മലകയറുന്ന ക്രിസ്തുവും മലയിറങ്ങുന്ന വിശ്വാസിയും

മലകയറുന്ന ക്രിസ്തുവും മലയിറങ്ങുന്ന വിശ്വാസിയും
ക്രിസ്തു അസ്തിത്വത്തിന്റെ അവകാശബോധത്തില്‍ നിന്നും അധികാരത്തില്‍ നിന്നും മലയിറങ്ങി, സഹനത്തിന്റെ മല കയറുമ്പോള്‍, വിശ്വാസിയും അനുയാത്രിയും എന്ന് സ്വയം വിളിക്കുന്നവര്‍, സഹനത്തിന്റെ മലയിറങ്ങി, അഹങ്കാരത്തിന്റെയും ആര്‍ജിതമായവയുടെയും മുകളിലേക്ക് മലകയറുകയാണോ?

മലകയറ്റം ബുദ്ധിമുട്ടുള്ളതും ഇറക്കം തുലോം എളുപ്പമുള്ളതും എന്നാണ് പൊതുവിലുള്ള ധാരണ. മലകയറ്റം ഭാരമേറിയതാകുന്നത് ചുമലില്‍ ഭാണ്ഡങ്ങള്‍ ഏറുമ്പോഴാണ്. നാം ചുമക്കുന്നത് രണ്ട് ഭാണ്ഡങ്ങളാണ്. ഞാന്‍ എന്ന ബോധവും എനിക്കുള്ളത് എന്ന വിചാരവും. കൈവിടാനാകാത്ത രണ്ട് സൂക്ഷിപ്പുകളാണിവ. ഞാന്‍ എന്റേതല്ലാതാവുകയും, എനിക്കുള്ളവ മറ്റുള്ളവര്‍ക്കു വേണ്ടിയാവുകയും ചെയ്യുന്നത് സാധാരണ എളുപ്പമല്ല.

ഈ ചുമടുകള്‍ നമ്മെ, മലകയറ്റം ചെന്നെത്തുന്നത് കുരിശിലേക്കാണ് എന്ന ബോധത്തോടൊപ്പം സമതലം തേടുന്ന ഇറക്കത്തെ കൂടുതല്‍ കാംഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക സ്വാഭാവികമാണ്. നാമായിരിക്കാനും നമ്മില്‍ത്തന്നെ ആയിരിക്കാനും അത് നമ്മെ നിര്‍ബന്ധിക്കും. അതുകൊണ്ട്, നാം സ്വയം നഷ്ടമാവുകയാണ് എന്ന അറിവ് കയറ്റത്തിലേക്കുള്ള ചുവടുകളെ പിന്നിലേക്ക് വലിക്കും.

ക്രിസ്തു അനുഗമനമാണ് ക്രൈസ്തവ ജീവിതത്തിന്റെ കാതല്‍. അത് സ്വയമുപേക്ഷയുടെ മല കയറ്റമാണ്. ഭക്താനുഷ്ഠാനമായി മലകയറുമ്പോഴും ജീവിതക്ലേശങ്ങളുടെ മലകളില്‍ നിന്ന് സുഖമോഹങ്ങളുടെ താഴ്‌വാരങ്ങള്‍ തേടുകയാണ് വിശ്വാസസമൂഹം.

അനുഷ്ഠാനങ്ങളെ ജീവിതത്തിന്റെ പ്രയോഗവഴിയായി സ്വീകരിക്കാന്‍ ഭക്തിയുടെ പേരിലുള്ള പാരമ്പര്യങ്ങളും ശീലങ്ങളും നമ്മെ നിര്‍ബന്ധിക്കും. പ്രതീകങ്ങളില്‍ ഭ്രമിക്കാനും പ്രതീകാത്മക ജീവിതത്തില്‍ രമിക്കാനും അതിന് എളുപ്പത്തില്‍ സാധിക്കും. ക്രൈസ്തവ ധാര്‍മ്മിക മൂല്യങ്ങളെ ജീവിത വഴിയായി തിരിച്ചറിയാതിരിക്കാന്‍ അതില്‍ നമ്മെ മയക്കുന്ന ലഹരിയുണ്ട്.

