സംസ്ഥാന സാഹിത്യ ശില്പശാലയില്‍

സംസ്ഥാന സാഹിത്യ ശില്പശാലയില്‍

അഖില കേരള ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സുപ്രസിദ്ധ നോവലിസ്റ്റ് ശ്രീ. പാറപ്പുറത്ത് ജനറല്‍ കണ്‍വീനര്‍ ആയി മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍വച്ച് വിപുലമായ തോതിലാണ് സംസ്ഥാന സാഹിത്യശില്പശാല നടന്നത്. നോവല്‍, നാടകം, കവിത, പത്രപ്രവര്‍ത്തനം, സിനിമയും സാഹിത്യവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് സ്റ്റഡീ ക്ലാസുകള്‍. പ്രസിദ്ധരും പ്രഗത്ഭരുമാണ് ഓരോ വിഷയവും കൈകാര്യം ചെയ്യുന്നത്. നാടകത്തെപ്പറ്റി സംസാരിക്കാന്‍ നിയുക്തരായവര്‍ പൊന്‍കുന്നം വര്‍ക്കി, പ്രൊഫ. ജി ശങ്കരപ്പിള്ള, എന്‍ എന്‍ പിള്ള, പി ആര്‍ ചന്ദ്രന്‍, പിന്നെ ഞാനും. വര്‍ക്കി സാര്‍ മോഡറേറ്ററായിരുന്നു.

ശങ്കരപ്പിള്ളയൊഴിച്ചു ബാക്കിയുള്ളവരെല്ലാം നേരത്തെ എത്തി, യോഗം ആരംഭിക്കുന്ന നിമിഷത്തിലാണ് ശങ്കരപ്പിള്ള എത്തിയത്. വന്നയുടനെ വേദിയിലിരുന്നെങ്കിലും മറ്റുള്ളവരുമായി അദ്ദഹം സംസാരിച്ചു കണ്ടില്ല. ആദ്യം ക്ലാസെടുത്തതു ശങ്കരപ്പിള്ളയാണ്. നാടകത്തെക്കുറിച്ചു താത്ത്വികമായി കുറെ കാര്യങ്ങള്‍ അദ്ദേഹം വിവരിച്ചു. നാടകധര്‍മ്മങ്ങളെയും സിദ്ധാന്തങ്ങളെയും വിശദീകരിച്ചു. ഒരധ്യാപകന്റെ പ്രൗഢിയോടെത്തന്നെ അദ്ദേഹം തന്റെ കൃത്യം ഭംഗിയായി നിര്‍വഹിക്കുകയുണ്ടായി. ക്ലാസു കഴിഞ്ഞയുടനെ മറ്റു തിരക്കുകളുള്ളതുകൊണ്ടോ എന്തോ അദ്ദേഹം സ്ഥലംവിട്ടു. ആ പോക്കു ശരിയായില്ലെന്നു തോന്നിയിട്ടാവാം വര്‍ക്കിസാറും എന്‍ എന്‍ പിള്ളയും പുഞ്ചിരിയോടെ പരസ്പരം നോക്കി. അര്‍ത്ഥഗര്‍ഭമായ നോട്ടം. മറ്റുള്ളവര്‍ പറയുന്നതെന്താണെന്നു കേള്‍ക്കാനോ അറിയാനോ ശങ്കരപ്പിള്ള നിന്നില്ല. തനിക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നു തോന്നിയിട്ടാണോ? തന്റെ അത്യന്താധുനിക ശൈലി പിന്തുടരാത്ത മറ്റു നാലുപേരുടെയിടയില്‍ കൂടുതല്‍ സമയം ഇരിക്കാനുള്ള വീര്‍പ്പുമുട്ടു കൊണ്ടാണോ? അതോ പിറകെ വരുന്നര്‍ തന്റെ ശൈലിയെ രൂക്ഷമായി വിമര്‍ശിക്കുമെന്ന ഭയം കൊണ്ടാണോ? എന്തായാലും പെട്ടെന്ന് അദ്ദേഹം പോയി.

