തര്‍ക്കങ്ങളും വിമതരും

തര്‍ക്കങ്ങളും വിമതരും
സംവാദാത്മകമായ ബന്ധം നിലനിറുത്തിക്കൊണ്ടും ഉന്നതമായ ജനാധിപത്യബോധത്തില്‍ പരസ്പരം സ്വീകരിച്ചും തെറ്റുതിരുത്തിയും അംഗീകരിച്ചും മുന്നേറാന്‍, നിലവിലുള്ള തര്‍ക്കങ്ങളും വിയോജിപ്പുകളും കാരണമായി മാറുകതന്നെ ചെയ്യും. പഞ്ചപുച്ഛമടക്കി, അടിമമനോഭാവത്തിലല്ല, പങ്കുവയ്പിന്റെയും പാരസ്പര്യത്തിന്റെയും വഴിയാണ് നമുക്കു മുന്നിലുള്ളത്.

ആനുകാലിക സഭാസമൂഹത്തില്‍ തര്‍ക്കങ്ങളും വിയോജിപ്പുകളും ഉയരുന്നതിനെച്ചൊല്ലി വിശ്വാസസമൂഹം പൊതുവിലും സഭാസനേഹികളെന്നു സ്വയം കരുതുന്നവര്‍ വിശേഷിച്ചും ഉല്‍ക്കടമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. തിരുസഭ എന്തോ വലിയ അപകട ഭീഷണിയെ നേരിടുകയാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും എതിര്‍സ്വരങ്ങളെ ഇത്തരം ഒരു ചിന്തകൊണ്ട് വരിഞ്ഞു കെട്ടാനുള്ള ആശയസ്വരൂപണവും ഇതിന്റെ ഭാഗമായി വളര്‍ന്നു വരുന്നു.

സഭയില്‍ ഇന്നേവരെയില്ലാത്തവയാണ് വിയോജിപ്പുകളെന്നോ സഭ വിഭജിതമാകാനിടയാക്കുന്ന വിമത പ്രവര്‍ത്തനങ്ങളാണ് ഇന്നരങ്ങേറുന്നതെന്നോ ആണ് ഇത്തരം ഭാഷ്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. തിരുസഭയില്‍ ആദിമ കാലം മുതലേ തര്‍ക്കങ്ങളും എതിര്‍സ്വരങ്ങളും വളരെ സ്വാഭാവികമായിരുന്നു എന്നു നമുക്കു കാണാം. അപ്പോസ്തലന്മാരുടെ കാലത്ത് വളരെ ചെറുതും തികഞ്ഞ ദാരിദ്ര്യവും പുറമെ നിന്ന് പീഡനവും ഉണ്ടായിരുന്നിട്ടു കൂടി, വിഭാഗീയതകളും തര്‍ക്കങ്ങളും സ്വാഭാവികമായിരുന്നു എന്നു നമുക്കു കാണാം.

തിരുവായ്ക്ക് എതിര്‍വായില്ലാതിരുന്ന പഴയനിയമ മതസങ്കല്‍പ്പമല്ല, ക്രിസ്തുവില്‍ സ്ഥാപിതമായ സഭയെ നയിക്കുന്നത്. വ്യവസ്ഥാപിത മതങ്ങളുടെ പൗരോഹിത്യാധിപത്യത്തിനു പകരം ശുശ്രൂഷയുടെ അടിമഭാവത്തിലേക്കാണ് ക്രിസ്തു തന്റെ അപ്പോസ്തലന്മാരെ വിളിച്ചത്. ക്രിസ്തുവിന്റെ അടിമകളുടെ അടിമകളാണ് അപ്പോസ്തലന്മാരെന്ന് അന്നുകാലം മുതല്‍ക്കുതന്നെ തിരുസഭ വെളിവാക്കിയത് ആലങ്കാരികമായിട്ടല്ല, വാസ്തവമായിട്ടാണ്. മാത്രമല്ല, പരസ്പരം തിരുത്താനും അപരനെ അവരായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്. യാക്കോബും യോഹന്നാനും ഇടംവലമിരിക്കാനുള്ള അനുവാദം ചോദിക്കുമ്പോള്‍ അതിനെതിരെ പിറുപിറുക്കുന്നവരോട് തമ്മില്‍ പുലര്‍ത്തേണ്ട സഹിഷ്ണുതാ ഭാവത്തെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ലോകത്തിന്റെ അധികാരികളെ പോലെ നിങ്ങള്‍ ആയിക്കൂടെന്ന് അവിടുന്ന് ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്, നീതിയെ സംബന്ധിച്ച വിഷയങ്ങളുണ്ട്, പാരമ്പര്യവാദത്തിന്റെ വേരോട്ടങ്ങളുണ്ട്. ഇവയുടെ ന്യായാന്യായങ്ങളിലേക്കോ വിവാദങ്ങളിലേക്കോ കടക്കാതെതന്നെ ഇവയുടെ മൂലകാരണത്തെ സംബന്ധിച്ചു മാത്രം ഒന്നു പരിശോധിക്കാം.

