
എം.പി. തൃപ്പൂണിത്തുറ
തിര്യക്കുകള്‍ക്ക് അത്ഭുതം തോന്നി. തങ്ങള്‍ക്കുവേണ്ടി തേച്ചുമിനുക്കിയ അറവുവാള്‍ കശാപ്പുകാരന്‍ പൊതിഞ്ഞുവയ്ക്കുന്നു. പതിവില്ലാത്ത സ്‌നേഹത്തോടെ തങ്ങളുടെ ആരോഗ്യത്തെ പരിഗണിക്കുന്നു. വൈക്കോലും തീറ്റിയും തരുന്നു. കശാപ്പുകാരനും മാനസാന്തരമോ? ആയുസ് നീട്ടി കിട്ടുകയാണ്. എത്ര നാളത്തേയ്ക്ക്? അതുമാത്രം നിശ്ചയം പോര.
മത്സ്യങ്ങളുടെ മൃതശരീരങ്ങള്‍ സംസ്‌ക്കാര സമയം കാത്ത് തണുത്തുറയുന്ന ശവമുറികളിലേക്ക് മാറ്റപ്പെട്ടു. അന്‍പതു നാളെത്തിയാല്‍ വര്‍ദ്ധിതവീര്യത്തോടെ കശാപ്പുകത്തികള്‍ രാകിമൂര്‍ച്ചകൂട്ടും. മോര്‍ച്ചറികളില്‍ നിന്ന് ആണ്ടോടാണ്ടെത്തിയ മീനുകളും മാംസപിണ്ഡങ്ങളും വീണ്ടും ഉദരം തേടിയിറങ്ങും. അടുക്കളകള്‍ വീണ്ടും തിരക്കുള്ളതാകും. തീന്‍മേശകള്‍ക്ക് പല്ലും നഖവും മുളയ്ക്കും. ആര്‍ത്തിപൂണ്ട് നാം വീണ്ടും നമ്മെപ്പോലും മറക്കും.
ലോകത്തിന്റെ സുഖവാസനകളിലേക്ക് കണ്ണും നട്ടാണ് നമ്മുടെ യാത്ര. അത് അപരത്വനിഷേധത്തിന്റെ അശ്വമേധമാക്കി ജീവിതത്തെ രൂപപ്പെടുത്തുകയാണ്. ഉത്ഥിതനും ഉത്ഥാനരഹസ്യവും വീണ്ടും ഓര്‍മ്മകളിലേക്ക് പിന്തള്ളപ്പെടും.
ഇതൊന്നും ആലങ്കാരികമായി പറഞ്ഞതല്ല. നമ്മുടെ വിശ്വാസ ആചാരങ്ങളുടെ കപടമുഖം ഇപ്പറഞ്ഞതിലും വികൃതമാണ്. ക്രിസ്തുബോധം നഷ്ടമായ ജീവിതങ്ങള്‍ക്ക് വര്‍ണ്ണം പകരാന്‍ ബാഹ്യാചാരങ്ങളുടെ ചായക്കൂട്ടുകള്‍ക്ക് ആകാതെ പോകുന്നു എന്ന പരമാര്‍ത്ഥത്തിലേക്ക് വിരലൊന്നു ചൂണ്ടിയതാണ്.
പെസഹാ മഹോത്സവത്തിലേക്ക് തപസിന്റെ വഴിയേ ചരിക്കാന്‍ വിളിക്കപ്പെട്ട നാളുകളാണിത്. അതിനേക്കാള്‍ അധികമായി കടന്നുപോകലിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമപ്പെടുത്താന്‍, പുനര്‍നിര്‍മ്മിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന നാളുകള്‍. ഒരു കടന്നുപോകലിന്റെ കേവലാചരണമല്ല അതിന്റെ ലക്ഷ്യം. ഒരുപക്ഷേ, തപസാനുഷ്ഠാനത്തിന്റെ കാതലതല്ല എന്ന് നമുക്ക് അറിയായ്കയല്ല. അനുഭവമില്ലായ്മയാണ് നമ്മെ ഭരിക്കുന്നത്. അറിവ് കേവലജ്ഞാനമായി ശേഷിക്കുകയും ജീവിതത്തില്‍ പ്രക്രിയാപരമായ ഒന്നല്ലാതെ വിശ്വാസം അധഃപതിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ആത്മാവില്ലാത്ത ആചാരങ്ങള്‍. ജീവിതത്തെ വിമര്‍ശ്യബോധത്തോടെ സമീപിക്കാന്‍ തപസിന്റെ മൂല്യബോധം പ്രയോഗിക്കപ്പെടുകയാണ് വേണ്ടത്.