അടുത്തതായി സംസാരിച്ചത് എന്‍ എന്‍ പിള്ളയാണ്. ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം ക്യാമ്പംഗങ്ങളെയും മറ്റു സദസ്യരെയും അദ്ദേഹം കയ്യിലെടുത്തു. ഉജ്ജ്വലമായിരുന്നു ആ ക്ലാസ്. 'നാടകം എന്ത് എന്തിന്?' എന്നതിനെ ഊന്നിക്കൊണ്ടായിരുന്നു പ്രഭാഷണം. നാടകത്തിന്റെ വ്യത്യസ്തതലങ്ങളെ ഉദാഹരണ സഹിതം അദ്ദേഹം വിവരിച്ചു. ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഭാവഹാവാദികളോടെയുള്ള അദ്ദേഹത്തിന്റെ വിവരണം സദസ്സിലുള്ളവരെ സ്വാധീനിച്ചു; ചിന്തിപ്പിച്ചു. ആകാംക്ഷയും ഉല്‍ക്കണ്ഠയും ജനിപ്പിക്കുന്ന രംഗങ്ങള്‍ വര്‍ണ്ണിച്ച് അവരെ വിസ്മയിപ്പിച്ചു. നര്‍മ്മരസം തുളുമ്പുന്ന സംസാരശൈലിയിലൂടെ അവരെ രസിപ്പിച്ചു, ചിരിപ്പിച്ചു. പലപ്പോഴും പൊട്ടിച്ചിരിപ്പിച്ചു. സത്യത്തില്‍ ആ ക്ലാസ് അപൂര്‍വമായ ഒരനുഭവമായിരുന്നു.

അടുത്ത ഊഴം എന്റേതായിരുന്നു. എന്‍ എന്‍ പിള്ള 'നാടകം എന്ത് എന്തിന്?' എന്നതിനെ ആസ്പദമാക്കിയാണ് സംസാരിച്ചതെങ്കില്‍, 'നാടകം എങ്ങനെ ഏതുവിധം' എന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. നാടകരചനയില്‍ താല്പര്യമുള്ള ക്യാമ്പംഗങ്ങള്‍ക്ക് കടുതല്‍ ഉപകരിക്കുംവിധം എന്റെ ക്ലാസ് ഞാന്‍ പാകപ്പെടുത്തി.

ഒരു നാടകമെഴുതാനുള്ള പ്രചോദനം എന്ത്, ആശയം എവിടന്നു ലഭിക്കുന്നു, അതില്‍ നിന്നു എങ്ങനെ കഥാബീജം (ൃീീ േശറലമ) കണ്ടെടുക്കുന്നു, അതെങ്ങനെ വികസിപ്പിക്കുന്നു, കഥാപാത്രങ്ങളെ ഏതു വിധത്തില്‍ തിരഞ്ഞെടുക്കുന്നു, മുഹൂര്‍ത്തങ്ങള്‍ എപ്രകാരം സൃഷ്ടിക്കുന്നു എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ വളരെ പ്രായോഗികമായി സ്വന്തം അനുഭവത്തിലൂടെ വിവരിച്ചു കൊടുത്തു.

എന്‍ എന്‍ പിള്ള തന്റെ രസകരമായ ശൈലിയിലൂടെ സദസ്യരെ പൊട്ടിച്ചിരിയുടെ മേഖലയിലേക്കു നയിച്ചുവെങ്കില്‍, എന്റെ ഒരു കൊച്ചനുഭവം എങ്ങനെ വികാരതീവ്രമായ നാടകമാക്കി വളര്‍ത്തിയെടുത്തു എന്നു വിവരിച്ചുകൊണ്ട്, അവരെ ശോകമുദ്രിതമായ നിമിഷങ്ങളിലേക്കു നയിച്ചു. മൂകത കൊണ്ടും മ്ലാനമുഖങ്ങള്‍ കൊണ്ടും അവരതു ആസ്വദിച്ചു. ഏതു നാടകത്തിനും ജീവിതത്തിന്റെ ഗന്ധമുണ്ടാവണമെന്നും കഥാപാത്രങ്ങള്‍ക്കു ജീവനുണ്ടാവണമെന്നും ഞാന്‍ അടിവരയിട്ടു പറഞ്ഞു.

