ധ്യാനം, നവനാള്‍, തീര്‍ത്ഥാടനം: ആത്മീയവഴികളിലെ ആത്മശോധനയ്ക്ക്

ധ്യാനം, നവനാള്‍, തീര്‍ത്ഥാടനം: ആത്മീയവഴികളിലെ ആത്മശോധനയ്ക്ക്
Published on
നവനാളുകള്‍ ഭക്തിമാര്‍ഗത്തിലൂടെ സുകൃതവഴിയിലൂടെയുള്ള യാത്രയാണ്. അത് എത്തിച്ചേരേണ്ടത് ക്രിസ്തുവിലേക്കും, അവനില്‍ പിതാവിനുള്ള ആരാധനയായി മാറുന്നതിലേക്കുമാണ്.

നിങ്ങള്‍ വിശ്വാസിയാണോ? ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടാല്‍, അതെ എന്നാകും അതിനുള്ള ഉത്തരം. അത് ആ ചോദ്യത്തിനുള്ള ഉത്തരമാകാം. പക്ഷെ, ആ ഉത്തരത്തില്‍ എത്രത്തോളം വാസ്തവമുണ്ട് എന്നറിയാന്‍ വേറെ മൂന്നു ചോദ്യങ്ങളാണ് ചോദിക്കേണ്ടിയിരുന്നത്. അവയ്ക്കുള്ള ഉത്തരം ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാകും.

  • നിങ്ങള്‍ സംതൃപ്തരാണോ?

  • നിങ്ങളുടെ ജീവിതാഭിലാഷമെന്ത്?

  • നിങ്ങളുടെ ജീവിത ലക്ഷ്യമെന്ത്?

ഈ ചോദ്യങ്ങളുടെ ഉത്തരമാണ് നിങ്ങള്‍ വിശ്വാസിയോ അവിശ്വാസിയോ എന്ന ചോദ്യത്തിനുള്ള ശരിയുത്തരം.

നാമിപ്പോള്‍ ആയിരിക്കുന്ന ജീവിത സന്ദര്‍ഭത്തിനകത്ത് സംതൃപ്തിയോടെയാണോ നാം കഴിയുന്നത്?

വാക്കു കൊണ്ട് അതേ എന്ന് ഉത്തരം പറഞ്ഞാല്‍ പോലും അതല്ല വാസ്തവമെന്ന് നമുക്കു തന്നെ അറിയാം.

എത്താ കൊമ്പത്ത് എവിടെയോ നാം വച്ചിട്ടുള്ള മോഹത്തിലാണ് നമ്മുടെ സംതൃപ്തി നാം വച്ചിട്ടുള്ളത്. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി ഒരു അനുഗ്രഹമാണ് എന്ന വി. പൗലോസിന്റെ വാക്കുകള്‍ (1 തിമോത്തി. 6:6). അധരങ്ങള്‍ കൊണ്ട് ഉരുവിടുമ്പോഴും വര്‍ത്തമാനകാലത്തെ ജീവിതം വ്യാമോഹങ്ങളില്‍ കുടുങ്ങിയതാണ്. ഭക്താഭ്യാസങ്ങളിലൂടെ ഇല്ലാത്തതൊക്കെ നേടി സംതൃപ്തരാകാമെന്ന് നാം തീരുമാനമെടുക്കുകയും ചെയ്യുന്നു.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലും നവനാള്‍ കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ആള്‍ദൈവങ്ങളുടെ സങ്കേതങ്ങളിലും തടിച്ചു കൂടുന്ന ആള്‍ക്കൂട്ടം വിശ്വാസം നഷടപ്പെട്ടവരുടേതാണെന്ന് നാം തിരിച്ചറിയാതെ പോകുന്നു.

ജീവിതം ഒരു തീര്‍ത്ഥാടനമാണെന്നും, ദൈവിക സഹവാസത്തിലേക്കാണ് നാം ചുവടു വയ്ക്കുന്നതെന്നും, തീര്‍ത്ഥാടക സഭയിലാണ് നാമെന്നും നമ്മെത്തന്നെ നാം ഓര്‍മ്മപ്പെടുത്തുന്നതാണ് തീര്‍ത്ഥയാത്രകളെന്ന് ഓര്‍ക്കുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്?

ഉണ്ടും ഉറങ്ങിയും കിനാവു കണ്ടും, വിവാഹം ചെയ്തും ചെയ്തു കൊടുത്തും നോഹയുടെ ദിവസങ്ങളിലെന്ന പോലെ കഴിയുന്നതിനിടയ്ക്ക് യഥാര്‍ത്ഥ ജീവിതവഴി തുടങ്ങുന്നതും ഒടുങ്ങുന്നതും ദൈവത്തിലെന്ന ബോധം ജനിപ്പിക്കേണ്ട തീര്‍ത്ഥയാത്രകള്‍ ഭിക്ഷാടനങ്ങളായി തരം താഴുന്നു.

