കുമ്പസാരം അന്ധവിശ്വാസമാകുമ്പോള്‍

കുമ്പസാരം അന്ധവിശ്വാസമാകുമ്പോള്‍
പരസ്യമായി പാപം ഏറ്റു പറയിക്കുന്ന വേദികളായി ആരാധനാ മണിക്കൂറിനെ മാറ്റിത്തീര്‍ക്കുന്ന രീതികള്‍, യുവജന ധ്യാന വേദികളില്‍ പ്രയോഗിക്കപ്പെടുന്നു. പൊതു കുമ്പസാര മെന്ന അബദ്ധബോധ്യം നല്‍കിക്കൊണ്ട് ശുശ്രൂഷകന്‍ അള്‍ത്താരയില്‍നിന്ന്, തനിക്കുണ്ടായ വെളിപാടെന്ന നിലയ്ക്ക് ധ്യാനി ക്കുന്നവരുടെ പാപം വിളിച്ചു പറയുന്നു.

വിശ്വാസത്തിന്റെ ആഘോഷമാണ് കൂദാശകള്‍. വിശ്വാസം നേരിടുന്ന അപചയങ്ങള്‍ സ്വാഭാവികമായും വിശ്വാസത്തിന്റെ ആഘോഷത്തെയും വികലമാക്കും. കാണപ്പെടാത്ത ദൈവകൃപയുടെ കാണപ്പെടുന്ന അടയാളങ്ങളായ കൂദാശകള്‍, പ്രയോഗവല്‍ക്കരിക്കപ്പെടുന്നത് അനുഷ്ഠാന കര്‍മ്മങ്ങളിലൂടെയാണല്ലോ. അടയാളം പേറുന്ന അര്‍ത്ഥത്തെ തിരിച്ചറിയാതെ പോകുമ്പോള്‍, അനുഷ്ഠാനം അന്ധവിശ്വാസത്തിനും വിശ്വാസ വിരുദ്ധതയ്ക്കും കാരണമായി മാറും.

വിശ്വാസ പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുകയും, അതിന്റെ അവകാശികളായി സ്വയം നടിക്കുകയും ചെയ്യുന്നവരും, വൈകാരികമായ അനുഭൂതിയാക്കി കൂദാശകളെ അവതരിപ്പിക്കുന്നു എന്നത് വിശ്വാസാപചയമാണ് എന്ന് തിരിച്ചറിയണം. ആധുനികതയുടെ ഉപകരണാത്മകതലം ഏറെ ഉയര്‍ന്നിരിക്കുമ്പോഴും, ക്രൈസ്തവ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ നിലപാടുകളും പ്രവൃത്തികളുമാണ് നമ്മെ ഭരിക്കുന്നത്.

വിശ്വാസത്തിന്റെ ബാഹ്യതലത്തെ നിലനിറുത്തിക്കൊണ്ടു തന്നെ ആന്തരികതയെ നിഷേധിക്കുന്നതിനുള്ള വേദികളായി പലപ്പോഴും കൂദാശാനുഷ്ഠാനത്തിന്റെ വേദികള്‍ മാറിത്തീരുന്നു എന്നത് ലാഘവബുദ്ധിയോടെ കാണാനാകില്ല. ബാഹ്യമായ അനുഷ്ഠാനത്തിന്റെ രീതികള്‍ നിലനിറുത്തുമ്പോള്‍ തന്നെ അതിന്റെ അര്‍ത്ഥതലങ്ങളെ തിരിച്ചറിയാതെ പോയാല്‍, ദൈവകൃപയുടെ അനുഭവതലം നഷ്ടമാവുകയും വിശ്വാസത്തിന്റെ ഫലങ്ങള്‍ ജീവിതത്തിന് അന്യമാവുകയും ചെയ്യും.

കൂദാശയുടെ ആഘോഷങ്ങളില്‍ വെള്ളം ചേര്‍ക്കുകയും, അനുഭവപരമാക്കാനെന്ന പേരില്‍, കൂദാശയുടെ അനുഷ്ഠാനങ്ങളെ അര്‍ത്ഥരഹിതമാക്കുന്നതും അന്ധവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. വ്യക്തിപരമായ അനുഭവത്തില്‍, എല്ലാ കൂദാശകളും വിശുദ്ധീകരണാനുഭവമാണ് പ്രദാനം ചെയ്യുന്നത്.

