ജയിലിനുള്ളില്‍ സൂര്യാഘാതം

''തടവറയില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ നാടകം അഭിനയിക്കുകയോ?''
ജയിലിനുള്ളില്‍ സൂര്യാഘാതം
Published on

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ ടി കുമാരന്‍ ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചു. 1991 ഒക്‌ടോബര്‍ രണ്ടിന് ജയിലില്‍ നടക്കുന്ന ഗാന്ധിജയന്തി ആഘോഷത്തോ ടനുബന്ധിച്ച് എന്റെ 'സൂര്യാഘാതം' നാടകം തടവുപുള്ളികള്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. എനിക്ക് അത്ഭുതമായി. തടവറയില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ നാടകം അഭിനയിക്കുകയോ?

ജയിലിലെ അന്തേവാസികള്‍ക്ക് ആസ്വദിക്കാനായി നാടകവും ഗാനമേളയും മറ്റും വല്ലപ്പോഴും പുറമെ നിന്ന് ബുക്ക് ചെയ്ത് അവതരിപ്പിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്നവരിലും കലാവാസനയും അഭിനയ സാമര്‍ത്ഥ്യവു മുണ്ടെന്നും അതു പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കുന്നതു മനഃശാസ്ത്രപരമായി ഗുണം ചെയ്യുമെന്നും അധികാരികള്‍ക്ക് തോന്നിയതിനാല്‍ ജയില്‍ ഐ ജി യുടെ പ്രത്യേക അനുമതി ഇതിനായി അവര്‍ വാങ്ങി. ഒരു റിസ്‌ക്കാണ് എടുക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ റിഹേഴ്‌സല്‍ തുടങ്ങാന്‍ തീരുമാനിച്ചു.

പകല്‍ സമയത്തു മാത്രമേ റിഹേഴ്‌സല്‍ നടത്താനാവൂ. നാടകം പഠിപ്പിക്കാനും സംവിധാനം ചെയ്യാനും എന്നോട് ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടെങ്കിലും എനിക്കു ഓഫീസില്‍ നിന്നു ലീവെടുക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍, തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായ രാമചന്ദ്രന്‍ മൊകേരിയെ ആ ചുമതല ഏല്പിച്ചു. നാടകം നന്നായി പഠിച്ചശേഷം ഒന്നോ രണ്ടോ ദിവസം ഞാന്‍ റിഹേഴ്‌സലിന് എത്തിക്കൊള്ളാമെന്നും വാക്കു കൊടുത്തു.

അങ്ങനെ ഒരു ദിവസം ലീവെടുത്തു ഞാന്‍ റിഹേഴ്‌സലിന് പോയി. സാമാന്യം വലിപ്പമുള്ള ഒരു ഹാളിലേക്കു ജയിലര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. റിഹേഴ്‌സല്‍ നടക്കുന്നത് അവിടെയാണ്. പുരുഷന്മാര്‍ തന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. 'നടീനടന്മാരെ' ജയിലര്‍ എനിക്കു പരിചയപ്പെടുത്തി. എന്നെ കണ്ട മാത്രയില്‍ സ്‌നേഹാദരങ്ങളോടെ അവരെല്ലാവരും അടുത്തുകൂടി. മോഷ്ടാക്കള്‍, കവര്‍ച്ചക്കാര്‍, ജീവപര്യന്തക്കാര്‍, കൊലപ്പുള്ളികള്‍ ഇങ്ങനെയുള്ളവരാണ് ആ യുവാക്കള്‍.

അല്പം കഴിഞ്ഞപ്പോള്‍ ജയിലര്‍ പറഞ്ഞു: ''റിഹേഴ്‌സല്‍ തുടങ്ങിക്കോളൂ. ഞാന്‍ ഓഫീസിലേക്ക് ചെല്ലട്ടെ.'' ഇതു പറഞ്ഞ് അദ്ദേഹം പോയി. അദ്ദേഹം മുറിവിട്ടയുടനെ, കാവല്‍നില്‍ക്കുന്നവര്‍ എന്നെയും മുറിയിലാക്കി കവാടത്തിന്റെ ഇരുമ്പുവാതില്‍ അടച്ചു തണ്ടിട്ടു. ഞാന്‍ ഒന്നു പകച്ചു. എനിക്കു പേടി തോന്നി. ഭീകര കുറ്റവാളികളുടെ മദ്ധ്യേ ഞാന്‍! ഉടനെ ഒരു വല്ലായ്മയോടെ ഞാന്‍ പറഞ്ഞു: ''എന്തിനാ വാതിലടച്ചു തണ്ടിട്ടത്, അതിന്റെ ആവശ്യമില്ല.''

