തൃശ്ശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണര്‍

തൃശ്ശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണര്‍
Published on

ആദര്‍ശങ്ങളും ലക്ഷ്യങ്ങളും വിശ്വാസങ്ങളും ജീവിത വീക്ഷണങ്ങളുമുണ്ട്. എഴുത്തുകാരന്‍ എന്നും സമൂഹത്തിന് വെളിച്ചം ആകേണ്ടവനും ഏകേണ്ടവനുമാണെന്ന് ഞാന്‍ ദൃഢമായി വിശ്വസക്കുന്നു. ഇതു ഞാന്‍ മുമ്പ് എവിടെയോ പറഞ്ഞിട്ടുണ്ട്.

നാടകരംഗത്തു ഞാന്‍ ഒറ്റയാനാണ്. സ്വന്തം രചനയുടെ മേന്മ യും കരുത്തും മാത്രമാണ് എന്റെ ശക്തി. സാഹിത്യാദി രംഗങ്ങളിലെ യാതൊരു ക്ലിക്കുകളിലും ഗ്രൂപ്പുകളിലുംപ്പെടാത്ത, പ്രകടമായ രാഷ്ട്രീയമില്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. അതിനാല്‍ തന്നെ മറ്റു പലര്‍ക്കുമുള്ളതു പോലെ സ്തുതിപാഠക സംഘങ്ങളോ പ്രചരണ സേനകളോ കുഴലൂത്തുകാരോ എനിക്കില്ല. അതിനായി ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല. കാരണം ഈ വക സൂത്രപ്പണികള്‍ കൊണ്ടൊന്നും ഉദാത്തമായ സാഹിത്യമുണ്ടാകില്ല. അതിനു സവിശേഷമായ സിദ്ധിയും സര്‍ഗശക്തിയും പ്രതിഭയും ചുട്ടജീവിതാനുഭവങ്ങളുമുണ്ടാവണം. അതിന്റെ കുറവുള്ളവരാണ് കുറുക്കുവഴികള്‍ തേടുക. ആ കുറുക്കുവഴിയിലൂടെ സഞ്ചരിച്ചു സ്വയം കുറെ സന്തോഷിക്കുകയും ആത്മസംതൃപ്തിയടയുകയും ചെയ്യാമെന്നല്ലാതെ മറ്റൊരു നേട്ടവും ഉണ്ടാവുന്നില്ല.

തേക്കിന്‍കാട് നടന്ന ഒരു സംഭവം വിവരിക്കട്ടെ. 1969-ല്‍ 'അതിര്‍ത്തി ഗാന്ധി' എന്നറിയപ്പെടുന്ന അബ്ദുള്‍ ഗാഫര്‍ ഖാന്‍ ഇന്ത്യ സന്ദര്‍ശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക്കു പരിചയം കാണില്ല. ഇന്ത്യന്‍ സ്വാന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയോടൊപ്പം പ്രവര്‍ത്തിച്ച മഹാനായ നേതാവ്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ പത്താന്‍ വര്‍ഗത്തില്‍ ജനിച്ചവന്‍. ഇന്ത്യന്‍ ദേശീയ സമരത്തില്‍ ആകൃഷ്ടനായി തന്റെ സകല സ്വത്തും ഉപേക്ഷിച്ച് ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായിത്തീര്‍ന്ന വ്യക്തിയാണദ്ദേഹം.

അങ്ങനെയുള്ള സമരസിംഹവും അഹിംസാമൂര്‍ത്തിയുമായ ഗാഫര്‍ഖാനാണ് 1969-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ വന്നത്. മഹാത്മജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും 1969-ലെ നെഹ്‌റു അവാര്‍ഡ് സ്വീകരിക്കാനുമാണ് അദ്ദേഹമെത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ച അദ്ദേഹത്തിന് അഭൂതപൂര്‍വവും ആവേശഭരിതവുമായ വമ്പിച്ച വരവേല്പാണ് എല്ലായിടത്തുനിന്നും ലഭിച്ചത്.

