
എം.പി. തൃപ്പൂണിത്തുറ
വര്‍ത്തമാന ജീവിത പരിസരങ്ങളെ ക്രിസ്തുവചനത്തിന്റെ വെളിച്ചത്തില്‍ വീക്ഷിച്ചും വിശകലനം ചെയ്തുകൊണ്ടുമല്ലാതെ വിശ്വാസജീവിത നിലപാടുകളില്‍ നിലനില്‍ക്കാന്‍ നമുക്കാകില്ല. ക്രിസ്തുബോധത്തില്‍ നിന്ന് ലോകതാല്പര്യങ്ങളിലേക്ക് കുതറിയോടാനുള്ള ആന്തരിക പ്രവണതകളെ തിരിച്ചറിഞ്ഞും നിരന്തരം നവീകരിച്ചും മാത്രമേ വിശ്വാസവഴിയില്‍ നമുക്ക് തുടരാനാകൂ. വിശ്വാസികളായ നാം ഭൗതിക ജീവിതത്തില്‍ ക്രിയാത്മകവും പ്രക്രിയാപരവുമായി ഇടപെടല്‍ നടത്തുന്നതിലൂടെയാണ് ആനുകാലികലോകം ക്രിസ്തുവിനെ അറിയുന്നതും അനുഭവിക്കുന്നതും രക്ഷപ്രാപിക്കുന്നതും.
വിമര്‍ശ്യാവബോധത്തിന്റെ ആന്തരികസത്തയെ തിരിച്ചറിയാതെ, വിമര്‍ശനങ്ങളെ നേരിടാനുള്ള ലോകായുധങ്ങളായ പക്ഷം തിരിക്കലിന്റെയും അപരത്വനിഷേധത്തിന്റെയും നിലപാടുകള്‍ വെളിച്ചത്തിന്റെ ഭാവമല്ല പ്രകടമാക്കുന്നത്. തങ്ങള്‍െക്കതിരായതെല്ലാം തിന്മയെന്ന കാഴ്ചപ്പാട് തങ്ങളിലുള്ള ക്രിസ്തുവിരുദ്ധതയെ തന്നെയാണ് വെളിപ്പെടുത്തുന്നത്.
ലോകത്തിന്റെ മുന്നില്‍ കേവലം ജ്ഞാനരൂപമായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നതിന്റെ അപര്യാപ്തത ഇപ്പോഴും വേണ്ടത്ര നമുക്ക് തിരിച്ചറിയാനായിട്ടില്ല. പുസ്തകമായോ പ്രസംഗമായോ പകര്‍ന്നു നല്‍കിയാല്‍ തീരുന്നതല്ല സുവിശേഷ പ്രവര്‍ത്തനം. വിവരസാങ്കേതികതയുടെ പുത്തന്‍ഭാവങ്ങളിലേയ്ക്കും വൈജ്ഞാനിക ഉന്നതിയിലേയ്ക്കും ക്രിസ്തുരഹസ്യങ്ങളെ പകര്‍ത്തിയെഴുതുന്നതില്‍ നാം നേട്ടങ്ങള്‍ കൊയ്‌തേക്കാം. പക്ഷെ, സിദ്ധാന്ത വിഷയമായി തരം താഴുകയല്ലാതെ, അത് ക്രിയാത്മക ജ്ഞാനമായി ഒരിക്കലും ഉയരില്ല.
ലോകത്തിന്റെ ശീലങ്ങള്‍ നമ്മുടെ വീക്ഷണഗതികളെ സ്വാധീനിക്കുകയും അതിനിണങ്ങുംവിധം ആയിത്തീരാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത് ഒരു പുതിയ കാര്യമല്ല. വിശ്വാസജീവിതത്തെ ആശയത്തനിമയുടെ ഒരു സ്ഥിരപ്രതിഷ്ഠാസ്ഥാനത്തുറപ്പിക്കുകയും നേര്‍വിപരീതമായി ലോകാരൂപിയുടെ സ്വാധീനവലയത്തില്‍ ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന പ്രവണത സഭയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് കര്‍ത്താവിനാല്‍ പ്രചോദിതനായി തിരുസഭയി ലെ ആര്‍ഭാടജീവിതത്തിനും വഴിതെറ്റലിനുമെതിരെ ദാരിദ്ര്യം കൊണ്ട് തീര്‍ത്ത പ്രതിരോധം തിരുസഭയെ നവീകരിക്കുകയും ക്രിസ്തു സാന്നിധ്യത്തിന്റെ പ്രകാശം പരത്തുകയും ചെയ്തത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പിന്നെ പതുക്കെപ്പതുക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലേക്കും സഭയിലേക്കും ദാരിദ്ര്യത്തെ പുതുതായി വ്യാഖ്യാനിക്കുന്ന ചിന്താഗതികള്‍ കടന്നുവരികയും നമ്മുടെ ലൗകികാഗ്രഹങ്ങള്‍ തിന്നുകൊഴുത്ത് ദ്രവ്യാസക്തി നമ്മെത്തന്നെ വിഴുങ്ങാന്‍ ശക്തി പ്രാപിക്കുകയും ചെയ്തു.
