കന്യാസ്ത്രീയുടെ മകന്‍

മഷിപ്പേന - 34
കന്യാസ്ത്രീയുടെ മകന്‍

കെ സി ബി സി യുടെ 1991-ലെ സാഹിത്യ അവാര്‍ഡ് 'അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്ര' എന്ന കൃതിയെ പുരസ്‌ക്കരിച്ച് സിപ്പി പള്ളിപ്പുറത്തിനാണ് നല്കപ്പെട്ടത്. (1990-ലെ ഇതേ അവാര്‍ഡ് - പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും മയക്കുമരുന്നിനെതിരായ 'മേഘധ്വനി' എന്ന നാടകത്തിന്റെ പേരില്‍ എനിക്കാണ് ലഭിച്ചത്.)

പാലാരിവട്ടം പി ഒ സി ഹാളില്‍ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. മാക്‌സ്വല്‍ നൊറോണയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് ദാനം നിര്‍വഹിച്ചത് പത്മശ്രീ തകഴി ശിവശങ്കരപ്പിള്ളയാണ്. ഡോ. കെ എം തരകനും ഞാനും സിപ്പിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമ്മേളനാനന്തരം സദസ്സിലെ പലരുമായി ഞാന്‍ പരിചയപ്പെട്ടു. പി ഒ സി യിലെ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര കോഴ്‌സില്‍ പങ്കെടുത്തു പഠിക്കുന്ന ഏതാനും സിസ്റ്റര്‍മാരെ അവിടെ കണ്ടു. അതില്‍ യുവതിയായ ഒരു സിസ്റ്റര്‍ അല്പം മാറി നിന്ന് എന്നെ കാര്യമായി നോക്കുന്നു. ചില സുഹൃത്തുക്കളുമായി സംസാരിച്ചശേഷം തിരിഞ്ഞു നോക്കിയപ്പോഴും ആ സിസ്റ്റര്‍ എന്നെത്തന്നെ കൗതുകപൂര്‍വം നോക്കുകയാണ്. നിമിഷങ്ങള്‍ക്കകം ആ സിസ്റ്റര്‍ മുന്നോട്ടു വന്നിട്ടു പറഞ്ഞു:

''എന്റേ പേര് സിസ്റ്റര്‍ നീനാ മേരി. കൊല്ലത്തിനടുത്തു പട്ടത്താനത്തുള്ള ഐ എച്ച് എം കോണ്‍വെന്റിലാണ് ഞാന്‍.''

''ഓ! കണ്ടതില്‍ സന്തോഷം.''

''സാറിനെ ഇന്നിവിടെ കാണാനായതു എന്റെ ഭാഗ്യം. കണ്ടുമുട്ടിയതില്‍ ഒത്തിരി ഒത്തിരി സന്തോഷം.'' പിന്നെ പറഞ്ഞതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

''ജോസ് സാറ് കാരണമാ ഞാനൊരു കന്യാസ്ത്രീയായത്.''

ഞാന്‍ അമ്പരന്നു പോയി. ഞാനങ്ങനെ ആരേയും ഉപദേശിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലല്ലോ. പിന്നെങ്ങനെ ഇതു സംഭവിച്ചു? വിസ്മയ ഭാവത്തില്‍ ചോദിച്ചു: ''ഞാന്‍ കാരണമോ?''

''അതെ. ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ സാറിന്റെ 'കന്യാസ്ത്രീയുടെ മകന്‍' എന്ന നാടകം വായിച്ചു. സ്‌കൂള്‍ യുവജനോത്സവത്തിന് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു നാടകം വേണമെന്നു പറഞ്ഞപ്പോള്‍ ഞങ്ങളുടെ ഇടവക വികാരിയാണ് ഈ നാടകം തന്നത്. അത് ഞങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. അതിലെ സിസ്റ്റര്‍ സില്‍വിയെ എനിക്ക് മറക്കാനാവില്ല. എല്ലാവര്‍ക്കും എന്റെ അഭിനയം ഇഷ്ടമായി. എന്നെ അഭിനന്ദനങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ചു. അന്നു മുതല്‍ ആ കന്യാസ്ത്രീയായിരുന്നു എന്റെ മനസ്സില്‍. അതുപോലൊരു കന്യാസ്ത്രീയാകണം എന്നു മനസ്സു മന്ത്രിച്ചു. അതൊരു തീരുമാനമായി. വീട്ടുകാര്‍ക്ക് എന്നെ കെട്ടിച്ചു വിടണമെന്നായിരുന്നു ആഗ്രഹം. എന്തായാലും ഞാന്‍ മഠത്തില്‍ ചേര്‍ന്നു. സാറിനെ കാണാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. ആ ആഗ്രഹം ഇന്നു സഫലമായി.''