അക്കൂട്ടത്തില്‍ അദ്ദേഹം തൃശ്ശൂര്‍പട്ടണവും സന്ദര്‍ശിച്ചു. കാലത്തു പതിനൊന്നു മണിക്ക് തേക്കിന്‍കാടു മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലായിരുന്നു സ്വീകരണവും പ്രസംഗവും. അദ്ദേഹത്തെ കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കിക്കൊണ്ടു ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടു മണിക്കൂര്‍ സമയത്തേക്ക് അവധികൊടുത്തു. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥി സമൂഹവും പിന്നെ പൊതുജനങ്ങളും തേക്കിന്‍കാടു മൈതാനിയിലേക്ക് ഒഴുകിയെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ധാരാളം പൊലീസുകാരും പൊലീസ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. നിയന്ത്രിക്കലിന്റെ ഭാഗമെന്ന നിലയില്‍ ഒരു എസ് ഐ അധികാരത്തിന്റെ ശൗര്യം കാട്ടി. ഒരു കാരണവരെ പിടിച്ചൊരു തള്ള്. ആ പാവം വേച്ചു നിലത്തുവീണുപോയി. ഇതു കണ്ടു നിന്ന സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും എന്റെ സുഹൃത്തുമായ ഡോ. ജോസഫ് കോളേങ്ങാടന്‍ എസ് ഐ യുടെ നടപടിയില്‍ പ്രതിഷേധിച്ചു.

''നിങ്ങളെന്തു പണിയാണീ ചെയ്യുന്നത്? ഇങ്ങനെയാണോ പ്രായമായൊരു മനുഷ്യനോടു പെരുമാറുന്നത്?''

'നീ ആരാ ചോദിക്കാന്‍?'' തന്നെ നാലുപേര് കേള്‍ക്കേ ചോദ്യം ചെയ്തതില്‍ എസ് ഐ ക്ക് അമര്‍ഷം. ''നിനക്കിതിലെന്താ കാര്യം?''

''കണ്ടതിന്റെ കാര്യം പറഞ്ഞതാ.''

''കൂടുതല്‍ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട.''

''ഒരു പ്രകോപനവുമില്ലാതെ ഈ മനുഷ്യനെ പിടിച്ചു തള്ളിയതു തെറ്റല്ലേ, അല്പം മര്യാദയൊക്കെ വേണ്ടേ?''

എസ് ഐ പെട്ടെന്നു ചൂടായി. കണ്ണുകള്‍ ജ്വലിച്ചു. ഭീഷണി മുഴക്കി. ''മര്യാദ ഞാന്‍ പഠിപ്പിക്കാം. ഏറെ കളിച്ചാല്‍ ആ വാനില്‍ കേറ്റും.''

''എങ്കില്‍ കയറാം'' എന്നായി പ്രൊഫസര്‍. വിദ്യാര്‍ത്ഥികള്‍ ഒച്ചവച്ചു. എസ് ഐ യെ വളഞ്ഞു. അന്തരീക്ഷം വഷളാകുമെന്ന മട്ടായി. അപ്പോഴേക്കും ലോക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രംഗത്തെത്തി. പ്രൊഫസറെ മുമ്പേ പരിചയമുള്ള സി ഐ ക്ഷമാപണം നടത്തി. രംഗം ശാന്തമായി. എസ് ഐയ്ക്ക് ഒരു ചമ്മല്‍. ഇതാണ് അന്നു തേക്കിന്‍കാട് സംഭവിച്ചത്.

ഈ സംഭവമാണ് 'പ്രതികാരം' എന്ന ഏകാങ്കമെഴുതാന്‍ എനിക്കു പ്രചോദനം തന്നത്. സെന്റ് തോമസ് കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സോവനീറിലേക്ക് അതിന്റെ എഡിറ്റര്‍ എന്നോട് ഒരു ഏകാങ്കം ആവശ്യപ്പെട്ട് നില്‍ക്കുന്ന സമയം. ചിന്തയുടെ ലോകത്തു ഭാവനയുടെ ചിറകു വിരിച്ചു ഞാന്‍ പറന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിവൃത്തം വാര്‍ന്നുവീണു. കഥാപാത്രങ്ങള്‍ മനസ്സില്‍ വിരിഞ്ഞു. സംഭവത്തിന് സ്വാഭാവികതയുടെ നിറംകൊടുത്തു. ഏകാങ്കത്തിന്റെ പശ്ചാത്തലം ഹോസ്പിറ്റലിന്റെ പേ വാര്‍ഡാണ്. അതിലെ ഒരു മുറിയിലാണ് ആദ്യന്തം നാടകം നടക്കുന്നത്. ബാബു, ഭാരതി, ഡോക്ടര്‍, വിക്രമന്‍, ദാമു എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങള്‍.