എന്താണ് സാമ്പത്തിക ക്രമക്കേടുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണം? അടിസ്ഥാനപരമായ കാരണം, ദരിദ്രയായ സഭ സമ്പത്തിന്മേല്‍ അടയിരിക്കുന്നു എന്നതാണ്. ദൈവജനത്തെ ചൂണ്ടിക്കാട്ടി റോമാ പ്രീഫെക്ടിനോട് വിശുദ്ധ ലോറന്‍സ് പറഞ്ഞതുപോലെ ഇതാണ് സഭയുടെ സമ്പത്ത് എന്നു പറയാന്‍ നമുക്കിന്ന് ആകുന്നില്ല. വ്യക്തിപരമായും സഭാപരമായും സമ്പത്തല്ല പ്രധാനം എന്നു പറയാന്‍ കഴിയാത്ത വിധത്തില്‍ നാം അധഃപ്പതിച്ചിരിക്കുന്നു. സ്ഥാപനങ്ങളുടെ വളര്‍ച്ചയാണ് സഭയുടെ അഭിമാനമെന്ന് കരുതും വിധം സമ്പത്തിന്റെ പിടിയിലമര്‍ന്ന സഭാ സമൂഹത്തില്‍ സാമ്പത്തിക ക്രമക്കേടും അതിനെ സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതില്‍ കാര്യമില്ല.

ഉന്നതമായ നീതിയാണ് ക്രിസ്തു ഉദ്‌ഘോഷിച്ചത്. കരുണയാണ് ദൈവത്തിന്റെ നീതി. മനുഷ്യകുലത്തെ നീതീകരിക്കാന്‍ ക്രിസ്തു അനീതിക്ക് വിധേയപ്പെട്ടു. നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്മാരെന്നു പഠിപ്പിക്കുന്ന നമ്മള്‍ ലോകസമക്ഷം സ്വയം നീതീകരിക്കാന്‍വേണ്ടി ന്യായാസനങ്ങളെ ആശ്രയിക്കുന്നു. അധികാരികളെ പ്രീണിപ്പിക്കാന്‍ നോക്കുന്നു. അധികാരം ശുശ്രൂഷയായി കരുതുന്നതിനു പകരം ശുശ്രൂഷയെ അധികാരസ്ഥാനമായി തെറ്റിദ്ധരിക്കുന്നു. മാര്‍പാപ്പയ്‌ക്കോ മെത്രാനോ പുരോഹിതനോ വേണ്ടിയല്ല ദൈവജനം. ദൈവജനത്തിനുവേണ്ടിയാണ് ഇപ്പറഞ്ഞ സ്ഥാനങ്ങളെന്നും, ഇതെല്ലാം ദാസ്യത്തിന്റെ ഭാവത്തെ ഒന്നിനൊന്ന് വര്‍ദ്ധിപ്പിക്കുകയാണെന്നും നാം മറന്നുപോയിരിക്കുന്നു.

മാനുഷിക പാരമ്പര്യങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത്, മാനവികതയുടെ വിശാലലോകത്തേക്ക് തന്നെ അനുഗമിച്ചവരെ ആനയിച്ചവനാണ് ക്രിസ്തു. എന്നിട്ടും പാരമ്പര്യവാദത്തിന്റെ വക്താക്കളും അതില്‍ അഭിമാനിക്കും വിധം വിലകെട്ടവരുമായി നാം മാറിത്തീര്‍ന്നിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിലെ ഏകതയ്ക്കുവേണ്ടി ബലം പിടിച്ച് സാഹോദര്യത്തിന്റെ ഐക്യത്തെ ശിഥിലമാക്കുന്നത് വിശുദ്ധ കര്‍മ്മമായി ഘോഷിക്കപ്പെടുന്നു.

