വേലുക്കുട്ടി എന്ന നടി

വേലുക്കുട്ടി എന്ന നടി
Published on

ഒരു നടനെക്കുറിച്ചു പിന്നീടല്പം പറയാം എന്നു പറഞ്ഞ് ആ പേര് ഞാന്‍ നീക്കിനിര്‍ത്തിയിരുന്നല്ലൊ. അദ്ദേഹമാണ് ഓച്ചിറക്കാരന്‍ ശിവപ്രസാദ് സി. വേലുക്കുട്ടി. ഓച്ചിറ വേലുക്കുട്ടി എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. അന്നത്തെ മലയാള നാടകവേദിയിലെ ഒരു അഭിനയ പ്രതിഭ - മാസ്മര ശക്തി - ഒരപൂര്‍വ പ്രതിഭാസം! ഓച്ചിറ വേലുക്കുട്ടി നാടകത്തില്‍ ഒരു നടനായിരുന്നില്ല; നടിയായിരുന്നു. സ്ത്രീ വേഷമാണ് അദ്ദേഹം കെട്ടിയിരുന്നത്. സ്ത്രീ വേഷമണിഞ്ഞു മേക്കപ്പ് ചെയ്ത അയാളെ കണ്ടാല്‍ സാക്ഷാല്‍ സ്ത്രീകള്‍ അസൂയപ്പെടും, പുരുഷന്മാര്‍ മോഹിച്ചു പോവും. അത്രയേറെ സൗന്ദര്യവും വശ്യതയുമുണ്ടായിരുന്നു ആ രൂപത്തിന്. സ്‌ത്രൈണ സൗന്ദര്യം അതിന്റെ പൂര്‍ണ്ണതയില്‍ അദ്ദേഹത്തില്‍ പരിലസിച്ചിരുന്നു.

വേലുക്കുട്ടിയുടെ നല്ല കാലത്തു - സൗന്ദര്യത്തികവില്‍ - അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഒന്നും തന്നെ നിര്‍ഭാഗ്യവശാല്‍ എനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളവും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളില്‍ പോലും ജൈത്രയാത്ര നടത്തിയ ഒരു നാടകമാണ് 'കരുണ.' മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതന്‍ രചിച്ച നാടകം. 1932 ലാണ് ആ നാടകം ആദ്യമായി അരങ്ങേറിയത് എന്ന് സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ തന്റെ ആത്മകഥയില്‍ പറയുന്നു.

വാസവദത്തയായ വേലുക്കുട്ടിയോ ടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാര്‍ത്ഥ സ്ത്രീകള്‍! എന്നിട്ടും അവരെ മുഴുവന്‍ നിഷ്പ്രഭമാക്കുന്നതായിരുന്നു ആ അതുല്യ നടന്റെ അഭിനയപാടവം.

തമിഴ്‌നാടകങ്ങളുടെ ചുവടുപിടിച്ച് മലയാള സംഗീത നാടകങ്ങള്‍ അരങ്ങേറുന്ന കാലമായിരുന്നല്ലോ അത്. രാജാവും രാജ്ഞിയും മന്ത്രിയും പടനായകനും പട്ടുകുപ്പായങ്ങളും കിന്നരി തലപ്പാവും വാളും കുന്തവുമൊക്കെയായിരുന്നു അന്നത്തെ നാടകവേദിയില്‍ വിലസിക്കൊണ്ടിരുന്നത്. കഥ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും അവയില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു 'കരുണ.' നായകന്‍ തലമുണ്ഡനം ചെയ്ത, കാവിവസ്ത്രം ധരിച്ച ബുദ്ധഭിക്ഷു. നായിക വാസവദത്ത എന്ന അഭിസാരിക. നാടകവേദിയില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ട - ഒരു പുതുയുഗത്തിനു പിറവികൊടുത്ത - നാടകമായിരുന്നു അത്. അഭിനയിച്ചതു ബുദ്ധഭിക്ഷുവിന്റെ വേഷത്തില്‍ പ്രസിദ്ധ നടന്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍. വാസവദത്തയുടെ വേഷത്തില്‍ ഓച്ചിറ വേലുക്കുട്ടിയും. രണ്ടു പേരും യുവപ്രായക്കാര്‍. വേലുക്കുട്ടിക്ക് അന്നു പതിനെട്ടു വയസ്സ് മാത്രം. അക്കാലത്തെ നടീനടന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വേലുക്കുട്ടിക്കായിരുന്നു. അഭിനയ കുശലനും സംഗീതജ്ഞനുമായ ഭാഗവതര്‍ക്ക് അതിനു താഴെ.