പതിനഞ്ചു വയസ്സുള്ള ബാബു അവശനായി ബെഡ്ഡില്‍ കിടക്കുകയാണ്. അമ്മ ഭാരതി അരികെയുണ്ട്. തലേ ദിവസമുണ്ടായ അത്യാഹിതത്തില്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടതാണ് ബാബു. സബ് ഇന്‍സ്‌പെക്ടര്‍ വിക്രമന്റെ ഒരേയൊരു മകനാണ് ആ കുട്ടി. സ്ഥലത്തില്ലാതിരുന്ന വിക്രമന്‍ ഉല്‍ക്കണ്ഠയോടെ പേ വാര്‍ഡിലേക്ക് ഓടിയെത്തി. ഭാരതി സംഭവം വിവരിച്ചു.

ഭാരതി: (നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ...) നമ്മുടെ മോന്‍ മരിച്ചു പോകേണ്ടതായിരുന്നു. ഇന്നലെ കുളത്തില്‍ കുളിക്കാനിറങ്ങിയതാ. നീന്തി നീന്തി ക്ഷീണിച്ചിരിക്കേ അറിയാതെ കാലു ചണ്ടിക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെയായി. ഇവന്‍ മുറവിളി കൂട്ടി. കുളക്കടവില്‍ ആ നേരത്ത് ആരുമില്ലായിരുന്നു. വെള്ളം കുറെ കുടിച്ചു. ഒരു വട്ടം മുങ്ങിപ്പൊന്തി. വീണ്ടും മുങ്ങിപ്പോകുമ്പോഴേക്കും ഈശ്വരാനുഗ്രഹം കൊണ്ട് ഇവന്റെ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ആ വഴി വന്നു. കണ്ടയുടനെ എടുത്തുചാടി നമ്മുടെ മോനെ കരയ്ക്കു കയറ്റി. (വര്‍ധിച്ച സങ്കടത്തോടെ...) ഒരു മിനിറ്റു കൂടി വൈകിയിരുന്നെങ്കില്‍....

സംഭാഷണം ഇങ്ങനെ നീണ്ടുപോയി. പതിനാറു വയസ്സുള്ള ദാമു എന്ന വിദ്യാര്‍ത്ഥിയാണ് രക്ഷിച്ചത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ആ കുട്ടിയുടെ ധീരതയും ആത്മധൈര്യവും വിക്രമനെ അത്ഭുതെപ്പടുത്തി. അവനെ കാണാനും നന്ദി പറയാനും ആ ഹൃദയം വെമ്പി. അപ്പോഴേക്കും ദാമു അവിടേക്ക് കടന്നു വന്നു, ബാബുവിന്റെ സുഖ വിവരമറിയാന്‍. ഭാരതിയും പ്രത്യേകിച്ചു വിക്രമനും സ്‌നേഹവാത്‌സല്യങ്ങളോടെ ദാമുവിനോട് പെരുമാറി. അതിലൊന്നും താല്പര്യമില്ലാതെ ദാമു ബാബുവിന്റെ കാര്യം മാത്രമന്വേഷിച്ചു നിസ്സംഗനെപ്പോലെ നിന്നു. ഇരിക്കാന്‍ പറഞ്ഞിട്ടു കൂട്ടാക്കിയില്ല.

ദാമു : എനിക്കു സ്‌കൂളില്‍ പോകണം.

വിക്രമന്‍ : അതിന് ഇനിയും സമയമുണ്ടല്ലോ. വേണമെങ്കില്‍ ജീപ്പില്‍ കൊണ്ടുപോയി വിടാം.

ദാമു : ബാബുവിനുവേണ്ടി ഞാനിനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഭാരതി : മോനല്ല. മോനുവേണ്ടി ഇനി ഞങ്ങളാ ചെയ്യേണ്ടത്.

ദാമു : ഞാന്‍ പോകട്ടെ.

ഭാരതി : ഇങ്ങനെ തിടുക്കമായാലോ? അല്പനേരം സംസാരിക്കാന്‍ പോലും നില്‍ക്കാതെ...