ഭിക്ഷാടക പ്രവാഹത്തെ കാത്ത്, വിഘ്‌നം മാറാന്‍ ദൂരങ്ങള്‍ താണ്ടിയെത്തുന്നവരെ കാത്ത്, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കു മോടി കൂട്ടി, ആത്മീയതയുടെ പുറം മേനി നടിക്കുന്ന ധനാസക്തിയുടെ വൈതാളിക മനസിനെ ആത്മീയ അന്ധത ബാധിച്ച നമ്മുടെ കണ്ണുകള്‍ കാണാതെ പോവുകയാണ്.

ക്രിസ്തുവിന്റെ ലേബലൊട്ടിച്ച കുപ്പികളില്‍ മാമോന്റെ ജീവിത വ്യാമോഹത്തിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്.

തീര്‍ത്ഥാടനങ്ങള്‍ തരംതാണതാണെന്ന അര്‍ത്ഥത്തിലല്ല, അവയുടെ അര്‍ത്ഥം മറന്നു പോകുന്നു എന്നു മാത്രമാണ് ഈ പറഞ്ഞതിനര്‍ത്ഥം.

എന്തിലും ഏതിലും കുറ്റം കാണുന്ന നിഷേധഭാവമാണോ ഈ ചിന്തയ്ക്കു കാരണം?

കുറച്ചു ചോദ്യങ്ങള്‍ നാം നമ്മോടു ചോദിച്ചാല്‍ നമ്മില്‍ തന്നെ ഉത്തരം കണ്ടെത്താനാകും.

തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി, പ്രാര്‍ത്ഥിച്ചപ്പോള്‍ ജീവിതമോഹങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ്, ഇനി യേശു മാത്രം മതി ജീവിതത്തില്‍ എന്നു പറഞ്ഞ ആരെയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ? നമുക്കു തന്നെ അങ്ങനെ തോന്നിയിട്ടുണ്ടോ?

ലക്ഷങ്ങള്‍ മുടക്കി, വിശുദ്ധനാട്ടില്‍ പോയി, ക്രിസ്തുവിനെ തറച്ച കുരിശില്‍ ചുംബിച്ച്, ഇനി ജീവിത സഹനങ്ങളുടെ കുരിശില്‍ സന്തോഷത്തോടെ മരിക്കാം എന്നു തീരുമാനിച്ച ആരെങ്കിലും നമ്മുടെ പരിചയത്തിലുണ്ടോ?

തല ചായ്ക്കാനിടമില്ലാത്തവനായി ക്രിസ്തു ജനിച്ച ബത്‌ലഹേമിലെ പുല്‍ത്തൊഴുത്തു കണ്ടതുകൊണ്ട് വീടില്ലാത്ത സങ്കടം മാറി, ഇനി വീട് ക്രിസ്തുവാണെന്ന് തിരിച്ചറിഞ്ഞ്, ആ ആവശ്യം ഉപേക്ഷിച്ച ആരെയെങ്കിലും അറിയാമോ?

പരിശുദ്ധ മറിയത്തിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ച്, ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ ഇഷ്ടം പോലെ എന്നില്‍ സംഭവിക്കട്ടെ എന്നുറച്ച് ആവശ്യങ്ങളുടെ ഭാണ്ഡമുപേക്ഷിച്ച് ക്ലേശങ്ങളുടെ വഴിയിലേക്കിറങ്ങിയ ആരെയെങ്കിലും നമ്മിലോ മറ്റുള്ളവരിലോ നമുക്ക് കാണാന്‍ കഴിയുമോ?

അങ്ങനെ പരിശോധിക്കുമ്പോഴാണ് നമ്മുടെ അതൃപ്തികള്‍ മായ്ച്ചുകളയാനോ, ലോകത്തോടുള്ള അഭിലാഷങ്ങളില്‍ നിന്ന് മോചനം നല്‍കാനോ, ജീവിത ലക്ഷ്യമായി നിത്യതയെ കാണാനോ തീര്‍ത്ഥാടനങ്ങള്‍ കാരണമാകുന്നില്ല എന്ന കാര്യം നമുക്ക് ബോധ്യമാകുന്നത്. അതുകൊണ്ട് തീര്‍ത്ഥാടനം വേണ്ടെന്നല്ല, അതിന്റെ ലക്ഷ്യത്തിലും പ്രയോഗത്തിലും തിരുത്തലുകള്‍ അനിവാര്യമാണ് എന്നു മാത്രം.