'കരുണ' കാണാന്‍ കഴിയാത്തതില്‍ നിരാശനായി അതൊരു നഷ്ടസ്വപ്‌നമായിത്തീര്‍ന്നതില്‍ വേദനിച്ചു കഴിയുന്ന കാലം. 1949-ല്‍ ഞാന്‍ സ്‌കൂള്‍ ഫൈനല്‍ പാസ്സായി നില്‍ക്കുന്ന അവസരത്തില്‍ എന്നെ അത്യധികം ആഹ്ലാദിപ്പിച്ചുകൊണ്ടു തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ആ പഴയ 'കരുണ' വീണ്ടും വരുന്നു എന്ന വാള്‍പോസ്റ്റര്‍ കണ്ടു. പ്രധാന വേഷക്കാര്‍ സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലുക്കുട്ടിയും തന്നെ. എനിക്ക് അതിരറ്റ ആനന്ദം. പതിനേഴ് വര്‍ഷംമുമ്പ് അരങ്ങേറ്റം കുറിച്ചതും ആയിരക്കണക്കിനു വേദികളില്‍ അഭിനയിച്ചതും കുറെക്കാലമായി അവതരണം നിര്‍ത്തിവച്ചിരുന്നതുമായ 'കരുണ.'

ഭാഗവതരും വേലുക്കുട്ടിയും പ്രായം കൂടിയ ജോഡിയാണെങ്കിലും, 'കരുണ' ഇതുവരെ കണ്ടില്ല എന്ന കുറവു നികത്താന്‍വേണ്ടി ടിക്കറ്റെടുത്ത്, ടൗണ്‍ ഹാളില്‍ നേരത്തേ സ്ഥലം പിടിച്ചു. അവരുടെ അഭിനയത്തെക്കുറിച്ചോ നാടകത്തിന്റെ വിജയത്തെക്കുറിച്ചോ അന്ന് എനിക്കു വലിയ പ്രതീക്ഷയില്ലായിരുന്നു. പക്ഷേ, നാടകം എന്റെ പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായി. വസ്ത്രാലങ്കാര വിഭൂഷിതയായി, മേക്കപ്പണിഞ്ഞു, മദാലസയായ വാസവദത്തയുടെ റോളില്‍ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോള്‍ മുമ്പ് കേട്ടറിഞ്ഞ സൗന്ദര്യം കണ്ടറിഞ്ഞ സൗന്ദര്യമായി മാറി. കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്ന് നാടകം കണ്ടപ്പോള്‍ ബോധ്യമായി.

എന്നെ അത്ഭുതപ്പെടുത്തിയതു മറ്റൊന്നാണ്. വാസവദത്തയായ വേലുക്കുട്ടിയോടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാര്‍ത്ഥ സ്ത്രീകള്‍! എന്നിട്ടും അവരെ മുഴുവന്‍ നിഷ്പ്രഭമാക്കുന്നതായിരുന്നു ആ അതുല്യ നടന്റെ അഭിനയപാടവം.

വേലുക്കുട്ടി വേശ്യയുടെ റോളില്‍ മാത്രമല്ല ശോഭിച്ചത്. 'സത്യവാന്‍ സാവിത്രി' നാടകത്തിലെ പതിവ്രതയും മനസ്വിനിയുമായ സാവിത്രിയുടെയും അതുപോലെ വൈവിധ്യമാര്‍ന്ന ഇതര കഥാപാത്രങ്ങളുടെയും ഭാഗങ്ങള്‍ അസൂയാര്‍ഹമായവിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ടത്രെ. അവയൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ കാല്‍ നൂറ്റാണ്ടുകാലം സ്ത്രീവേഷം കെട്ടി അരങ്ങത്ത് അത്ഭുതം വിതറിയ അനുഗ്രഹീതനായ കാലാകാരനാണ് വേലുക്കുട്ടി.

