വിഷക്കാറ്റ്

വിഷക്കാറ്റ്

മാനവ സമൂഹത്തില്‍ പുരോഗതിയും സാംസ്‌കാരിക പരിഷ്‌കാരവും മൂല്യബോധവും കൈവരുത്താന്‍ സര്‍ക്കാരുകള്‍ നിയമങ്ങള്‍ പാസ്സാക്കിയാല്‍ മതിയോ? നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ചിട്ടോ പാര്‍ലമെന്റില്‍ പ്രത്യേക നിയമങ്ങള്‍ പാസ്സാക്കിയിട്ടോ മനുഷ്യനെ നന്നാക്കിയെടുക്കാനാവുമോ? അതുവഴി നാട്ടില്‍ സത്യവും സ്‌നേഹവും സാഹോദര്യവും സഹാനുഭൂതിയും നീതിയും ധര്‍മ്മവും പുലര്‍ത്താന്‍ കഴിയുമോ? നാളെ മുതല്‍ ഭാരതത്തിലെ സമസ്ത ജനങ്ങളും ഇന്നയിന്ന രീതിയില്‍ ജീവിച്ചുകൊള്ളണമെന്നും ഇന്നയിന്ന തരത്തില്‍ പരസ്പരം പെരുമാറണമെന്നും കാണിച്ച് ഒരു നിയമം പാസ്സാക്കിയെന്നു സങ്കല്പിക്കുക. ജനങ്ങള്‍ അതു പാലിക്കുമോ? അനുസരിക്കുമോ? അനുസരിക്കുകയില്ലെന്നു മാത്രമല്ല, ആ നിയമം കുറിക്കാനുപയോഗിച്ച മഷിയുടെയോ അതെഴുതാനുപയോഗിച്ച കടലാസ്സിന്റെയോ വിലപോലും കല്പിക്കില്ല.

നിയമങ്ങള്‍ എഴുതേണ്ടതു മനുഷ്യഹൃദയങ്ങളിലാണ്. ആ കൃത്യം സമര്‍ത്ഥമായി നിര്‍വഹിക്കുവാന്‍ കഴിയുക സാഹിത്യകാരനാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുന്നതിനേക്കാള്‍ എളുപ്പത്തിലും ഫലപ്രദമായും ജനങ്ങളെ പാകപ്പെടുത്താനും പരിവര്‍ത്തനപ്പെടുത്താനും വിശേഷിച്ചും നാടകത്തിനു കഴിഞ്ഞെന്നു വരും. 'Poets are the unrecognised legislaturer of mankind.' അതായത് സാഹിത്യകാരന്മാര്‍ അല്ലെങ്കില്‍ കവികള്‍ മനുഷ്യരാശിയുടെ അംഗീകാരം നേടിയിട്ടില്ലാത്ത നിയമനിര്‍മ്മാതാക്കളാണ് എന്നു മഹാകവി ഷെല്ലി പറഞ്ഞത് അതുകൊണ്ടാണ്.

ഒരു നോവലിനോ ചെറുകഥയ്‌ക്കോ സാധിക്കുന്നതിനേക്കാള്‍ നൂറിരട്ടി പ്രേരകശക്തി ഒരു നാടകത്തിന് ചെലുത്താന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കഥയ്ക്കും നോവലിനും ഗ്രഹിപ്പിക്കാനേ കഴിയൂ. അതേ സമയം നാടകമാണെങ്കില്‍ ദര്‍ശിക്കാനും ശ്രവിക്കാനും അനുഭവിക്കാനും ഉള്‍ക്കൊള്ളാനും ഒപ്പം കഴിയുന്നു. എഴുത്തും വായനയും അറിയാത്തവനുപോലും നാടകമാസ്വദിക്കാന്‍ കഴിയും. ദൃശ്യകലകളില്‍ വച്ചു ഏറ്റവും ശക്തമായി നാടകം നിലകൊള്ളുന്നതിന്റെ കാരണം അതാണ്.