ക്രിസ്തുവിന്റെ ജീവാര്‍പ്പണം നല്‍കുന്ന പാപവിമോചനത്തിന്റെ സൗഖ്യാനുഭവം എല്ലാ കൂദാശകളിലും പകരപ്പെടുന്നുണ്ട്. പാപ സങ്കീര്‍ത്തനത്തിന്റെ ഈ അനുഭവം ഒട്ടുമേ വൈകാരികമായി നേടാവുന്നതല്ല. വികാരം പകരുന്നതുമല്ല.

പ്രത്യേകിച്ചും ധ്യാനാവസരങ്ങളില്‍ ദൈവവചനം ശ്രവിച്ചും, അവനവനെ പരിശോധിക്കുന്നതും അനുതാപപൂര്‍ണ്ണമായി കൂദാശകളെ സ്വീകരിക്കുന്നതും ഉചിതമായ രീതിതന്നെയാണ്. എന്നാല്‍ ധ്യാനാവസരങ്ങളിലെ കൂദാശകള്‍ ഏതെങ്കിലും തരത്തില്‍ അനുഷ്ഠാനപരമായി വ്യത്യസ്തമാകുന്നത് വൈകാരികതയെ ഉയര്‍ത്തുമെങ്കിലും കൗദാശികാനുഭവത്തിലേയ്ക്കുള്ള പ്രവേശനത്തിന് ഗുണകരമാകില്ലെന്നും കൂദാശയുടെ സാമാന്യതയില്‍ സംഭവിക്കാത്തതെന്നോ സംഭവിക്കുന്നുവെന്ന് തോന്നലുണ്ടാക്കുന്നതും വിശ്വാസജീവിതത്തിന് ഗുണകരമല്ല എന്ന് തിരിച്ചറിയണം. വ്യക്തിപരമായ ജീവിതം ക്രിസ്തുവില്‍ നിന്ന് എത്ര അകന്നാണെന്നും, താനും ദൈവവുമായി വന്നിട്ടുള്ള അകലം തിരിച്ചറിഞ്ഞ് ക്രിസ്തു സ്‌നേഹത്തില്‍ അകമെരിയുന്ന അനുഭവത്തിലൂടെ പാപവിമോചനത്തിലേയ്ക്കു പ്രവേശിക്കുകയാണ് വാസ്തവത്തില്‍ വേണ്ടത്.

കുറച്ചു കാലം മുന്‍പ്, പാപത്തെക്കുറിച്ചുള്ള ഭയത്താല്‍, വ്യക്തികളെ വൈകാരികമായ ഭാരത്തിലമര്‍ത്തി, പാപം ചുമന്ന് അള്‍ത്താരയിലേയ്ക്ക് നടക്കുന്ന പ്രയോഗരീതി കേരളത്തിലെ ചില ധ്യാനകേന്ദ്രങ്ങള്‍ നടപ്പിലാക്കിയിരുന്നു. പാപത്തെ കേവല പ്രവൃത്തികള്‍ മാത്രമായി ഭയപ്പെടുത്തിയും, ഭാരപ്പെടുത്തി നീണ്ട ലിസ്റ്റുകളെഴുതി കുമ്പസാരിപ്പിക്കുന്ന രീതികള്‍ അതിന്റെ ഭാഗമായിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ പരസ്യമായി പാപം ഏറ്റുപറയിക്കുന്ന വേദികളായി ആരാധനാ മണിക്കൂറിനെ മാറ്റിത്തീര്‍ക്കുന്ന രീതികള്‍, യുവജന ധ്യാനവേദികളില്‍ പ്രയോഗിക്കപ്പെടുന്നു. പൊതു കുമ്പസാരമെന്ന അബദ്ധബോധ്യം നല്‍കിക്കൊണ്ട് ശുശ്രൂഷകന്‍ അള്‍ത്താരയില്‍ നിന്ന്, തനിക്കുണ്ടായ വെളിപാടെന്ന നിലയ്ക്ക് ധ്യാനിക്കുന്നവരുടെ പാപം വിളിച്ചു പറയുന്നു. അത് ഏറ്റു പറയാന്‍ വ്യക്തികളെ വൈകാരികമായി നിര്‍ബന്ധിക്കുന്നു. പറഞ്ഞില്ലെങ്കില്‍ ധാനിക്കുന്നവരില്‍ ആരാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതെന്ന് വിളിച്ചു പറയുന്നു.

