നൊന്തെഴുതിയ നാടകം

നൊന്തെഴുതിയ നാടകം

ഞാന്‍ നൊന്തെഴുതിയ നാടകമാണ് മണല്‍ക്കാട്. ഇതിലെ ജഡ്ജി ലൂയിസിനെ സൃഷ്ടിച്ചപ്പോള്‍, തീവ്രമായ അഗ്നിപരീക്ഷയിലൂടെ അദ്ദേഹം കടന്നുപോകുമ്പോള്‍, കഠിനമായ സമ്മര്‍ദങ്ങളുണ്ടായിട്ടും ന്യായപഥത്തില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ നീങ്ങുമ്പോള്‍ അദൃശ്യനായി അദ്ദേഹത്തോടൊപ്പം നീങ്ങിയവനാണ് ഞാന്‍. ആ വേദനയിലും വികാരത്തിലും സങ്കടത്തിലും പങ്കുകൊണ്ടവനാണ് ഞാന്‍. ആ ധര്‍മ്മ യുദ്ധത്തിലും ആദര്‍ശപ്പോരാട്ടത്തിലും ഒപ്പം നിന്നു പൊരുതിയവനാണ് ഞാന്‍. യുദ്ധമുഖങ്ങള്‍ തുറന്നതു മുഴുവന്‍ ലൂയിസിന്റെ മുമ്പിലാണ്. ആക്രമണമുണ്ടായതെല്ലാം അദ്ദേഹത്തിന്റെ നേരെയും.

നല്ല കുറെ നാടകീയ മൂഹൂര്‍ത്തങ്ങളുണ്ടീ നാടകത്തില്‍. തന്റെ ഓമനമകള്‍, ഷേളിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍, പ്രതിശ്രുതവരന്റെ സ്വര്‍ണ്ണവ്യാപാരിയായ പിതാവ് ലോനച്ചന്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കുടുങ്ങി രക്ഷിക്കണമെന്നപേക്ഷിച്ചുകൊണ്ടു ലൂയിസിന്റെ മുമ്പില്‍ വരുന്നതും അപേക്ഷ നിരസിക്കപ്പെടുന്നതും അതൊടെ വിവാഹം മുടങ്ങി പ്പോകുന്നതുമായ രംഗം; മുമ്പൊരിക്കല്‍, ഷേളിയുടെ ജീവന്‍ രക്ഷിച്ച അയല്‍വാസി രാഘവന്‍, തന്റെ സഹോദരി ശാരദയുടെ മുറിയില്‍ രാത്രി ആരോ ഉണ്ടെന്നു മനസ്സിലാക്കി അവളെ ചോദ്യം ചെയ്തപ്പോള്‍ രഹസ്യം വെളിപ്പെടുത്താത്തതിന്റെ പേരില്‍ കലിപൂണ്ടു അവളെ കൊലപ്പെടുത്തിയതും ആ കുറ്റത്തിനു പ്രതിയായി രാഘവന്‍ കോടതിയില്‍ ലൂയിസിന്റെ മുമ്പില്‍ വന്നപ്പോള്‍ അവനെ ജീവപര്യന്തം തടവിന് വിധിക്കേണ്ടി വന്നതുമായ സന്ദര്‍ഭം; ലൂയിസിനെ ദൈവത്തെപ്പോലെ കാണുന്ന വേലുണ്ണി മകനെ ശിക്ഷിച്ചതറിഞ്ഞു ലൂയിസിന്റെ മുന്നില്‍ വന്നു കരയുന്ന രംഗം; ഭര്‍ത്താവിന് അല്പം പോലും സമാധാനവും സ്വസ്ഥതയും കൊടുക്കാതെ തന്നിഷ്ടവും തന്റേടവും കാട്ടി ജീവിക്കുന്ന ശാന്തമ്മ ലൂയീസിനെ വിഷാദാഗ്നിയല്‍ നിരന്തരം നീറ്റുന്ന അവസരങ്ങള്‍; എഞ്ചിനീയറായ മൂത്തമകന്‍, അറിയാത്ത കുറ്റത്തിന് ഡിസ്മിസ് ചെയ്യപ്പെടുകയും ഒന്നും ചെയ്യാനാവാതെ ലൂയിസ് നിസ്സഹായനായി നില്‍ക്കയും ചെയ്യുന്ന രംഗം; ശാരദയുടെ വധത്തിനു വഴി തെളിച്ചതും അതുവഴി രാഘവനെ ശിക്ഷിച്ചതും വേലുണ്ണിയെ അനാഥനാക്കിയതുമെല്ലാം തന്റെ രണ്ടാമത്തെ പുത്രന്‍ ടോമിയുടെ സന്മാര്‍ഗ ഭ്രംശമാണെന്നും അന്നു രാത്രി ശാരദയുടെ മുറിയിലുണ്ടായിരുന്നതു ടോമിയാണെന്നും ലൂയിസ് അറിയുന്ന രംഗം; അതുകേട്ടു ലൂയീസ് നെഞ്ചിനകത്തു ഒരഗ്നിപര്‍വതം പൊട്ടിയപോലെ നിന്നിട്ട് ''ഇപ്പോള്‍ ഞാന്‍ പരാജയപ്പെട്ടു... ഇപ്പോള്‍ മാത്രം... എന്റെ ആദര്‍ശമല്ല എന്നെ പരാജയപ്പെടുത്തിയത്... എന്റെ മകനാണ്...'' എന്ന് നിറമിഴികളോടെ വിക്കിവിക്കിപ്പറഞ്ഞശേഷം തളരുന്നതും തുടര്‍ന്നു മരിക്കുന്നതുമായ രംഗം; അടുത്ത നിമിഷത്തില്‍ ലൂയിസിനെ ഹൈക്കോടതി ജഡ്ജിയാക്കിക്കൊണ്ടുള്ള ടെലഗ്രാം വരുന്ന രംഗം - ഇങ്ങനെ അനവധി മുഹൂര്‍ത്തങ്ങളാണ് അതിലുള്ളത്. നാടകം കാണുന്നവരും വായിക്കുന്നവരും അപരിഹാര്യമായ പ്രശ്‌നങ്ങളിലേര്‍പ്പെട്ടു ഉഴലുന്ന - അഴിയാക്കുരുക്കില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന - ജഡ്ജി ലൂയിസിനെ ഒരിക്കലം മറക്കില്ലെന്നാണ് എന്റെ വിശ്വാസം.