ചരിത്രത്തില്‍ ജീവിക്കുന്ന തിരു സഭാകൂട്ടായ്മയും അതിന്റെ ഭാഗമായ വ്യക്തിജീവിതങ്ങളും ക്രിസ്തുവാകുന്ന സത്യബോധത്തിന്റെ പ്രകാശത്തിലേയ്ക്ക് തിരികെ നടന്നുകൊണ്ടും കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്ന ക്രിസ്തുവിനെ പ്രകാശിപ്പിച്ചുകൊണ്ടും വിശ്വാസയാത്ര തുടര്‍ന്നേ മതിയാകൂ.
നിലനില്‍ക്കുന്ന സാമൂഹ്യപശ്ചാത്തലങ്ങളുടെ സ്വാധീനം വിശ്വാസജീവിതത്തെയും ബോധ്യങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നും വിശ്വാസനിലപാടുകളുടെ ഉള്ളടക്കത്തിലേയ്ക്ക് എങ്ങനെ സംക്രമിക്കപ്പെടുന്നുവെന്നും തിരിച്ചറിഞ്ഞ് മൂല്യബോധം കൊണ്ട് അതിനെ നേരിട്ടും വിശ്വാസജീവിതത്താല്‍ പ്രക്രിയാപരമായി ഇടപെട്ടും കൊണ്ട് അതിനെ അതിജീവിക്കേണ്ടതുണ്ട്.
എങ്ങനെയാണ് ലോകം നമ്മുടെ പ്രവര്‍ത്തന വഴികളെ സ്വാധീനിക്കുക? നാം പോലുമറിയാതെ ഒത്തുനീങ്ങിയും ഒപ്പത്തിലായും നാമെഴുതുന്നതിന്റെ ലക്ഷ്യം വിസ്മൃതമാകുന്നത് എങ്ങനെയാണ്? ഏറ്റം ലളിതമായ ഒരുദാഹരണം പറഞ്ഞാല്‍ ദൃശ്യമാധ്യമങ്ങള്‍വിപണിയുമായി ചേര്‍ന്ന് അതിവിപുലമായ ഒരു ലോകം പടുത്തുയര്‍ത്തുന്ന ഈ നാളുകളില്‍ ലോകത്തിന്റെ നടുവില്‍ ക്രിസ്തുവചനത്തിന്റെ ഇടമുറപ്പിക്കാനായി നാമും ആ രംഗത്തേയ്ക്ക് പ്രവേശിച്ചു. അതില്‍ തെറ്റൊന്നുമില്ല. വര്‍ണ്ണാഭമായ ലോകരീതികളെ ജയിക്കാന്‍ നാം എന്താണ് ചെയ്തത്? അതേവഴിക്കും രീതിക്കും വിധേയപ്പെടുകയല്ലാതെ? അവ പരമ്പരകള്‍കൊണ്ട് കുടുംബാന്തരീക്ഷങ്ങളെ വിഴുങ്ങിയപ്പോള്‍ പ്രതിവിധിയായി ചൂണ്ടിക്കാണിക്കപ്പെട്ട നമ്മുടെ വിശ്വാസപ്രഘോഷണ മാധ്യമങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ലോകതന്ത്രംതന്നെ കടമെടുത്തു. ഇതൊരു തിന്മയെന്ന നിലയ്ക്കല്ല ഇവിടെ ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യ ഇടപെടലുകളില്‍ ലോകത്തിന്റെ രീ തികളെ നാമറിയാതെ സ്വാംശീകരിച്ച് ഫലത്തില്‍ ലോകത്തോടൊപ്പമായി സ്വയം ഇകഴ്ത്തുകയാണ് നമ്മളെന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്.
