പ്രവേശിക്കേണ്ട നമ്മെ, ഭയപ്പെടുത്തുന്ന സുവിശേഷം നിത്യതയുടെ ആനന്ദത്തിലേക്കുള്ള നമ്മുടെ കടന്നുപോകലിന് വിഘാതം സൃഷ്ടിക്കുന്നത് നാം തിരിച്ചറിയണം.
ഇനിയും അത്ഭുതങ്ങളുടെയും അടയാളങ്ങളുടേയും അതിവര്‍ണ്ണനയാണ്. പരിശുദ്ധ കുര്‍ബാനയില്‍ നാമറിഞ്ഞാലും ഇല്ലെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും ക്രിസ്തു സമ്പൂര്‍ണ്ണതയില്‍ സന്നിഹിതനാണ് എന്ന പരമാര്‍ത്ഥം മറന്ന് തങ്ങള്‍ക്കുണ്ടായ ഇന്ദ്രിയപരവും വൈകാരിക അനുഭൂതിയുടേതുമായ അനുഭവത്തെ സത്യസഭയുടെ നിരീക്ഷണത്തില്‍ കൈവിടേണ്ടതിനു പകരം അപ്പപ്പോള്‍ വെളിപ്പെടുത്തി, പരസ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പരിശുദ്ധ കുര്‍ബാനയും സാര്‍വത്രികവും അനിഷേധ്യവുമായ പ്രാമാണികത്വത്തെ അവഹേളനങ്ങള്‍ക്കും വാഗ്‌വാദങ്ങള്‍ക്കും നടുവിലേക്കു തള്ളിയിടുന്നതിലൂടെ വിശ്വാസത്തിന്റെ ആധികാരികതയെ തകര്‍ക്കുന്നവരായി നമ്മുടെ ചാനലുകളും സോഷ്യല്‍ മീഡിയാ ഹാന്റിലുകളും മാറിത്തീരുന്നു എന്നത് എത്ര ശോചനീയമാണ്?
സത്യവിശ്വാസത്തില്‍ ഉറച്ച് സത്യസഭയുടെ പ്രബോധനാധികാരത്തിന്റെ വെളിച്ചത്തില്‍ വ്യഖ്യാനിക്കപ്പെടേണ്ട ദിവ്യരഹസ്യങ്ങളെയും ക്രിസ്തുവിലുള്ള പ്രത്യാശയേയും സാമൂഹ്യമാധ്യമങ്ങളിലും ക്രൈസ്തവമെന്ന പേരില്‍ തങ്ങളെത്തന്നെ അടയാളപ്പെടുത്തുന്ന ചാനലുകളിലെ അവതരണങ്ങളിലും വെറും വൈകാരിക വിഷയങ്ങളാക്കി അധഃപ്പതിപ്പിക്കുന്നതിനെതിരെ കണ്ണടയ്ക്കുന്നത് ക്രിസ്തുവിരുദ്ധതയാണെന്ന് നാം എന്നാണ് തിരിച്ചറിയുക?