ഈ നാടകത്തിനു രൂപം കൊടുക്കാന്‍ എന്തായിരുന്നു പ്രചോദനം? കുറിക്കമ്പനിയില്‍ എന്റെ സഹപ്രവര്‍ത്തകനായ ഓ കെ ദേവസ്സി അതില്‍ ഒരു ചെറിയ പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ആദ്യനാടകമായ 'മാനം തെളിഞ്ഞു' മുതല്‍ എന്റെ നാടകങ്ങളോട് പ്രത്യേക മമത പുലര്‍ത്തുന്ന ആ സുഹൃത്ത് ഒരു ദിവസം എന്നോടു പറഞ്ഞു: ''മലയാള നാടകങ്ങളില്‍ ഇതുവരെ വരാത്ത ഏതെങ്കിലും കഥാപാത്രത്തെവച്ച് സി എല്‍ ഒരു നാടകമെഴുതൂ! പുതുമയുണ്ടാവും.'' ഇതാണ് ആദ്യപ്രേരണ. അവിടന്നങ്ങോട്ട് ആലോചന തുടങ്ങി. ഒടുവില്‍ ഒരു കഥാപാത്രത്തെ കണ്ടുപിടിച്ചു. അതാണ് ഡിസ്ട്രിക്ട് ജഡ്ജി. 'മണല്‍ക്കാട്' എഴുതുന്നതിനു മുമ്പ് ഡിസ്ട്രിക്ട് ജഡ്ജി മുഖ്യകഥാപാത്രമായുള്ള ഒരു നാടകം മലയാളത്തിലുണ്ടായിട്ടില്ലെന്നു ഇന്നും ഞാന്‍ വിശ്വസിക്കുന്നു.

കഥാപാത്രത്തെ കിട്ടി. ഇനി അതുവച്ച് ഇതിവൃത്തം നെയ്‌തെടുക്കണം. സത്യത്തിനു വിലയില്ല. ആ, ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തപ്പെടുന്ന, ധര്‍മ്മ നീതികള്‍ ചവിട്ടിമെതിക്കപ്പെടുന്ന ഒരു കാലമായതിനാല്‍ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു ജഡ്ജിയായും, രാഷ്ട്രീയ സമ്മര്‍ദങ്ങളും അവിഹിത പ്രലോഭനങ്ങളും നീതിപീഠങ്ങളെപ്പോലും ഉലച്ചുകൊണ്ടിരിക്കുന്ന ദശാസന്ധിയില്‍ അവയില്‍ വീണു പോകാത്ത ധര്‍മ്മധീരനായ ഒരു ന്യായാധിപനായും ഞാനാ കഥാപാത്രത്തെ വിഭാവനം ചെയ്തു.

