കുരിശും ഉയിര്‍പ്പും

കുരിശും ഉയിര്‍പ്പും
Published on
നമുക്കു ക്രിസ്തുവിനെ പ്രതി മറ്റുള്ളവര്‍ക്കുവേണ്ടി മരിക്കാനുള്ള മാര്‍ഗമായി നമ്മുടെ ജീവിത പ്രയത്‌നങ്ങളെ തിരിച്ചറിയുകയെന്നാണ് കുരിശിന്റെ അര്‍ത്ഥം. ഇങ്ങനെ കുരിശിനെ അറിയാത്തവര്‍ക്ക് ഉത്ഥാനത്തെ അനുഭവിക്കാന്‍ കഴിയില്ല.

ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ ചേരുമ്പോഴാണ് പൂര്‍ണ്ണതയെന്നത് ഒരു പുതിയ അറിവല്ല. കുരിശും ഉത്ഥാനവും ജീവിതത്തിനകത്തെ അനിഷേധ്യമായ യാഥാര്‍ത്ഥ്യങ്ങളാണ്. വസ്തുനിഷ്ഠമായ അനുഭവങ്ങളെ ആത്മനിഷ്ഠമായി ആവിഷ്‌ക്കരിക്കാന്‍ കഴിയുമ്പോഴാണ്, കേവലതയെ കൈവിട്ട് സാക്ഷാത്ക്കാരത്തിലേക്ക് നാം പ്രവേശിക്കുക.

എന്തിനെയാണ് നാം കുരിശായി മനസ്സിലാക്കുന്നത്, ഉത്ഥാനമായി ഭാവന ചെയ്യുന്നത് എന്നതിനെ വിശകലന വിധേയമാക്കുമ്പോഴാണ് ജീവിതം ക്രിസ്ത്വാനുഭവമാകുക.

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കുന്ന സമയത്തു തന്നെ അതിനേക്കാള്‍ തീവ്രമായി സ്വന്തം ജീവിതക്ലേശങ്ങളെക്കുറിച്ച് നാം ആകുലരാകുന്നു. ക്രിസ്തു കുരിശില്‍ അനുഭവിച്ച പീഡകളെ വൈകാരികതീവ്രതയോടെ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ, ജീവിതം വച്ചുനീട്ടുന്ന കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ പാനപാത്രവും ഒഴിവാക്കാനായി ക്രിസ്തുവിന്റെ ജീവാര്‍പ്പണത്തെ ഉപകരണാത്മകമായ ഉപാധിയായി പ്രയോഗിക്കുന്നതാണ് വിശ്വാസമെന്ന് ധരിച്ചുവശാകുന്നു.

എന്താണ് കുരിശ്? ക്രിസ്തുവില്‍ നമുക്ക് ആദ്യമുണ്ടാകേണ്ടത് ഇതിനേക്കുറിച്ചുള്ള വ്യക്തതയാണ്. ലോകത്തില്‍ നാമനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുരിശെന്നു പേരിട്ട് വിളിക്കുമ്പോഴും, നാമവയെ കുരിശായി അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. എന്താണ് അങ്ങനെ പറയാന്‍ കാരണം?

ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കും ക്ലേശങ്ങളുണ്ട്. ആ ക്ലേശങ്ങളില്‍ നിന്ന് മോചനം നേടാനോ, അവയെ ഒഴിവാക്കാനോ ഉള്ള താല്പര്യവും ശ്രമവുമാണ് മനുഷ്യരുടേത്. ഇത് സ്വാഭാവികവും സാധാരണവുമാണ്. ഈ ക്ലേശങ്ങളെ കുരിശ് എന്ന പേരിട്ടു വിളിക്കുകയും അതേസമയം അവയില്‍ നിന്ന് മോചനത്തിനായുള്ള താല്പര്യം നിലനിറുത്തിക്കൊണ്ട് അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, കുരിശിന്റെ പൊരുള്‍ നിഷേധിക്കുകയുമാണ് നാം ചെയ്യുക.

പ്രതിസന്ധികളെ തരണം ചെയ്യാനായി ക്ലേശിക്കുമ്പോള്‍, ക്രിസ്തുവിനെ പ്രതി മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള അര്‍പ്പണവഴിയായി അതിനെ തിരിച്ചറിയുന്നുവെങ്കില്‍ നാം കുരിശിനെ യഥാര്‍ത്ഥത്തില്‍ അംഗീകരിക്കുകയും സ്വീകരിക്കുകയുമാണ്. ലോകമനസ്സ് സഹനങ്ങളായി കാണുന്ന ക്ലേശങ്ങളെ വിമോചനത്തിനുള്ള മാര്‍ഗമായും ആത്മാര്‍പ്പണത്തിന്റെ ഉപാധിയുമായും തിരിച്ചറിഞ്ഞ് സ്വീകരിക്കുമ്പോള്‍ ക്രിസ്തുവിന്റെ കുരിശിലെ പീഡകളില്‍ നാം പങ്കാളികളാകുന്നു. സ്‌നേഹം വെളിവാക്കാനുള്ള വഴിയാണ് മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള സഹനങ്ങള്‍. പരാതിയും പിറുപിറുപ്പും വെളിവാക്കുന്നത് സ്വയം സ്‌നേഹം അഥവാ സ്വാര്‍ത്ഥത്തെയാണ്.