ദാമു : എനിക്ക് ഒന്നും സംസാരിക്കാനില്ല. നിങ്ങളോടാരോടുമില്ല. ഈ ബാബുവിനോടുമില്ല. ഇവനെ രക്ഷിച്ചത് ഇവനോടുള്ള സ്‌നേഹം കൊണ്ടല്ലാ. എന്നേപ്പോലുള്ള ഒരു കുട്ടി അപകടത്തില്‍പ്പെട്ടു മരിക്കുന്നതു കാണാനുള്ള വിഷമംകൊണ്ട്. ഞാനെന്റെ അച്ഛനു മരുന്നു വാങ്ങാന്‍ പോവ്വായിരുന്നു. അപ്പോഴാണിതു കണ്ടത്.

വിക്രമന്‍ : അച്ഛനെന്താണ്?

ദാമു : ആസ്ത്മാ രോഗിയാണ്. സുഖമില്ലാതെ കിടപ്പിലാ. ബാബുവിനെ രക്ഷിച്ച വിവരം അച്ഛനോടു പറഞ്ഞപ്പോ, വികാരഭരിതനായി നിറഞ്ഞ കണ്ണുകളോടെയാണ് എന്നെ പിടിച്ചു മുത്തിയത്.

വിക്രമന്‍ പോക്കറ്റില്‍ നിന്നു കുറച്ചു രൂപയെടുത്ത് ഒരു സമ്മാനമെന്ന നിലയില്‍ ദാമുവിനു നീട്ടി. ദാമു വാങ്ങിയില്ല.

ദാമു : അച്ഛന്‍ എന്നെ മാറോടണച്ചു മുത്തിയപ്പോള്‍ എനിക്ക് ഏറ്റവും വലിയ സമ്മാനം ലഭിച്ചു. അതാണ് ഞാന്‍ വിലമതിക്കുന്ന സമ്മാനം. എനിക്കിതു വേണ്ട.

വിക്രമന്‍ : അതു സാരമില്ല. ഇതു വാങ്ങിച്ചോളൂ. ഞനല്ലേ തരുന്നത്.

ദാമു : (വാങ്ങാതെ) താങ്കളെപ്പോലുള്ള ഒരു ഇന്‍സ്‌പെക്ടറില്‍ നിന്ന് ഇത്രയും കരുണ ഞാന്‍ പ്രതീക്ഷിച്ചില്ല. ഇത്തരം ദയയും സന്മനസ്സും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നെങ്കല്‍...

വിക്രമന്‍ : (പിടികിട്ടാതെ) മനസ്സിലായില്ല. എന്താണിങ്ങനെ പറയാന്‍?

ദാമു : പറയുന്നതില്‍ ക്ഷമിക്കണം. താങ്കളോട് എനിക്കു വലിയ മതിപ്പില്ല. (വിക്രമനും ഭാരതിയും ബാബുവും ഇതുകേട്ടു അമ്പരന്നു. ദാമു തുടര്‍ന്നു) താങ്കളെ ഞാന്‍ ശരിക്കറിഞ്ഞത് രണ്ടാഴ്ച മുമ്പാണ് - ഇവിടെ ഗാന്ധി ശതാബ്ദി ആഘോഷിച്ച ദിവസം! അന്ന് അധ്യക്ഷത വഹിക്കാനെത്തിയ ഗാന്ധിശിഷ്യനായ ആ വലിയ നേതാവിനെ കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടി. അവിടെ വച്ച് ഗാന്ധിഭക്തനായ ഒരു പാവപ്പെട്ട മനുഷ്യനെ താങ്കള്‍ കഴുത്തിനു പിടിച്ചു തള്ളി. ഒരു തെറ്റും ചെയ്യാത്ത ആ പാവം താങ്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്തോ പറഞ്ഞു. ഉടനെ പിടിച്ചു വാനില്‍ കയറ്റി. അന്നു രാത്രി താങ്കള്‍ ആ പാവത്തിനെ ലോക്കപ്പിലിട്ടു കഠിനമായി മര്‍ദിച്ചു. അപ്പോഴും ആ പാവം പ്രതിഷേധിച്ചു. അതിനു ബൂട്‌സിട്ട കാലുകൊണ്ടു കുടവയറ്റില്‍ ചവിട്ടുകയാണ് ചെയ്തത്.

വിക്രമന്‍ : അവന്റെ ധിക്കാരത്തിനുള്ള ശിക്ഷയാണ് കൊടുത്തത്. കുട്ടി ഇതെല്ലാം എങ്ങനെയറിഞ്ഞു?