നവനാളുകള്‍ ഭക്തിമാര്‍ഗത്തിലൂടെ സുകൃതവഴിയിലൂടെയുള്ള യാത്രയാണ്. അത് എത്തിച്ചേരേണ്ടത് ക്രിസ്തുവിലേക്കും, അവനില്‍ പിതാവിനുള്ള ആരാധനയായി മാറുന്നതിലേക്കുമാണ്.

എന്തിനാണ് നവനാള്‍?

യേശുവിലുള്ള വിശ്വാസത്തിലേക്ക് സ്വയമേ പ്രവേശിക്കാന്‍ മാനുഷികത നമ്മെ തടയുമ്പോള്‍, മനുഷ്യരായ വിശുദ്ധാത്മാക്കള്‍ സുകൃത ജീവിതം വഴി അതു സാധിച്ചതിന്റെ ബലം, വിശുദ്ധ സഭയോടു ചേര്‍ന്ന് അനുഭവിച്ചും വിശുദ്ധ ജീവിത മാതൃക അനുകരിച്ചു വിശ്വാസത്തില്‍ പുരോഗമിക്കാനുമാണ് നവനാളുകള്‍ നമ്മെ സഹായിക്കുന്നത്.

ഏത് വിശുദ്ധന്റെയോ വിശുദ്ധയുടെയോ പേരിലുള്ള നവനാളിലാണോ നാം പങ്കുചേരുന്നത്, ആ വിശുദ്ധാത്മാവ് ഏത് സുകൃതത്തെയാണോ ക്രിസ്തുവില്‍ അഭ്യസിച്ചത് ആ സുകൃതത്തെ പിഞ്ചൊല്ലുകയും, കൗദാശികതയുടെ ഭാഗമായി മാറുകയുമാണ് വേണ്ടത്. ലോകത്തോടൊത്തു ചരിക്കുന്ന നമുക്ക് ഈ വഴിയില്‍ തുടരാന്‍ സാധാരണ ഗതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഒമ്പതാഴ്ചകളില്‍ ഇതു തുടരുമ്പോള്‍ മനസ്സിനെ ഈ വഴിയില്‍ പുരോഗമിക്കാന്‍ കഴിയും. അതിനാണ് നവനാള്‍.

ഈ ആചരണം കാര്യം കാണാനുള്ള വഴിയാക്കിച്ചുരുക്കുന്നതില്‍ ഭക്തരും ഭക്തി കച്ചവടക്കാരും തമ്മില്‍ മത്സരമാണ്. വിശുദ്ധരെ അത്ഭുത പ്രവര്‍ത്തകരായ മൂര്‍ത്തികളാക്കി തരംതാഴ്ത്തി തിരുസഭയിലെ അവരുടെ ജീവിതവിശുദ്ധിയുടെ സുകൃത ഭണ്ഡാരത്തില്‍ നിന്ന് അകറ്റുകയാണ് വര്‍ത്തമാനകാല നവനാള്‍ കേന്ദ്രങ്ങള്‍.

കേവല ഭക്തിയില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള തിരിച്ചു നടപ്പിനും മാനസാന്തരത്തിന്റെ ആത്മതാപത്തിന് വചനം കൊണ്ട് തീ പടര്‍ത്താനും ആരംഭിച്ച ധ്യാനകേന്ദ്രങ്ങളോ, വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ച് കാര്യങ്ങള്‍ സാധിക്കാനും കഷ്ടങ്ങള്‍ നീക്കാനുമുള്ള കുറുക്കു വഴികളുടെ വിപണന കേന്ദ്രങ്ങളായി പരിണമിച്ചിരിക്കുന്നു.

രണ്ടായിരം വര്‍ഷത്തെ വിശുദ്ധ ജീവിതപാരമ്പര്യം ക്രിസ്തുവില്‍ നമ്മെ പഠിപ്പിച്ചത്, ക്രിസ്തുവില്‍ സംതൃപ്തരാകാനും ജീവിതാഭിലാഷം വിശുദ്ധ ജീവിതവും ലക്ഷ്യം സ്വര്‍ഗവുമായി പൂര്‍ണ്ണതയിലേക്ക് ചരിക്കാനാണ്. എവിടെ വച്ചാണ് ലോകസന്തോഷത്തിനുള്ള രസായന വിദ്യയായി വിശ്വാസം അധഃപ്പതിച്ചതെന്ന് തിരിച്ചറിഞ്ഞ് തിരികെ നടന്നേ മതിയാകൂ. അപ്പോള്‍ നാം വിശ്വാസികളാണോ എന്ന് ലോകം നമ്മോട് ചോദിക്കില്ല. നമ്മുടെ ജീവിതം കണ്ട് അവര്‍ നമ്മളെ ക്രിസ്ത്യാനിയെന്ന് അര്‍ത്ഥം തെറ്റാതെ വിളിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org