നമുക്കു ക്രിസ്തുവിനെ പ്രതി മറ്റുള്ളവര്‍ക്കുവേണ്ടി മരിക്കാനുള്ള മാര്‍ഗമായി നമ്മുടെ ജീവിത പ്രയത്‌നങ്ങളെ തിരിച്ചറിയുകയെന്നാണ് കുരിശിന്റെ അര്‍ത്ഥം. ഇങ്ങനെ കുരിശിനെ അറിയാത്തവര്‍ക്ക് ഉത്ഥാനത്തെ അനുഭവിക്കാന്‍ കഴിയില്ല.

എന്താണ് ഉത്ഥാനം? ഉത്ഥാനം ഒരു വിശ്വാസസങ്കല്പമാണോ? അതോ ഇഹലോകജീവിതത്തില്‍ ആരംഭിക്കുന്ന അനുഭവത്തിന്റെ തുടര്‍ച്ചയായ നിത്യതയാണോ?

യേശു പറയുന്നു, ഞാന്‍ ഉത്ഥാനം അഥവാ ജീവനാണെന്ന്. നാമത് വായിക്കുന്നു. ഏറ്റുപറയുന്നു. യേശുവിന്റെ കുരിശ് രണ്ട് സ്‌നേഹപ്രവര്‍ത്തികളുടെ പ്രകാശനമാണ്. പിതാവിനോടുള്ള സ്‌നേഹത്തെ പ്രതി നെടുകെയും മനുഷ്യരോടുള്ള സാഹോദര്യസ്‌നേഹത്തില്‍ തിരശ്ചീനത്തിലും തന്നെത്തന്നെ പിളര്‍ക്കുന്ന ജീവിതാനുഭവമാണ് ക്രിസ്തുവിന്റെ കുരിശ്. നാമോ, വ്യക്തിപരമായ ബോധ്യത്തില്‍ ഈ പൊരുളിനെ കൈവിടുകയും ഇഹലോകത്തിന്റെ മോഹങ്ങളെ പിഞ്ചെല്ലുകയും ചെയ്യുന്നു. വിമോചനമായി നാം കാണുന്നത് കഷ്ടതകള്‍ അകന്ന ഒരു ജീവിതത്തെയാണ്. സാമ്പത്തികമായും സാമൂഹ്യമായും ആരോഗ്യപരമായും അനുഭവിക്കുന്ന സുരക്ഷയാണ് വിമോചനമെന്ന് മനസ്സിലുറപ്പിച്ചാണ് നാം ജീവിതം നയിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇവ ലഭ്യമാകുന്നത് ലാക്കാക്കിയല്ല, സ്വന്തം ജീവിതനേട്ടങ്ങളില്‍ ലക്ഷ്യമുറപ്പിച്ചാണ് നാം നിലപാടുകള്‍ സ്വീകരിക്കുന്നത്. അതു കൊണ്ടു തന്നെ സ്‌നേഹമാകുന്ന കുരിശിലൂടെ അവനവനില്‍ നിന്ന് പുറത്തു കടക്കാനോ അപരോന്മുഖമായ ജീവിതത്തിലേക്ക് പ്രവേശിക്കാനോ നമുക്ക് കഴിയാതെ പോകുന്നു.

ജീവിതത്തില്‍ ക്രിസ്തു അനുഭവം സാധ്യമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ സാമാന്യതയെ കൈവിട്ട് ക്ലേശങ്ങളില്‍ ക്രിസ്തുഭാവത്തിലേക്ക് നാം ഉയരണം. അപരനുവേണ്ടിയുള്ള അര്‍പ്പണമായി ജീവിതം മാറണം. അപ്പോള്‍ കഷ്ടാനുഭവങ്ങള്‍ ക്രിസ്തുവിന്റെ കുരിശായി നമുക്ക് കരുത്തു പകരും. ഓരോ സഹനവും അപരന്റെ രക്ഷയ്ക്കുള്ള സ്വയം സമര്‍പ്പണമായി മാറും. അങ്ങനെ ക്ലേശങ്ങളെ തിരിച്ചറിയുമ്പോള്‍, നമ്മുടെ കുരിശനുഭവങ്ങള്‍, ലഘുവായി മാറും. അതിന്റെ പരിപൂര്‍ണ്ണത ഉയിര്‍പ്പായി അഥവാ ആനന്ദമായി നമ്മില്‍ നിറയും. അവനവനില്‍ നിന്ന് നാം മോചിതരാകും. ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ ഉയിര്‍പ്പായി മാറും.