കാതുകള്‍ക്ക് ഇമ്പം നല്കിയ ആ വാക്കുകള്‍ കേട്ട് എനിക്ക് സന്തോഷവും അഭിമാനവും തോന്നി. എന്റെ ആ ലഘുനാടകത്തിലെ കഥാപാത്രം ഒരു വിദ്യാര്‍ത്ഥിനിയുടെ മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയല്ലോ. അതു മഹത്തായ ഒരു തീരുമാനത്തിന് വഴിയൊരുക്കിയല്ലോ. നാടകത്തിന്റെ രചയിതാവെന്ന നിലയില്‍ സിസ്റ്ററിന്റെ വാക്കുകള്‍ എനിക്ക് നിര്‍വൃതിയുടെ നിമിഷങ്ങളാണ്. സമ്മാനിച്ചത്. ഒരെഴുത്തുകാരന് ഇതില്‍പ്പരം കൃതാര്‍ത്ഥത വേറെ എന്തുണ്ട്?

കുബുദ്ധിയും മതവിരോധിയുമായ ഒരു യുവസാഹിത്യകാരന്‍ എഴുതുന്ന നോവലിന്റെ പേരാണ് ''കന്യാസ്ത്രീയുടെ മകന്‍'' കന്യാസ്ത്രീ വര്‍ഗത്തോടും പ്രത്യേകിച്ച് സ്ഥലത്തെ ആശുപത്രിയില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ സില്‍വിയോട് വെറുപ്പാണ് അയാള്‍ക്ക്. പരോക്ഷമായി സിസ്റ്ററിനെ കഥാപാത്രമാക്കിക്കൊണ്ടാണ് രചന നടക്കുന്നത്. അതു സിസ്റ്ററിന് അറിയുകയും ചെയ്യാം. വിധി വൈപരീത്യം എന്നു പറയട്ടെ ഈ യുവാവ് പകര്‍ച്ചവ്യാധി പിടിപെട്ടു അവശനിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നു. സിസ്റ്റര്‍ സില്‍വിയുടെ നിസ്വാര്‍ത്ഥവും നിസ്തുലവുമായ സേവനം വഴി അയാള്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടു. അപകടനില നീങ്ങുന്നതുവരെ സിസ്റ്റര്‍ അയാളുടെ അടുത്തുനിന്നു മാറിയില്ല.

രണ്ടു മൂന്നു ദിവസമായിട്ട് എന്തുകൊണ്ടോ സിസ്റ്റര്‍ വാര്‍ഡിലേക്ക് കടന്നുവരുന്നില്ല. അന്വേഷിച്ചപ്പോള്‍, തന്നെ നിരന്തരമായി പരിചരിച്ച സിസ്റ്റര്‍ പകര്‍ച്ച വ്യാധി പിടിപെട്ടു കിടക്കുകയാണെന്നറിഞ്ഞു. യുവാവിന് ഏറെ ദുഃഖമുണ്ടായി. അല്പം കഴിഞ്ഞു ഡോക്ടര്‍ കടന്നുവന്നപ്പോള്‍ ആകാംക്ഷയോടെ യുവാവു ചോദിച്ചു,

യുവാവ് : ഡോക്ടര്‍! സിസ്റ്റര്‍ക്ക് എങ്ങനെയുണ്ട്?

ഡോക്ടര്‍ : എല്ലാം മാറി.

യുവാവ് : ഉവ്വോ! സമാധാനമായി. എനിക്ക് ആ സിസ്റ്ററെ ഒന്നു കാണണം ഡോക്ടര്‍.

ഡോക്ടര്‍ : എന്തിനാ? അവരെക്കുറിച്ച് ഇനയും കഥയെഴുതാനാണോ?

യുവാവ് : അല്ല. ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താന്‍. എന്റെ തെറ്റുകള്‍ക്കു മാപ്പിരക്കാന്‍. ആ സിസ്റ്ററാണ് എന്റെ ജീവന്‍ വീണ്ടെടുത്തത്.

ഡോക്ടര്‍ : (വികാരഭരിതനായി) ഇനി നിങ്ങള്‍ക്ക് അവരെ കാണാന്‍ സാധിക്കില്ല. ആ സിസ്റ്റര്‍... അല്പം മുമ്പ്... മരിച്ചു.

(യുവാവ് ഇടിവെട്ടേറ്റപോലെ സ്തംഭിച്ചു പോയി.)

നിങ്ങളെ നിരന്തരം ശുശ്രൂഷിച്ചതിന് ലഭിച്ച പാരിതോഷികം!