പാപം വ്യക്തിപരമായി ഹൃദയത്തില്‍ തിരിച്ചറിയേണ്ടതും ദൈവവുമായുള്ള അകലവും, അതിന്റെ ഏറ്റുപറച്ചിലുമാണെന്നിരിക്കെ ഇത്തരം പ്രവൃത്തികള്‍ കുമ്പസാരമെന്ന കൂദാശയെ അവഹേളിക്കുന്നതായി മാറുന്നു.

ഒരാള്‍ കുഴപ്പക്കാരനാണെന്ന് ഏറ്റു പറയാന്‍ ബാഹ്യമായി നിര്‍ബന്ധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വാസ്തവത്തില്‍ പാപവിമോചനത്തിനായി ക്രിസ്തുവില്‍ സ്ഥാപിക്കപ്പെട്ട കൂദാശയെ അന്ധവിശ്വാസമായി അധഃപതിപ്പിക്കുന്നു. വ്യക്തികളെ, അധമബോധമുള്ളവരും പാപത്തിന്റെ അടിമകളെന്ന ധാരണയിലേയ്ക്ക് ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്നു.

നമ്മുടെ കുറവുകളും വീഴ്ച്ചകളും ക്രിസ്തുവിന്റെ യാഗത്താല്‍ പരിഹൃതമായിട്ടുണ്ടെന്നും, ആ സ്‌നേഹത്തിന് പ്രതിസ്‌നേഹമായി ജീവിക്കുന്നതിനാണ് അവിടുന്ന് നമ്മെ വിളിക്കുന്നതെന്നും തിരിച്ചറിയാന്‍ കഴിയുമ്പോഴാണ്. കൃപയുടെ അനുഭവതലം ഉയരുക എന്ന പരമാര്‍ത്ഥം ഇവിടെ തമസ്‌ക്കരിക്കപ്പെടുന്നു.

ഇത്തരം അനുഭവമാണ് ശരിയെന്ന തെറ്റായ ബോധ്യം വളര്‍ത്തുക വഴി സൗജന്യ ദാനമായ പാപവിമോചനവും അതു പകരുന്ന സ്‌നേഹാനുഭവവും അന്യമാക്കപ്പെടുന്നു. സ്‌നേഹപൂര്‍ണമായ കൗദാശികാശീര്‍വാദത്തിലൂടെ പ്രാപിക്കാനുള്ള വഴി അടയുന്നു.

ഇത്തരം വികലമായ കൗദാശിക പരിഷ്‌ക്കാരങ്ങളെ നാം കൈവിട്ടേ മതിയാകൂ. ധ്യാനശുശ്രൂഷകളും അതിനിടയില്‍ സംഭവിക്കുന്ന വ്യതിചലനങ്ങളും സഭാനേതൃത്വം ശ്രദ്ധയോടെ നോക്കിക്കാണുകയും തിരുത്തുകയും വേണം. ആളു കൂടുന്നതല്ല, ആത്മീയ വളര്‍ച്ചയുടെ ലക്ഷണം. കൗദാശികാര്‍പ്പണങ്ങളില്‍ വിശ്വസിക്കുമ്പോള്‍ അതിന്റെ അര്‍പ്പണങ്ങള്‍ തമ്മിലുള്ള ഇത്തരം ഭാവമാറ്റങ്ങള്‍ നമ്മെ നയിക്കുന്നത് സഭാത്മകമായ ബോധത്തിലേക്കല്ല. നമ്മുടെ കുറവുകള്‍ക്കും വീഴ്ച്ചകള്‍ക്കും കണക്കു വയ്ക്കാത്ത സ്‌നേഹവാനായ ദൈവത്തിന്റെ, കൂട്ടായ്മയിലേയ്ക്ക് വളരുകയാണ് ആവശ്യമായിട്ടുള്ളതെന്ന്, തിരിച്ചറിഞ്ഞ് പാപ സങ്കീര്‍ത്തനത്തിനായിട്ട് അണയാന്‍ നമുക്ക് കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org