അപവാദത്തിന്റെ കല്ലേറ്

മഷിപ്പേന-37
അപവാദത്തിന്റെ കല്ലേറ്

ലീലാമ്മ അപവാദത്തിന്റെ കല്ലേറ് ഏല്‍ക്കുമ്പോഴും വേദനയുടെ കൂരമ്പുകള്‍ കുത്തിക്കയറുമ്പോഴും ദുഃഖത്തിന്റെ കയ്പുനീര് മോന്തിക്കുടിക്കുമ്പോഴും ജീവനെപ്പോലെ താന്‍ സ്‌നേഹിച്ച അപ്പനും അനുജന്മാരും നിഷ്‌ക്കരുണം ഉപേക്ഷിക്കുമ്പോഴും അവള്‍ അനുഭവിക്കുന്ന തീവ്രമായ ഹൃദയവ്യഥ-ശ്വാസംമുട്ടിക്കുന്ന നിസ്സഹായത-അസഹ്യമായ ആന്തരികസംഘര്‍ഷം -എല്ലാമെല്ലാം ഒരു പിടി കണ്ണീരിലൊതുക്കി, നെഞ്ചിനകത്ത് ഒരു നെരിപ്പോടുമായി നില്‍ക്കുന്ന അവളുടെ അതിദയനീയമായ അവസ്ഥ! ഇവ ചിത്രീകരിച്ചപ്പോള്‍, അവള്‍ക്കുവേണ്ടി സംഭാഷണമെഴുതിയപ്പോള്‍, അവളുടെ വിങ്ങുന്ന വികാരങ്ങളില്‍ പങ്കുചേര്‍ന്നപ്പോള്‍, ഞാനറിയാതെ പലപ്പോഴും എന്റെ കണ്‍പീലികള്‍ നനഞ്ഞിട്ടുണ്ട്.

ഈ വിഷക്കാറ്റും ഇതിനുമുമ്പും പിമ്പും രചിച്ച പല നാടകങ്ങളും എഴുതിക്കൊണ്ടിരുന്നപ്പോള്‍, കഥാപാത്രങ്ങളുടെ വേദനകളും ഹൃദയവികാരങ്ങളും പകര്‍ത്തിയപ്പോള്‍ എവിടെയെല്ലാം എന്റെ നയനങ്ങള്‍ നീരണിഞ്ഞിട്ടുണ്ടോ, ആ രംഗങ്ങള്‍ അരങ്ങത്തു അവതരിപ്പിക്കുന്ന സമയത്തു നിശ്ചയമായും പ്രേക്ഷകരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാവും. കാരണം, കഥാപാത്രങ്ങളുടെ വേദനകള്‍ സ്വയം അനുഭവിച്ചും ആവാഹിച്ചെടുത്തുമാണ് ഞാന്‍ സംഭാഷണം കുറിക്കുക. ആ സമയത്തു തല്‍ക്കാലത്തേക്കെങ്കിലും ഞാനനുഭവിക്കുന്ന നൊമ്പരങ്ങളുടെ വാക്‌രൂപമാണ് അവിടത്തെ എന്റെ സംഭാഷണങ്ങള്‍. അവ ഹൃദയത്തില്‍ സ്പര്‍ശിച്ചുവരുന്നതാണ്, ജീവസ്പന്ദമുള്ളതാണ്.

നാടകത്തില്‍ ഉപയോഗിക്കേണ്ട സാങ്കേതിക പദങ്ങളും -ഔഷധ രോഗ നാമങ്ങളും ഹോസ്പിറ്റല്‍ സംബന്ധമായ മറ്റു വിവരങ്ങളും പഠിക്കാനും ശേഖരിക്കാനുമായി ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം എനിക്കു ലഭിച്ചു. ക്ഷമയോടും ത്യാഗബുദ്ധിയോടുംകൂടി അവരെന്നെ സഹായിച്ചു. ആ സൗമനസ്യവും സഹകരണവും വിലപ്പെട്ട സേവനവും ഞാനിന്നും നന്ദിയോടെ സ്മരിക്കുന്നു. പല ദിവസങ്ങളിലെ കൂടിക്കാഴ്ചകള്‍ക്കുശേഷം എനിക്കു 'വിവരം' വച്ചു. 'മെഡിക്കല്‍ ഫിറ്റ്‌നെസ്സ്' ആയി. ഒപ്പം ആത്മവിശ്വാസവും വീണുകിട്ടി. നാടകമെഴുതുന്നതിനിടയിലും പല സംശയങ്ങളും എന്നില്‍ പൊന്തിവന്നിരുന്നു. അവയെല്ലാം അപ്പപ്പോള്‍ ആ നല്ല നഴ്‌സും ഡോക്ടറും തീര്‍ത്തുതന്നു. ഒരിക്കല്‍പോലും ഞാന്‍ ശല്യപ്പെടുത്തുന്നതായി അവര്‍ക്കു തോന്നിയില്ല.