തൃശ്ശൂരിലെ ജോസ് തിയേറ്ററിനെക്കുറിച്ച് ഇനിയും എന്തെല്ലാം ഓര്‍മ്മകളാണ് എന്റെ മനസ്സിലേക്ക് കടന്നുവരുന്നത്. 1941-ലാണ് ഞങ്ങള്‍ കുടുംബസമ്മേതം പുതുക്കാട്ടു നിന്നു തൃശ്ശൂര്‍ക്കു പോന്നതെന്നു മുമ്പു കുറിച്ചിട്ടുണ്ടല്ലോ. പുതുക്കാട്ടു വച്ച് ടൂറിങ്ങ് സിനിമകള്‍ ചിലതു കണ്ടതോടെ സിനിമയെന്ന വിസ്മയം കാണാന്‍ എന്തെന്നില്ലാത്ത അഭിനിവേശമായി എനിക്ക്.

ഒരിക്കല്‍ അങ്കമാലിയില്‍ നിന്ന് എന്റെ അപ്പൂപ്പന്‍ (അമ്മയുടെ അപ്പന്‍) തൃശ്ശൂര്‍ക്ക് വന്നു. മകളുടെയും കുടുംബത്തിന്റെയും ക്ഷേമമന്വേഷിച്ച് എത്തിയതാണ്. ഞങ്ങള്‍ക്ക് സാമ്പത്തികശേഷിയില്ലെങ്കിലും അമ്മാനപ്പനെ വേണ്ടവിധം സല്‍ക്കരിക്കാനായി മരുമകനായ അപ്പന്‍ കടംവാങ്ങിയാണെങ്കിലും സുഭിക്ഷമായ വിരുന്നൊരുക്കി. എങ്ങനെയൊക്കെയാണ് അമ്മാനപ്പനെ തൃപ്തിപ്പെടുത്തേണ്ടതെന്നാലോചിച്ചപ്പോള്‍ പുതുമയുള്ള ഒരാശയം അപ്പന്റെ മനസ്സില്‍ പൊന്തിവന്നു. ആദ്യമായി തൃശ്ശൂര്‍ക്ക് വന്നതല്ലെ. അമ്മാനപ്പനെ ഒരു സിനിമ കാണിക്കുക. തൃശ്ശൂര്‍ ജോസില്‍ നല്ലൊരു സിനിമ വന്നിട്ടുണ്ട്.

അപ്പൂപ്പന്‍ മുമ്പ് സിനിമ കണ്ടിട്ടില്ല. അക്കാലത്ത് അങ്കമാലിയില്‍ കൂടാരമടിച്ചുള്ള സിനിമ പോലും വിന്നിട്ടില്ല. അപ്പാപ്പനോട് വിവരം പറഞ്ഞപ്പോള്‍ 'അതൊന്നും വേണ്ട' എന്നു പറഞ്ഞെങ്കിലും മുഖത്ത് അര്‍ദ്ധ സമ്മതത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. അപ്പന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതം മൂളി. സിനിമാജ്വരമുള്ള ഞാനും അപ്പൂപ്പനെ പ്രേരിപ്പിച്ചു. അപ്പന്‍ പറഞ്ഞു. ''ജോസ് കൂടെ വരും. സിനിമ കഴിഞ്ഞു നിങ്ങള്‍ ഒരുമിച്ചുപോന്നാല്‍ മതി.'' അപ്പന്‍ ബെഞ്ചിന്റെ ടിക്കറ്റിനുള്ള പൈസ തന്നു.