ഇനി മറ്റു കഥാപാത്രങ്ങളും കുറെ സംഭവങ്ങളും വേണം. ഞാനെന്റെ ഓര്‍മ്മകളില്‍ പരതി നോക്കി. എന്റെ പ്രൈമറി വിദ്യാഭ്യാസക്കാലത്ത് എന്റെ അപ്പന്‍ ഒരു സംഭവം പറഞ്ഞു. ശരിക്കും ഉണ്ടായതെന്ന് അപ്പന്‍ വിശ്വസിക്കുന്ന സംഭവം. തൃശ്ശൂര്‍ ജില്ലയിലെ ഒരു ജഡ്ജിയെപ്പറ്റിയാണ് പറഞ്ഞത്. (ക്രൈസ്തവനായ അദ്ദേഹത്തിന്റെ പേരും വീട്ടുപേരും കൃത്യമായ സ്ഥലപ്പേരും അറിയാമെങ്കിലും ഞാനിവിടെ കുറിക്കുന്നില്ല). സംഭവം ഇതാണ്. ആദര്‍ശവാനും ഭക്തനും സത്യസന്ധനുമാണ് ആ ജഡ്ജി. ഒരു ദിവസം കേസില്‍ ജയിച്ച ഒരു പ്രതി ഭയപ്പെട്ടിരുന്ന ശിക്ഷയില്‍ നിന്നും ഒഴിവായതിന്റെ അളവറ്റ സന്തോഷം കൊണ്ട് ജഡ്ജിക്ക് കാഴ്ചയായി സമ്മാനിക്കാന്‍ എന്തോ കൊണ്ടുപോയി. ജഡ്ജി വീട്ടിലില്ലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ശുദ്ധഗതിയോടെ അതു വാങ്ങിവച്ചു. ഇതറിഞ്ഞ് കര്‍ക്കശനായ ജഡ്ജി ശിക്ഷയായി ഭാര്യയെ ഉച്ചവെയിലത്തു വീടിന്റെ പിന്‍വശത്തെ മുറ്റത്തെ ചരലില്‍ ഒരു മണിക്കൂര്‍ നേരം മുട്ടുകുത്തിച്ചുവത്രെ.

1961-വരെ ഞങ്ങള്‍ താമസിച്ചിരുന്നതു പല വാടകവീടുകളിലായിരുന്നുവെന്നു മുമ്പേ പറഞ്ഞിട്ടുണ്ടല്ലൊ. അതില്‍ ഒരു വാടകവീടിന്റെ അയല്‍പക്കത്തായി ഒരു റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റു താമസിച്ചിരുന്നു. ശാന്തനും നല്ലവനുമായ ഒരു മനുഷ്യന്‍. അദ്ദേഹത്തിന്റെ ഭാര്യയാവട്ടെ സ്വാര്‍ത്ഥയും തന്റേടിയുമായ ഒരു സ്ത്രീ. സ്‌കൂളില്‍ പഠിക്കുന്ന ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍പോകും. അദ്ദേഹം സ്‌നേഹപൂര്‍വം സംസാരിക്കും. അതേ സമയം ആ സ്ത്രീയാവട്ടെ തെല്ലും മയമില്ലാതെ രൂക്ഷതയോടെയാണ് സംസാരിക്കുക. ഒരാള്‍ പുള്ളിമാന്‍. മറ്റെയാള്‍ പുള്ളിപ്പുലി. സ്വന്തം ഭര്‍ത്താവിനോടു പോലും തീരെ ബഹുമാനമില്ലാതെ കയര്‍ത്തു കല്പനാസ്വരത്തിലേ സംസാരിക്കൂ. ഞാന്‍ കേള്‍ക്കെ ഇതാണ് അവസ്ഥയെങ്കില്‍ ഞാനില്ലാത്തപ്പോള്‍ എന്തായിരിക്കും സ്ഥിതി.

മേല്‍പറഞ്ഞ ജഡ്ജിയും റിട്ടയേര്‍ഡ് മജിസ്‌ടേറ്റും അദ്ദേഹത്തിന്റെ കേമിയായ ഭാര്യയും പാത്രസൃഷ്ടിയില്‍ എന്നെ ഏറെ സഹായിച്ചു. പള്ളിയിലെ ദേവമാതാവിന്റെ തിരുസ്വരൂപത്തിനു സ്വര്‍ണ്ണക്കിരീടവും പ്രധാന അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ വിലപ്പിടിപ്പുള്ള സക്രാരിയും പണിതുകൊടുത്ത കരിഞ്ചന്തക്കാരും കപടഭക്തരുമായ ചില മുതലാളിമാരെ എനിക്കറിയാം. സ്വര്‍ണ്ണക്കിരീടത്തിനും സക്രാരിക്കും ജീവനുണ്ടായിരുന്നെങ്കില്‍ അവ ആ പവിത്രവേദിയില്‍ നിന്നു പ്രതിഷേധിച്ചിറങ്ങിപ്പോകുമായിരുന്നു. അങ്ങനെയുള്ള ഒരു മുതലാളിയെ - സ്വര്‍ണ്ണ വ്യാപാരിയെ - ലോനച്ചന്‍ എന്ന കഥാപാത്രമായി ഇതിലേക്ക് കൊണ്ടുവന്നു.

ഇവയെല്ലാം വച്ച്, യുക്തിയും ഭാവനയും കലര്‍ത്തി ദീര്‍ഘനാള്‍ ചിന്തിച്ചു, ആഴ്ചകളും മാസങ്ങളും അടയിരുന്നു. അങ്ങനെ വിരിയിച്ചെടുത്തതാണ് 'മണല്‍ക്കാട്'.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org