കറുത്തവെളിച്ചത്തിനു ശേഷം ഞാനെഴുതിയ നാടകമാണ് 'വിഷക്കാറ്റ്'. കറുത്തവെളിച്ചത്തിലെ ദേവസ്യയുടെ ഗര്‍ഭിണിയായ ഭാര്യ മരിക്കാനിടയായത് ദുഷ്ടയായ നഴ്‌സിന്റെ നീചമായ പ്രവൃത്തിയും പൊറുക്കാനാവാത്ത അശ്രദ്ധയും മൂലമാണെന്നു മുമ്പു ഞാന്‍ വിവരിച്ചിരുന്നല്ലൊ. (കറുത്ത വെളിച്ചത്തില്‍ നഴ്‌സ് രംഗത്തു വരുന്ന ഒരു കഥാപാത്രമല്ല. അവളുടെ ചെയ്തിയെപ്പറ്റി മറ്റുള്ളവര്‍ പരാമര്‍ശിക്കുന്നുവെന്നേയുള്ളൂ.) അതില്‍നിന്നു തികച്ചും വ്യത്യസ്തമായി സ്‌നേഹസമ്പന്നയും സേവനസന്നദ്ധയുമായ ഒരു മാതൃകാ നഴ്‌സിനെ മുഖ്യകഥാപാത്രമായി സൃഷ്ടിച്ചിരിക്കയാണ് വിഷക്കാറ്റില്‍. ആ കഥാപാത്രത്തിന്റെ പേര് ലീലാമ്മ.

നാടകപുസ്തകത്തിലെ എന്റെ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നതുപോലെ, അവള്‍ സുന്ദരിയാണ്. ചിരിക്കും, പൊട്ടിച്ചിരിക്കും. വായാടിയെപ്പോലെ വര്‍ത്തമാനം പറഞ്ഞെന്നു വരും. പന്തയക്കുതിരപോലെയാണ് നടത്തം. അരയന്നപ്പിടപോലെ നടക്കാനവള്‍ ശീലിച്ചിട്ടില്ല. അടക്കമൊതുക്കമില്ലെന്നു പലരും പറയും. പറയട്ടെ. എന്നാല്‍ അവളുടെ ജീവിതത്തിന് അടക്കും ചിട്ടയുമുണ്ട്. ലക്ഷ്യവും പ്രതീക്ഷകളുമുണ്ട്. വശ്യതയുള്ള ആ ചിരി നിഷ്‌ക്കളങ്കതയില്‍ മുക്കിയെടുത്തതാണ്. സ്‌നേഹമാണ് ആ ഹൃദയം നിറയെ. അവളുടെ കൈകള്‍ സേവനത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്നു തോന്നും. ഫ്‌ളോറന്‍സ് നൈറ്റിംഗെയില്‍ അവളുടെ ആദര്‍ശദീപമാണ്. ഫാദര്‍ ഡാമിയന്‍ ആരാധനാ പാത്രവും.

ആസ്പത്രി വാര്‍ഡുകളില്‍ ഒരു വെള്ളപ്രാവു കണക്കെ പാറിനടക്കും. വീട്ടിനകത്തു പുള്ളിമാനേപ്പോലെ തുള്ളിക്കളിക്കും. രോഗികള്‍ക്ക് ഒരു കാവല്‍ മാലാഖയും കാണപ്പെട്ട ദൈവവുമാണവള്‍. കുടുംബത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കുംവേണ്ടി എന്തും ത്യജിക്കാന്‍ അവള്‍ സന്നദ്ധയാണ്. ഒരു എറുമ്പിനെപ്പോലും ഇന്നുവരെ നോവിച്ചിട്ടില്ല. മനസ്സറിഞ്ഞ് ആരേയും വേദനിപ്പിച്ചിട്ടില്ല. പക്ഷേ, മനസ്സറിയാത്ത കാര്യത്തിന് വേദനിക്കേണ്ടി വന്നു. നിനച്ചിരിക്കാതെ ചില സംഭവങ്ങള്‍ അവളുടെ ആത്മാവില്‍ തീ കോരിയിട്ടു. കാറ്റിലൂടെ - വിഷക്കാറ്റിലൂടെ - അത് ആളിപ്പിടിച്ചു.

അങ്ങനെ വേദനയുടെ മുള്‍മുടി ചൂടുകയും ദുഃഖത്തിന്റെ മരക്കുരിശേന്തുകയും ചെയ്ത നിഷ്‌ക്കളങ്കയായ ഒരു നെഴ്‌സിന്റെ ശോകാകുലമായ കഥയാണിത്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടാറുള്ള സ്വാര്‍ത്ഥതയുടെയും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും സംശയത്തിന്റെയും പകയുടെയും പകപോക്കലിന്റെയും പ്രതീകങ്ങളായ കുറെ പച്ച മനുഷ്യരാണിതിലെ കഥാപാത്രങ്ങള്‍.

നാടകത്തെ സംബന്ധിച്ചിടത്തോളം ക്രിയാംശം (Action) ആണല്ലൊ അതിന്റെ സുപ്രധാനമായ ഒരു ഘടകം. ആ ക്രിയാംശം മുറ്റി നില്‍ക്കുന്ന - ചടുലവും സംഘട്ടനാത്മകവുമായ - ഒട്ടേറെ രംഗങ്ങളുണ്ടീ നാടകത്തില്‍.