ലോകം കൂടുതല്‍ കൂടുതല്‍ സമ്പത്ത് കേന്ദ്രീകൃതവും വസ്തുവല്‍കൃതവുമായിത്തീര്‍ന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. ഒരുകാലത്ത് അതു മുന്നോട്ടുവച്ച ജ്ഞാനോദയത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് നിറം മങ്ങി. മനുഷ്യനാണ് മാനദണ്ഡമെന്നും സാഹോദര്യമാണ് പ്രധാനമെന്നും പ്രഘോഷിച്ച ആധുനിക ബോധ്യങ്ങള്‍ ഏറെക്കുറെ ആശയ ലോകത്തേയ്ക്ക് തള്ളപ്പെടുകയും സ്വാര്‍ത്ഥതയും അവനവന്‍ കേന്ദ്രീകൃത ലോകവും ആചാരബദ്ധതയുമെല്ലാം ശക്തമായിത്തീരുകയുമാണിന്ന്. അപ്പോള്‍ പലനാളുകളായി പറയ്ക്കുകീഴെ വച്ചിരുന്ന ക്രൈസ്തവജീവിതബോധ്യങ്ങളും നിലപാടുകളും മറ്റുള്ളവരുടെ മുന്നില്‍ കൂടുതലായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട് നമ്മള്‍.
എങ്ങനെയാണ് സാമൂഹ്യജീവിതത്തിന്റെ രോഗാതുരത വിശ്വാസസമൂഹത്തെ ബാധിക്കുന്നത്? എന്താണ് അവയുടെ ലക്ഷണങ്ങള്‍? സൂക്ഷ്മവും സമഗ്രവുമായ ഒരു വിശകലനത്തില്‍നിന്നു വേണം പ്രതിരോധവും ചികിത്സയും നാം രൂപപ്പെടുത്തേണ്ടത്.
ലോകസാമൂഹ്യചുറ്റുപാടുകള്‍ സമ്പത്തുകേന്ദ്രീകൃതവും മാനവസമുദായമെന്ന ബോധത്തിനെതിരായതും ആണെന്നു കണ്ടെത്താന്‍ ഏറെ പരിശ്രമമൊന്നും വേണ്ട. സമ്പത്ത് ഭരണകൂടങ്ങളെയും ഉല്‍പ്പാദന വിതരണ വ്യവസ്ഥകളെയും, ജീവിതശൈലികളെയുമെല്ലാം കാര്‍ന്നുതിന്നുകയാണ്. അത് ആത്മീയമണ്ഡലത്തെയും അധീനപ്പെടുത്തിയിരിക്കുന്നു. സമ്പത്ത് ദേവനായി മാറിയ ലോകത്തില്‍ ജീവിക്കുന്ന നമ്മെയും ഈ രോഗാതുരതകള്‍ വലിയ ഒരളവുവരെ ബാധിച്ചിട്ടുണ്ട്.
എന്താണ് അതിന്റെ പ്രകടമായ ലക്ഷണങ്ങള്‍? ഒന്ന് നമ്മുടെ കൂട്ടായ്മകള്‍ സാമ്പത്തിക ക്രമക്കേടുകളുടെ കുടുക്കില്‍പ്പെടുന്നു. സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങളായി ഭക്താഭ്യാസങ്ങളും നവീകരണശ്രമങ്ങളും തരംതാഴുന്നു. സമ്പത്തും ലോകസുഖങ്ങളും നേടാനും നഷ്ടപ്പെടാതിരിക്കാനുമുള്ള അതിമോഹങ്ങള്‍ക്ക് വളമിട്ടുകൊടുത്ത് ആത്മീയവ്യവസായം പൊടിപൊടിക്കുന്നു. പ്രാര്‍ത്ഥനയും സ്വയസമര്‍പ്പണവും ലോകത്തെ നേടാനുള്ള വിലാപങ്ങളായി തരംതാഴുന്നു. നമ്മുടെ കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും സമ്പത്ത് രാജാവാകുന്നു. രണ്ടുപേര്‍ക്കിടയില്‍ ക്രിസ്തുവിനു പകരം മാമോന്‍ കൂടാരമടിച്ചിരിക്കുന്നു. സമൃദ്ധിയുടെ ദൈവശാസ്ത്ര സങ്കല്പവുമായി നമ്മില്‍നിന്ന് പിരിഞ്ഞുപോയവര്‍, തിരികെ വരാന്‍ സന്നദ്ധമാകുന്നു. കാരണം ഇല്ലായ്മയിലും സഹനത്തിലും ക്രിസ്തുവിന്റെ മുഖം കണ്ടിരുന്ന കത്തോലിക്കാ വിശ്വാസപാരമ്പര്യങ്ങള്‍ തമസ്‌ക്കരിക്കപ്പെടുകയും സുഖശീതളി മകള്‍ തേടി പുറത്തുപോയവര്‍ കുറേക്കൂടി സുരക്ഷിതകേന്ദ്രമായി സഭയെ തിരിച്ചറിയുകയും ചെയ്യുന്നു.