നാടകം എഴുതിത്തീര്‍ന്നപ്പോള്‍ വലിയൊരു ഭാരം ഇറക്കിവച്ച പ്രതീതി. പതിവില്‍ക്കവിഞ്ഞ ആത്മസംതൃപ്തി. എത്രയും വേഗം വിഷക്കാറ്റ് അവതരിപ്പിച്ചു കാണാനായി പിന്നെ തിടുക്കം, നാടകത്തിന്റെ കേന്ദ്ര ബിന്ദുവായ ലീലാമ്മയുടെ റോള്‍ ഏറെ സങ്കീര്‍ണ്ണമാണ്. വിവിധ വികാരങ്ങളുടെ വേലിയേറ്റം. ആ മുഖത്തു മാറി മാറി പ്രത്യക്ഷപ്പെടണം. ആ റോളിലേക്കു ഞാന്‍ തിരഞ്ഞെടുത്തത് അനുഗൃഹീതനടിയായ തൃശ്ശൂര്‍ എല്‍സിയെയാണ്. തൃശ്ശൂര്‍ ടൗണ്‍ഹാളിലെ നാടകാവതരണം വമ്പിച്ച വിജയമായിരുന്നു. തൃശ്ശൂര്‍ എല്‍സി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനം അന്നുകാഴ്ചവച്ചു. ഡോക്ടര്‍ വില്‍സനായി സി ഐ പോളും മറ്റുള്ള അഭനേതാക്കളും പരമാവധി ശോഭിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍ കോട്ടയത്തെ എസ് പി സി എസ് ഈ നാടകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. പുസ്തകമിറക്കുന്നത് നിരൂപക പ്രമുഖനായ മുണ്ടശ്ശേരി മാഷ്‌ടെ അവതാരികയോടു കൂടി ആയാല്‍ കൊള്ളാമെന്നു എനിക്കൊരു മോഹം. ടൗണ്‍ഹാളില്‍ നാടകം ഉദ്ഘാടനം ചെയ്തതും നാടകം തീര്‍ന്നശേഷം എന്നെയും നാടകത്തെയും പ്രശംസിച്ചു ചെറിയൊരു പ്രസംഗം നടത്തിയതുമാണ് അദ്ദേഹം.

ഒരു ദിവസം ഞാന്‍ മാഷെ സമീപിച്ചു ഒരഭ്യര്‍ത്ഥന നടത്തി. ''മാഷ് എന്റെ 'വിഷക്കാറ്റിന്' ഒരവാതരിക എഴുതിത്തരണം.''

''നോക്കാം. ജോസ് നാടകത്തിന്റെ സ്‌ക്രിപ്റ്റ് കൊണ്ടു വരൂ. അതൊന്നു വായിക്കണം.''

സ്‌ക്രിപ്റ്റ് കൊണ്ടുപോയി കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: ''അവതാരിക എഴുതിയോ മാഷെ?''

''ഇല്ല. സ്‌ക്രിപ്റ്റ് ഒരു വട്ടം വായിച്ചു. ഇനി ഒന്നുകൂടി വായിക്കണം.''

ഞാന്‍ അത്ഭുതപ്പെട്ടുപോയി. ദൈവമേ! നാടകം കണ്ടു. കൈയെഴുത്തുപ്രതി ഒരു പ്രാവശ്യം വായിച്ചു. ഇനി വീണ്ടും വായിക്കണമത്രെ. ഒരു അവതാരിക എഴുതാന്‍ ഇത്ര വലിയ പഠനമോ?

അതാണ് മുണ്ടശ്ശേരിയുടെ വ്യക്തിത്വം. അദ്ദേഹം എന്തെഴുതുന്നതും വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും ചിലതൊക്കെ സ്ഥാപിച്ചുമാണ്. പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. അവതാരിക ആയില്ല. ഇതിനിടയ്ക്ക് കോട്ടയത്തുനിന്നു എസ് പി സി എസ്സിന്റെ സെക്രട്ടറി കാരൂര്‍ നീലകണ്ഠപ്പിള്ളയും ഡി സി കിഴക്കെമുറിയും അറിയിച്ചു. ''പുസ്തകം അച്ചടിതീരാറായി. അവതാരിക ലഭിച്ചാല്‍ ഉടനെ പുസ്തകമിറക്കാം.''

ഞാനീ വിവരം മാഷോട് പറഞ്ഞു. ''ജോസ് നാളെ ഓഫീസ് വിട്ടാല്‍ മംഗളോദയത്തിലേക്കു വന്നോളൂ. അവതാരിക തരാം.''

ആശ്വാസമായി. പിറ്റേന്ന് അഞ്ചരമണിയോടെ ഞാന്‍ മംഗളോദയത്തിലേക്കു ചെന്നു. അപ്പോള്‍ തകഴി അവിടെ മുറ്റത്തു നില്‍ക്കുന്നു. മറ്റെന്തോ കാര്യത്തിനു തൃശ്ശൂര്‍ക്കു വന്നതാണ്.

''ജോസേ, നീ എന്തു പണിയാണീ ചെയ്യുന്നത്? നീ കാരണം എനിക്കു മാഷെ കാണാന്‍ പറ്റുന്നില്ലല്ലൊ?''