ഈ ലോകത്തില്‍ നമ്മുടെ ജീവിതം കേന്ദ്രീകൃതമായിരിക്കുന്നത് മഹാ ഭൂരിപക്ഷം സമയത്തും നമ്മില്‍ തന്നെയാണ്. അപരത്വനിഷേധമാണ് നമ്മുടെ പ്രകൃതം. അതുവഴി ആത്മത്തെ സാക്ഷാത്കരിക്കാമെന്ന വ്യാമോഹം വ്യവസ്ഥാപിതമായി നമ്മില്‍ രൂഢമൂലമാണ്. മനുഷ്യരെ ഉപയോഗിക്കുകയും വസ്തുക്കളെ സ്‌നേഹിക്കുകയുമാണ് അതിന്റെ സ്വഭാവം. അത് ലോകക്രമം അംഗീകരിച്ച വഴിയായതുകൊണ്ട് അതില്‍ കുറവോ വിപ്രതിപത്തിയോ നമുക്കു തോന്നുകയുമില്ല. നമ്മുടെ വിശപ്പിനുള്ള ഭക്ഷണമാണ് അപരം എന്ന് കരുതുന്നിടത്ത് ഹിംസ സാധൂകരിക്കപ്പെടും.

സ്‌നേഹിക്കുക എന്ന ഒരേയൊരു കല്പനയാണ് ക്രിസ്തുരഹസ്യത്തിന്റെ കേന്ദ്രം. അതിനു പറയാവുന്ന മറുവാക്ക് സ്വയമുപേക്ഷ എന്നു മാത്രമാണ്. അതുകൊണ്ടാണ് അത് യാഗാര്‍പ്പണത്തിന്റെ രൂപം ധരിക്കുന്നത്. ആ വഴി ക്രിസ്തുവില്‍ കാണാനും, അതിന്റെ പൂര്‍ത്തീകരണം നമ്മിലെന്നത് കാണാതിരിക്കാനും, ക്രിസ്തുരഹസ്യത്തെ ഒരു ഭക്തവിഷയമാക്കുന്നതിലൂടെ എളുപ്പത്തില്‍ നമുക്കാകും.

ക്രിസ്തു മനുഷ്യനായി അവതരിച്ചു എന്ന ഒരു ലളിതമായ വ്യാഖ്യാനം പോര മനുഷ്യാവതാരത്തിന്. മനുഷ്യന്റെ വിചാരഭൂമികയില്‍ അവതാരങ്ങളായി വിരാജിക്കുന്ന പല സങ്കല്പങ്ങളുമുണ്ട്. മതസങ്കല്പങ്ങളില്‍ അവതാരങ്ങള്‍ അധര്‍മ്മികളെ നിഗ്രഹിക്കാനാണ് ഭൂമിയില്‍ അവതരിക്കുന്നത്. സങ്കല്പങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കു പ്രവേശിച്ച മനുഷ്യാവതാരം അതിന് സമമായ പ്രവര്‍ത്തിയല്ല. അത് അവതാര രഹസ്യത്തിന്റെ പ്രാരംഭം മുതല്‍ സ്വയമുപേക്ഷയാണ്. അപരനിഗ്രഹമല്ല. അത് ഒരു കഥയുടെ വിഭ്രമക്കാഴ്ചയല്ല, നമ്മിലേക്കും നമ്മുടെ ജീവിതത്തിലേക്കും നീളുന്ന സത്യവുമാണ്.

മനുഷ്യരക്ഷ, പിതാവായ ദൈവത്തിന്റെ വാഗ്ദ്ധാനമാണ്. അത് തീരുമാനിക്കുമ്പോള്‍ തന്നെ, ദൈവം തന്റെ പുത്രനെ ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു. തന്നെയും തനിക്കുള്ളതിനെയും ഉക്ഷേിക്കാനുള്ള ത്യാഗത്തിന്റെ അടയാളമാണത്. കണ്ടാലും എത്രവലിയ സ്‌നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. സ്വപുത്രനെപ്പോലും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി അവിടുന്നു നല്‍കി. പിതാവിനോടും പരിശുദ്ധാത്മാവിനോടും സമനായ പുത്രന്‍ ദൈവത്വം ഒരു കാര്യമായി പരിഗണിക്കാതെ, മനുഷ്യത്വത്തിലേക്കു വരുമ്പോള്‍ തന്റെ ദൈവിക സമാനത ഒരു കാര്യമായി പരിഗണിക്കുന്നില്ല. പറയുമ്പോള്‍ വളരെ ലളിതമായി തോന്നുന്ന ഈ കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

  • എന്താണ് ദൈവികത?

ദൈവിക സ്വഭാവത്തെ സാമാന്യമായി ആറുകാര്യങ്ങളായി പറയാം. സര്‍വജ്ഞാനി, സര്‍വശക്തന്‍, സകല നന്മസ്വരൂപി, സര്‍വവ്യാപി, അനാദി, അശരീരി. ഈ ആറ് ഭാവങ്ങളും മനുഷ്യപ്രകൃതിയില്‍ നിഗൂഢമാക്കിയാണ്, അഥവാ നിഷേധിച്ചാണ് ക്രിസ്തു ഭൂമിയില്‍ അവതരിക്കുന്നത്.