കുട്ടികളുടെ മുമ്പില്‍ വിവരിച്ച ആ അനുഭവം ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഇടവക ദേവാലയമായ തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ഒരവധി ദിവസം പകല്‍ പതിനൊന്നു മണി സമയത്ത് ഒരു വിങ്ങില്‍ മുട്ടുകുത്തി ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. വിജനമായ ദേവാലയം. അല്പം കഴിഞ്ഞപ്പോള്‍ ഏഴെട്ടു വയസ്സുള്ള ഒരു പയ്യന്‍ പ്രധാന കവാടത്തിലൂടെ പള്ളിയിലേക്കു കടന്നുവന്നു. ഞാനൊരു വിങ്ങിലായതിനാല്‍ എന്നെ അവന്‍ കാണുന്നില്ല. അവിടെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ അതിമനോഹരമായ ഒരു റോസാപൂവ് ഇരിക്കുന്നത് അവന്‍ കണ്ടു. ആരോ അനുഗ്രഹം യാചിച്ചിട്ടോ അല്ലെങ്കില്‍ ഉപകാരസ്മരണയായിട്ടോ കാഴ്ചവച്ച പൂവായിരിക്കുമത്. അവന്‍ കൗതുകപൂര്‍വം ആ പൂവെടുത്തു നോക്കി, മണപ്പിച്ചു. തുടര്‍ന്നു ചുറ്റും നോക്കിയശേഷം ആ പൂവും മോഷ്ടിച്ചു അവന്‍ സ്ഥലം വിട്ടു.

അതോടെ എന്റെ പ്രാര്‍ത്ഥന മുറിഞ്ഞു. ശബ്ദമുയര്‍ത്തി ''എടാ!'' എന്നു ഞാന്‍ വിളിച്ചാല്‍ ഒരുപേക്ഷ, ആ പൂവ് ഉപേക്ഷിച്ചിട്ട് അവനോടിപ്പോകും. ഒരു വാര്‍ഷികപ്പതിപ്പിന് ഏകാങ്കം ആവശ്യപ്പെട്ടിട്ട് ആശയം ലഭിക്കാതെ നില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു അത്. ഈ സംഭവം ഒരു നാടകമാക്കിയാലോ എന്ന ചിന്ത വന്നു. ആശയത്തിനു കനം പോരെന്നു തോന്നി. അപ്പോള്‍ തന്നെ ഉപേക്ഷിച്ചു. പക്ഷേ, അന്നു രാത്രി ഞാനിക്കാര്യം വീണ്ടും ചിന്തിച്ചു. മണിക്കൂറുകള്‍ കടന്നുപോയി. ഒരു ഏകാങ്കത്തിനുള്ള ഇതിവൃത്ത രൂപം മെനഞ്ഞെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ എഴുതി.

സമയവും സാഹചര്യവുമൊക്കെ മുമ്പത്തേതു തന്നെ. വിജനമായ ദേവലയത്തിലേക്ക് ഒരു യുവാവ് കടന്നു വരുന്നു. ദേവമാതാവിന്റെ മുമ്പില്‍ ഭക്തിനിര്‍ഭരനെപ്പോലെ മുട്ടുകുത്തി. തുടര്‍ന്നു മടിക്കുത്തില്‍ നിന്നെടുത്ത പൊതിയില്‍ നിന്നും കത്തിയും സ്‌ക്രൂഡ്രൈവറുമെടുത്തു നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്നു. ഉള്‍ഭയത്തോടെ ചുറ്റും നോക്കിയിട്ട് അതില്‍നിന്നു നോട്ടുകളും നാണയങ്ങളും വാരിവാരിയെടുക്കുന്നു. ഇതു കണ്ടുകൊണ്ട് അള്‍ത്താരയുടെ പിറകില്‍ കപ്യാര്‍ പൈലി കടന്നു വരുന്നു. അയാള്‍ അവന്റെ ചെകിട്ടത്തടിച്ചു. അടികിട്ടിയപ്പോള്‍ ആന്റണിയെന്ന ആ യുവാവ് ''അപ്പാ'' എന്നു വിളിച്ചു. സത്യസന്ധനായ കപ്യാര്‍ പൈലിയുടെ മകനാണ് നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്നത്. ഇതു കണ്ടു വന്ന പള്ളി കൈക്കാരന്‍ വികാരിയച്ചനെ വിളിച്ചു കൊണ്ടു വന്നു.