പക്ഷെ, അംഗീകരിക്കപ്പെട്ട കാപട്യങ്ങള്‍ ആഘോഷമാക്കി പകര്‍ത്തുകയാണ് നമ്മള്‍. ചെയ്യുന്നതിലൊന്നും ഒരു തരിമ്പും ആത്മാര്‍ത്ഥതയില്ലെന്ന് നമുക്കെല്ലാം അറിയാം. നമ്മളത് പുറത്തു പറയുന്നില്ല. കപടതയെ ആചാരമെന്ന പൂജനീയസ്ഥാനം കല്പിച്ചു നല്‍കി ചുമക്കുകയാണ് നമ്മള്‍.
മന്ത്രവാദത്തിലും യക്ഷിക്കഥകളിലും നുരയുന്ന അന്ധവിശ്വാസത്തേക്കാള്‍ പ്രബലമാണ് വിശ്വാസജീവിതവഴിയിലെ അന്ധവിശ്വാസങ്ങള്‍. നോമ്പ് ഒരു അന്ധവിശ്വാസമായി തരംതാഴുന്നത് ശ്രദ്ധിച്ചാല്‍ നന്മയെന്നു കരുതുന്നവ പലതും തിരിച്ചറിവില്ലാതെ സ്വീകരിച്ച് നാം തന്നെ അന്ധന്മാരായി മാറിയത് നമുക്ക് കണ്ടെത്താനാവും.
തപശ്ചര്യയുടെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങള്‍ ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മദാനം എന്നിവയാണെന്നത് പണ്ടുമുതലേ നാം കേട്ടിട്ടുണ്ട്. അതുതന്നെ ഉരുവിട്ട് പഠിച്ചിട്ടുമുണ്ട്. പക്ഷെ, അവയുടെ ആന്തരാര്‍ത്ഥവും, ജീവിതത്തിലെ പ്രായോഗികമൂല്യവും, ആത്യന്തികലക്ഷ്യവും നമുക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍, കേവലം ബാഹ്യമായും ആശയബോധമായും തിരുനാള്‍ ആചരണങ്ങള്‍ പരിമിതപ്പെടും.
ഉപവാസം എന്നത് ദൈവികസഹവാസാനുഭവമാണെന്ന അറിവ് നമുക്കുണ്ട്. എന്നാല്‍ കേവലം ഭക്ഷണം ഉപേക്ഷിച്ചാല്‍ ദൈവിക സഹവാസം സാധ്യമാകുമോ? എന്താണ് ഭക്ഷണം ഉപേക്ഷിക്കുന്നതിലൂടെയും, ഭക്ഷണത്തിലെ പ്രിയഭോജ്യങ്ങളെ ഉപേക്ഷിക്കുന്നതിലൂടെയുമൊക്കെ അര്‍ത്ഥമാക്കുന്നത്?
ഭക്ഷണം ഇന്ദ്രിയപരതയുടെ ഏറ്റവും ഉയര്‍ന്ന രൂപമാണെന്നു പറയാം. ഇന്ദ്രിയങ്ങള്‍ അനുഭവലോകത്തേയ്ക്ക് നീട്ടുന്ന അഞ്ചു വാതിലുകളില്‍ നാലും ഇടപെടുന്ന ആസ്വാദനമാണ് ഭക്ഷണത്തിലേത്.
യഥാര്‍ത്ഥത്തില്‍ ഭക്ഷണം ജീവന്‍ നിലനില്‍ക്കാന്‍ വേണ്ടിയുള്ളതാണ്. ഭക്ഷണം സ്വീകരിക്കാനുള്ള രണ്ട് പ്രേരണകളാണ് വിശപ്പും രുചിബോധവും. പക്ഷെ, രുചിബോധം ക്രമേണ ഉപജീവനം എന്നതിനേക്കാള്‍ മുകളിലാവുകയും രുചിപ്രധാനമായ ഇന്ദ്രിയ സുഖമായി ഭക്ഷണം മാറുകയും ചെയ്യുന്നു. അവിടെയാണ് ഇഷ്ടഭക്ഷണവര്‍ജനം ഗുണകരമാവുന്നത്.