വീട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള തിയേറ്ററിലേക്ക്, അന്ന് ഒമ്പതു വയസ്സുള്ള ഞാന്‍ അപ്പൂപ്പനേയും കൊണ്ടു നടന്നുപോയി. അപ്പൂപ്പന് ബെഞ്ചിന്റെ ടിക്കറ്റെടുത്തു കൊടുത്തു. സിനിമ കാണാന്‍ ഏറ്റവും കൊതിയുള്ള എനിക്ക് ടിക്കറ്റിനുള്ള പൈസയില്ല. ഇരിക്കാനുള്ള സ്ഥലമെല്ലാം ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടു ഞാന്‍ പുറത്തേക്ക് നിരാശയോടെ പോന്നു. ''സില്‍മ കാണാന്‍ നീയും വാ'' എന്നു പറഞ്ഞ് അപ്പപ്പന്‍ എനിക്കുള്ള പൈസ തരുമെന്നു ഞാന്‍ ആശിച്ചു. കര്‍ഷകനും നാട്ടിന്‍പുറത്തുകാരനുമായ അപ്പൂപ്പന് അങ്ങനെ ഒരു സന്മനസ്സ് തോന്നിയില്ല. ഞാന്‍ തിയേറ്ററിന് പുറത്തേക്ക് പോരുമ്പോള്‍ അപ്പൂപ്പന്‍ എന്തോ പറയാന്‍ എന്നെ നോക്കി. ഞാന്‍ ആശയോടെ ഓടിച്ചെന്നു. 'മോനും ഒരു ടിക്കറ്റെടുത്തോ!' എന്നു പറഞ്ഞു പൈസ തരാനാവുമെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ, നോക്കിയത് അതിനല്ല. ''കളി കഴിയുമ്പോ നീ പുറത്ത് എന്നെ കാത്തു നില്‍ക്കണം.'' അപ്പൂപ്പന്റെ ഉല്‍ക്കണ്ഠ അതായിരുന്നു. ''ശരി. ഞാന്‍ കാത്തു നില്‍ക്കാം.'' മ്ലാനമുഖത്തോടെ സമ്മതിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ 6.30 ന്റെ സിനിമ തുടങ്ങി. ഇനി രണ്ടര മണിക്കൂര്‍ കാത്തിരിക്കണം. ഞാന്‍ തിയേറ്ററിന്റെ എതിര്‍വശത്തെ ഫുട്പാത്തിനോടു ചേര്‍ന്ന് അരമതിലില്‍ പോയി ഇരുന്നു. എനിക്കു വല്ലാത്ത നിരാശയും സങ്കടവും തോന്നി. എത്ര മോഹിച്ചതാണ് സിനിമ കാണാന്‍. ഈ കുഞ്ഞു മനസ്സിന്റെ നൊമ്പരം ആരും മനസ്സിലാക്കിയില്ല. ആ രാത്രി സമയത്ത് ഒറ്റയ്ക്ക് മഞ്ഞുകൊണ്ട് അപ്പൂപ്പനെ കാത്തിരുന്നു.

സിനിമ കഴിഞ്ഞതിന്റെ സൂചനയായി ബെല്ലടിയും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ടും കേട്ടപ്പോള്‍ ഞാന്‍ ഗേറ്റിനടുത്തേക്കു ചെന്ന്, അപ്പൂപ്പനെയും കൂട്ടി, വീണ്ടും രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തി. വഴിക്കുവച്ച് സിനിമ നന്നായോ എന്ന് അപ്പൂപ്പനോടു ഞാന്‍ ചോദിച്ചതേയില്ല.

അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ ജോസ് തിയേറ്ററിലാണ് ഞാനെഴുതിയ കഥ ''അഗ്നിനക്ഷത്രം'' എന്ന സിനിമയായി വന്നത്. അന്നെല്ലാം ആ സിനിമ എല്ലാ ദിവസവും സൗജന്യമായി കാണാന്‍ എനിക്ക് സൗകര്യമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി. കഴിഞ്ഞ നാലുവര്‍ഷമായിട്ടു - 2014 ലും - ഞാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മെമ്പറാണ് (അതായതു കേരളത്തിലെ ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍) എനിക്കു നല്കിയിട്ടുള്ള ഫോട്ടോ പതിച്ച കാര്‍ഡ് കാണിച്ചാല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏതു തിയേറ്ററിലും ഉയര്‍ന്ന ക്ലാസ്സില്‍ സൗജന്യമായി സിനിമ കാണാം.

ഇതെല്ലാം ദൈവത്തിന്റെ നിഗൂഡവും വിസ്മയകരവുമായ ഓരോ പദ്ധതികള്‍! 1941 ലെ ആ രാത്രിയില്‍ മഞ്ഞും കൊണ്ട് അപ്പൂപ്പനെ കാത്തിരുന്ന ഒമ്പതുകാരനായ എന്റെ കുഞ്ഞു മനസ്സിന്റെ നൊമ്പരം ദൈവം അന്നേ കണ്ടിരുന്നു എന്നല്ലെ ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടത്? അന്നത്തെ ഈ ബാലനെ ദൈവം എവിടംവരെ ഉയര്‍ത്തി?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org