ഉദ്വേഗപൂര്‍ണ്ണവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങള്‍. താനാണിതു ചെയ്തതെന്നും തന്നെ പിരിച്ചു വിട്ടേക്കൂ എന്നും ശുദ്ധനായ കപ്യാരുടെ അഭ്യര്‍ത്ഥന. വിശ്വസിക്കാനാവാതെ നില്‍ക്കുന്ന വികാരി. ''അച്ചോ! ഞാനാണ് നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നത്.'' ചങ്കുറ്റത്തോടെ മുമ്പോട്ടുവന്ന ആന്റണിയുടെ ഏറ്റുപറച്ചില്‍. പോലീസിനോടു വരാന്‍ പറഞ്ഞിട്ടുണ്ടെന്നു കൈക്കാരന്‍ വന്നു വികാരിയോടു പറയുന്നു. പള്ളിപ്പറമ്പില്‍ പൊലീസ് വരേണ്ട കാര്യമില്ലെന്ന് വികാരിയുടെ ഉറച്ച നിലപാട്. ഇടഞ്ഞു കുപിതനായി ഇറങ്ങിപ്പോകുന്ന കൈക്കാരന്‍. മകന്‍ മോഷ്ടിച്ച പണം എത്രയുണ്ടെന്ന് എണ്ണിതിട്ടപ്പെടുത്താന്‍ കപ്യാരോട് ആവശ്യപ്പെടുന്ന വികാരി. ആ നിര്‍ബന്ധത്തിനു വഴങ്ങി നിറമിഴികളോടെ കപ്യാര്‍ നീങ്ങിയപ്പോള്‍, തെല്ലും കൂസാതെ നില്‍ക്കുന്ന ആന്റണിയെ വികാരിച്ചു വിളിച്ചു. തൊഴില്‍ രഹിതനായ ആന്റണിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചു.

വികാരി : (ശാന്തസ്വരത്തില്‍) ആന്റണീ! നീ ഈ ചെയ്തതു വലിയ തെറ്റാണെന്നു തോന്നുന്നില്ലേ?

ആന്റണി: തെറ്റായിരിക്കാം (ഒരു മുരടനെപ്പോലെയുള്ള മറുപടി)

വികാരി: അള്‍ത്താരയിലിരിക്കുന്ന യേശുനാഥന്‍ ഇതു കാണുന്നുണ്ടെന്നു നീ ചിന്തിച്ചില്ലേ?

ആന്റണി: (ഒരു പൊട്ടിത്തെറിപ്പോലെ ആവേശപൂര്‍വം) ഇല്ല... കാണുന്നില്ല... ഒന്നും കാണുന്നില്ല... കാണുന്നുണ്ടെങ്കില്‍ത്തന്നെ ഞങ്ങളുടെ വിഷമങ്ങള്‍ കാണുന്നില്ല... ബുദ്ധിമുട്ടുകള്‍ കാണുന്നില്ല... ഒന്നും കാണുന്നില്ല.

വികാരി: ശാന്തനായി സംസാരിക്കൂ.

(പിന്നെ വികാരിയച്ചന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു ചോദിച്ചപ്പോള്‍ ആന്റണി മനസ്സു തുറന്നു. മുഖഭാവം മാറി.)