അടുത്ത സീനില്‍ നാം കാണുന്നത് സിസ്റ്ററിന്റെ ശവകുടീരത്തില്‍ ഒഴുകുന്ന കണ്ണുകളും തപിക്കുന്ന ഹൃദയവുമായി നില്‍ക്കുന്ന യുവാവിനെയാണ്. സര്‍വ അപരാധങ്ങള്‍ക്കും മാപ്പിരന്നു കൊണ്ടു, താനെഴുതിയ നോവലിന്റെ കൈയെഴുത്തു പ്രതി അവിടെവച്ചു പിച്ചിച്ചീന്തുന്നു. തുടര്‍ന്ന് അതില്‍ ഒരു ഭാഗം എരിയുന്ന മെഴുകുതിരിയില്‍ കാട്ടി കത്തിച്ചു കളയുന്നു. ബാക്കിപകുതി കൊച്ചു കൊച്ചു തുണ്ടുകളാക്കി ശവകുടീരത്തില്‍ വിതറന്നു.

''സിസ്റ്റര്‍! ഇതൊരു ദുഷിച്ച നോവലിന്റെ ശകലങ്ങളല്ല. എന്റെ ഹൃദയത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കൃതജ്ഞതയുടെ പുതുപൂക്കളാണ്... (മാറിയ സ്വരത്തില്‍) സിസ്റ്റര്‍! അവിടുത്തെ മൃതദേഹം ശയിക്കുന്ന ഈ പുണ്യഭൂമിയില്‍ നിന്നു കൊണ്ടു ഞാനിതാ ശപഥം ചെയ്യുന്നു. ഞാനിന്നു മുതല്‍ സത്യത്തിന്റെ സാഹിത്യകാരനാണ്. നീതിയുടെയും ധര്‍മ്മത്തിന്റെയും സാഹിത്യകാരനാണ്. ഇതു സത്യം!

സിസ്റ്റര്‍! ഇനി ഞാനൊരു നോവലെഴുതും, അതിന്റെ പേരും ''കന്യാസ്ത്രീയുടെ മകന്‍'' എന്നു തന്നെ. (ഒന്നു നിര്‍ത്തി, പെട്ടെന്നു വികാരാധീനനായി) ഒരമ്മയെപ്പോലെ അങ്ങ് എന്നെ സ്‌നേഹിച്ചു. ശുശ്രൂഷിച്ചു. ഞാന്‍... ഞാന്‍... അങ്ങയുടെ മകനാണ്. ഞാനാണ് കന്യാസ്ത്രീയുടെ മകന്‍!

ഇതാണ് ഇതിവൃത്തം. ഈ നാടകമാണ് നീനാമേരിയെ സിസ്റ്ററാക്കിയത്. അന്ന് എന്നോടീ സത്യം വെളിപ്പെടുത്തുമ്പോള്‍, ഈ സിസ്റ്റര്‍ കൊല്ലം വിമല ഹൃദയ ഹൈസ്‌കൂളില്‍ അധ്യാപികയാണ്. ഈ ലഘുനാടകം നൂറുകണക്കിന് വേദികളില്‍ അഭിനയിക്കുകയും ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. 1964-ല്‍ ഒരു ഏകാങ്ക നാടക മത്സരത്തിനുവേണ്ടിയാണ് ഞാനിതെഴുതിയത്. ഇതു സംവിധാനം ചെയ്തതും സാഹിത്യകാരനായി അഭിനിയച്ചതും ഞാന്‍ തന്നെ. മത്സരഫലം പുറത്തുവന്നപ്പോള്‍ ഒന്നാം സമ്മാനം ഈ നാടകത്തിനായിരുന്നു.

ഈ നാടകം എഴുതാന്‍ എനിക്കു പ്രചോദനം തന്നത് പ്രസിദ്ധ ഗാനരചയിതാവും കവിയുമായ വയലാര്‍ രാമവര്‍മ്മയാണ്. എന്നാല്‍ അദ്ദേഹം ഇതറിഞ്ഞിട്ടുമില്ല. അദ്ദേഹം ഒരു കന്യാസ്ത്രീയെ കേന്ദ്രീകരിച്ച് അതിശയോക്തിപരവും അസംഭവ്യവുമായ രീതിയില്‍ ആക്ഷേപകരമായി എഴുതിയ ഒരു നീണ്ട കവിത വായിച്ചപ്പോള്‍ എന്റെ യുവ മനസ്സില്‍ പ്രതിഷേധമുയര്‍ന്നു. ഒരു ലേഖനം കൊണ്ടു ശക്തമായി പ്രതികരിക്കണമെന്ന് ആദ്യം തോന്നി. പിന്നെ തോന്നി മറുപടി മറ്റൊരു രീതിയിലാവാമെന്ന്. സാഹിത്യകൃതിയിലൂടെ വരുന്ന ആക്രമണങ്ങളെ സാഹിത്യകൃതികൊണ്ടുതന്നെ നേരിടുക. അങ്ങനെയാണ് ഈ നാടകത്തിന് രൂപം കൊടുത്തത്. വയലാറിന്റെ കവിത വായിച്ച ആളുകളെക്കാള്‍ എത്രയോ മടങ്ങു ജനങ്ങളാണ് ഈ നാടകം കാണുകയും വായിക്കുകയും ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org