എന്നാല്‍ ഏറെ വിചിത്രമായി നാം ധരിച്ചു വശാകുന്നു മാംസം ഉപേക്ഷിക്കുന്നതാണ് നോമ്പ് എന്ന്. മത്സ്യമാംസങ്ങള്‍ പൊതുവില്‍ പ്രിയങ്കരങ്ങളാകയാലകണം അവയുടെ വര്‍ജനമാണ് നോമ്പ് എന്ന ധാരണ പ്രബലമായത്. അതു മാത്രമല്ല, നമ്മുടെ സാമൂഹ്യചുറ്റുപാടില്‍, ബ്രാഹ്മണ്യത്തെ ഉന്നതമായി കാണുന്ന അബദ്ധം ശക്തമാണ്. സസ്യാഹാരമാണ് ശ്രേഷ്ഠമെന്ന ചിന്ത, അതുവഴി നമ്മില്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ ആദ്യം മുതലേ കായ്കനികളാണ് ഭക്ഷിച്ചിരുന്നതെന്നും മനുഷ്യന്‍ സസ്യഭോജിയായിരിക്കേണ്ടവനാണെന്നും തികച്ചും ചരിത്രവിരുദ്ധമായ ബോധ്യങ്ങളും മാംസവര്‍ജ്ജനത്തെ സാധൂകരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്, നാമെന്താണ് കഴിക്കുന്നത്? വിശപ്പിനുള്ള ഭക്ഷണം എന്ന നിലയ്ക്ക് അഷ്ടിക്ക് അന്നമാണോ? അല്ലേ അല്ല. മൂന്നും നാലും കറികളും ഇഷ്ട രുചികളും മീനില്ലാത്ത മീന്‍കറിയും കൃത്രിമ മാംസം കൊണ്ടുള്ള മസാലക്കറികളും ചില്ലിഗോപിയും ഗോപിമഞ്ജൂരിയനും പനീര്‍ബട്ടര്‍ മസാലയും മഷ്‌റൂം റോസ്റ്റുമൊക്കെ അരങ്ങുതകര്‍ക്കുകയാണ്. ഇപ്പോഴും ജയിക്കുന്നത് രുചിബോധമാണ്. ഇത് നോമ്പാണെന്ന ധാരണ യഥാര്‍ത്ഥത്തില്‍ വലിയ അബദ്ധമല്ലേ? വിശപ്പിനു ഭക്ഷണമെന്ന നിലയില്‍ രുചിയുടെ പ്രമാണിത്വത്തെ കീഴടക്കാന്‍ കഴിയുമ്പോഴാണ് നോമ്പ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് സാമൂഹ്യമായ ഒരു തലംകൂടി നമുക്ക് കാണാനാകണം. അപരനു ഭക്ഷണമായി മാറാനുള്ള ദൈവവിളിക്കുള്ള പ്രത്യുത്തരമായി ഉപേക്ഷകള്‍ മാറണം. അപരന്റെ വിശപ്പിനുള്ള ഭക്ഷണമായിട്ടാണ് എന്റെ രുചിയുടെ സമര്‍പ്പണം. ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഉപവാസം. വിധവയുടെ ചെമ്പുതുട്ട് ശ്രേഷ്ഠമായ കാഴ്ചയായി ക്രിസ്തു പഠിപ്പിക്കുന്നതിനു പിന്നിലെ രഹസ്യവും അതുതന്നെ. അവള്‍ ഇട്ട രണ്ടു ചെമ്പുതുട്ടുകള്‍ നാളേയ്ക്ക് ഉപജീവനത്തിനുള്ള വകയായിരുന്നു. ആ കാണിക്കയുടെ അര്‍ത്ഥം വളരെ ലളിതമാണ്. തന്റെ ജീവന്റെ സമര്‍പ്പണം. ഉപവാസത്തിന്റെ ഒരുതലം ജീവിതം സമര്‍പ്പിക്കലാണ്. നീയാണ് ജീവനും ജീവിതവും എന്ന ഏറ്റുപറച്ചിലാണ്. മറ്റൊന്ന് വിശക്കുന്നവനുമായി തന്നെത്തന്നെ പങ്കിടുക എന്നതാണ്. അതു ഉപവാസത്തിന്റെ സാമൂഹിക അര്‍ത്ഥമാണ്. അപരന് ഭക്ഷണമായിത്തീരാനുള്ള വിളിയുടെ പ്രായോഗികതലമാണത്. ഇത്തരത്തില്‍ കാണുന്നില്ലെങ്കില്‍ നോമ്പും ഉപവാസവും നിരര്‍ത്ഥകമായ ആചാരം മാത്രമായി തുടരും. അത്തരത്തിലല്ലെങ്കില്‍ ലംബതലത്തില്‍ ദൈവവും തിരശ്ചീനത്തില്‍ അപരനും പ്രധാനിയാകുകയും ഞാന്‍ തന്നെ ശൂന്യനുമായി മാറും.
അപരനെ അവനവനേക്കാള്‍ പ്രധാനിയായി പരിഗണിക്കുകയും ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, അപരന്റെ മേല്‍ ചുമത്തുന്ന അധീശത്വത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രനാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതാണ് ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവച്ചും നഗ്നനെ ഉടുപ്പിച്ചും ഭവനരഹിതനെ വീട്ടില്‍ സ്വീകരിച്ചും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതെയും ജീവിക്കുക എന്നിടത്താരംഭിച്ച് അപരനുവേണ്ടി മരിക്കുക എന്നിടത്ത് എത്തിച്ചേരുന്നതാണ് ഉപവാസത്തിന്റെ കാതല്‍. അവിടേക്ക് എത്തിച്ചേരാന്‍ തടസ്സമാകുന്ന അവനവന്‍ കടമ്പകളെ തകര്‍ക്കുന്നതാകണം നോമ്പിന്റെ പ്രാര്‍ത്ഥനകള്‍. അങ്ങനെ സ്വയാര്‍പ്പണത്തിന്റെ ധര്‍മ്മമായി ദാനത്തെ തിരിച്ചറിയുന്നതാകണം നോമ്പാചരണം.