മുന്‍നാടകങ്ങളെ അപേക്ഷിച്ചു വിഷക്കാറ്റ് എഴുതാന്‍ ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടും ക്ലേശങ്ങളും അനുഭവിച്ചു. പ്രധാന കാരണം ഇതിലെ 'പ്രോബഌ' തന്നെ. കണക്കിന്റെ ലോകത്തു പ്രവര്‍ത്തിക്കുന്ന എനിക്കു മെഡിക്കല്‍ ഫീല്‍ഡുമായി യാതൊരു ബന്ധവുമില്ല. ഹോസ്പിറ്റലിലെ ഔദ്യോഗിക സംസാരരീതി, ഉപയോഗിക്കുന്ന ടെക്‌നിക്കല്‍ പദങ്ങള്‍, രോഗത്തിന്റെയും ഔഷധങ്ങളുടെയും പേരുകള്‍ തുടങ്ങി നിരവധി സാങ്കേതിക കാര്യങ്ങള്‍ മനസ്സിലാക്കണം. അതൊന്നുമില്ലാതെ എഴുതിയാല്‍ സ്വാഭാവികത നഷ്ടപ്പെടും. വിമര്‍ശനങ്ങള്‍ ഏല്‍ക്കണ്ടി വരും.

ഇതിവൃത്തം രൂപപ്പെടുത്താന്‍ തന്നെ പതിവിലേറെ നാളുകളെടുത്തു. കുടുംബഭാരവും പേറി അവിവാഹിതയായി കഴിയുന്ന ലീലാമ്മയെ സൃഷ്ടിക്കാന്‍ എനിക്കു പ്രചോദനം ലഭിച്ചത് എന്റെ സഹധര്‍മ്മിണിയുടെ മൂത്ത സഹോദരിയും അധ്യാപികയുമായ സി. ഡി. റോസിയില്‍ നിന്നാണ്. (അമ്മിണി എന്നാണ് വീട്ടില്‍ വിളിക്കുന്ന പേര്). ആറു സഹോദരികളും ഒരു സഹോദരനും മാതാപിതാക്കളുമുള്ള വലിയൊരു കുടുംബത്തിന്റെ സമസ്ത ഭാരങ്ങളും പ്രാരാബ്ധങ്ങളും യുവപ്രായത്തില്‍തന്നെ അമ്മിണി ഏറ്റെടുത്തു. (എന്റെ ഭാര്യ ലിസി അഞ്ചാമത്തെ സഹോദരിയാണ്). താഴെയുള്ള സഹോദരികളെ ഓരോരുത്തരെ ഓരോ നിലയിലെത്തിക്കാന്‍ വേണ്ടി തന്റെ ജീവിതം നിത്യകന്യകാത്വത്തിന് കാഴ്ചവച്ചു. ത്യാഗത്തിന്റെ ബലിവേദിയില്‍ സ്വയം സമര്‍പ്പിച്ചു. ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു. മറ്റുള്ളവരുടെ ക്ഷേമം തന്റെ സന്തോഷമാക്കി മാറ്റി. ആ അമ്മിണിചേച്ചി ഹെഡ്മിസ്ട്രസ്സായി റിട്ടയര്‍ ചെയ്തു.

എന്റെ ഭാര്യാസഹോദരിയുടെ - അമ്മിണിചേച്ചിയുടെ - ഈ ത്യാഗവും കുടുംബ ഭാരവും മോഡലാക്കിയാണ് ലീലാസമ്മയെ ഞാന്‍ വാര്‍ത്തെടുത്തത്. അധ്യാപികയ്ക്കു പകരം നഴ്‌സാക്കിയെന്നു മാത്രം. ലീലാമ്മയുടെ മറ്റു സ്വഭാവ പ്രകൃതികള്‍ മുഴുവന്‍, ആ കഥാപാത്രത്തിന്റെ മിഴിവിനും വശ്യതയ്ക്കും രംഗപ്പൊലിമയ്ക്കും വേണ്ടി ഞാന്‍ സ്വന്തമായി മെനഞ്ഞുണ്ടാക്കിയതാണ്. ലീലാമ്മയെ എങ്ങനെ എങ്ങോട്ട് എത്രത്തോളം ഏതു രീതിയില്‍ നയിക്കണം എന്നു വ്യക്തമായി തീരുമാനിച്ച ശേഷമാണ് അതിനുപറ്റിയ സംഭവങ്ങളെയും വിവിധ സ്വഭാവക്കാരായ ഇതര കഥാപാത്രങ്ങളെയും സൃഷ്ടിച്ചത്.

  • (തുടരും)

logo
Sathyadeepam Weekly
www.sathyadeepam.org