ആന്റണി: അച്ചോ! അച്ചനറിയാമല്ലോ, എന്റെ സഹോദരി ഒരു കാന്‍സര്‍ പേഷ്യന്റാണ്. രണ്ടു മാസത്തിനുള്ളില്‍ അവള്‍ മരിച്ചു പോകുമെന്നു ഡോക്ടര്‍ വിധിയെഴുതിയിരിക്കുന്നു. ഇത് അവളെ അറിയിച്ചിട്ടില്ല. (കണ്ഠമിടറി) ചേട്ടനു ജോലി കിട്ടുമ്പോള്‍ എനിക്കൊരു സാരി വാങ്ങിത്തരണമെന്ന് അവള്‍ ആശയോടെ ആവശ്യപ്പെട്ടു. രണ്ടു മാസത്തിനകം ഒരു ജോലി കിട്ടിയിട്ട് അതു നിറവേറ്റാന്‍ സാധിക്കില്ലെന്നു വന്നപ്പോള്‍... (വികാരധീനനായി) ജീവിതത്തില്‍ ആദ്യമായും അവസാനമായും... മരിച്ചുകൊണ്ടിരിക്കുന്ന എന്റെ അനിയത്തിക്കുവേണ്ടി... (വിതുമ്പുന്നു) മാപ്പ്... മാപ്പ്...!

ഇതുകേട്ടു വികാരഭരിതനായ വികാരിയച്ചന്‍ ആന്റണിയെ കെട്ടിപ്പുണര്‍ന്നു. എണ്ണിക്കഴിഞ്ഞ പണവുമായി വന്ന പൈലി ആ പണം അച്ചന്റെ മേശപ്പുറത്തു വച്ചു. ഉച്ചമണിയടിക്കാന്‍ അച്ച്# നിര്‍ബന്ധിച്ചു പൈലിയെ വിട്ടു. പിന്നെ വികാരിയ്ചച് ആ പണം അങ്ഹനെതന്നെ ആന്റണിക്കു നീട്ടി. കരയുന്ന കണഅമുകളോടെ ''വേണ്ട അച്ചോ... വേണ്ട'' എന്നു പറഞ്ഞെങ്കിലും അ ച്ചന്‍ അവന്റെ കയ്യില്‍ വെച്ചു കൊടുത്തു. അതുമായി ആന്റണി ഇറങ്ങിപ്പോയി. പിന്നെ വന്നതു ഇതിനെല്ലാം സാക്ഷ്യം വഹിച്ച കൈക്കാരന്‍. അച്ചനും അയാളും തമ്മില്‍ തര്‍ക്കിച്ചു. ഒടുവില്‍ അച്ചന്‍ പറഞ്ഞു,

വികാരി: നിങ്ങള്‍ ആഗ്രഹിച്ചതുപോലെ അവനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ടു മര്‍ദിച്ച്, കേസ് ചാര്‍ജ് ചെയ്ത്, ജയില്‍ ശിക്ഷയും കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ സമൂഹത്തില്‍ ഒരു പുതിയ കള്ളന്‍ ജനിക്കും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ആ പണം ഞാനവനു കൊടുത്തത്.

ഏകാങ്കം ഇവിടെ പൂര്‍ണ്ണമാവുന്നു. ''പള്ളിപ്പണം'' എന്നാണ് പേര്. ഇതിലൂടെ ഒരു സന്ദേശവും സമൂഹത്തിനു നല്കി. ഇത് എഴുതാന്‍ എനിക്കു പ്രചോദനം തന്നതു റോസാപ്പൂവ് മോഷ്ടിച്ച ആ ബാലന്‍.

ഇതു ഞാന്‍ വിവരിച്ചപ്പോള്‍ ക്യാമ്പംഗങ്ങളുടെ മനസ്സിലും വികാരനിര്‍ഭരമായ ഒരു നാടകം നടക്കുകയായിരുന്നു. അവരുടെ മുഖഭാവങ്ങള്‍ അതു വിളിച്ചു പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org