സര്‍വജ്ഞാനിയായവന്‍ ലോകാവസാനത്തേക്കുറിച്ച്, സമയവും കാലവും സംബന്ധിച്ച് അജ്ഞനായിത്തീരുന്നു, സര്‍വശക്തന്‍ ബലഹീനനായി, കുഞ്ഞായി, വിശക്കുന്നവനായി കരയുന്നവനായി മാറുന്നു. സകല നന്മസ്വരൂപിയായവന്‍ പാപിയായി എണ്ണപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുന്നു, സര്‍വവ്യാപിയായവന്‍ ഒരിടത്ത് വസിക്കുന്നവനാകുന്നു. അനാദിയായവന്‍ ദൂരത്തിനും സമയത്തിനും വിധേയനാകുന്നു. അശരീരിയായവന്‍ ശരീരധാരിയാകുന്നു. ക്രിസ്തു വഹിക്കുന്ന കുരിശില്‍ ദൈവികാസ്തിത്വം വെടിയുന്ന പ്രവര്‍ത്തിയാല്‍ അവിടുത്തെ സമര്‍പ്പണം തെളിയുകയും സ്‌നേഹം വെളിപ്പെടുകയും ചെയ്യുന്നു. രണ്ടു പേരെ സ്‌നേഹിക്കുന്നതാണ് ആ കുരിശ്. ദൈവപിതാവിനോടുള്ള സ്‌നേഹം ലംബതലത്തിലും, ആ സ്‌നേഹത്തെപ്രതി മനുഷ്യരോടുള്ള സ്‌നേഹത്താല്‍ തിരശ്ചീനത്തിലും ക്രിസ്തു വിഭജിതനാകുന്നു. അഥവാ മരിക്കുന്നു. തന്റെ ദൈവിക ഔന്നിത്യത്തില്‍ നിന്ന് മലയിറങ്ങുന്ന ക്രിസ്തു സഹനങ്ങളുടെ മലകയറുന്നത് തന്നെ കുരിശില്‍ സമര്‍പ്പിക്കാനാണ്.

ക്രിസ്തുവിന്റെ മലകയറ്റം ഓര്‍ത്തുകൊണ്ട് നാമും മലകയറുന്നുണ്ട്. അത് അഹംബോധത്തില്‍ നിന്ന്, അവകാശബോധങ്ങളുടെ മലമുകളില്‍ നിന്ന് താഴെയിറങ്ങി, ജീവിതം മുന്നിലുയര്‍ത്തുന്ന ക്ലേശങ്ങളുടെ മലയാണ് എന്ന നിശ്ചയത്തോടെയാണോ? അപരര്‍ക്കുവേണ്ടി ആ മലമുകളില്‍ സ്വയം അര്‍പ്പിക്കാം എന്ന മനോഭാവത്തോടെയാണോ?

ഭൗതികലോകം വ്യക്തി എന്ന നിലയില്‍ നമുക്കു നല്‍കുന്ന അവകാശാധികാരങ്ങളും, സാമൂഹ്യമായി കല്‍പ്പിച്ചു നല്‍കിയിട്ടുള്ള ബഹുമാനവും സുരക്ഷയും, കഴിവുകൊണ്ടും അധ്വാനം കൊണ്ടും ആര്‍ജിച്ചിട്ടുള്ള ഭൗതിക നേട്ടങ്ങളും പ്രശസ്തിയും, അങ്ങനെ നാമായിരിക്കുന്ന മലയുടെ മുകളില്‍ നിന്ന് പടിയിറങ്ങി, അപരനുവേണ്ടി സഹിക്കാന്‍ ക്രിസ്തുവില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് നോമ്പ് മുന്നില്‍ അവതരിപ്പിക്കുന്നത്. ക്രിസ്തു അസ്തിത്വത്തിന്റെ അവകാശബോധത്തില്‍ നിന്നും അധികാരത്തില്‍ നിന്നും മലയിറങ്ങി, സഹനത്തിന്റെ മല കയറു മ്പോള്‍, വിശ്വാസിയും അനുയാത്രിയും എന്ന് സ്വയം വിളിക്കുന്നവര്‍, സഹനത്തിന്റെ മലയിറങ്ങി, അഹങ്കാരത്തിന്റെയും ആര്‍ജിതമായവയുടെയും മുകളിലേക്ക് മലകയറുകയാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org