ഇത്തരം ഘട്ടങ്ങളില്‍ പ്രതികരണങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ അതാണ് ആപത്ശങ്കയുളവാക്കുന്ന പ്രവൃത്തി എന്ന് ആരോപിച്ച് എതിര്‍ സ്വരങ്ങളുടെ കഴുത്തറുക്കുന്നത് മതാധിപത്യത്തിന്റെ വിലകെട്ട നിലപാടാണ് എന്നോര്‍ക്കണം. വിമര്‍ശനങ്ങളും വിവാദങ്ങളും നമുക്കിടയില്‍ ഉണ്ടാകരുത് എന്നു വാദിക്കുന്നവര്‍ പ്രധാനമായും തിരുസഭയുടെ മഹത്വത്തിനു മൂന്നു കാരണങ്ങള്‍ നിരത്തുന്നുണ്ട്. അവ മൂന്നും വാസ്തവത്തില്‍ പൊരുളറിയാതെ പ്രയോഗിക്കുകയാണ്. അവയെ ഒന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.

സഭ ക്രിസ്തുവിന്റെ ശരീരമാണ്. ക്രിസ്തുവിന്റെ മണവാട്ടിയാണ്. ദൈവത്തിന്റെ പരിശുദ്ധിയില്‍ പങ്കുചേരുന്നവളാണ്. അതിനാല്‍ സഭയ്ക്കകത്ത് വിയോജിപ്പുകളോ ഭിന്നതകളോ ഉണ്ടായികൂട എന്നൊരു ധാരണയാണ് വിശ്വാസികള്‍ക്കിടയില്‍ പ്രബലമായിട്ടുള്ളത്. സഭയില്‍ വര്‍ത്തമാനകാലത്ത് നടക്കുന്ന തര്‍ക്കങ്ങളും വിയോജിപ്പിന്റെ സ്വരങ്ങളും സഭയെ തകര്‍ക്കുന്നവയാണെന്ന് വിശ്വാസ സമൂഹം ഭയക്കുകയും പൊതുബോധം വിമര്‍ശനത്തിനുള്ള ആയുധമായി പ്രയോഗിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിന്റെ ശരീരമാണ് സഭ. അതില്‍ തര്‍ക്കമില്ല. ശരീരം ക്രിസ്തുവിന്റെത് എന്നതുകൊണ്ട് സഭയില്‍ തര്‍ക്കങ്ങള്‍ ഉള്ളത് അപകടകരമാകുമോ? ശരീരവും ശിരസും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ശിരസ് എന്നാല്‍ ബുദ്ധികേന്ദ്രവും വിവേകത്തിന്റെ തലവുമാണ്. ശരീരം ബലഹീനവും.

ചരിത്ര ജീവിതത്തില്‍ ക്രിസ്തു പാപത്തിന് വിധേയമല്ലെങ്കിലും ബലഹീനതയില്‍ മനുഷ്യത്വത്തിന്റെ അനുഭവ ലോകത്തായിരുന്നു. വിവേകത്തിന്റെ നയിക്കപ്പെടല്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ശരീരം ബലഹീനതയ്ക്ക് നടുവിലായിരുന്നു. എങ്കില്‍ ഇന്നും ശരീരമാകുന്ന സഭ, ബല ഹീനതയില്‍ കാണപ്പെടുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ? ക്രിസ്തു ശരീരത്തില്‍ സഹിച്ച പീഡകള്‍ ഇന്ന് തിരുസഭയാന്ന് വഹിക്കുന്നത്. ക്രിസ്തു ശരീരത്തില്‍ സഹിച്ച പീഡകളുടെ കുറവ് താന്‍ നികത്തുന്നു എന്ന് വി. പൗലോസ് പറയുമ്പോള്‍ ക്രിസ്തു നേരിട്ട ബല ഹീനതകള്‍ ക്രിസ്തുശരീരമായ തിരുസഭ നേരിടുന്നു എന്നുകൂടി നാം മനസിലാക്കേണ്ടതല്ലേ.