ഇവയെല്ലാം അര്‍ത്ഥമാക്കുന്നത് സമൃദ്ധിയുടെ അഥവാ സമ്പത്തിന്റെ സുവിശേഷമെന്ന രോഗം, നമ്മില്‍ വ്യക്തി മുതല്‍ നേതൃത്വം വരെയും മാരകമായി ബാധിച്ചിട്ടുണ്ട് എന്നാണ്. ഈ ക്രമക്കേടുകളെ കൂട്ടിക്കിഴിച്ച് ശരിയാക്കാന്‍ കഴിയില്ല എന്നത് തിരിച്ചറിയണം. നമ്മുടെ ശ്രമം പലപ്പോഴും ആ നിലയ്ക്കാണ്. ദാരിദ്ര്യം പ്രഘോഷിച്ചുകൊണ്ടും ആ അരൂപിയിലേക്ക് തിരികെ നടന്നുകൊണ്ടുമല്ലാതെ നമുക്കിതിനെ നേരിടാന്‍ കഴിയില്ല. ധനമോഹമാണ് എല്ലാ തിന്മകളുടെയും മൂലം.
ദൈവാനുഗ്രഹം സമ്പത്തും ലോകസുഖങ്ങളുമാണെന്ന ആശയം ദാരിദ്ര്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ട വിശ്വാസജീവിതത്തെ ഏറെക്കുറെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. വിശുദ്ധരുടെ ദാരിദ്ര്യാരൂപിയും സഹനജീവിതവും സമ്പത്തും സുഖവും നേടാനുള്ള കുറുക്കുവഴിയായി സ്ഥാപിക്കപ്പെടുന്നു. ആ മോഹം വിറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തടിച്ചുകൊഴുക്കുന്നു. ഐശ്വര്യം എന്ന ഈശ്വരബന്ധത്തെ സാമ്പത്തികവര്‍ദ്ധനയെന്ന ദുരാര്‍ത്തിയായി നാം വ്യാഖ്യാനിക്കുന്നു. ഒന്നിട്ടാല്‍ പത്തുകിട്ടുമെന്ന കിലുക്കിക്കുത്തുകൊണ്ട് ധ്യാനകേന്ദ്രങ്ങളും പ്രഘോഷണവേദികളും നിറയുന്നു.
മനുഷ്യന്‍ എന്ന ദൈവത്തിന്റെ സൃഷ്ടി, കേവല വ്യക്തിയല്ല ഒരു സാമൂഹ്യബോധമാണെന്ന പരമാര്‍ത്ഥം വിസ്മരിക്കപ്പെടുകയാണ്. വിഭജിതമായും സ്വകേന്ദ്രീകൃതമായും മാറിത്തീരാനുള്ള അവന്റെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന ഈ നാളുകളില്‍ സമ്പത്ത് മത്സരക്കളങ്ങള്‍ തീര്‍ക്കുമ്പോള്‍, ക്രിസ്തുവിന്റെ ദാരിദ്ര്യവും ഉപേക്ഷയുമല്ലാതെ മറ്റെന്ത് ഉത്തരമാണ് നമുക്ക് പറയാനുള്ളത്.