ദാമു : (തെല്ലൊരമര്‍ഷത്തോടെ) എങ്ങനെയറിഞ്ഞു എന്നല്ല, ആര് പറഞ്ഞു എന്നു ചോദിക്കൂ! താങ്കള്‍ക്കറിയണോ? ഇന്‍സ്‌പെക്ടര്‍ സാര്‍, ഗാന്ധിഭക്തനായ ആ പാവപ്പെട്ട മനുഷ്യന്‍... മറ്റാരുമല്ല... എന്റെ അച്ഛനാണ്.

(വിക്രമന്‍ നടുങ്ങിപ്പോയി. ഭാരതിയും ബാബുവും അന്ധാളിച്ചു.) ആസ്ത്മാ രോഗിയായ എന്റെ അച്ഛനെയാണ് താങ്കള്‍ ഇടിച്ചത്, ബൂട്‌സിട്ടു ചവിട്ടിയത്. (പതറിയ സ്വരത്തില്‍) അഹിംസാമൂര്‍ത്തിയായ മഹാത്മജിയുടെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ ഗാന്ധിഭക്തനായ എന്റെ അച്ഛന് താങ്കള്‍ കൊടുത്ത പാരിതോഷികം!

വിക്രമന്‍ : (എന്തു പറയണമെന്നറിയാതെ) ദാമൂ!... ഞാന്‍... ഞാനറിഞ്ഞില്ല.

ദാമു : (വികാരഭരിതനായി) ഞാനറിഞ്ഞു. ഇന്‍സ്‌പെക്ടര്‍ സാര്‍, താങ്കളുടെ മകനാണെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞാനിവനെ രക്ഷിച്ചത്. വേണമെങ്കില്‍, ഇവന്‍ വെള്ളം കുടിച്ചു... മുങ്ങിത്തുടിച്ച്... ശ്വാസംമുട്ടി മരിക്കുന്നതു നോക്കിനിന്നു രസിക്കാമായിരുന്നു. അങ്ങനെ എന്റെ വൈരാഗ്യം തീര്‍ക്കാമായിരുന്നു. (കണ്ഠമിടറി) പക്ഷേ, എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചത് അതല്ല. സ്‌നേഹം കൊണ്ടു പ്രതികാരം ചെയ്യാന്‍ - നന്മ കൊണ്ടു പകരം വീട്ടാന്‍ - അതാണ് അച്ഛനെന്നെ പഠിപ്പിച്ചത്. ഞാനതു ചെയ്തു. ഞാനതില്‍ അഭിമാനം കൊള്ളുന്നു. (തിരിഞ്ഞു താന്‍ രക്ഷിച്ച ബാബുവിനെ നോക്കി) ക്ഷമിക്കണം ബാബു. (വിക്രമനോട്) പോകട്ടെ സാര്‍. (കണ്ണു തുടച്ചുകൊണ്ടു ദാമു ഇറങ്ങിപ്പോകുന്നു).

ഇവിടെ ഏകാങ്കനാടകം തീരുന്നു. തേക്കിന്‍കാട് ഉണ്ടായ സംഭവം എന്നിലുണ്ടാക്കിയ വികാരമാണ് 'പ്രതികാര'മെന്ന നാടകമാക്കി ഞാന്‍ മാറ്റിയത്. എന്നാല്‍ അതു അതേപടി ആവിഷ്‌ക്കരിക്കുകയല്ല ചെയ്തത്. നാടകം എഴുതി വന്നപ്പോള്‍ തികച്ചും പുതുമയുള്ള ഒന്നായിത്തീര്‍ന്നു. എന്റെ സുഹൃത്തായ പ്രൊഫസര്‍ക്കുണ്ടായ അനുഭവത്തേക്കാള്‍ തള്ളിയിടപ്പെട്ട മനുഷ്യന് പ്രാധാന്യം കൊടുക്കണമെന്നു ഞാന്‍ കരുതിയിരുന്നു. പക്ഷേ, വിചിത്രമെന്നു പറയട്ടെ, നാടകത്തിലെ ആ മനുഷ്യന്‍ രംഗത്തുവരുന്ന ഒരു കഥാപാത്രമേയല്ല. ജീവിതത്തില്‍ നിന്നു നാടകത്തിലേക്കു വന്നപ്പോഴുണ്ടായ രാസപരിണാമം!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org