ക്രിസ്തുവിന്റെ മണവാട്ടിയാണ് തിരുസഭ. ഇത് മഹനീയമായ സ്ഥാനം തന്നെയാണ്. അതോടൊപ്പം സഭയെ പങ്കാളിയായ വ്യക്തിയായി ദൈവം പരിഗണിക്കുന്നു എന്നതിന്റെ അടയാളമാണത്. സഭ എല്ലാ കാര്യങ്ങളിലും ക്രിസ്തുവിനോട് വിധേയപ്പെടാന്‍ വിളിക്കപ്പെടുകയും അതോടൊപ്പം ക്രിസ്തു സഭയെ സ്‌നേഹിക്കുകയും കറയോ കളങ്കമോ ഇല്ലാത്തവളായിരിക്കാന്‍ അവള്‍ക്കു വേണ്ടി സ്വയം സമര്‍പ്പിക്കുന്നു. അതിലൂടെ വ്യക്തമാകുന്നതെന്താണ്? സഭ ന്യൂനതകള്‍ ഏതുമില്ലാത്തവളല്ല, അവളുടെ കുറവുകള്‍ക്ക് ക്രിസ്തു സ്‌നേഹത്തിന്റെ ആശ്ലേഷമുണ്ട് എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? വ്യക്തിപരതയെ ക്രിസ്തു മാനിക്കുന്നു എന്നാണ് അതു വ്യക്തമാക്കുന്നത്. സ്വതന്ത്രാഭിപ്രായത്തിന്റെ വേദിയായി സഭ മാറുന്നുവെങ്കില്‍ ആനുകാലിക സഭ ക്രസ്തുവില്‍ കൂടുതല്‍ തുറവിയുള്ള കൂട്ടായ്മയായി വളരുന്നു എന്നല്ലേ നാം മനസ്സിലാക്കേണ്ടത്?

സഭ പരിശുദ്ധയാണ് എന്ന് പറയുമ്പോള്‍ ദൈവത്തിന്റെ പരി ശുദ്ധിയില്‍ അവള്‍ പങ്കുകാരിയാകാന്‍ വിളിക്കപ്പെടുന്നു എന്ന് മനസിലാക്കുന്നതിനോടൊപ്പം പാപികളുടെ കൂട്ടായ്മ കൂടിയാണ് എന്ന തിരിച്ചറിവിനെ നാം സ്വീകരിക്കണം. മാത്രമല്ല, സഭ വ്യവസ്ഥാപിതമായ മത സ്വഭാവമുള്ളതല്ല എന്നും ഒരു സ്ഥാപനമല്ലെന്നും നാം തിരിച്ചറിയണം. സഭ ക്രിസ്തുവിലുള്ള സാഹോദര്യത്തിന്റെ കൂട്ടായ്മയാണ്. മൈത്രീ ബന്ധമാണ് സഭയുടെ ഭാവം. സംവാദാത്മകമായ ബന്ധം നിലനിറുത്തിക്കൊണ്ടും ഉന്നതമായ ജനാധിപത്യബോധത്തില്‍ പരസ്പരം സ്വീകരിച്ചും തെറ്റുതിരുത്തിയും അംഗീകരിച്ചും മുന്നേറാന്‍, നിലവിലുള്ള തര്‍ക്കങ്ങളും വിയോജിപ്പുകളും കാരണമായി മാറുകതന്നെ ചെയ്യും. പഞ്ചപുച്ഛമടക്കി, അടിമമനോഭാവത്തിലല്ല, പങ്കുവയ്പിന്റെയും പാരസ്പര്യത്തിന്റെയും വഴിയാണ് നമുക്കുമുന്നിലുള്ളത്. എതിര്‍ സ്വരങ്ങള്‍ക്ക് നാം കല്പിച്ചു നല്‍കുന്ന പേര് വിമതര്‍ എന്നാണല്ലോ. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ വിമതരാണ്. മതമുപേക്ഷിച്ചവരാണ്. സഭയായി മാറിയവരാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org