''ഓ, അതു പ്രശ്‌നമല്ല. ഇതു നിയമത്തിന്റെ ഒരു ഭാഗമാ. സാറിന് എപ്പോ വേണമെങ്കിലും പുറത്ത് കടക്കാം.'' കാവല്‍ക്കാരന്റെ മറുപടി.

തുടര്‍ന്നു റിഹേഴ്‌സല്‍ ഭംഗിയായി നടന്നു. നല്ല നിലവാര മുള്ള അഭിനയം. ഓരോരുത്തരും അതാതു കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. പലരും മികച്ച ഭാവാഭിനയം കാഴ്ചവച്ചു.

ആ യുവാക്കളോട് അടുത്തിട പഴകിയപ്പോള്‍ ഇവരൊക്കെ എങ്ങനെ കുറ്റവാളികളായിത്തീര്‍ന്നു വെന്നത്ഭുതപ്പെട്ടു. അത്ര നല്ല വിനയം. സ്‌നേഹനിര്‍ഭരമായ സംസാരം. മാന്യമായ പെരുമാറ്റം. അന്തസ്സുള്ള സമീപനം.

മുമ്പു നിശ്ചയിച്ച പ്രകാരം ഒക്‌ടോബര്‍ രണ്ടിന് ജയില്‍ സൂപ്രണ്ട് വി എം മാധവന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ജയില്‍ ഡി ഐ ജി,

കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഞാനും രാമചന്ദ്രന്‍ മൊകേരിയും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സമ്മേളനാനന്തരം നാടകമാണ്. പ്രേക്ഷക സദസ്സില്‍ ക്ഷണിക്കപ്പെട്ട ഏതാനും പ്രമുഖ വ്യക്തികളും ജയിലിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും, അതിനു പുറമെ തടവുകാരായ നിരവധി സ്ത്രീകളും മുന്നൂറോളം പുരുഷന്മാരും.

'സൂര്യാഘാതം' ആരംഭിച്ചു. വികാരനിര്‍ഭരവും സ്‌തോഭജന കവും സംഘര്‍ഷഭരിതവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ടീ നാടകത്തില്‍. അഭിനേതാക്കള്‍ എല്ലാവരും തന്നെ അന്യോന്യം മത്സരിച്ചഭിനയിക്കുകയായിരുന്നു. ചുരുക്കത്തില്‍ നാടകാവതരണം - ജയിലിനുള്ളിലെ 'സൂര്യാഘാതം' - പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായി. നാടകം ആദ്യന്തം ആസ്വദിച്ച ജയില്‍ ഡി ഐ ജി ശെല്‍വരാജ് അഭിനേതാക്കളെയും സംവിധായകരെയും രചയിതാവായ എന്നെയും മുക്തകണ്ഠം പ്രശംസിച്ചു.

ഒരു ദിവസത്തേക്കെങ്കിലും ജയില്‍പ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവര്‍ നാടകം തീര്‍ന്നിട്ടും വേഷങ്ങള്‍ അഴിച്ചു മാറ്റാതെ ആത്മഹര്‍ഷം പൂണ്ട് അങ്ങിങ്ങു നില്‍ക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ സിംസനായി അഭിനയിച്ച യുവാവ് സ്റ്റെതസ്‌ക്കോപ്പും കഴുത്തിലിട്ടു വലിയ ഗമയില്‍ ഒരു യഥാര്‍ത്ഥ ഡോക്ടറെപ്പോലെ സ്‌റ്റേജില്‍ വിലസുന്നുണ്ടായിരുന്നു. അതെല്ലാം കണ്ടപ്പോള്‍ അവരുടെ നേരെ എനിക്ക് പാവം തോന്നി.

എന്തായാലും ജയിലധികൃതര്‍ റിസ്‌ക്കെടുത്തു നടത്തിയ പരീക്ഷണം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചരിത്രത്തിലും എന്റെ ജീവിതത്തിലും മറക്കാനാവാത്ത ഒരു സംഭവമായി മാറി. ഓര്‍മ്മയുടെ അറയില്‍ നിന്നു ചികഞ്ഞെടുക്കാന്‍ ഇനിയും എത്രയോ അനുഭവങ്ങള്‍ കിടക്കുന്നു.

(അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org