അല്ലെങ്കില്‍, പതിവുപോലെ ഈ ആണ്ടുവട്ടവും കടന്നുപോകും. ദേവാലയത്തിലെ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും അല്പനേരത്തേക്ക് അഭിരമിച്ച് കേവല വൈകാരികതകള്‍ പകര്‍ന്നു നല്കുന്ന പുളകങ്ങളില്‍ നാം രക്ഷയെ കൈവിടും. ഉയിര്‍പ്പിനെ വെറും ആകാശമായി നാം കൈ യെത്താത്ത ദൂരത്തു നിറുത്തി, കുരിശിനെതിരെയുള്ള പിറുപിറുപ്പിന്റെ ജീവിതത്തിലേക്ക് വീണ്ടും നിപതിക്കും. സാധാരണ ജീവിതത്തെ അസാധാരണമാക്കുന്ന ക്രൈസ്തവ ആധ്യാത്മികതയെ കൈവിട്ട് ഭൗതികരായി അധഃപ്പതിക്കുന്ന ഈ ജീവിതത്തിന് ഇനിയും ഒരു വിരാമമിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കുരിശിനെ അര്‍ത്ഥത്തില്‍ കൈവിട്ട് അടയാളത്തില്‍ ആശ്ലേഷിക്കുന്നവരായി നാം ശേഷിക്കും.

കൂദാശയില്‍ സ്വയം ഭക്ഷണമാക്കുന്ന ക്രിസ്തുവില്‍ ജീവിതം കൊണ്ട് ഭാഗഭാഗിത്വം ഇല്ലാതെ പോകുന്നതിനെ പരിഹരിക്കാന്‍ ആചാരങ്ങളെ പരിഷ്‌ക്കരിക്കുകയാണ് വഴിയെന്ന് നാം തെറ്റിധരിക്കുന്നു. അതുകൊണ്ട് കുടുംബത്തില്‍ നടക്കേണ്ട പെ സഹ ആചരണമായ അപ്പംമുറിക്കല്‍ ദേവാലയാങ്കണത്തിലേക്ക് നാം പറിച്ചു നടുന്നു. ദേവാലയത്തില്‍ നാമെല്ലാവരും നല്ലവരാണ്. തിരികെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നമുക്ക് പല്ലും നഖവും മുളയ്ക്കുക. ആചാരാനുഷ്ഠാനങ്ങളുടെ ആന്തരികതയെ ജീവിതത്തിലേക്ക് നിവേശിപ്പിക്കേണ്ടതിനു പകരം, ജീവിതത്തെ അനുഷ്ഠാനങ്ങളിലേക്ക് തിരികെ വലിക്കുന്ന വൈകല്യത്തെ പരിഷ്‌ക്കരണമെന്ന ഓമനപ്പേരില്‍ നിലനിറുത്തുകയാണ് നാമിപ്പൊഴും.

ദൈവത്തോടും ദൈവത്തെ പ്രതി അപരരോടും സ്‌നേഹശൂന്യരായി തുടരുന്നതിലൂടെ ജീവിതം മുഴുവനും നരകമായി അനുഭവിക്കുന്ന നമുക്ക്, കേവല മായാസങ്കല്പമായി ഉത്ഥാനവും മോക്ഷാനുഭവവും മാറിത്തീരും. അപ്പോള്‍, ക്രിസ്തു ജീവിതത്തില്‍ അന്യമായി മാറും. സാക്ഷികളായി തിരഞ്ഞെടുക്കപ്പെട്ട നമ്മള്‍ ഒറ്റുകാരും തള്ളിപ്പറച്ചിലുകാരുമായി ലോകത്തില്‍ തുടരും. ജീവിതത്തിലില്ലാത്ത ക്രിസ്തുവിനെ മരണാനന്തര ലോകത്ത് സ്വപ്‌നം കാണുന്ന ഈ വൈകല്യം, കൈവല്യാനുഭവത്തെ അപ്രാപ്യമായ ഒരു വിദൂര സ്വപ്‌നമായി കാണുന്ന നിരാശയിലേക്ക് നമ്മെ തള്ളിയിടുകയാണെന്ന സത്യം തിരിച്ചറിയാതെ പോകരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org