അനുഗ്രഹങ്ങള്‍ വില്‍ക്കുന്ന ആത്മീയകച്ചവടവും, അതിനായൊരുക്കുന്ന മഹാമേളകളും നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ പറയുന്ന സുവിശേഷം ക്രിസ്തുവിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞും ജീവിതംകൊണ്ട് ദാരിദ്ര്യത്തെ പുല്‍കിയുമല്ലാതെ, ഈ രോഗത്തെ ചികിത്സിക്കാനാകില്ല.
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന പരസ്യബോര്‍ഡുകളും ധ്യാനകണ്‍വെന്‍ഷന്‍ പരസ്യങ്ങളും, തിരികെകിട്ടുന്ന ആത്മാക്കളെക്കുറിച്ചുള്ള ദാഹത്തില്‍നിന്ന് ജനിക്കുന്നതോ, ലാഭാധിഷ്ഠിതമായ മോഹങ്ങളില്‍നിന്ന് ജനിക്കുന്നതോ? സമ്പത്ത് കൊടുത്ത് സമ്പത്ത് നേടാമെന്ന ലോകവ്യാപാരതന്ത്രം ഒഴിവാക്കിയാല്‍ പിന്നെയെങ്ങനെയാണ് ആത്മീയകേന്ദ്രങ്ങള്‍ ആര്‍ജ്ജിത സമ്പത്തിന്റെ കേന്ദ്രങ്ങളായി മാറിയത്?
ഉള്ളവന്‍ ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ പ്രേരിപ്പിച്ചും ദാരിദ്ര്യമെന്ന ക്രിസ്തുബോധത്തില്‍ സമ്പന്നനെയും ദരിദ്രനേയും കോര്‍ത്തിണക്കി, സാഹോദര്യം കൊണ്ടും സ്‌നേഹം കൊണ്ടും തീര്‍ത്ത ദൈവഭവനമായി മാറേണ്ടതിനു പകരം, കിടക്കാന്‍ ഇടമില്ലാത്തവന്റെ നേരെ കൊഞ്ഞനം കുത്തുകയല്ലേ നമ്മുടെ ആത്മീയ സ്ഥാപനങ്ങളും അവയുടെ സമ്പത്തും? അതിന്റെ തനിപ്പകര്‍പ്പുകളായി മാറുന്ന കുടുംബങ്ങളും വ്യക്തികളും സമ്പത്തിന്റെ മോഹാഗ്നിയില്‍ ചിറകെരിയുന്ന ഈയാംപാറ്റകളായി മാറുകയല്ലേ?
ഞാനും നീയുമല്ല, ക്രിസ്തുവില്‍ നമ്മളേയുള്ളൂ എന്ന സത്യം മറച്ചുവച്ച് മാത്സര്യവും അധിക്ഷേപവും പെരുകുകയാണ് നമ്മുടെ സമൂഹത്തില്‍. ലോകത്തില്‍ സമ്പത്തു കയ്യാളുന്നവനാണ് അധികാരം. ക്രിസ്തുവിന്റെ അധികാരം ശുശ്രൂഷയും. അതു മറന്ന ശുശ്രൂഷാസ്ഥാനങ്ങള്‍ സഭാകൂട്ടായ്മക്കകത്തും വ്യക്തിജീവിതത്തിലും ഒരേപോലെ പിടിമുറുക്കുന്നുണ്ട്.
ക്രിസ്തുദര്‍ശനത്തിലേക്ക് തിരികെ നടന്നുകൊണ്ടല്ലാതെ പരിഹാരമില്ല എന്ന സത്യം കൂടുതല്‍ വെളിവാകുകയാണ് നമ്മുടെ മുന്നില്‍. അതിനെ ചെറുക്കാന്‍ ശത്രുവിനെ പുറത്ത് ചൂണ്ടിക്കാണിക്കുന്ന പരിവര്‍ജകതത്വം അല്പകാലത്തേയ്ക്ക് ഫലിച്ചേക്കാം. പക്ഷെ, കാര്‍ന്നുതിന്നുന്ന അര്‍ബുദമായ സമ്പത്തിന്റെ ദൈവശാസ്ത്രയുക്തിയെ വേരോടൊ പിഴുതുമാറ്റിയേ നമുക്ക് സുഖപ്പെടാനാകൂ. ലോകത്തെ സുഖപ്പെടുത്താനാകൂ.