''അയ്യോ ഞാനെന്തു പിഴച്ചു?''

''നിനക്കെന്തോ അവതാരിക എഴുതുകയാണെന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്നും പറഞ്ഞു. എന്നോട് താഴെ നില്‍ക്കാന്‍ പറഞ്ഞിരിക്ക്യാ. മാഷ് പറഞ്ഞു കൊടുക്കുന്നതു പ്രേംജിയാണ് എഴുതുന്നത്.''

മാഷ്‌ടെ രചനാരീതി അങ്ങനെയാണ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും അദ്ദേഹം ഡിക്‌റ്റേറ്റ് ചെയ്തത് മറ്റു ചില സഹൃദയര്‍ എഴുതിയവയാണ്. സ്വന്തം കൈയക്ഷരത്തില്‍ അദ്ദേഹം എഴുതാറില്ല. പ്രസിദ്ധനായ പ്രേംജി അന്നു മംഗളോദയത്തിലെ പ്രൂഫ് റീഡറായിരുന്നു.

അന്ന് എനിക്കു തന്ന പ്രൗഡമായ അവതാരികയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു. ''... എനിക്കു ശ്രീ. ജോസിനെ നേരിട്ടറിയാം. അന്യഥാ ജോലി ചെയ്തു ഭാരിച്ചൊരു കുടുംബജീവിതത്തിന്റെ പ്രാരബ്ദങ്ങളുമായി മല്ലിടുന്നതിനിടയിലാണ് സാഹിത്യസേവനവും നടത്തിപ്പോരുന്നതദ്ദേഹം. നിരന്തരമായ പരിശ്രമം കൊണ്ടാണദ്ദേഹം ഒരെഴുത്തുകാരനായത്. ക്ലേശകര്‍ശിതമായ ജീവിതത്തിന്റെ ഒത്ത നടുവില്‍ നിന്നുകൊണ്ടുള്ള അദ്ദേത്തിന്റെ തളരാത്ത പരിശ്രമശീലത്തെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിച്ചു കൊള്ളുന്നു.

ശ്രീ. ജോസിന്റെ 'വിഷക്കാറ്റെ'ന്ന ഈ നാടകം തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ഈയിടെ അരങ്ങേറിക്കണ്ടതാണ്. പൊതുവേ നന്നായിരുന്നു. സാധാരണക്കാരും ഇടത്തരക്കാരുമായ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഈ നാടകത്തിലെ 'പ്ലോബഌ' നല്ലപോലുതകിയിട്ടുണ്ട്. നമ്മുടെ ആസ്പത്രിലോകത്തില്‍ എന്തൊക്കെ നടക്കുന്നു എന്നതിന്റെ മിക്കവാറും യഥാതഥമായ ഒരു ചിത്രമാണ് ഈ നാടകത്തിലുള്ളത്. ആ ലോകത്തിലൂടെ അപവാദത്തിന്റെ വിഷക്കാറ്റടിക്കുക കൂടിയായപ്പോള്‍ എന്തന്തപായങ്ങള്‍ മേല്‍ക്കുമേലുണ്ടാകുന്നില്ല! ആ വിഷക്കാറ്റില്‍ ശുദ്ധമതികള്‍ ഒടിഞ്ഞുകുത്തിവീഴുകയും അശുദ്ധമതികള്‍ ജടവിടര്‍ത്താടിക്കുഴഞ്ഞുല്ലസിക്കുകയും ചെയ്യുന്നു. ഏതു രംഗത്തായലും ഈ വൈപരീത്യം അനുഭവഗോചരമാണല്ലൊ. പൊതുവെ നോക്കിയാല്‍ ഈ നാടകത്തിലെ കഥാവതരണവും വിപരീത പ്രകൃതക്കാരായ കഥാപാത്രങ്ങളുടെ സംഘട്ടനവും ഒരുവിധം യുക്തിക്ഷമമായ രീതിയില്‍തന്നെ നിര്‍വഹിച്ചിട്ടുണ്ടെന്നു പറയാം. ഡോക്ടര്‍ വില്‍സനും ഡോക്ടര്‍ ചെറിയാനും നമ്മുടെ ആസ്പത്രി ലോകത്തില്‍ പലപ്പോഴും കണ്ടുമുട്ടാറുള്ളവരാണ്.'

1965 നവംബറില്‍ പ്രസിദ്ധീകരിച്ച 'വിഷക്കാറ്റി'നും എന്റെ മുന്‍നാടകങ്ങള്‍ക്കെന്നപോലെ അതിഹൃദ്യമായ സ്വീകരണമാണ് കലാകേരളം നല്കിയത്. നാലു പതിപ്പുകളിലായി ഇതിന്റെ പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു.ഇപ്പോഴും ഇതിന്റെ പ്രതികള്‍ ആവശ്യപ്പെട്ടുകൊണ്ടു പലരും എനിക്ക് കത്തുകളെഴുതുന്നുണ്ട്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org